സാമ്പത്തിക ഇടപാടുകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന മാനദണ്ഡങ്ങള്‍
അനസ് എടവനക്കാട്
അറിയപ്പെട്ട മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ് സമ്പത്ത് എന്ന സങ്കല്‍പമെങ്കിലും കേവലം അയ്യായിരം വര്‍ഷത്തെ പഴക്കം മാത്രമേ നാണയവ്യവസ്ഥയ്ക്ക് അവകാശപ്പെടാനായി ഉള്ളൂ. അതുവരെയും വസ്തുക്കള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്ന, ബാര്‍ട്ടര്‍ സമ്പ്രദായം എന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ബി സി 6000ല്‍ മെസൊപ്പൊട്ടേമിയയിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ബാര്‍ട്ടര്‍ സമ്പ്രദായം നിലനിന്നിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. കാലികള്‍, നായാട്ട് ഉപകരണങ്ങള്‍, പാത്രങ്ങള്‍, മൃഗത്തോലുകള്‍ മുതലായവയായിരുന്നു ആദ്യകാല സമ്പത്തായി പരിഗണിച്ചിരുന്നതെങ്കിലും പിന്നീടതില്‍ കൃഷിഭൂമികള്‍, ധാന്യങ്ങള്‍, വാഹനങ്ങള്‍, ആയുധങ്ങള്‍ മുതലായവ ചേര്‍ക്കപ്പെട്ടു. മനുഷ്യ പുരോഗതിക്കനുസരിച്ച് കാലാകാലങ്ങളില്‍ അതിന്റെ രൂപങ്ങള്‍ക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്നത് വിര്‍ച്വല്‍ കറന്‍സികളുടെ രൂപത്തില്‍ എത്തിനില്‍ക്കുന്നു. മനുഷ്യന്റെ നിലനില്‍പിനുള്ള ഉപാധിയായി അല്ലാഹു നിശ്ചയിച്ചുതന്നതാണ് സമ്പത്തെന്നും, അതിനെ വിവേകത്തോടുകൂടിയേ കൈകാര്യം ചെയ്യാവൂ എന്നും വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു (ഖുര്‍ആന്‍ 4:5).
നിലനില്‍പിന്റെ ആധാരമായ സമ്പത്തിനോടുള്ള കാഴ്ചപ്പാടില്‍ മനുഷ്യര്‍ പല തരക്കാരാണ്. സമ്പത്തിനോട് മിക്ക മനുഷ്യര്‍ക്കുമുള്ള അമിതമായ പ്രേമം ആക്ഷേപിക്കപ്പെടേണ്ട ഒരു സ്വഭാവമായാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിച്ചത് (89:20, 100:8). യുദ്ധമോ ഹിജ്‌റയോ പോലുള്ള സന്ദര്‍ഭങ്ങളില്‍ സമ്പത്ത് പൂര്‍ണമായും ത്യജിക്കേണ്ടി വന്നേക്കാമെങ്കിലും, ഇതൊന്നും ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ സ്വര്‍ഗപ്രവേശനത്തിനായി സമ്പത്തു ത്യജിച്ച് ദരിദ്രനായി ജീവിക്കുന്നതിനെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ദാനം ചെയ്യുന്ന കൈയാണ് യാചിക്കുന്ന കൈയേക്കാള്‍ ഉത്തമമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് (ബുഖാരി: 1429).
സ്വത്ത് മുഴുവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കാന്‍ തയ്യാറായ സഹാബിയെ പ്രവാചക തിരുമേനി നിരുത്സാഹപ്പെടുത്തുകയും മൂന്നിലൊന്ന് ദാനം ചെയ്യാന്‍ അദ്ദേഹത്തെ അനുവദിക്കുകയുമായിരുന്നു. ശേഷം തിരുമേനി ഇപ്രകാരം പറയുക കൂടി ചെയ്തു: ”നിന്റെ അനന്തരാവകാശികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ യാചിക്കാനായി വിട്ടേച്ചുപോകുന്നതിലും നല്ലത് അവരെ സമ്പന്നരാക്കി വിട്ടേച്ചു പോകുന്നതാണ്”(ബുഖാരി: 5354). ചുരുക്കത്തില്‍, സത്യവിശ്വാസി സമ്പത്തിനോടുള്ള സമീപനത്തില്‍ മധ്യമനില കൈക്കൊള്ളേണ്ടവനാണ്. ഏതെങ്കിലും തരത്തില്‍ എങ്ങനെയും പണം സമ്പാദിക്കണമെന്ന ചിന്ത അവന് ഉണ്ടാകാവതല്ല.
ഈ കാഴ്ചപ്പാടുകളുടെയെല്ലാം പ്രയോഗവത്കരണമെന്ന നിലയില്‍ ഇസ്‌ലാം കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ചൂതാട്ടം, നിഷിദ്ധവസ്തുക്കളുടെ കച്ചവടം, അല്‍ഗറര്‍, അല്‍ഹസ്വാത് (നസാഈ: 4518). മുഹാഖല, മുസാബന, മുഹാബറ (തിര്‍മിദി: 1290) തുടങ്ങിയ കച്ചവട രീതികള്‍, പലിശയില്‍ അധിഷ്ഠിതമായ ധനവിനിയോഗങ്ങള്‍ മുതലായവയെ നിഷിദ്ധമാക്കുകയും അനുവദനീയമായ കച്ചവട മാര്‍ഗങ്ങള്‍, ദാനധര്‍മങ്ങള്‍, പരസ്പര സാമ്പത്തിക സഹകരണം, കടം നല്‍കലും അത് കൃത്യമായി വീട്ടലും തുടങ്ങിയ നടപടികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്.
