സാമ്പത്തിക പ്രതിസന്ധിയും ഇസ്‌ലാമിക് ബാങ്കിങ് മുന്നോട്ടുവെക്കുന്ന പരിഹാരങ്ങളും
ഡോ. മഹ്മൂദ് അഹ്മദ് വിവ. ഡോ. സൗമ്യ പി എന്‍
രണ്ടു പ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വരുംകാലത്തെ സാമ്പത്തിക സംവിധാനം രൂപപ്പെടുത്തുന്നവര്‍ക്ക് സഹായകമാകും വിധം വിശകലനം നടത്തുന്നതിനാണ് ഈ പ്രബന്ധം ലക്ഷ്യം വെക്കുന്നത്. 1. ആഗോള സാമ്പത്തിക വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്? 2. ഇസ്‌ലാമിക് ബാങ്കിങ് എങ്ങനെ ഈ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള വഴിയായിത്തീരാം? ആഗോള സാമ്പത്തിക വെല്ലുവിളികള്‍ എട്ടെണ്ണമുണ്ട്. അവയും ഇസ്‌ലാമിക് ബാങ്കിങ് എങ്ങനെ അവയ്ക്ക് പരിഹാരമാകാമെന്നും ചര്‍ച്ച ചെയ്യുന്നു.
പലിശയെ പാടേ നീക്കുക
രിബ എന്നത് ചൂഷണത്തിനുള്ള ഉപാധിയാണ്. ‘രിബ എന്നത് സാമൂഹിക-സാമ്പത്തിക നീതിയിലുള്ള ഇസ്‌ലാമിന്റെ അസന്ദിഗ്ധമായ ഊന്നലിനു കടക വിരുദ്ധമാണ്. നിഷിദ്ധമാണെന്ന് ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടും രിബ വസൂലാക്കുന്നവര്‍ ദൈവത്തോടും പ്രവാചകനോടും എതിരിടുകയാണ്’ (Chapra, 1985, p. 63). എല്ലാ പ്രധാന മതങ്ങളും രിബ നിഷിദ്ധമാക്കിയിട്ടുണ്ട്. അതിനെതിരായി നിരവധി വാദങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഒരു വെല്ലുവിളി തന്നെയാണ് രിബ എങ്ങനെ ഒഴിവാക്കാമെന്നത്.
സൈദ്ധാന്തിക തലത്തില്‍ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ ഓഹരി അടിസ്ഥാനമാക്കി റിസ്‌ക് പങ്കുവെക്കപ്പെടുന്ന രീതിയാണ് പ്രോത്സാഹിപ്പിക്കുന്നതെങ്കിലും യാഥാര്‍ഥ്യം തികച്ചും വ്യത്യസ്തമാണ്. സാമ്പ്രദായിക സാമ്പത്തിക സംവിധാനങ്ങള്‍ വായ്പാ അടിസ്ഥാനത്തിലുള്ള ഉല്‍പന്നങ്ങളെ കാര്യമായി ആശ്രയിക്കുന്നതു കാരണം ഇസ്‌ലാമിക സാമ്പത്തിക മേഖല സാമ്പ്രദായിക സാമ്പത്തിക സംവിധാനത്തിന്റെ ഒരു ഭാഗമായാണ് കാണപ്പെടുന്നത് (ദുസുകി, 2011, പേജ് 857).
