22 Sunday
December 2024
2024 December 22
1446 Joumada II 20

സാമ്പത്തികാവകാശവും മതത്തിന്റെ ആദരവും

ഡോ. ഖൗല ഫരീസ് / വിവ. ഫാഇസ് കുനിയില്‍


കാലത്തിന്റെ മാറ്റത്തിനൊപ്പം സ്ത്രീകള്‍ വീടിനകത്തും പുറത്തുമായി ചെയ്തുവരുന്ന ജോലികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന ജോലികളില്‍ അവര്‍ വ്യാപൃതരാവുമ്പോഴും കുടുംബം സ്ത്രീയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ധാര്‍മികവും ഗാര്‍ഹികവുമായി ഇസ്‌ലാം മതം സ്ത്രീകള്‍ക്ക് നല്‍കിയ പിന്തുണയ്ക്കുപരി സാമ്പത്തികമായി അവര്‍ക്കു നല്‍കിയ ശക്തിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കുടുംബത്തില്‍ പ്രഥമ പരിഗണന നല്‍കപ്പെടേണ്ടവളാണ് സ്ത്രീ. പലപ്പോഴും തന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും പിതാവിനെയും സഹോദരങ്ങളെയും സാമ്പത്തികമായി സഹായിക്കുന്നതിലൂടെയാണ് അവളുടെ ഈ ശക്തി പ്രകടമാവുന്നത്.
കുടുംബത്തിലെ ധാര്‍മികവും സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന വിഷയത്തില്‍ സ്ത്രീ ഏറക്കുറേ മുന്നിലാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അവളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനു മേല്‍ സമ്മര്‍ദത്തിന്റെ കുരുക്കുകള്‍ മുറുകാറുണ്ട്. അതുകൊണ്ടുതന്നെ മതം നിശ്ചയിച്ചുകൊടുത്ത പരിധിയും കവിഞ്ഞ് പരസ്പര സഹകരണമെന്ന ന്യായത്തിന്റെ മറവില്‍ മറ്റു പല കാര്യങ്ങളും ചെയ്യാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. ഇങ്ങനെയുള്ള സമ്മര്‍ദം കാരണം കുടുംബജീവിതത്തില്‍ അവള്‍ക്കു ലഭിക്കേണ്ട മുഖ്യ പരിഗണന നഷ്ടപ്പെടാനിടയാകുന്നു.
ഒരുപക്ഷേ നാം ചര്‍ച്ച ചെയ്യുന്ന ഈ വിഷയത്തെ ചിലര്‍ വൈകാരികമായി സമീപിക്കുന്നവരായിരിക്കാം. പക്ഷേ, മതം ആഹ്വാനം ചെയ്യുന്ന വ്യവഹാരത്തിന്റെ ബാലപാഠങ്ങളും പരസ്പര അവകാശങ്ങളും ഈ രംഗത്ത് അന്യവത്കരിക്കപ്പെടുന്നത് കാണുമ്പോള്‍ കൃത്യമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. ഈ വ്യവഹാരങ്ങളും അവകാശങ്ങളും ബാധ്യതകളും യഥോചിതം ഗ്രഹിക്കുന്നതിനനുസരിച്ചായിരിക്കും കുടുംബത്തിന്റെ നിലനില്‍പും തകര്‍ച്ചയും നിര്‍ണയിക്കപ്പെടുന്നത്.
മഹതി ഖദീജ(റ)യുടെ ചരിത്രം നമുക്ക് സുപരിചിതമാണല്ലോ. വിശ്വസ്തതയും സത്യസന്ധതയും നേതൃപാടവവും സാമര്‍ഥ്യവും ഒരുപോലെ സമന്വയിച്ച യുവാവ് എന്ന നിലയില്‍ നബി(സ)യോട് തന്റെ കച്ചവടത്തില്‍ സഹായിക്കാന്‍ അവര്‍ ആവശ്യപ്പെടുകയുണ്ടായി. പ്രവാചകന്റെയും പത്നി ഖദീജ(റ)യുടെയും ജീവിതമാതൃകയെ കുറിച്ചാണ് നാം മനസ്സിലാക്കേണ്ടത്. മുസ്‌ലിമായ ഓരോ സ്ത്രീക്കും പുരുഷനും ഇവരുടെ ജീവിതത്തില്‍ മാതൃകയുണ്ട്. ദുഃഖകരമെന്ന് പറയട്ടെ, ചിലയാളുകള്‍ ഇത്തരം വസ്തുതകളെ ചൂഷണോപാധികളായി പരിമിതപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ പല നിലയ്ക്കും കൂടുതല്‍ വിഷമതകള്‍ അനുഭവിക്കുകയും സാമ്പത്തിക അടിമത്തത്തിനു വിധേയമാവുകയും ചെയ്യുന്നു.