ആധുനിക ലോകത്ത് നിലനില്‍ക്കുന്ന മുതലാളിത്ത-സോഷ്യലിസ്റ്റ്-മിശ്ര സമ്പദ്‌വ്യവസ്ഥകള്‍ എല്ലാം തന്നെ പലിശ, ചൂതാട്ടം പോലുള്ള ഏതെങ്കിലും തരത്തിലുള്ള ചൂഷണവ്യവസ്ഥയില്‍ ഉള്‍പ്പെട്ടതാണ്. ഇതിനെല്ലാം ബദലായി ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമ്പത്തിക വ്യവസ്ഥ മനുഷ്യന്റെ സമ്പത്തിനോടുള്ള അത്യാഗ്രഹങ്ങളെ തടഞ്ഞുനിര്‍ത്തുകയും ചൂഷണരഹിത മാര്‍ഗങ്ങളെ പരിപോഷിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി മുദാറബ, മുറാബഹ, ഇജാറ, മുശാറക, വദീഅ, തവര്‍റുഖ്, അര്‍രഹ്ന്‍, സലം, ഇസ്തിസ്‌ന മുതലായ ഇസ്‌ലാമിക വീക്ഷണത്തില്‍ അനുവദനീയമായ മാര്‍ഗങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്താവുന്നതാണ്.
ഇതില്‍ ചിലത് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ചൂഷണരഹിത സാമ്പത്തിക വ്യവസ്ഥയ്ക്ക് തികച്ചും അനുഗുണമാണെങ്കില്‍ മറ്റു ചിലത് അപ്രകാരമല്ലാത്തതിനാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം കൈക്കൊള്ളാന്‍ പറ്റുന്നവ മാത്രമാണ്. രണ്ട് അടിസ്ഥാന തത്വങ്ങളില്‍ നിര്‍മിക്കപ്പെട്ടവയാണ് ഇസ്‌ലാമിലെ ധന ഇടപാടുകള്‍. അതില്‍ ഒന്ന് ലാഭനഷ്ടങ്ങള്‍ പങ്കിട്ടെടുക്കലാണെങ്കില്‍, രണ്ടാമത്തേത് നിക്ഷേപകനെയും അധമര്‍ണനെയും പലിശയിടപാടുകളില്‍ നിന്നു സംരക്ഷിച്ചുനിര്‍ത്തുക എന്നതാണ്. പലിശയില്‍ അധിഷ്ഠിതമായ സാമ്പത്തിക ഇടപാടുകള്‍ക്കുള്ള ഏക ബദല്‍ മാര്‍ഗം ഇസ്‌ലാമിക നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായ ബാങ്കിങ് സമ്പ്രദായമാണെന്നതില്‍ തര്‍ക്കമില്ല.
മുദാറബ
(കൂട്ടുകച്ചവടം)
സമ്പത്തിന് ഉടമയായ ആള്‍ക്ക് കച്ചവടത്തില്‍ നൈപുണിയോ താല്‍പര്യമോ ഉണ്ടായിക്കൊള്ളണമെന്നില്ല; കച്ചവടം ചെയ്യാന്‍ പ്രാപ്തനായ ആള്‍ക്ക് സമ്പത്തും ഉണ്ടാകണമെന്നില്ല. ഈ സാഹചര്യത്തില്‍ ഇരുവരും കൂടി സമ്പത്തും സേവനവും പങ്കിട്ടുകൊണ്ട് ഒരുതരം കൂട്ടുകച്ചവടത്തില്‍ ഏര്‍പ്പെടുന്നു. ലഭിക്കുന്ന ലാഭം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വീതിക്കപ്പെടുന്നു. ഇത്തരത്തില്‍ ഒരു കൂട്ടര്‍ മുതല്‍ മുടക്കുകയും മറ്റൊരു കൂട്ടര്‍ ഏര്‍പ്പാടുകള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന രീതിയാണ് മുദാറബ അല്ലെങ്കില്‍ ക്വര്‍ദ് എന്നു പറയുന്നത്. ഇതില്‍ സമ്പത്ത് ചെലവഴിക്കുന്ന വ്യക്തിയെ ‘റബ്ബുല്‍ മാല്‍’ എന്നും അതിന്റെ കൈകാര്യ കര്‍ത്തൃത്വവും മറ്റും ഏറ്റെടുത്ത വ്യക്തിയെ ‘മുദരിബ്’ എന്നും സാങ്കേതികമായി വിളിക്കുന്നു.
മുദാറബ രണ്ടു തരത്തില്‍ നിര്‍വഹിക്കപ്പെടാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇന്നയിന്ന കച്ചവടത്തിലേ സമ്പത്ത് മുടക്കാവൂ എന്നു സമ്പത്തിന്റെ ഉടമ ചില ഉപാധികള്‍ വെക്കുന്നു. ഇത്തരം കൂട്ടുകച്ചവടം അല്‍മുദാറബ അല്‍മുഖയ്യദ (നിയന്ത്രണവിധേയമായ മുദാറബ) എന്നും, യാതൊരു ഉപാധിയും കൂടാതെ മുദരിബിന് അനുയോജ്യമായ കച്ചവടത്തിനായി ധനം വിട്ടുനല്‍കുന്നതിനെ അല്‍മുദാറബ അല്‍മുത്‌ലഖ (നിയന്ത്രണവിധേയമല്ലാത്ത മുദാറബ) എന്നും പറയുന്നു. മാലികീ, ശാഫിഈ മദ്ഹബുകളില്‍ നിയന്ത്രണ വിധേയമായ മുദാറബ അനുവദിക്കപ്പെടുന്നില്ല. ലാഭം നേടുന്നതിന് ഇത്തരം ഉപാധികള്‍ വിഘ്‌നം സൃഷ്ടിക്കുമെന്നതാണ് അതിനുള്ള കാരണമായി അവര്‍ പറയുന്നത്.
മുദാറബയില്‍ ആര്‍ക്കും തന്നെ നിശ്ചിത തുക ലാഭമായി മുന്‍കൂട്ടി നിശ്ചയിക്കാന്‍ പാടുള്ളതല്ല, മറിച്ച് ലാഭത്തിന്റെ ഇത്ര ശതമാനം ഇന്ന കൂട്ടര്‍ക്ക് എന്നു നിശ്ചയിക്കാവുന്നതാണ്. കച്ചവടത്തില്‍ റബ്ബുല്‍മാലിന് ഒരേസമയം ഒന്നിലധികം മുദരിബുകളെ പങ്കെടുപ്പിക്കാവുന്നതുമാണ്. ഇസ്‌ലാമിക് ബാങ്കിങ് വ്യവസ്ഥയില്‍ ബാങ്കായിരിക്കും റബ്ബുല്‍മാലായി വര്‍ത്തിക്കുന്നത്. അപൂര്‍വമായി മാത്രമാണ് ആധുനിക ഇസ്‌ലാമിക് ബാങ്കുകള്‍ മുദാറബ രീതിയില്‍ കച്ചവടത്തില്‍ ഏര്‍പ്പെടാറുള്ളത്.