ഇതിനുള്ള പരിഹാരം ഇസ്‌ലാമിക് ബാങ്കിങ് ആണ്. ഒ ഐ സി ഇസ്‌ലാമിക് ബാങ്കിങിനെ നിര്‍വചിക്കുന്നത് ഇസ്‌ലാമിക നിയമങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുമെന്ന് നിയമങ്ങളിലും ചട്ടങ്ങളിലും വ്യക്തമാക്കുന്ന, എല്ലാ തരം ക്രയവിക്രയങ്ങളിലും പലിശ കൊടുക്കുകയോ വാങ്ങുകയോ ചെയ്യാത്ത സാമ്പത്തിക സ്ഥാപനമെന്നാണ്. കൂടാതെ ദുസുകി വിശ്വസിക്കുന്നത് പലിശരഹിതമായൊരു സമാന്തര സംവിധാനത്തിന്റെ ആവശ്യകത ഉണ്ടെന്നാണ്. ഇസ്‌ലാമിക സാമ്പത്തിക സംവിധാനം മറ്റൊരു സാധ്യതയാണെന്ന് അദ്ദേഹം പറയുന്നു (ദുസുകി, 2011, പേജ് 857). ഇസ്‌ലാമിക് ബാങ്കിങ് അതിന്റെ ഭാഗമാണെന്ന് ഓര്‍മിക്കുക. പ്രായോഗികമായിരിക്കില്ല, പ്രയാസങ്ങള്‍ നേരിടും എന്നിങ്ങനെ രിബ രഹിത സമ്പദ് വ്യവസ്ഥയ്ക്ക് എതിരായി പല എതിര്‍പ്പുകളും ഉന്നയിക്കപ്പെട്ടിട്ടുണ്ട് (Chapra, 1985, pp.107-145). രിബ നിരോധിക്കുന്നതിനു പിന്നിലെ യുക്തി സൂചിപ്പിക്കുന്നതിനായി ഈ എതിര്‍പ്പുകളുടെ സ്വഭാവവും സാംഗത്യവും പരിശോധിച്ചു. നീതി, കാര്യക്ഷമത, സ്ഥിരത, പുരോഗതി എന്നീ മൂല്യങ്ങളില്‍ ഊന്നിയതാണ് രിബ നിരോധിക്കുന്നതിനു പിന്നിലെ സാമ്പത്തിക യുക്തി (Akkas, 2008, p. 34). വിതരണ നീതിക്കായുള്ള വാദങ്ങള്‍ ഇനി പറയുന്നവയാണ്:
(എ) വ്യാവസായികവും സാമ്പത്തികവുമായ റിസ്‌ക് കൂടുതല്‍ ഫലപ്രദമായി സംരംഭകനും മൂലധന ഉടമയും തമ്മില്‍ പങ്കുവെക്കപ്പെടുന്നു.
(ബി) നിശ്ചിതമായ വരവിനു പകരം യഥാര്‍ഥ ലാഭത്തിന്റെ ആനുപാതികമായ പങ്ക് നല്‍കുന്നതു വഴി ലാഭം കൂടിയാലും കുറഞ്ഞാലും വിലക്കയറ്റം ഉണ്ടായാലും വിലയിടിച്ചില്‍ ഉണ്ടായാലും കമ്പോളം സ്ഥിരമായിരുന്നാലും എല്ലാം, മുതല്‍മുടക്കിന്റെ വിഹിതമനുസരിച്ചുള്ള വരവ് ഉറപ്പുവരുത്താനാവും.
(സി) ധനം കൂടുതല്‍ ധനം ഉല്‍പാദിപ്പിക്കുന്നത് മുതല്‍മുടക്കിലൂടെ മൂല്യവര്‍ധന ഉണ്ടാവുമ്പോള്‍ മാത്രമാണ്.
മൂലധനം കാര്യക്ഷമമായി വിനിയോഗിക്കുന്നതിനായുള്ള വാദങ്ങള്‍ ഇനി പറയുന്നവയാണ്:
(എ) റിസ്‌ക് മൂലധനം നീക്കിവെക്കുന്നതിനു പകരം വായ്പയെടുക്കുന്നത് തിരിച്ചടവു സാധ്യത കൂടുതലുള്ള കടക്കാരന് സഹായകമാവും. എന്നാല്‍ ഏറ്റവും ലാഭകരവും ഉല്‍പാദനപരവുമായ സംരംഭങ്ങള്‍ക്കായിരിക്കില്ല.
(ബി) ലാഭം പങ്കുവെക്കുന്നതിനുള്ള തയ്യാറെടുപ്പ് മുതല്‍ ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും താല്‍പര്യങ്ങള്‍ സമന്വയിപ്പിച്ചു കൂട്ടായ ഉല്‍പാദനപരതയില്‍ ശ്രദ്ധയൂന്നുന്നു.
