28 Tuesday
March 2023
2023 March 28
1444 Ramadân 6

കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ വ്യതിയാനങ്ങള്‍

പി കെ മൊയ്തീന്‍ സുല്ലമി


കര്‍മശാസ്ത്രം ഇസ്‌ലാമിന്റെ ഒരു ഭാഗം തന്നെയാണ്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിലാണ്. ഉസ്വൂലുല്‍ ഹദീസ് (ഹദീസിന്റെ അടിസ്ഥാനങ്ങള്‍) വിജ്ഞാനം പോലെ തന്നെ ഉസ്വൂലില്‍ ഫിഖ്ഹിന്റെ നിയമങ്ങള്‍ മനസ്സിലാക്കലും നമ്മുടെ ബാധ്യതയും അവ ഇസ്‌ലാമിനെ പൂര്‍ണമായി മനസ്സിലാക്കുവാന്‍ അത്യാവശ്യവുമാണ്. അഥവാ ഖുര്‍ആനും സുന്നത്തും നമുക്ക് സമ്പൂര്‍ണമായും മനസ്സിലാകണമെങ്കില്‍ ഉസ്വൂലില്‍ ഫിഖ്ഹിന്റെയും ഉസ്വൂലുല്‍ ഹദീസിന്റെയും സഹായം നിര്‍ബന്ധമാണ്. എങ്കിലും ഫുഖഹാക്കള്‍ (കര്‍മശാസ്ത്ര പണ്ഡിതന്മാര്‍) എന്ന പേരില്‍ അറിയപ്പെടുന്ന എല്ലാവരും ഖുര്‍ആനിലും സുന്നത്തിലും അഗാധ പാണ്ഡിത്യം സിദ്ധിച്ചവരല്ല എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ നമ്മുടെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കാത്ത നിരവധി അഭിപ്രായങ്ങള്‍ പല വിഷയങ്ങളിലും നമുക്ക് കണ്ടെത്താനാവുന്നതാണ്. ഇമാം ഇബ്‌നുജൗസി(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ‘ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വചനം തെളിവായി ഉദ്ധരിക്കാറുള്ളത് ആയത്തിന്റെ അര്‍ഥം മനസ്സിലാക്കാതെയാണ്. അവര്‍ ഉദ്ധരിക്കുന്ന ഹദീസുകളാകട്ടെ, അത് സ്വീകാര്യയോഗ്യമായതാണോ അല്ലേ എന്ന കാര്യം അവര്‍ക്ക് തന്നെ അറിഞ്ഞുകൂടാ. ചിലപ്പോഴെല്ലാം അവര്‍ അവലംബമാക്കാറുള്ളത് സ്വഹീഹായ ഹദീസുകള്‍ക്ക് വിരുദ്ധമായ ഖിയാസി(താരതമ്യപഠനം)നെയാണ്. (തല്‍ബീസു ഇബ്‌ലീസി 2/698). ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധങ്ങളായ നിരവധി പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ താഴെ വരുന്നു.
ഒന്ന്, നമസ്‌കാരം ഖളാഅ് വീട്ടല്‍. അത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണ്. അല്ലാഹു അരുളി: ‘തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു” (നിസാഅ് 103).