പ്രവാചകത്വത്തിനു മുമ്പ് തിരുമേനി(സ) ഇത്തരത്തിലുള്ള കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇബ്‌നു ഇസ്ഹാഖ് സീറയില്‍ എഴുതുന്നു: ”സമ്പന്നയും ആദരണീയയുമായ വര്‍ത്തകപ്രമുഖയായിരുന്നു ഖദീജ. അവര്‍ പുരുഷന്മാരെ ലാഭവിഹിത അടിസ്ഥാനത്തില്‍ മൂലധനം മുടക്കി കച്ചവടത്തില്‍ നിശ്ചയിക്കുമായിരുന്നു… നബി തിരുമേനിയുടെ സത്യസന്ധതയെയും വിശ്വസ്തതയെയും സ്വഭാവഗുണങ്ങളെയും കുറിച്ച് കേട്ടറിഞ്ഞ ഖദീജ തന്റെ ചരക്കുകളുമായി കൂടുതല്‍ ലാഭവിഹിതം നിശ്ചയിച്ചുകൊണ്ട് ശാമിലേക്ക് പോകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു’ (ഇബ്‌നു ഹിശാം 1:188).
മുറാബഹ
(ലാഭവില്‍പന)
ആധുനിക ഇസ്‌ലാമിക് ബാങ്കുകള്‍ പ്രധാനമായും അവലംബിക്കുന്നത് മുറാബഹ എന്ന സാമ്പത്തിക രീതിയാണ്. എന്നാല്‍ ആദ്യകാല കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മുറാബഹ എന്നതൊരു കച്ചവടരീതി മാത്രമായിരുന്നു. ഇവ തമ്മില്‍ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങള്‍ നമുക്ക് കാണുകയും ചെയ്യാം. വില്‍പനക്കാരന്‍ തന്റെ പ്രത്യേക ചരക്കിന് അതിന്റെ യഥാര്‍ഥ വില വെളിപ്പെടുത്തുന്നതോടൊപ്പം നിശ്ചിത ലാഭം കൂടി ചേര്‍ത്തുകൊണ്ട് വില്‍ക്കാമെന്ന് വാങ്ങുന്നയാളുമായി സമ്മതിക്കുകയാണെങ്കില്‍, അതിനെ മുറാബഹ എന്നു വിളിക്കുന്നു.
ഇവിടെ നിര്‍ണയിക്കപ്പെടുന്ന ലാഭം ഒരു നിശ്ചിത തുകയോ വിലയുടെ ശതമാനമോ ആകാവുന്നതാണ്. വാങ്ങുന്നയാള്‍ക്ക് തുക റൊക്കമായോ അവധി നിശ്ചയിച്ചോ നല്‍കാവുന്നതുമാണ്. നമ്മുടെ നിത്യജീവിതത്തില്‍ നടന്നുവരുന്ന കച്ചവടങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഇവിടെ വില്‍പനക്കാരന്‍ വസ്തുവിന്റെ യഥാര്‍ഥ വിലയും തനിക്കു വേണ്ട ലാഭവും വെളിപ്പെടുത്തുന്നു എന്നതാണ് പ്രത്യേകത. വസ്തുവിന്റെ അടിസ്ഥാന വിലയോ ലാഭമോ വെളിപ്പെടുത്താതെ, വില്‍പനച്ചരക്കിന്റെ മൊത്തം തുക മാത്രം പറഞ്ഞുകൊണ്ട് നടത്തുന്ന ഇടപാടുകള്‍ക്ക് ‘മുസാവമ’ എന്നാണ് പറയുക.
ആധുനിക ഇസ്‌ലാമിക് ബാങ്കിങ് പ്രധാനമായും അവലംബിച്ചു കാണുന്നത് മുറാബഹ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ്. ഉദാഹരണമായി, കെട്ടിടമോ മെഷിനറിയോ വാഹനമോ ഒരാള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അയാള്‍ അതിന്റെ പൂര്‍ണ വിവരങ്ങളുമായി ബാങ്കിനെ സമീപിക്കുന്നു. ബാങ്ക് അതിനെപ്പറ്റി ഒരു സാധ്യതാ പഠനം നടത്തുന്നു. എന്നിട്ട് ബാങ്ക് നിശ്ചിത തുകയ്ക്ക് ആ വസ്തു വാങ്ങുകയും കൈവശം വെക്കുകയും ചെയ്യുന്നു. ശേഷം നിശ്ചിത ശതമാനം ലാഭവിഹിതവും തിരിച്ചടയ്‌ക്കേണ്ട കാലാവധിയും നിശ്ചയിച്ചുകൊണ്ട് ബാങ്കിനെ സമീപിച്ച ആവശ്യക്കാരന് വില്‍പന നടത്തുന്നു. ഇതാണ് ഇസ്‌ലാമിക് ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന മുറാബഹ. ഇവിടെ പലിശയില്‍ അധിഷ്ഠിതമായ ബാങ്കിങ് രീതിയില്‍ നിന്നു രണ്ടു വ്യത്യാസങ്ങളുള്ളതായി കാണാം. അതില്‍ ഒന്ന്, വസ്തു വാങ്ങുന്നതിനായി സാധാരണ ബാങ്കുകള്‍ പണമായിട്ടു തന്നെ ആവശ്യക്കാരന് നല്‍കുമെങ്കില്‍, ഇസ്‌ലാമിക് ബാങ്കുകള്‍ ആ വസ്തു തന്നെ വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ കായികശേഷി, ഉപയോഗിച്ചുപോയ വൈദ്യുതി മുതലായ, വാങ്ങി കൈവശം വെക്കാന്‍ പറ്റാത്ത വസ്തുക്കള്‍ക്ക് മുറാബഹ രീതി പ്രായോഗികമാവുകയില്ല. രണ്ടാമതായി, ചെറിയ കാലയളവില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ വസ്തുവിനെ കൈവശം സൂക്ഷിക്കുകയും അതുമൂലം സംഭവിക്കാവുന്ന ബാധ്യത ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. ”നിങ്ങള്‍ എന്തെങ്കിലും വാങ്ങിയാല്‍, നിങ്ങളത് കൈവശം വെക്കുന്നതുവരെ അതിനെ വില്‍ക്കരുത്” (അഹ്മദ്: 15399; നസാഈ: 4613) എന്ന പ്രവാചക വചനം ഇവിടെ പാലിക്കപ്പെടേണ്ടതുണ്ട്. ഈ രണ്ട് വ്യവസ്ഥകളുമില്ലെങ്കില്‍ പലിശയില്‍ അധിഷ്ഠിതമായ വായ്പാ സമ്പ്രദായവും മുറാബഹ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ലാതാകും. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന യഥാര്‍ഥ സാമ്പത്തിക ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് അനുയോജ്യമായ ഒരു ഉപാധിയല്ല മുറാബഹ രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ എന്ന വസ്തുത അവഗണിക്കാവുന്നതല്ല. പലിശയില്‍ നിന്നു രക്ഷപ്പെടുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ മാത്രമാണ് മുറാബഹ പരിഗണനീയമാകുന്നത്. മുദാറബയോ മുശാറകയോ പ്രായോഗികമല്ലാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമായി ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.