(സി) ഈ സമീപനം സാമ്പ്രദായിക സംവിധാനത്തില്‍ വ്യത്യസ്തവും പലപ്പോഴും വിരുദ്ധവുമായ താല്‍പര്യങ്ങളുള്ള സമൂഹത്തിലെ പല തട്ടുകള്‍ തമ്മില്‍ പരസ്പരബന്ധം സാധ്യമാക്കുന്നു.
സ്ഥിരതയുടെ കാര്യത്തില്‍ മുന്നോട്ടുവെക്കുന്ന വാദമാണ്, ‘ലാഭാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയില്‍ വിലക്കയറ്റം ഉണ്ടാകാന്‍ സ്വാഭാവികമായി സാധ്യത കൂടുതലാണ്, കാരണം വ്യാപാര ബാങ്കുകളിലായാലും കേന്ദ്ര ബാങ്കുകളിലായാലും പണം ഉണ്ടാക്കുന്നത് ഉല്‍പാദനപരമായ നിക്ഷേപങ്ങളിലൂടെയല്ല’ എന്നത്.
സാമ്പത്തിക വ്യവസ്ഥയുടെ
അസ്ഥിരത
ഏതാണ്ട് നാലു പതിറ്റാണ്ടു മുമ്പ് സാമ്പത്തിക അസ്ഥിരതയുടെ പ്രശ്‌നം അഭിസംബോധന ചെയ്തിട്ടുണ്ട്. ”ലോക സാമ്പത്തിക വ്യവസ്ഥ അസാധാരണമായൊരു അസ്ഥിരതയുടെ ഘട്ടത്തിലേക്കു കടന്നിരിക്കുന്നു… അതിന്റെ വരുംകാല ഗതിവിഗതികള്‍ തീര്‍ത്തും അനിശ്ചിതമാണ്” (Schmidt, 1974, p.437).
ഭീമമായ വിലക്കയറ്റത്തിന്റെ കെടുതികളിലൂടെ കടന്നുപോയ ശേഷം ലോക സാമ്പത്തിക വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയും മുമ്പില്ലാത്തവണ്ണമുള്ള നിരക്കിലേക്ക് തൊഴിലില്ലായ്മ എത്തുകയും ചെയ്തു. ഉയര്‍ന്ന പലിശനിരക്കും അനാരോഗ്യകരമായ വിനിമയനിരക്കിലെ ചാഞ്ചാ ട്ടങ്ങളും സ്ഥിതി കൂടുതല്‍ വഷളാക്കി. തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും അനിശ്ചിതത്വം ഇപ്പോഴുമുണ്ട്. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥകളില്‍ അസ്ഥിരതയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് പലിശയാണെന്ന് ഉറപ്പിച്ചു പറയാം. ചിലപ്പോള്‍ പലിശനിരക്ക് കാരണം ധനകാര്യ വ്യവസ്ഥ യഥാര്‍ഥ സാമ്പത്തിക വ്യവസ്ഥയേക്കാള്‍ വലുതാവുന്നത് പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം” (Chapra, 1985, p.19, 17). ദുസുകി സമാനമായ നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്: ”എളുപ്പം ലഭ്യമാവുന്ന പണം, കടത്തിന്റെയും വരവിന്റെയും അനിയന്ത്രിതമായ വളര്‍ച്ച, അയഞ്ഞ നിയന്ത്രണങ്ങളും മേല്‍നോട്ടവും, സങ്കീര്‍ണമായ സാമ്പത്തിക ഉല്‍പന്നങ്ങളുടെ കടന്നുവരവ്, റിസ്‌ക് കണക്കാക്കുന്നതിലും നിര്‍വഹിക്കുന്നതിലുമുള്ള പിഴവുകള്‍, സുതാര്യത ഇല്ലായ്മ, കനത്ത ലിവറേജ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി കരുതപ്പെടുന്നു. അമേരിക്കയിലും പശ്ചിമ യൂറോപ്പിലും 2007ന്റെ മധ്യത്തില്‍ സുഗമമായ ധനാഗമന മാര്‍ഗങ്ങള്‍, വായ്പ ലഭ്യമാകുന്നതിന് നിബന്ധനകളില്‍ ഇളവ് വരുത്തല്‍, കുറഞ്ഞ പലിശനിരക്ക് എന്നിവയും വസ്തുവിലയും സുസ്ഥിരമായൊരു മാക്രോ എന്‍വിറോണ്‍മെന്റും ജി ഡി പിയുടെ ഒരു ശതമാനമായി കടത്തെ വര്‍ധിപ്പിച്ചു എന്ന് ഒരു റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു” (Dusuki, 2011, p. 836).