മേല്‍ വചനത്തെക്കുറിച്ച് ഇബ്‌നുമസ്ഊദ്(റ) പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്. ‘തീര്‍ച്ചയായും നമസ്‌കാരത്തിന് ഒരു സമയമുണ്ട്. അത് ഹജ്ജിന്റെ സമയം പോലെയാണ്’ (ഇബ്‌നു കസീര്‍ മുഖ്തസ്വര്‍ 1/432). ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമേ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കൂ. മറ്റു മാസങ്ങളില്‍ അത് ഖളാഅ് വീട്ടാന്‍ സാധ്യമല്ലല്ലോ? നബി(സ) പ്രസ്താവിക്കുകയുണ്ടായി. ‘നമുക്കും അവര്‍ക്കും (സത്യനിഷേധികള്‍ക്കും) ഇടയിലുള്ള കരാര്‍ നമസ്‌കാരമാകുന്നു. വല്ലവനും മനപ്പൂര്‍വം അത് ഉപേക്ഷിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ കാഫിറായി’ (അഹ്മദ്, അസ്ഹാബുസ്സുനന്‍). നമസ്‌കാരം ഖളാഅ് വീട്ടാം എന്നതിന് തെളിവായി ഒരു ദുര്‍ബല ഹദീസു പോലുമില്ല. എന്നിട്ടും മൂന്ന് ഇമാമുകളും രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ‘ഇമാം അബൂഹനീഫയും മാലികും ശാഫിഈ(റ)യും പ്രസ്താവിക്കുകയുണ്ടായി. നമസ്‌കാരം സമയം കഴിഞ്ഞാല്‍ ഖളാഅ് വീട്ടാവുന്നതാണ്. മാത്രവുമല്ല ഇമാം അബൂഹനീഫയും മാലിക്(റ)വും ഇപ്രകാരം കൂടി പ്രസ്താവിക്കുകയുണ്ടായി. ഒരാള്‍ മനപ്പൂര്‍വം നമസ്‌കാരം ഖളാ ആക്കുന്ന പക്ഷം അയാള്‍ക്ക് അതേ നമസ്‌കാരത്തിന്റെ സമയം വരുന്നതിന് മുമ്പ് നമസ്‌കരിച്ചാല്‍ മതിയാകുന്നതാണ്’ (ഫിഖ്ഹുസ്സുന്ന 1/275).
യഥാര്‍ഥത്തില്‍ നമസ്‌കാരം ഖളാഅ് വീട്ടേണ്ട ഒരു പ്രശ്‌നമേ ഉദിക്കുന്നില്ല. കാരണം ഭ്രാന്തന്മാര്‍, ചെറിയ കുട്ടികള്‍, പ്രസവം ആര്‍ത്തവം എന്നിവ ബാധിച്ച സ്ത്രീകള്‍ എന്നിവര്‍ക്ക് നമസ്‌കാരം നിര്‍ബന്ധമില്ല. ബോധം നഷ്ടപ്പെട്ടവനും ഉറങ്ങിപ്പോയവനും ബോധം തെളിയുമ്പോഴും ഉറക്കില്‍ നിന്നും ഉണരുമ്പോഴുമാണ് സമയം. യാത്രക്കാര്‍ക്ക് ജംഉം ഖസ്വ്‌റുമാക്കി നമസ്‌കരിക്കുവാനുള്ള ഇളവും ഇസ്‌ലാം നല്‍കിയിട്ടുണ്ട്. ഭൂമി മുഴുവന്‍ പള്ളിയും ശുദ്ധവും ഭൂമുഖത്തുള്ള വസ്തുക്കളിന്മേല്‍ തടവി തയമ്മും ചെയ്യാനുള്ള അനുവാദവുമുണ്ട്. പിന്നെ എവിടെയാണ് ഖളാഅ് വീട്ടേണ്ട സന്ദര്‍ഭം. രണ്ട്, ഒരു വുദുകൊണ്ട് ഒന്നിലധികം നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാവുന്നതാണ്. വുദുവിന് പകരം നിശ്ചയിക്കപ്പെട്ടതാണ് തയമ്മും. അല്ലാഹു അരുളി: ‘നിങ്ങള്‍ക്ക് വെള്ളം കിട്ടാത്തപക്ഷം ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക’ (മാഇദ 6)