ഇജാറ
(ലീസിന് നല്‍കല്‍)
ഭാഷാപരമായി, എന്തെങ്കിലും പാട്ടത്തിനോ വാടകയ്‌ക്കോ കൊടുക്കുന്നതിനാണ് ഇജാറ എന്ന് പറയുന്നത്. ഒരാളെ വേതനം നിശ്ചയിച്ചുകൊണ്ട് കൂലിക്ക് എടുക്കുന്നതിനും കര്‍മശാസ്ത്രത്തില്‍ ഇജാറ എന്നു പറയും. മദ്‌യനില്‍ വെച്ച് മൂസാനബി (അ) പെണ്‍കുട്ടികളുടെ ആടുകള്‍ക്ക് വെള്ളം കൊടുത്ത സന്ദര്‍ഭത്തില്‍ അവരില്‍ ഒരാള്‍ തങ്ങളുടെ പിതാവിന്റെ അരികില്‍ ചെന്ന് ഇപ്രകാരം പറയുന്ന സന്ദര്‍ഭം ഖുര്‍ആനില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്: ”എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക” (ഖസസ്: 26). അതുപോലെ തന്നെ പ്രവാചക തിരുമേനി(സ) അബൂബക്കറി(റ)നോടൊപ്പം ഹിജ്‌റ പോയപ്പോള്‍ വഴികാട്ടിയായി ബനൂ അബ്ദ് ബിന്‍ അദിയ്യ് എന്ന ഗോത്രത്തിലെ ഒരു മനുഷ്യനെ കൂലിക്ക് എടുത്തതായി ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ (ന: 2263) കാണാം. ഇതെല്ലാം വേതനം നിശ്ചയിച്ചുകൊണ്ടുള്ള കൂലിക്കെടുക്കലിന് തെളിവാണ്.
എന്നാല്‍ ആധുനിക ഇസ്‌ലാമിക് ബാങ്കിങ് സിസ്റ്റത്തില്‍ വാടക അല്ലെങ്കില്‍ പാട്ടം ഈടാക്കിക്കൊണ്ട് പകരമായി വസ്തുവിന്റെ പ്രയോജനം അയാള്‍ക്ക് വിട്ടുകൊടുക്കുന്നതിനെയാണ് ഇജാറ എന്നു പറയുന്നത്. ഇതനുസരിച്ച് തങ്ങളെ സമീപിക്കുന്ന ഇടപാടുകാരന്റെ ആവശ്യപ്രകാരം അയാള്‍ പറയുന്ന വസ്തു ബാങ്ക് വിലയ്ക്കു വാങ്ങി നിശ്ചിത വാടകയും കാലാവധിയും നിര്‍ണയിച്ചുകൊണ്ട് ഇടപാടുകാരന് അത് കൈകാര്യം ചെയ്യാന്‍ വാടകയ്ക്ക് വിട്ടുകൊടുക്കുന്നു. ഇതില്‍ വസ്തുവിന്റെ സ്വഭാവം കാലാവധി നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇജാറ ഇടപാടുകളില്‍ വസ്തുവിന്റെ ഉടമ എപ്പോഴും ബാങ്ക് തന്നെയാണെങ്കിലും അതിന്റെ പരിപാലന-സംരക്ഷണ ഉത്തരവാദിത്തങ്ങള്‍ ഇടപാടുകാരനില്‍ നിക്ഷിപ്തമായിരിക്കും. ഇജാറയില്‍ പാട്ട ഉടമയായ ബാങ്കിനെ മുഅ്ജിര്‍ എന്നും, പാട്ടക്കാരനെ മുസ്തഅ്ജിര്‍ എന്നും വിളിക്കുന്നു. ഇബിനു ഉമറി (റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ‘ഖൈബറിന്റെ ഭൂമി ഉല്‍പാദനത്തിന്റെ പകുതി പാട്ടമായി നിശ്ചയിച്ച് ജൂതന്മാര്‍ക്കു നബി(സ) നല്‍കി’ എന്ന ഹദീസ് (ബുഖാരി: 4248, 2285) ഇപ്രകാരമുള്ള ഇജാറയ്ക്കുള്ള തെളിവാണ്. എന്നാല്‍ നബി(സ) സ്ഥലം പാട്ടത്തിന് നല്‍കുന്നതു വിരോധിച്ചതായി റാഫി ബിന്‍ ഖദീജി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ചില റിപോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, അവയില്‍ ആശയം മാറിമറിഞ്ഞുപോയിട്ടുള്ളതിനാല്‍ (ഇദ്തിറാബ്) അവ സ്വീകാര്യമല്ല എന്ന് ഇമാം അഹ്മദ് പറയുന്നു.