ഈ കാലയളവില്‍ സാമ്പത്തികമായ നഷ്ടസാധ്യതാ സൂചകങ്ങള്‍ പതിവില്ലാത്തവണ്ണം താണുകിടന്നു. പണം കടം വാങ്ങുന്നതിനുള്ള എളുപ്പവും വസ്തുവകകളില്‍ നഷ്ടസാധ്യത തെറ്റായി കണക്കാക്കിയതും കാരണം അവയുടെ മൂല്യം ആഗോളതലത്തില്‍ തന്നെ കുതിച്ചുയര്‍ന്നു. കൂടാതെ വസ്തുവില ഉയര്‍ന്നുതന്നെ തുടരുമെന്ന തെറ്റായ വിശ്വാസത്തില്‍ വീടുകളിലും കോര്‍പറേഷനുകളിലും ഭരണകൂടങ്ങളിലുമെല്ലാം സമ്പാദ്യത്തിന്റെ അനുപാതം കാര്യമായി കുറച്ച് ചെലവ് വര്‍ധിപ്പിച്ചു. ഈ പ്രവണതകള്‍ ആഗോളതലത്തില്‍ ഉണ്ടായിരുന്നെങ്കിലും പാശ്ചാത്യ-പൗരസ്ത്യ രാജ്യങ്ങളില്‍ നയങ്ങളിലും പെരുമാറ്റങ്ങളിലുമുള്ള വ്യത്യാസം കാരണം വളരെ പ്രസക്തമായ ഒരു അസന്തുലിതാവസ്ഥ ആഗോളതലത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു. അമേരിക്കയും പല പാശ്ചാത്യ സാമ്പത്തിക വ്യവസ്ഥകളും ധനക്കമ്മി നേരിട്ടു. ധനമിച്ചമുള്ള ഏഷ്യയിലെ ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍, മുഖ്യമായും ചൈന അവര്‍ക്ക് പണം കൊടുത്തു. വികസ്വര സാമ്പത്തിക വ്യവസ്ഥകള്‍ കടക്കാരില്‍ നിന്ന് കടം നല്‍കുന്നവരിലേക്ക് മാറിയപ്പോള്‍ ലോക രാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക ശക്തിയും അവരുടെ നേര്‍ക്കു നീങ്ങാന്‍ തുടങ്ങി. തിരിഞ്ഞുനോക്കുമ്പോള്‍ പ്രതിസന്ധിയിലേക്കു വഴിവെച്ച കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ സമൃദ്ധിയും പുരോഗതിയും ഒരിക്കലും നിലനില്‍ക്കുന്നതായിരുന്നില്ലെന്നു കാണാം. വിലയിടിവ്, വര്‍ധിച്ചുവരുന്ന കടം, കുറയുന്ന നീക്കിയിരിപ്പ്, ഏറുന്ന ചെലവുകള്‍, പാശ്ചാത്യ പൗരസ്ത്യ ദേശങ്ങള്‍ തമ്മിലുള്ള വര്‍ധിക്കുന്ന അന്തരം എന്നിങ്ങനെയുള്ള പരമ്പര ഒടുവില്‍ വഴിവിട്ടുപോയി (Schwab, 2010, pp.10-14).