എന്നാല്‍ വുദുഇന് പകരം നിശ്ചയിക്കപ്പെട്ട തയമ്മും കൊണ്ട് ഒരു ഫര്‍ള് നമസ്‌കാരം മാത്രമേ നിര്‍വഹിക്കാവൂ എന്നാണ് ഒരു വിഭാഗം കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ പക്ഷം. അത് നബിചര്യക്ക് വിരുദ്ധം മാത്രമല്ല, പ്രസ്തുത വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് ദുര്‍ബലവുമാകുന്നു. അതില്‍പെട്ട ഒരു ഹദീസ് താഴെ വരുന്നു: ‘ഓരോ നമസ്‌കാരത്തിനും ഓരോ തയമ്മും നിര്‍ബന്ധമാണ്’ (ബൈഹഖി). ഈ ഹദീസിനെക്കുറിച്ച് ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തി. ‘ഇതിന്റെ പരമ്പരയില്‍ ആമിറുല്‍ അഹ്‌വന്‍ എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്’ (തഹ്ദീബുത്തഹ്ദീബ് 5/73). മറ്റൊരു റിപ്പോര്‍ട്ട് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നുള്ളതാണ്. അതിപ്രകാരമാണ്: ‘നബിചര്യയനുസരിച്ച് ഒരു തയമ്മുംകൊണ്ട് ഒരു നമസ്‌കാരം മാത്രമേ നിര്‍വഹിക്കാവൂ (ദാറഖുത്‌നീ). ഈ ഹദീസ് ഇബ്‌നുഹജര്‍(റ) തന്റെ ബുലൂഗുല്‍ മറാം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ‘ഈ ഹദീസ് ദാറഖുത്‌നി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അങ്ങേയറ്റം ദുര്‍ബലമായ പരമ്പരയോടുകൂടിയാണ്’ (ബുലൂഗുല്‍ മറാം). ഈ വിഷയത്തില്‍ സ്വഹീഹായ ഒരുപാട് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ‘പത്ത് വര്‍ഷമായിരുന്നാലും ശുദ്ധമായ ഭൂമുഖം സത്യവിശ്വാസിയുടെ വുദൂവിന് പകരം നില്‍ക്കുന്നതാണ്’ (അബൂദാവൂദ്)
ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു. അദ്ദേഹം ഒരു തയമ്മും കൊണ്ട് ഉദ്ദേശിച്ചത്ര നമസ്‌കരിക്കുകയുണ്ടായി’ (ബൈഹഖി). ഇമാം ഐനിയുടെ പ്രസ്താവന ശ്രദ്ധിക്കുക. വുദു നഷ്ടപ്പെടാത്ത സമയത്തോളം തയമ്മും കൊണ്ട് നമസ്‌കരിക്കാവുന്നതാണെന്ന് ഹസന്‍(റ) പ്രസ്താവിച്ചിരിക്കുന്നു’ (ഉംദത്തുല്‍ഖാരി 4/23). മറ്റുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഇപ്രകാരം പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. അത് ശ്രദ്ധിക്കുക: ‘നിര്‍ബന്ധ നമസ്‌കാരത്തിനു വേണ്ടി ഒരാള്‍ തയമ്മും ചെയ്യുന്ന പക്ഷം ഒന്നിലധികം നിര്‍ബന്ധ നമസ്‌കാരങ്ങളും സുന്നത്ത് നമസ്‌കാരങ്ങളും അതുകൊണ്ട് നിര്‍വഹിക്കാവുന്നതാണ്. ഈ തയമ്മും കൊണ്ട് നമസ്‌കാരം ജംഅ് ആക്കി നിര്‍വഹിക്കാവുന്നതും നഷ്ടപ്പെട്ടതും നിര്‍വഹിക്കാവുന്നതാണ്. നിരോധിക്കപ്പെടാത്ത സമയങ്ങളിലെല്ലാം റവാതിബ് സുന്നത്തുകളും അല്ലാത്ത സുന്നത്തുകളും നിര്‍വഹിക്കാവുന്നതാണ്. അതെല്ലാം നബിചര്യകൊണ്ട് വ്യക്തമാക്കപ്പെട്ടതാണ്. ഓരോ നമസ്‌കാരത്തിനും പ്രത്യേകം തയമ്മും ചെയ്യണമെന്ന ചില മുന്‍ഗാമികളുടെ പ്രസ്താവന ദുര്‍ബലമാണ്’ (മുഗ്‌നി 1/342).