മുശാറക
(പങ്കാളിത്ത കച്ചവടം)
പങ്കുചേര്‍ക്കുക എന്ന അര്‍ഥത്തിലുള്ള ശിര്‍ക എന്ന പദത്തില്‍ നിന്നാണ് മുശാറക എന്ന പദത്തിന്റെ ഉല്‍പത്തി. ജോയിന്റ് വെന്‍ച്വറായി രണ്ടോ അതിലധികമോ പങ്കാളികള്‍ ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെടുകയും അതില്‍ വരുന്ന ലാഭവും നഷ്ടവും വീതിച്ചെടുക്കുകയും ചെയ്യുന്ന ഇടപാടാണിത്. ഇത് രണ്ടു തരത്തിലുണ്ട്: ശിര്‍കത്തുല്‍ മില്‍ക്ക്, ശിര്‍കത്തുല്‍ അഖ്ദ്. രണ്ടു പേര്‍ ചേര്‍ന്ന് മുതല്‍ മുടക്കിക്കൊണ്ട് വസ്തുവോ മെഷിനറിയോ മറ്റോ വാങ്ങുന്നു. ഈ വസ്തുവിനെ സംബന്ധിച്ചിടത്തോളം ഇരുവരും അതിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളികളാണ്. ഇത്തരം ഇടപാടുകളെയാണ് ശിര്‍കത്തുല്‍ മില്‍ക്ക് എന്ന് പറയുന്നത്. മറ്റു ചില സന്ദര്‍ഭങ്ങളില്‍ പങ്കാളികള്‍ ചില സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും അതില്‍ നിന്നു ലഭിക്കുന്ന വരുമാനം പങ്കിട്ടെടുക്കുകയും ചെയ്യുന്നു. മറ്റു ചിലപ്പോള്‍ പങ്കാളികള്‍ കടമായി ചരക്കുകള്‍ വാങ്ങി പ്രത്യേക വിലയ്ക്ക് വില്‍ക്കുകയും അതില്‍ നിന്നു ലഭിക്കുന്ന ലാഭനഷ്ടങ്ങള്‍ പങ്കിട്ടെടുക്കുകയും ചെയ്യുന്നു. ഇത്തരം ഇടപാടുകളാണ് ശിര്‍കത്തുല്‍ അഖ്ദ് എന്നറിയപ്പെടുന്നത്.
പങ്കാളിത്ത കച്ചവടം ശരീഅത്തിന് അനുസൃതമാകാന്‍ ചില നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് പങ്കാളികള്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടാവുക എന്നതാണ്. കരാറിനു വേണ്ട എല്ലാ അടിസ്ഥാന വസ്തുതകളും അവിടെ പാലിക്കപ്പെട്ടിട്ടുണ്ടായിരിക്കണം. രണ്ടാമത്തേത്, പരസ്പര സമ്മതത്തോടെ ലാഭനഷ്ടങ്ങളുടെ അനുപാതം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ടായിരിക്കുക എന്നതാണ്. മൂന്നാമതായി, യഥാര്‍ഥ ലാഭത്തെ അടിസ്ഥാനപ്പെടുത്തിയോ മുതല്‍മുടക്കിനെ അടിസ്ഥാനപ്പെടുത്തിയോ ആണ് ലാഭവിഹിതം നിര്‍ണയിക്കേണ്ടത്. മറിച്ച് നിശ്ചിത തുക ലാഭമായി മുന്‍കൂട്ടി നിര്‍ണയിക്കുന്നത് പലിശയുടെ ഗണത്തിലാണ് ഉള്‍പ്പെടുക. ലാഭനഷ്ടങ്ങളുടെ വിഹിതം നിര്‍ണയിക്കേണ്ടത് മുതല്‍ മുടക്കിയതിന്റെ അനുപാതത്തില്‍ ആയിരിക്കണം എന്നതാണ് ശാഫിഈ, മാലികീ മദ്ഹബുകളുടെ വീക്ഷണം. എന്നാല്‍ ഓരോ കക്ഷിയും നല്‍കിയ മൂലധനെത്ത അടിസ്ഥാനമാക്കേണ്ടതില്ല എന്നും അവര്‍ക്ക് പരസ്പര ധാരണയോടെ അതില്‍ മാറ്റം വരുത്താവുന്നതാണെന്നും ഇമാം അഹ്മദ് പറയുന്നു (മുഗ്‌നി: 5:140).
മുശാറക രീതിയിലുള്ള ഇസ്‌ലാമിക് ബാങ്കിങ് വ്യവസ്ഥയില്‍ ഒന്നോ അതിലധികമോ പങ്കാളികള്‍ സംരംഭം തുടങ്ങുന്നതിനായി ബാങ്കിനെ സമീപിക്കുകയും ബാങ്ക് ഈ പങ്കാളികളുമായി ചേര്‍ന്ന് മൂലധനം ഇറക്കുകയും ചെയ്യുന്നു. ഈ പങ്കാളിത്ത കച്ചവടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഷെയര്‍ അനുസരിച്ച് ലാഭവും നഷ്ടവും വീതിച്ചെടുക്കുന്നു. ഇതില്‍ ചിലപ്പോള്‍ ബാങ്ക് മുടക്കിയ മൂലധനം ഗഡുക്കളായോ അല്ലാതെയോ ബാങ്കിന് തിരിച്ചുകൊടുത്തുകൊണ്ട് കാലക്രമത്തില്‍ സംരംഭത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം മറ്റു പങ്കാളികളില്‍ മാത്രം നിക്ഷിപ്തമാകുന്ന രീതിയും നിലവിലുണ്ട്. കുറയുന്ന പങ്കാളിത്തം (റശാശിശവെശിഴ വെമൃല ുമൃിേലൃവെശു) എന്നാണിത് അറിയപ്പെടുന്നത്.