പരിഹാരം
സാമ്പത്തിക അസ്ഥിരതയ്ക്ക് ഇസ്‌ലാമിക് ബാങ്കിങ് സമ്പ്രദായം എന്തുകൊണ്ട് ഒരു പരിഹാരമായേക്കാം? പ്രവര്‍ത്തന രീതികളില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട് ഇസ്‌ലാമിക് ബാങ്കിങ് സമ്പ്രദായവും മറ്റു പരമ്പരാഗത രീതികളും തമ്മിലെന്നു കണ്ടെത്തിയിട്ടുണ്ട് (Rahim and Roza, 2013, pp.192-93). പലിശ തീര്‍ത്തും അസ്വീകാര്യമാണെന്ന വിശ്വാസത്തോടെ ലാഭവിഹിതം പങ്കുവെക്കല്‍, വസ്തുക്കളുടെ ക്രയവിക്രയം, ഊഹക്കച്ചവടത്തില്‍ നിന്ന് തീര്‍ത്തും വിട്ടുനില്‍ക്കല്‍ തുടങ്ങിയ ശരീഅത്ത് തത്വങ്ങള്‍ക്ക് അനുസൃതമായിട്ടാണ് ഇസ്‌ലാമിക് ബാങ്കിങിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ മൂന്ന് അടിസ്ഥാന തത്വങ്ങളിലുള്ള വ്യത്യാസം കാരണം ഇസ്‌ലാമിക് ബാങ്കുകളുടെ അടുത്തിടെ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തോടുള്ള പ്രതികരണം വ്യത്യസ്തമായിരുന്നു. അവരുടെ അഭിപ്രായത്തില്‍ ബാങ്കിങ് മേഖലയുടെ സ്ഥിരതയെ സംബന്ധിച്ച പൂര്‍വ പഠനങ്ങള്‍ പരിശോധിച്ചാല്‍ അതിനു മൂന്നു വിശദീകരണങ്ങള്‍ ലഭ്യമാണ്:
ഒന്നാമതായി പരമ്പരാഗത ബാങ്കുകളെ അപേക്ഷിച്ച് എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന വസ്തുക്കള്‍ കൂടുതലുണ്ട് ഇസ്‌ലാമിക തത്വങ്ങളെ ആധാരമാക്കുന്ന ബാങ്കുകള്‍ക്ക്. ഇതിന്റെ ഭാഗികമായ കാരണം ശരീഅത്ത് അനുസരിച്ച് നിക്ഷേപത്തിലൂടെ വരുമാനം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ കുറവാണ് ഇത്തരം ബാങ്കുകള്‍ക്ക് എന്നതാണ്. ഇസ്‌ലാമിക് ബാങ്കിങിന്റെ ഉല്‍പന്നങ്ങളായ മുദാറബ, മുശാറക, മുറാബഹ, ഇജാറ എന്നിവയും ലാഭനഷ്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നിക്ഷേപങ്ങളുമാണ് കൂടുതല്‍ ലിക്വിഡിറ്റി വകകള്‍ ഉണ്ടാവാനുള്ള കാരണം എന്ന (Loghod, 2010, p.193) നിരീക്ഷണത്തോട് ചേര്‍ന്നുപോകുന്നതുമാണ്.
രണ്ടാമതായി ഇസ്‌ലാമിക് ബാങ്കുകള്‍ ലാഭം പങ്കുവെക്കുന്നതോടൊപ്പം നഷ്ടവും പരസ്പരം പങ്കുവെക്കുന്നു. ഉദാഹരണത്തിന് (Rahman, 2011, pp. 37-62) വിശദീകരിക്കുന്നത് ബംഗ്ലാദേശിലെ ഇസ്‌ലാമിക് ബാങ്കുകള്‍ കടത്തിലുള്ള നഷ്ടസാധ്യത മറികടക്കാന്‍ പരിഷ്‌കൃതവും മൂല്യാധിഷ്ഠിതവുമായ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ്. കൂടാതെ ഓഹരി പങ്കാളിത്തത്തിലും വ്യാപാര മാതൃകയിലും ഇസ്‌ലാമിക് ബാങ്കുകള്‍ വ്യത്യസ്തമാണ്. ഇത് അവരുടെ നിക്ഷേപം കൂടുതലായി നഷ്ടസാധ്യത കുറവുള്ള നിക്ഷേപമേഖലകളിലേക്ക് തിരിക്കാന്‍ കാരണമായി. ഉദാഹരണമായി ഒമമെി മിറ ഉൃശറശ ഇസ്‌ലാമിക് ബാങ്കുകള്‍ വ്യയവളര്‍ച്ച ശക്തമായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചു എന്ന് എഴുതുന്നു. 2007-2009 വര്‍ഷങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകളുടെ സ്വത്തുക്കളും ബാങ്കിന്റെ വ്യയവും വളര്‍ന്നത് മറ്റുള്ളവയെക്കാള്‍ ഇരട്ടിയായാണ് എന്ന് അദ്ദേഹത്തിന്റെ ഗവേഷണം തെളിയിക്കുന്നു (Hasan and Dridi, 2010, pp.36-37).