മൂന്ന്, അതുപോലെ സ്ത്രീകളുടെ ശബ്ദം ഹറാമാണെന്ന വീക്ഷണമുണ്ട്. അങ്ങനെയായിരുന്നുവെങ്കില്‍ പുരുഷന് പ്രസവിക്കാനുള്ള കഴിവ് കൊടുക്കാത്തതുപോലെ സ്ത്രീകള്‍ക്ക് സംസാരിക്കാനുള്ള കഴിവും കൊടുക്കുമായിരുന്നില്ല. ഇസ്‌ലാമിന്റെ പര്‍ദാ വിധികള്‍ കര്‍ശനമാക്കപ്പെട്ടവരാണ് നബി(സ)യുടെ ഭാര്യമാര്‍. അവരോട് പോലും അന്യപുരുഷനോട് സംസാരിക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടില്ല. നബി(സ)യുടെ മരണശേഷം പ്രമുഖരായ പുരുഷ സ്വഹാബിമാര്‍ അവിടുത്തെ ഭാര്യയായിരുന്ന ആഇശ(റ)യുടെ അടുക്കല്‍ വന്ന് സംശയം തീര്‍ത്തിരുന്നതായി നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. അന്യപുരുഷന്മാരോട് സംസാരിക്കുമ്പോള്‍ അവര്‍ മര്യാദ പാലിക്കേണ്ടതുണ്ട്. അതിപ്രകാരമാകുന്നു: ‘പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്ന പക്ഷം നിങ്ങള്‍ മറ്റുള്ളവരോട് അനുനയത്തില്‍ (കൊഞ്ചിക്കുഴഞ്ഞ്) സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ നിലയില്‍ നിങ്ങള്‍ സംസാരിച്ചുകൊള്ളുക’ (അഹ്‌സാബ് 32). സ്വഹീഹുല്‍ ബുഖാരിയിലെ 427 ാം നമ്പര്‍ ഹദീസ് നബി(സ)യുടെ ഭാര്യമാരില്‍ പെട്ട ഉമ്മുഹബീബയുടെയും ഉമ്മുസലമയുടെയും പ്രസ്താവനയാണ്. പ്രസ്തുത ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഐനി(റ) ഇപ്രകാരം രേഖപ്പെടുത്തി: ‘പ്രസ്തുത ഹദീസില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് അന്യപുരുഷന്മാരോട് സംസാരിക്കാമെന്നും അവരുടെ ശബ്ദം പുരുഷന്മാര്‍ക്ക് കേള്‍ക്കാമെന്നും തെളിവുണ്ട്’ (ഉംദത്തുല്‍ ഖാരി 10/216). സ്ത്രീകളുടെ ശബ്ദത്തെക്കുറിച്ച് ഫത്ഹുല്‍മുഈനില്‍ രേഖപ്പെടുത്തി: ‘സ്ത്രീയുടെ ശബ്ദം നഗ്നതയില്‍ പെട്ടതല്ല. അത് കേള്‍ക്കല്‍ നിഷിദ്ധവുമല്ല’ (ഫത്ഹുല്‍മുഈന്‍ പേ 179)
നാല്: അഹ്‌ലുസ്സുന്നയുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം വുദു എടുക്കാതെ ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ നിഷിദ്ധമാണ്. ഇബ്‌നുതൈമിയ്യ(റ)വിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ശുദ്ധിയുള്ളവനല്ലാതെ ഖുര്‍ആന്‍ തൊടാന്‍ പാടില്ലായെന്നത് നാല് ഇമാമുകളും അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ ശുദ്ധിയുള്ളവനല്ലാതെ സ്പര്‍ശിക്കരുത് എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തിലാണിത്. അപ്രകാരം നബി(സ) അംറുബ്‌നു ഹസം(റ)വിന് എഴുതി അയക്കുകയുണ്ടായി’ (ഫതാവല്‍കുബ്‌റാ 1/50)