കൂട്ടുകച്ചവടത്തില്‍ ഉള്‍പ്പെടുന്ന മുദാറബയും മുശാറകയും തമ്മില്‍ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. അതില്‍ ഒന്ന്, മുശാറകയില്‍ എല്ലാ പങ്കുകച്ചവടക്കാരും മുതല്‍ ഇറക്കുമ്പോള്‍ മുദാറബയില്‍ മൂലധനം ഇറക്കുന്നത് റബ്ബുല്‍മാല്‍ മാത്രമായിരിക്കും. രണ്ടാമത്തേത്, മുശാറകയില്‍ എല്ലാ പങ്കുകച്ചവടക്കാരും കച്ചവടത്തിന്റെ നിയന്ത്രണത്തില്‍ പങ്കുവഹിക്കുമ്പോള്‍, മുദാറബയില്‍ മൂലധനം മുടക്കുന്നവര്‍ക്ക് അതില്‍ യാതൊരു അവകാശവും ലഭിക്കുന്നില്ല എന്നതാണ്. മൂന്നാമതായി, മുശാറകയില്‍ സാമ്പത്തികനഷ്ടവും അധ്വാനനഷ്ടവും വഹിക്കുന്നത് എല്ലാ പങ്കുകച്ചവടക്കാരും കൂടിയാണെങ്കില്‍, മുദാറബയില്‍ സാമ്പത്തിക നഷ്ടം റബ്ബുല്‍മാല്‍ മാത്രമായിരിക്കും വഹിക്കുക. മുദരിബിന് അധ്വാനനഷ്ടം മാത്രമാണ് ഉണ്ടാവുക.
വദീഅ (സൂക്ഷിപ്പ്)
‘എന്തെങ്കിലും ഉപേക്ഷിക്കുക’ എന്ന് അര്‍ഥമുള്ള വദഅ എന്ന പദത്തില്‍ നിന്നാണ്, വദീഅ ഉത്ഭവിച്ചത്. ഒരാള്‍ ഉപേക്ഷിച്ചുപോയതിന്റെ സംരക്ഷണ ഉത്തരവാദിത്തം വിശ്വസ്തനായ മറ്റൊരാള്‍ ഏറ്റെടുക്കുന്നു എന്നതാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ശരീഅത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടിലേക്ക് വരുമ്പോള്‍ വദീഅയുടെ വിവക്ഷ ഇപ്രകാരമായി മാറുന്നു: അതായത്, ഒരാളുടെ സമ്പത്ത് ഏറ്റെടുക്കാന്‍ അയാള്‍ വിശ്വസ്തനായ മറ്റൊരാളോട് ആവശ്യപ്പെടുകയും പ്രതിഫലമൊന്നും ആഗ്രഹിക്കാതെ അയാള്‍ അത് ചെയ്യുകയും ചെയ്യുന്നു. ആദ്യ വ്യക്തി ആവശ്യപ്പെടുമ്പോള്‍ രണ്ടാമന്‍ അത് പൂര്‍വസ്ഥിതിയില്‍ തിരികെ ഏല്‍പിക്കുന്നു. അല്ലാഹു പറയുന്നു: ”വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തുവീട്ടണമെന്നും… അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു” (നിസാഅ്: 58). ഏല്‍പിക്കപ്പെടുന്ന വ്യക്തി സുബോധവും പക്വതയുമുള്ള മുതിര്‍ന്ന ആളായിരിക്കണം എന്ന നിബന്ധന ഈ വിഷയത്തിലുണ്ട്. ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നത് പ്രതിഫലാര്‍ഹമായ കര്‍മമാണ്. ”…അടിമ തന്റെ സഹോദരനെ സഹായിക്കുന്നിടത്തോളം അല്ലാഹു അവന്റെ അടിമയെ സഹായിക്കും” (മുസ്‌ലിം: 2699) എന്ന് റസൂല്‍(സ) പറഞ്ഞിട്ടുമുണ്ട്. ഇനി മനഃപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ അമാനത്തായി ഏല്‍പിക്കപ്പെട്ട വസ്തുവിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന് ഏല്‍പിക്കപ്പെട്ട വ്യക്തി ഉത്തരവാദിയായിരിക്കില്ല എന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. അതിനു കാരണം, സൂക്ഷിക്കുന്നയാള്‍ സ്വന്തം നിര്‍ദേശത്താലല്ലാതെ അത് മറ്റൊരാളുടെ ആവശ്യപ്രകാരമാണ് അപ്രകാരം ചെയ്തത് എന്നതത്രേ.
തവര്‍റുഖ്
വെള്ളി എന്നര്‍ഥമുള്ള അല്‍വാരിഖ് എന്ന പദത്തില്‍ നിന്നാണ് തവര്‍റുഖ് നിഷ്പന്നമായിരിക്കുന്നത്. ഉല്‍പന്നം വാങ്ങുന്നയാള്‍ പണം (വെള്ളി നാണയം) ലഭിക്കുന്നതിനു വേണ്ടിയാണ് അത് വാങ്ങുന്നത് എന്നതുകൊണ്ടാണ് ഈ പേര് വന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, തുടര്‍ച്ചയായ വില്‍പന ഇടപാടുകളുടെ പരമ്പരയ്ക്കു ശേഷം ഉപഭോക്താവിന് ധനം ലഭിക്കുന്ന സാമ്പത്തിക ഇടപാടുരീതിയാണ് തവര്‍റുഖ്. ഇതിനായി ബാങ്ക് മൊത്തവിതരണക്കാരനില്‍ നിന്നു മുഴുവന്‍ പണവും നല്‍കി ചരക്കുകള്‍ ആദ്യം വാങ്ങുന്നു. ഇതാണ് ഒന്നാമത്തെ ഇടപാട്. ആ ചരക്കുകള്‍ പൂര്‍ണമായും കൈവശം വെച്ച