മൂന്നാമതായി, മാന്ദ്യം ഇസ്‌ലാമിക് ബാങ്കുകളെ മറ്റു പല സാമ്പ്രദായിക ബാങ്കുകളുടെയും അത്ര ബാധിച്ചില്ല. കാരണം ഏതെങ്കിലും തരത്തിലുള്ള ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുന്നതും അധികമായി വിഹിതമെടുക്കുന്നതും അവര്‍ക്ക് നിഷിദ്ധമായിരുന്നു. ഇവ രണ്ടുമാണ് ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍.
ദുസുകി മേല്‍പ്പറഞ്ഞ വിശദീകരണങ്ങളെ പിന്തുണക്കുന്നു. മിക്ക ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞരും ഉറപ്പിച്ചു പറയുന്നത് നഷ്ടസാധ്യതയും പങ്കുവെക്കുക, പലിശ നിഷേധിക്കുക, കടമായുള്ള കച്ചവടം വര്‍ജിക്കുക, അനിശ്ചിതത്വവും അപകട സാധ്യതയുമുള്ള കരാറുകള്‍ ഒഴിവാക്കുക എന്നീ ഇസ്‌ലാമിക സാമ്പത്തിക പാഠങ്ങള്‍ അടിസ്ഥാനമാക്കുന്ന സാമ്പത്തിക സംവിധാനങ്ങള്‍ ഒരിക്കലും അത്തരം പ്രതിസന്ധികള്‍ നേരിടില്ല എന്നാണ് (Dusuki, 2011, p. 837).
പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയില്‍ നിന്ന് ഇസ്‌ലാമിക സാമ്പത്തിക സംവിധാനം സംരക്ഷിക്കപ്പെട്ടതിനു പ്രധാന കാരണം അതിന് യഥാര്‍ഥ സാമ്പത്തിക വ്യവസ്ഥയുമായുള്ള (Real Economy) അടുത്ത ബന്ധമാണെന്ന് എല്ലാവരും സമ്മതിക്കുമെന്ന് അദ്ദേഹം തുടര്‍ന്ന് എഴുതുന്നു. ഒരു സാമ്പത്തിക വ്യവസ്ഥയില്‍ ഇസ്‌ലാമിക സാമ്പത്തിക സംവിധാനത്തിന് സ്ഥിരതയും ബലവും വളര്‍ത്താനായുള്ള അതിന്റെ നിബന്ധനകള്‍ അനുസരിച്ച് കഎടക ഭരണ ഘടകങ്ങളെയും പ്രക്രിയകളെയും സഹായിക്കാനായി അടുത്ത കാലത്ത് ഇസ്‌ലാമിക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ബോര്‍ഡ് (IFSB, 2009, p.1) മൂന്ന് നിര്‍ദേശക തത്വങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.