നമ്മുടെ യൗവനത്തിനു പ്രഹരമേല്‍പിച്ചേക്കാവുന്ന ഭൗതിക സമ്മര്‍ദങ്ങളുടെയും ധാര്‍മികമായ ബോധ്യങ്ങളുടെയും ഇടയില്‍ നിന്നുകൊണ്ടുമുള്ള വസ്തുനിഷ്ഠമായ ഒരു ചര്‍ച്ച ഈ വിഷയത്തില്‍ രൂപപ്പെട്ടുവരേണ്ടതുണ്ട്. മാധ്യമങ്ങളില്‍ മാത്രം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനപ്പുറം ചിന്തോദ്ദീപകമായ ചര്‍ച്ചയിലൂടെ ഈ വിഷയത്തെ സമുദ്ധരിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ വസ്തുതയില്‍ നിന്ന് നമ്മെ വ്യതിചലിപ്പിക്കുന്ന ഭൗതിക സമ്മര്‍ദങ്ങളെയും ആസൂത്രിത ശ്രമങ്ങളെയും നേരിടാന്‍ നാം സജ്ജമായിരിക്കുകയും വേണം.
അറബ് സ്ത്രീകളെ കുറിച്ച് ഒരു പാശ്ചാത്യ വനിത പറഞ്ഞത് ഇപ്രകാരമാണ്: ”അറബ് സ്ത്രീകള്‍ അവരുടെ ഭവനങ്ങളില്‍ ലാളിക്കപ്പെടുകയും അവള്‍ ആഗ്രഹിക്കുന്നതായ എല്ലാ കാര്യങ്ങളും ഏറെ പരിഗണനയോടും ആദരവോടും കൂടെ നിവൃത്തിക്കപ്പെടുകയും ചെയ്യുന്നു. നമുക്ക് അവരെ കുറിച്ചോര്‍ക്കുമ്പോള്‍ അസൂയ തോന്നും.” വാസ്തവത്തില്‍ കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇപ്പറഞ്ഞത് ശരിയായിരിക്കാം. എന്നാല്‍ ഇന്നു സ്ത്രീ വിമോചന സംഘടനകള്‍ സ്ത്രീയെ പുരുഷനുമായി സമത്വപ്പെടുത്താന്‍ ബദ്ധപ്പെടുകയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഈ സമത്വവാദം നിഷേധാത്മകമായി പരിണമിക്കുന്നത് കാണാതിരുന്നുകൂടാ. ഇസ്‌ലാം മതം സ്ത്രീയെ പുരുഷന്റെ ഏകോദര സഹോദരിയായി കണ്ടുകൊണ്ടും തൊഴിലിലും കച്ചവടത്തിലും അനന്തരമായി ലഭിക്കുന്ന സ്വത്തിലും സ്വതന്ത്രാവകാശം നല്‍കിക്കൊണ്ടും ആദരവും സംരക്ഷണവും നല്‍കിയിരിക്കുന്നു. ഇതോടൊപ്പം ആരാധനാ കര്‍മങ്ങളിലും സാമ്പത്തികവും സാമ്പത്തികേതരവുമായ കര്‍ത്തവ്യങ്ങളിലും സ്ത്രീക്ക് സ്വതന്ത്രമായ അവകാശം നല്‍കുന്നുണ്ട്.