ശേഷം ബാങ്ക് പിന്നീട് ചില്ലറ വില്‍പന വഴി (ൃലമേശഹ) അത് കസ്റ്റമറിന് നല്‍കുന്നു. ഇതാണ് രണ്ടാമത്തെ ഇടപാട്. രണ്ടാമത്തെ ഇടപാടിനായി ബാങ്ക് കസ്റ്റമറുമായി നടത്തുന്ന കരാര്‍ മുറാബഹഃ രീതിയിലുള്ളതായിരിക്കും. അതിനാല്‍ അവിടെ ഉടനെയുള്ള പണമിടപാട് നടക്കുന്നില്ല. പിന്നീട് ഈ കസ്റ്റമര്‍ ആ ചരക്കുകള്‍ രണ്ടാമതൊരു മൊത്തവിതരണക്കാരന് റൊക്കം പണത്തിനു പകരമായി വില്‍ക്കുന്നു, ഇത് മൂന്നാമത്തെ ഇടപാട്. ഇതില്‍ നിന്നു ലഭിക്കുന്ന പണം കൊണ്ട് കസ്റ്റമര്‍ മുറാബഹ രീതിയില്‍ ബാങ്കില്‍ തിരിച്ചടക്കുന്നു. ഈ രീതിയില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ആദ്യത്തെയും രണ്ടാമത്തെയും മൊത്തവിതരണക്കാരന്‍ ഒരാള്‍ തന്നെയാകാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. തവര്‍റുഖിന്റെ ഇസ്‌ലാമികതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുമുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരും ഇതിനെ ഒരു കച്ചവടരീതിയായി കണ്ട് അനുവദനീയമാക്കുമ്പോള്‍ ചിലര്‍ ഇതില്‍ അനുവദനീയമായതും നിഷിദ്ധമായതും ഉണ്ടെന്ന് വ്യവച്ഛേദിച്ചു പറയുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയെ പോലുള്ള പണ്ഡിതന്മാര്‍ തവര്‍റുഖിനെ ഹറാമായിട്ടാണ് കണ്ടിട്ടുള്ളത് (ഫതാവല്‍ കുബ്‌റാ: 5:392). അല്‍മജ്മഉല്‍ ഫിഖ്ഹിയ്യുല്‍ ഇസ്‌ലാമിയ, ഹി. 1419ല്‍ പുറപ്പെടുവിച്ച ഒരു ഫത്‌വയില്‍ തവര്‍റുഖ് അനുവദനീയമാണെന്നാണ് വിധിക്കുന്നത് (പേജ്: 357, 358).
അര്‍രഹ്ന്‍ (പണയം)
കടം വാങ്ങുന്ന വ്യക്തി അയാളുടെ കൈവശമുള്ള സ്ഥാവര വസ്തുവിന്മേലുള്ള അവകാശം കൈമാറ്റം ചെയ്തുകൊണ്ട് അതിനെ ഈടായി നല്‍കുന്നതിനാണ് പണയം എന്ന് പറയുന്നത്. യാത്രയിലായിരിക്കുക, കടപ്പത്രം എഴുതാന്‍ സാധിക്കാതെ വരിക എന്നിവ മൂലമാണ് പണയം അനിവാര്യമാകുന്നത്. അല്ലാഹു പറയുന്നു: ”ഇനി നിങ്ങള്‍ യാത്രയിലാവുകയും എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയവസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി” (അല്‍ബഖറ: 283). പ്രവാചക തിരുമേനി(സ) ഇരുമ്പിന്റെ പടയങ്കി പണയമായി നല്‍കി ജൂതനില്‍ നിന്ന് അല്‍പം ധാന്യം കടമായി വാങ്ങിയത് സ്വഹീഹായി ഉദ്ധരിച്ചിട്ടുണ്ട് (ബുഖാരി 2513, മുസ്‌ലിം 3:1226).
കടം വീട്ടുന്നതോടുകൂടി പണയവസ്തു കേടുപാടുകള്‍ കൂടാതെ തിരികെ നല്‍കേണ്ടതാണ്. ഇനി കടം വാങ്ങിയ ആള്‍ക്ക് അത് തിരിച്ചുവീട്ടുവാന്‍ കഴിയുന്നില്ലെങ്കില്‍ പണയവസ്തു വിറ്റ് അതില്‍ നിന്നു കടം നല്‍കിയ തുക ഉത്തമര്‍ണന് എടുക്കാവുന്നതും ബാക്കി അതിന്റെ ഉടമയെ തിരിച്ചേല്‍പിക്കേണ്ടതുമാണ്. കടം നല്‍കിയത് തിരികെ ലഭിക്കുമെന്ന ഉറപ്പുണ്ടാവുക എന്നതിനാണ് പണയം അനുവദനീയമാക്കിയത്. അതിനാല്‍ പണയവസ്തുവില്‍ നിന്നും ആദായം ഉണ്ടാക്കാന്‍ കടം നല്‍കിയ ആള്‍ക്ക് അവകാശമില്ല. ”ഒരു മനുഷ്യന്‍ സ്വമനസ്സാലെ കൊടുത്തതല്ലാതെ അവന്റെ സ്വത്ത് എടുക്കുന്നത് അനുവദനീയമല്ല” (അഹ്മദ്: 20172) എന്ന് റസൂല്‍(സ) അരുളിയിട്ടുണ്ട്. കടം നല്‍കി ലാഭം ഉണ്ടാക്കുന്ന ഇടപാടുകള്‍ പലിശയുടെ ഗണത്തിലാണ് ഉള്‍പ്പെടുക. എന്നിരുന്നാലും, പണയവസ്തു സവാരിമൃഗമോ മറ്റോ പോലെ ജീവനുള്ളവയാണെങ്കില്‍ ഉത്തമര്‍ണന്‍ അതിനെ പോറ്റേണ്ടതായി വരുന്നു. അതിനു പകരമായി അയാള്‍ക്ക് അതിനെ സവാരിക്ക് ഉപയോഗിച്ചോ അതില്‍ നിന്ന് പാല്‍ കറന്നോ മറ്റോ അതില്‍ നിന്നുള്ള പ്രയോജനം സ്വീകരിക്കാവുന്നതാണ്.