സുതാര്യതയുടെ കുറവും
വിപണിയുടെ അച്ചടക്കവും
പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ ആകെ പ്രതിസന്ധി പടര്‍ന്നപ്പോള്‍ ഒരു പ്രധാന സങ്കീര്‍ണത പ്രകടമായി. ഏതെല്ലാം നിക്ഷേപകരും വിപണി പങ്കാളികളുമാണ് വസ്തുവിന്റെ വിലയിടിവ് കൂടുതല്‍ നേരിട്ടതെന്ന് ഒട്ടും വ്യക്തമായിരുന്നില്ല. കടബാധ്യതകള്‍ ഉള്‍പ്പെടെ സങ്കീര്‍ണവും പലപ്പോഴും അവ്യക്തവുമായ നിക്ഷേപ സംവിധാനങ്ങളുടെ വ്യാപകമായ ഉടമസ്ഥത ഇക്കാലത്തെ നഷ്ടസാധ്യതകള്‍ കണക്കാക്കല്‍ പ്രയാസകരമാക്കി മാറ്റി, അവ ബാലന്‍സ് ഷീറ്റില്‍ ഉള്‍പെടുത്താത്തപ്പോള്‍ പ്രത്യേകിച്ചും. ‘ബാഹ്യമായ റേറ്റിങുകള്‍ ഇവയില്‍ ചില നിക്ഷേപങ്ങളുടെയെങ്കിലും ശരിയായ ഗുണത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന് വിപണിയിലെ പങ്കാളികള്‍ പെട്ടെന്നു തന്നെ മനസ്സിലാക്കി’ (Schwab, 2010, p.13). അങ്ങനെ ഈ പ്രതിസന്ധിക്ക് സുതാര്യത ഇല്ലായ്മയും വിപണിയില്‍ അച്ചടക്കമില്ലായ്മയും കൂടി കാരണമായി.
പരിഹാരം
ഇസ്‌ലാമിക് ബാങ്കിങ് ശരീഅത്ത് അനുസരിച്ചുള്ളതാണ്. ശരീഅത്തിന്റെ പ്രധാന പരിഗണനയാണ് സുതാര്യത ഉണ്ടായിരിക്കുക എന്നത്. ഏതെങ്കിലും തരത്തിലുള്ള ഒളിവോ കളവോ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമോ, ഖുര്‍ആനില്‍ വ്യക്തമാക്കിയിരിക്കുന്നതുപോലെ ശരീഅത്തിന്റെ നീതിയുടെ തത്വങ്ങള്‍ക്കു വിരുദ്ധമാണ് (Surah An Nisa’ verse 135 and Surah Al Mutaffifin verses 1 to 3).
ഇസ്‌ലാമിക് ബാങ്കുകള്‍ ഐ എഫ് എസ് ബി നിലവാരം അനുസരിച്ചുള്ളവയാണ്. ഐ എഫ് എസ് ബിയുടെ ഇസ്‌ലാമിക സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കായി സുതാര്യതയെയും വിപണിയിലെ അച്ചടക്കത്തെയും പ്രോത്സാഹിപ്പിക്കാനുള്ള 2007 ഡിസംബറിലെ പ്രഖ്യാപനം ഒരുകൂട്ടം മുഖ്യ തത്വങ്ങളും നടപടിക്രമങ്ങളും നിര്‍ദേശിക്കുന്നുണ്ട്. ഈ നിലവാരം ഐ ഐ എഫ് എസിനും അവയുടെ മേല്‍നോട്ടം വഹിക്കുന്ന അധികൃതര്‍ക്കും മറ്റു നയരൂപീകരണം നടത്തുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. ഈ ആവശ്യത്തിനായി വിവിധ തരം പ്രകാശനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അവ ഓഹരിയുടമകളുടെ തരത്തിനനുസരിച്ചു വേര്‍തിരിച്ചിട്ടുള്ളതും സേവനം നല്‍കുന്ന സ്ഥാപനങ്ങളുടെ നഷ്ടസാധ്യതകളും സാമ്പത്തിക സ്ഥിതിയും കേന്ദ്രീകരിച്ചുള്ളതുമാണ്. ഇസ്‌ലാമിക് ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ സാമ്പത്തിക വെളിപ്പെടുത്തലിനുള്ള ചട്ടക്കൂട് അന്താരാഷ്ട്രതലത്തിലെ അക്കൗണ്ടിങ് നിലവാരങ്ങളും അതത് ദേശീയ നിലവാരങ്ങളും പരിഗണിച്ചുകൊണ്ടുള്ളതാണ്.