എന്നാല്‍ ചിലയാളുകളാവട്ടെ, ഭാര്യമാരിലൂടെയോ പെണ്‍മക്കളിലൂടെയോ സാമ്പത്തികാവകാശം ആഗ്രഹിക്കുന്നവരാണ്. അതേസമയം ഒരു മുസ്ലിമിന്റെ ധനം സംരക്ഷിക്കപ്പെടേണ്ടതാണെന്നും തൃപ്തിയോടുകൂടിയല്ലാതെ അതു സ്വീകരിക്കാന്‍ പാടില്ലെന്നുമുള്ള വസ്തുത അവര്‍ വിസ്മരിക്കുകയും ചെയ്യുന്നു. ഇമാം അല്‍ബാനി പല തെളിവുകളും നിരത്തി സ്വഹീഹാക്കിയതും ഇമാം അഹ്മദ്(റ) ഉദ്ധരിച്ചതുമായ ഒരു ഹദീസില്‍ ഈ വസ്തുത വ്യക്തമാക്കുന്നു. അപ്പോള്‍ പൊരുത്തമില്ലാതെ ഒരാളുടെ ധനം മറ്റാരെങ്കിലും അനുഭവിക്കുകയാണങ്കില്‍ അതൊരിക്കലും അനുവദനീയമാവില്ല. ഈ രീതിയില്‍ നിര്‍ബന്ധിതയായി തങ്ങളുടെ അവകാശം വിട്ടുകൊടുക്കേണ്ടിവരുന്ന നിരവധി സ്ത്രീകള്‍ നമുക്കിടയിലുണ്ട്.
സ്ത്രീകള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കവും വിനിമയ മികവും കൈവരിക്കാന്‍ സാധിക്കും. അവര്‍ക്ക് ഉചിതമായി തോന്നുന്ന രീതിയില്‍ സമ്പത്ത് പരിപാലിക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തി പക്ഷപാതരഹിതവും നീതിയുക്തവുമായ തീരുമാനം കൈക്കൊള്ളാനും അവര്‍ക്ക് അവകാശമുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ സാമ്പത്തികാവകാശങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഈ സ്വാതന്ത്ര്യം കൈക്കൊള്ളുന്നതിലൂടെ ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു സ്ത്രീ മതത്തിന്റെ സീമകള്‍ ലംഘിച്ച് പുറത്തുപോകുന്നില്ല. മറിച്ച്, ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ട അവകാശപരിധികള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ സമൂഹത്തില്‍ പ്രതിബിംബിച്ചു നില്‍ക്കേണ്ട ദൈവിക സമീപനമാണ് ഇതെന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അതുപോലെ ഓരോരുത്തരുടെയും പ്രത്യേകതകളെ മാനിക്കാനും പരസ്പരമുള്ള അവകാശങ്ങളെ സംരക്ഷിക്കാനും നമ്മെ പര്യാപ്തമാക്കുന്ന നീതിബോധവും നമുക്കുണ്ടാവണം.
ഉടമസ്ഥാവകാശത്തിലും ക്രയവിക്രയങ്ങളിലും നേരിട്ടുള്ള ഇടപാടുകളിലും സ്ത്രീയും പുരുഷനും തുല്യരാണെന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്നത്. തന്റെ സാമ്പത്തിക കാര്യങ്ങള്‍ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം ശരീഅത്ത് സ്ത്രീകള്‍ക്കു നല്‍കുന്നുണ്ട്. അതുപോലെ സ്ത്രീകളുടെ മാത്രം ഉടമസ്ഥതയിലുള്ള കാര്യങ്ങള്‍ എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാനുള്ള പൂര്‍ണ അവകാശവും അവര്‍ക്ക് നല്‍കുന്നുണ്ട്.