സലം, ഇസ്തിസ്‌ന
(മുന്‍കൂര്‍ കച്ചവടം)
കൈവശം വരാനിരിക്കുന്ന വസ്തുവിന്റെ അളവ്, തൂക്കം, അത് എന്ന് നല്‍കാനാവുമെന്ന് കണക്കാക്കുന്ന അവധി എന്നിവ മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ട് ഉത്തമര്‍ണനില്‍ നിന്ന് ആ വസ്തുവിന്റെ വില ഇടപാടുകാരന്‍ റൊക്കമായി സ്വീകരിക്കുന്ന കച്ചവടമാണ് സലം എന്ന് പറയുന്നത്. സലഫ് എന്നും ബൈഉല്‍ മഹാവീജ് എന്നും ഇതിന് പേരുണ്ട്. ”സത്യവിശ്വാസികളേ, നിശ്ചിത അവധി വെച്ചുകൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതിവെക്കേണ്ടതാണ്” (അല്‍ബഖറ: 282) എന്ന ഖുര്‍ആനിക വചനം ഈ മുന്‍കൂര്‍ കച്ചവടത്തിനുള്ള തെളിവാണ്. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ”പ്രവാചകന്‍ (സ) മദീനയില്‍ വന്നപ്പോള്‍ അവര്‍ പഴങ്ങള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷം മുന്‍കൂറായി പണം നല്‍കുന്നതായി (കണ്ടു). അപ്പോള്‍ തിരുമേനി (സ) പറഞ്ഞു: ‘ആരെങ്കിലും മുന്‍കൂറായി പണം നല്‍കുന്നുണ്ടെങ്കില്‍ അത് നിശ്ചിത തൂക്കത്തിലും (നിശ്ചിത അളവിലും), നിര്‍ണയിക്കപ്പെട്ട അവധിക്കും ആയിരിക്കണം” (മുസ്‌ലിം: 1604). ചരക്കിന്റെ ഗുണനിലവാരവും അളവും തൂക്കവുമെല്ലാം മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അല്ലെങ്കില്‍ പറഞ്ഞുറപ്പിച്ച അവധിക്ക് ചരക്ക് നല്‍കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍, കച്ചവടത്തില്‍ വഞ്ചന കടന്നുകൂടാനും, ഇടപാടുകാരന്‍ ഹറാമായത് ഭക്ഷിക്കാനും സാധ്യതയുള്ളതിനാല്‍ അത്തരം കച്ചവടം വിരോധിക്കപ്പെട്ടിട്ടുമുണ്ട്. ബുഖാരി ഉദ്ധരിക്കുന്ന ഒരു നിവേദനത്തില്‍ ഇതിന്റെ വിശദീകരണം വന്നിട്ടുണ്ട്. അനസ്(റ) പറയുന്നു: ”പഴങ്ങള്‍ ചുവപ്പുനിറം പ്രാപിക്കുന്നതിനു മുമ്പ് അവയെ വില്‍പന നടത്തുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. തിരുമേനി ചോദിച്ചു: നിങ്ങള്‍ ഒന്ന് ചിന്തിച്ചുനോക്കൂ: അല്ലാഹു ആ തോട്ടത്തിലെ ഫലം തടഞ്ഞു വെച്ചു. എങ്കില്‍ എന്ത് ന്യായത്തിന്മേലാണ് സ്വന്തം സഹോദരന്റെ പക്കല്‍നിന്നു നിങ്ങള്‍ വില വസൂലാക്കുക?” (ബുഖാരി: 2198).
ചെറുകിട കച്ചവടക്കാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി ഇസ്‌ലാമിക് ബാങ്കുകള്‍ സലം ഇടപാടുകള്‍ നടത്താറുണ്ട്. ചരക്ക് റൊക്കമായി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും സലം ഇടപാടില്‍ ബാങ്കുകള്‍ ഏര്‍പ്പെടുന്നത്. ഈ വിലവ്യത്യാസമാണ് സലം ഇടപാടില്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്ന ആദായം. നിര്‍ണിത സമയത്തുതന്നെ ചരക്കുകള്‍ ഇടപാടുകാരന്‍ കൈമാറ്റം ചെയ്യുമെന്ന ഉറപ്പിനു വേണ്ടി സെക്യൂരിറ്റി ഡെപ്പോസിറ്റോ പണയമോ ഈടായി ബാങ്ക് വാങ്ങാറുണ്ട്. മുന്‍കൂട്ടി പണം ലഭിക്കുന്നതിനാല്‍ ഇടപാടുകാരന് അത് തന്റെ കൃഷിയുടെയും കച്ചവടത്തിന്റെയും ചെലവുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്നു. ബാങ്കിനാകട്ടെ സ്‌പോട്ട് മാര്‍ക്കറ്റിങിലൂടെ ചരക്കിന് കൂടുതല്‍ വിലയും ലഭിക്കുന്നു.
മറ്റൊരു മുന്‍കൂര്‍ കച്ചവട രീതിയാണ് ഇസ്തിസ്‌ന. സലം ഇടപാടില്‍ ചരക്കുകള്‍ കാര്‍ഷിക ഉല്‍പന്നങ്ങളോ വ്യാപാര-വ്യവസായ വസ്തുക്കളോ എന്തു വേണമെങ്കിലും ആകാവുന്നതാണ്; എന്നാല്‍ ഇസ്തിസ്‌നയില്‍ നിര്‍മിക്കപ്പെടുന്ന വസ്തുക്കള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. സലം ഇടപാടില്‍ തുക പൂര്‍ണമായും മുന്‍കൂട്ടി ബാങ്ക് ഇടപാടുകാരന് നല്‍കുമെങ്കില്‍, ഇസ്തിസ്‌നയില്‍ അത് പൂര്‍ണമായും മുന്‍കൂട്ടി നല്‍കണമെന്ന നിബന്ധനയില്ല. ഇടപാടുകാരന്‍ നിര്‍മാണം തുടങ്ങുന്നതിനു മുമ്പാണെങ്കില്‍ കരാര്‍ റദ്ദാക്കാനുള്ള അവസരവും ഇസ്തിസ്‌നയില്‍ ഉണ്ട്.
അവലംബം:
(1) വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ – ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി
(2) An introduction to Islamic finance, Mufti Muhammad Taqi Usmani
(3) അല്‍ ലുബാബ് ഫീ ഫിഖ്ഹ് സുന്ന, മുഹമ്മദ് സുബ്ഹി ഹല്ലാഖ്
(4) ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്
(5) സമ്പത്ത് ഇടപാടുകള്‍ വിധിവിലക്കുകള്‍, പ്രൊഫ. ടി. അബ്ദുല്ല
(6) സ്വഹീഹുല്‍ ബുഖാരി
(7) സ്വഹീഹു മുസ്ലിം