സാമ്പത്തിക സാക്ഷരത
ഫിദ എന്‍ പി, മാവൂര്‍
ഗള്‍ഫ് പണമാണ് കേരളത്തെ താങ്ങിനിര്‍ത്തുന്നതെന്നു പറയാം. യൂറോപ്പിലേക്കോ യു എസിലേക്കോ കുടിയേറുന്ന മലയാളികളില്‍ നിന്നു വ്യത്യസ്തമായി ഗള്‍ഫുകാര്‍ കിട്ടുന്ന പണത്തിന്റെ വലിയൊരു പങ്ക് മാസാമാസം വീട്ടിലേക്ക് അയക്കുന്നു. ഗള്‍ഫിലെ ജോലിയില്‍ തുടരുംതോറും സോഷ്യല്‍ സ്റ്റാറ്റസ് കൂടിവരുന്നതുംകൂടി പരിഗണിക്കുമ്പോള്‍ പ്രതിമാസമുള്ള ചെലവ് വളരെയേറെ ആയിരിക്കും. 25-35 കൊല്ലമൊക്കെ ഗള്‍ഫില്‍ ചെലവഴിച്ച് ഒരു ചുമട് അസുഖങ്ങളുമായി നാടണയുമ്പോള്‍ ആകെ കൈയില്‍ ബാക്കി പത്തോ ഇരുപതോ ലക്ഷം രൂപയായിരിക്കും. കുഴിമന്തി മുതല്‍ പല തരം അറേബ്യന്‍ ഫുഡുകള്‍ ഒഴിവാക്കി എന്തോന്നു ജീവിതമെന്നു ചിന്തിക്കുന്നതിനാല്‍ മൂക്കറ്റം ഫുഡ് അടിച്ച്, രാവിലത്തെ നടത്തമെന്ന പ്രയോജനമില്ലാത്ത (വൃഥാ)വ്യായാമം എന്ന വിപ്ലവപ്രവര്‍ത്തനത്തില്‍ ഗള്‍ഫുകാരന്‍ സായൂജ്യമടയുന്നു.
നമ്മള്‍ പണം കൊടുക്കുന്ന ബിസിനസിന്റെ കഴിഞ്ഞ ഏതാനും വര്‍ഷത്തെ ലാഭനഷ്ടങ്ങളുടെ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കല്‍, നമ്മള്‍ പണം മുടക്കുന്ന ബിസിനസ് അടുത്ത 10-15 വര്‍ഷത്തേക്ക് ജനങ്ങള്‍ക്ക് ഉപകാരമുള്ളതാണോ, നമ്മള്‍ പണം കൊടുക്കുന്ന മുതലാളിക്ക് ആകെ എത്ര കടമുണ്ട്, എത്ര ആസ്തിയുണ്ട്, ഈ മാന്യദേഹം വിശ്വസ്തനാണോ എന്നിവ വിലയിരുത്തല്‍ എന്നീ ദുശ്ശീലങ്ങളൊന്നുമില്ല.
എന്നു കരുതി യാതൊരുവിധ പരിശോധനകളും നമ്മുടെ ഗള്‍ഫുകാരന്‍ നടത്തില്ലെന്നു കരുതരുത്. ‘നിസ്‌കാരത്തഴമ്പുണ്ടോ’, ‘താടിണ്ടോ’, ‘ബെന്‍സുണ്ടോ’ എന്നീ സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രമേ നമ്മള്‍ ലക്ഷങ്ങള്‍ കൊടുക്കൂ. മുദ്രപത്രമോ ചെക്കോ പോട്ടെ, ഒരു വെള്ളപേപ്പറില്‍ പോലും എഗ്രിമെന്റ് എഴുതി മേടിക്കില്ല. മിക്കപ്പോഴും മുതലാളിയുടെ ട്രിപ്പിള്‍ ഫൈവ് സിഗരറ്റിന്റെ ഒഴിഞ്ഞ കൂട് പൊളിച്ച് അകത്ത് രണ്ടേരണ്ടു വരിയില്‍ ‘പണം കിട്ടി ബോധിച്ച’ കാര്യവും പിന്നെയൊരു ‘ശൂ’ ഒപ്പും! തീര്‍ന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം ചുരുങ്ങിയതൊരു 200 കോടിയുമായി നമ്മുടെ മുതലാളി ഒറ്റ മുങ്ങലാണ്. നമ്മുടെ ഗള്‍ഫുകാരന്‍ ‘മോള്‌ല് പടച്ചോന്‍ ണ്ടല്ലോ’ എന്ന ഒറ്റ വരി വിലാപത്തോടെ ആശ്വാസത്തിന്റെ ‘ഷവായ’ കടിച്ചുവലിക്കുന്നു. എല്ലാം ശുഭം.
27 സെപ്തംബര്‍ ലക്കം ശബാബിലെ യാസര്‍ ഖുത്ബ് എഴുതിയ ‘പേഴ്‌സണല്‍ ഫിനാന്‍സ്’ സംബന്ധിച്ച കവര്‍സ്റ്റോറിയാണ് ഇത്രയും എഴുതാന്‍ പ്രേരകം. ദാരിദ്ര്യത്തിന്റെ മഹത്വം മാത്രം ഊന്നിപ്പറയുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇഹലോകപ്രസക്തമായ ലേഖനം പ്രസിദ്ധീകരിച്ച ‘ശബാബി’നും ലേഖകനും അഭിനന്ദനങ്ങള്‍.