ഒരു സ്ത്രീക്ക് അവകാശപ്പെട്ട കാര്യങ്ങളില്‍ അവളുടെ തൃപ്തിയോ അനുവാദമോ കൂടാതെ ഒരു പുരുഷന് അമിത സ്വാതന്ത്ര്യം കൈക്കൊള്ളാനുള്ള അനുവാദം ശരീഅത്ത് നല്‍കുന്നില്ല. ഉടമസ്ഥാവകാശവും കൈകാര്യകര്‍തൃത്വത്തിലുള്ള അവകാശവും നല്‍കുന്നതിലൂടെ കച്ചവടം, പാരിതോഷികം, ദാനധര്‍മം, വസ്വിയ്യത്ത്, വാടക, ചെലവ്, വഖ്ഫ്, പണയം തുടങ്ങി തങ്ങളുടെ ഉടമസ്ഥതയില്‍ വരുന്ന കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. സ്വന്തം പിതാവിനോ ഭര്‍ത്താവിനോ മറ്റാര്‍ക്കുമോ സ്ത്രീകളുടേതായ ശമ്പളം, സമ്പാദ്യം, മഹ്‌റ് എന്നിത്യാദി കാര്യങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കണമെന്ന് നിര്‍ബന്ധം ചെലുത്താനുള്ള യാതൊരു അവകാശവുമില്ല. അതുപോലെത്തന്നെ പുരുഷന്‍ സ്ത്രീക്കു വേണ്ടി ചെയ്തുകൊടുക്കാന്‍ ബാധ്യതപ്പെട്ട കാര്യങ്ങള്‍ സ്ത്രീകളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിക്കുന്നതും ശരീഅത്ത് അനുവദിക്കുന്നില്ല. കാരണം ഇതു പുരുഷനില്‍ നിന്നു സ്ത്രീക്കു നിവര്‍ത്തിച്ചുകിട്ടേണ്ട അവകാശമാണ്. എന്നാല്‍ ഒരു സ്ത്രീ ഇതിനു തയ്യാറായി മുന്നോട്ടുവരികയാണങ്കില്‍ അത് അവളുടെ നന്മയും ഔദാര്യവുമായി കണ്ടാല്‍ മതി.
ശരീഅത്തില്‍ സ്ത്രീകളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് നാം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഓരോരുത്തര്‍ക്കും ഭാഗിച്ചു നല്‍കപ്പെട്ടതായ സാമ്പത്തിക ബാധ്യതകളും അവകാശങ്ങളും പരസ്പരം വകവെച്ചു നല്‍കിയിട്ടുണ്ട്. സംഘട്ടനങ്ങളില്ലാതെ കുടുംബത്തിന്റെ സുഗമമായ ഗമനത്തിനു വഴിയൊരുക്കാന്‍ ഒാരോ അംഗങ്ങള്‍ക്കും ബാധ്യതയുണ്ട്.
ഇസ്‌ലാമിലെ അനന്തരാവകാശ നിയമം വളരെ പ്രബലമാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ വസ്തുത വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. മാനവിക ചരിത്രത്തില്‍ തന്നെ സ്ത്രീകളുടെ അവകാശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഒന്നാമത്തെ പ്രഖ്യാപനമാണിത്. എന്നാല്‍ പ്രാചീന സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് അനന്തരാവകാശം നിഷേധിക്കപ്പെട്ടിരുന്ന വസ്തുത നഗ്‌ന യാഥാര്‍ഥ്യമായി തന്നെ നിലനില്‍ക്കുന്നു. ഇസ്‌ലാമിക ശരീഅത്ത് സ്ത്രീകള്‍ക്ക് അനന്തരമായി ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അപമാനകരമെന്നു പറയട്ടെ, വിശുദ്ധ ഖുര്‍ആന്‍ സ്ത്രീകള്‍ക്കു നിശ്ചയിച്ച അനന്തരാവകാശങ്ങളില്‍ നിന്ന് അവര്‍ അന്യവത്കരിക്കപ്പെടുന്ന സാഹചര്യമാണ് നാം കണ്ടുവരുന്നത്.
സമൂഹത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന നികൃഷ്ടമായ പ്രവണതകള്‍ നിരന്തരമായി കണ്ടുവരുന്നു. കുടുംബത്തിന്റെ കേന്ദ്രബിന്ദു എന്ന നിലയ്ക്ക് സ്ത്രീയുടെ അവകാശങ്ങള്‍ അപഹരിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്യുന്നതിലൂടെ കുടുംബത്തില്‍ അവള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കാതെ വരുന്നു. യഥാര്‍ഥത്തില്‍ നമ്മുടേതായ പിടിപ്പുകേട് കൊണ്ടുണ്ടായ ഒരു പ്രശ്‌നത്തെയാണ് ഇവ്വിഷയകമായി നാം അഭിമുഖീകരിക്കേണ്ടിവരുന്നത്. വാസ്തവത്തില്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരം ക്ഷിപ്രസാധ്യമാണ്. ശരീഅത്ത് മുന്നോട്ടുവെക്കുന്ന പരസ്പരം നിര്‍വഹിക്കേണ്ടതായ ബാധ്യതകള്‍ നിര്‍വഹിക്കുകയും, സമൂഹനിര്‍മിതിയില്‍ ഒരു വ്യക്തി തന്റെ കുടുംബത്തില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ബോധവാനായിരിക്കുകയും, സമസൃഷ്ടികളുമായി ഊഷ്മള ബന്ധം സ്ഥാപിക്കാനുമുള്ള പ്രാപ്തി കൈവരിക്കുന്നതിലൂടെയും പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്‌നം മാത്രമാണിത്.