മേല്‍ പറഞ്ഞ ഹദീസ് സ്വഹീഹല്ല. ഇമാം ശൗക്കാനി രേഖപ്പെടുത്തി: ‘അതിന്റെ പരമ്പരയില്‍ സുവൈറുബ്‌നു അബീഹാതിം എന്നൊരു വ്യക്തിയുണ്ട്. ഇമാം നവവിയും ഇബ്‌നുകസീറും അദ്ദേഹത്തെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു’ (നൈലൂല്‍ ഔത്വാര്‍ 1/243). അപ്രകാരം ഇമാം ദാറഖുത്‌നിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതും ദുര്‍ബലമാണ്. അത് അദ്ദേഹം തന്നെ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ‘അതിന്റെ പരമ്പരയില്‍ സുലൈമാനുബ്‌നു മൂസാ എന്നൊരു വ്യക്തിയുണ്ട്. ഇമാം ബുഖാരി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് അദ്ദേഹം നിഷിദ്ധമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാകുന്നു എന്നാണ്. ഹദീസിന്റെ വിഷയത്തില്‍ അദ്ദേഹം പ്രബലനല്ല എന്ന് ഇമാം നസാഈയും പ്രസ്താവിച്ചിട്ടുണ്ട്.’ (ദാറഖുത് നി 1/121)
ആദ്യ ഹദീസും റിപ്പോര്‍ട്ട് ചെയ്തത് ദാറഖുത്‌നി തന്നെയാണ്. പ്രസ്തുത രണ്ട് റിപ്പോര്‍ട്ടുകളെ സംബന്ധിച്ചും ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തിയത് ഇപ്രകാരമാണ്. ‘ദാറഖുത്‌നി റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഹദീസുകളും ദുര്‍ബലങ്ങളാണ്’ (ബുലൂഗുല്‍ മറാം). മാത്രവുമല്ല, പ്രസ്തുത റിപ്പോര്‍ട്ടുകള്‍ വ്യക്തവും കൃത്യവുമായ പ്രമാണങ്ങള്‍ക്ക് വിരുദ്ധങ്ങളുമാണ്. ഉമര്‍(റ) സഹോദരിയില്‍ നിന്നും ഖുര്‍ആന്‍ എഴുതിയ രേഖ വാങ്ങി വായിച്ചത് മുസ്‌ലിമാകുന്നതിന് മുമ്പാണെന്ന് ചരിത്രവും ഹദീസും നമ്മെ പഠിപ്പിക്കുന്നു. കാഫിറായ ഹിര്‍ഖല്‍ രാജാവിനെ നബി(സ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചത് സൂറത്ത് ആലുഇംറാനിലെ 64ാം വചനം എഴുതിക്കൊണ്ടാണ്’ (ബുഖാരി, അല്‍ബിദായത്തു വന്നിഹായ 4/308). ഹിര്‍ഖല്‍ രാജാവ് വുദുവോടുകൂയല്ല പ്രസ്തുത കത്ത് കൈപ്പറ്റിയത് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. പണ്ഡിതന്മാരും ഇക്കാര്യം വിശദീകരിച്ചു തന്നിട്ടുണ്ട്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ അബൂഹയ്യാന്‍(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക. ‘മുസ്വ്ഹഫ് സ്പര്‍ശിക്കാന്‍ വുദു നിര്‍ബന്ധമാണ് എന്നത് കര്‍മശാസ്ത്ര വിധിയാണ്. അതിനെ തടയുന്ന യാതൊരു രേഖയും വിശുദ്ധ ഖുര്‍ആനിലില്ല’ (ബഹ്‌റുല്‍ മുഹീത്വ് 8/214). ഇബ്‌നുഹസം(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ‘ഖുര്‍ആന്‍ പാരായണം, സുജൂദ്, ഖുര്‍ആന്‍ സ്പര്‍ശിക്കല്‍ എന്നിവയെല്ലാം വുദുവോടു കൂടിയും വുദു ഇല്ലാതെയും ആകാവുന്നതാണ്’ (മുഹല്ല 1/95) ഇനിയും നിരവധി വിഷയങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി ഫിഖ്ഹു ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത് മാത്രം രേഖപ്പെടുത്തിയതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x