ഇസ്‌ലാമിക ചരിത്രത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹിളാരത്‌നങ്ങളുടെ മഹത്തായ ചരിത്രം തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ടുകിടക്കുന്നുണ്ട്. അവരിലൊരാളാണ് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ). സ്വഹാബി വനിതകളിലെ വലിയ ജ്ഞാനിയും മതവിധി നല്‍കാന്‍ പ്രാപ്തയുമായിരുന്നു അവര്‍. നബി(സ)യില്‍ നിന്നു ധാരാളം ഹദീസുകള്‍ അവര്‍ നിവേദനം ചെയ്തിട്ടുണ്ട്.
മസ്‌റൂഖ്(റ) അവരെക്കുറിച്ച് പറയുന്നു: സ്വഹാബികളിലെ പ്രധാനികള്‍ വരെ അനന്തരാവകാശ വിഷയങ്ങളില്‍ സംശയനിവാരണത്തിനു വേണ്ടി അവരെ സമീപിക്കാറുണ്ടായിരുന്നു. അത്വാഉബ്‌നു അബീറബാഹ്(റ) പറയുന്നു: ആഇശ(റ) കര്‍മാനുഷ്ഠാനങ്ങളില്‍ അവഗാഹമുള്ളവളും ജനങ്ങളില്‍ വെച്ച് പൊതുവിഷയങ്ങള്‍ കൂടുതല്‍ അറിയുന്നവരുമായിരുന്നു. ഹിശാമുബ്‌നു ഉര്‍വ പറയുന്നു: കര്‍മശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും കവിതയിലും ആഇശ(റ)യെക്കാള്‍ ജ്ഞാനമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അബൂബുര്‍ദ(റ) പറയുന്നു: ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ സംജാതമാവുമ്പോള്‍ ആഇശ(റ)യെ സമീപിക്കുകയും തദ്‌വിഷയത്തില്‍ വ്യക്തമായ അറിവ് നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്.
സ്ത്രീകള്‍ മാതാവായും മകളായും ഭാര്യയായും മാതൃസഹോദരിയായും പിതൃസഹോദരിയായും തങ്ങളുടേതായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് അവരുടെ അവകാശങ്ങളും അവര്‍ അര്‍ഹിക്കുന്ന ആദരവും ലഭ്യമാക്കുന്നതായ സാഹചര്യം സൃഷ്ടിക്കാന്‍ നാം ബാധ്യസ്ഥരാണ്. സമൂഹത്തില്‍ അവര്‍ക്കുള്ള കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിലൂടെയും അവരുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിലൂടെയും കുടുംബിനിയായും അധ്യാപികയായും ഡോക്ടറായും ധനകാര്യ കര്‍ത്താവായും പണ്ഡിതയായും അവര്‍ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കും. എന്നാല്‍ ഇതിനെക്കാളേറെ, ഒരു ഉത്കൃഷ്ട മാതാവായും അവര്‍ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കും.
സ്ത്രീകള്‍ ഒരേ സമയം പുരുഷന്റെ ഉടപ്പിറപ്പുകളും ഉന്നതശ്രേണിയിലുള്ള കുടുംബിനികളും ഏറെ ഇണക്കമുള്ളവളും സ്ഫടികസമാനമായ സൃഷ്ടിപ്പിനുടമകളുമാണ്. അതിനാല്‍ അവള്‍ സംരക്ഷിക്കപ്പെടേണ്ടവള്‍ തന്നെയാണ്. ഈ സന്ദര്‍ഭത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ നിരൂപിക്കുന്നതായ അവകാശങ്ങളിലൂടെ നാം ആഴത്തില്‍ കണ്ണോടിക്കുകയാണങ്കില്‍ സ്ത്രീകളുടെ വിഷയത്തില്‍ പ്രവാചകന്‍(സ) നല്‍കിയ ഉപദേശങ്ങളാണ് അവരുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താന്‍ പര്യാപ്തമെന്ന് മനസ്സിലാക്കാം.

Back to Top