29 Friday
March 2024
2024 March 29
1445 Ramadân 19

മദ്യം-ഭാഗ്യക്കുറി-പെട്രോള്‍; പാവപ്പെട്ടവരെ പിഴിയുന്ന സാമ്പത്തികനയം തിരുത്തണം

ഡോ. ജോസ് സെബാസ്റ്റ്യന്‍ / ജൗഹര്‍ കെ അരൂര്‍

തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ മുന്‍ ഫാക്കല്‍റ്റി അംഗവും സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിലെ സീനിയര്‍ ഫെലോയുമാണ് ഡോ. ജോസ് സെബാസ്റ്റ്യന്‍. സാമ്പത്തികകാര്യ വിദഗ്ധനായ അദ്ദേഹം, ‘സമൂഹം സമ്പദ് വ്യവസ്ഥ ധനകാര്യം’, ‘കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനര്‍വായന’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിഭവ ശേഖരണത്തിലെ അസമത്വവും സാമ്പത്തിക നിലയെക്കുറിച്ചും ശബാബ് പ്രതിനിധിയുമായി സംസാരിക്കുന്നു.


ഏറെ കാലമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംസ്ഥാനമാണല്ലോ കേരളം. കേരള സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുപോക്കിനെ എങ്ങനെ കാണുന്നു?
കേരള സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോഗമാണ്. നമ്മുടെ ആളുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ പോയി അധ്വാനിച്ചു കൊണ്ടുവരുന്ന വരുമാനം കൊണ്ട് നടക്കുന്ന കച്ചവടവും കയറ്റുമതിയും വ്യവസായവുമൊക്കെയാണ് നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയെ നിലനിര്‍ത്തുന്നത്. അതായത് സേവനമേഖലയാണ് നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിയുടെ നട്ടെെല്ലന്നു പറയാം. ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നമ്മുടെ ആളുകള്‍ക്കുള്ള വരുമാനം നമ്മുടെ ഉപഭോഗത്തില്‍ വലിയ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.
1972-73ല്‍ ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ സര്‍വേ പ്രകാരം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആളോഹരി ഉപഭോഗത്തില്‍ കേരളം വെറും എട്ടാം സ്ഥാനത്ത് മാത്രമായിരുന്നു. അത് കഴിഞ്ഞ് 1983 ആയപ്പോഴേക്കും അവരുടെ സര്‍വേ കാണിക്കുന്നത് കേരളം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു എന്നാണ്. ആ കാലഘട്ടത്തിലാണ് ഗള്‍ഫ് വരുമാനം കേരളത്തിലേക്ക് ഒഴുകിത്തുടങ്ങിയത്. അതും കഴിഞ്ഞ് 1999 ആയപ്പോഴേക്കും ഇന്ത്യയിലെ ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി എന്നാണ് സര്‍വേ കാണിക്കുന്നത്.
2011-12ല്‍ പുറത്തു വന്ന സര്‍വേ പ്രകാരവും കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒരു സമൂഹത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ ഒരു സൂചകമായി കണക്കാക്കുന്നത് നോണ്‍ ഫുഡ് ഐറ്റംസിന്റെ ഉപയോഗമാണ്. പ്രത്യേകിച്ചും ആഡംബര വസ്തുക്കളുടെ ഉപയോഗം. ഇതിലെല്ലാം മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഉപഭോഗത്തിലൂടെയാണ് കച്ചവടങ്ങളും വ്യവസായങ്ങളും സജീവമാകുന്നതും നികുതിവരുമാനമുണ്ടാകുന്നതും നമ്മുടെ മാര്‍ക്കറ്റുകള്‍ ചലിക്കുന്നതും. അതുകൊണ്ടുതന്നെ ഉപഭോഗ സംസ്‌കാരമാണ് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ പ്രധാനമായും നിലനിര്‍ത്തുന്ന ഘടകം.

കേരള വികസന മാതൃകയെന്നു നമ്മള്‍ വിളിക്കുന്ന സാമൂഹിക വികസന സൂചികകളിലെ മേന്മ, കേരളത്തിന്റെ സാമ്പത്തികരംഗത്ത് ഒരു മാറ്റവും ഉണ്ടാക്കുന്നില്ലേ? സാമൂഹിക വികസന സൂചികകള്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അത് സാമ്പത്തിക വികസനരംഗത്തുകൂടി പ്രതിഫലിക്കാത്തത് എന്തുകൊണ്ടാണ്?
വളരെ സങ്കീര്‍ണമായ ഒരു വിഷയമാണിത്. നമ്മുടെ കേരള വികസന മാതൃകയെന്നു പറഞ്ഞാല്‍ സാമ്പത്തിക നിലയില്‍ വലിയ ഉയര്‍ച്ചയില്ലെങ്കിലും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഇടപെടല്‍ മൂലം ഉയര്‍ന്ന സാമൂഹികാവസ്ഥ നമുക്കുണ്ട്. ഉദാഹരണമായി മാനവ വികസന സൂചിക, ലിംഗസമത്വത്തിന്റെ കാര്യത്തിലെ പുരോഗതി തുടങ്ങി ഭൗതികജീവിത ഗുണനിലവാരത്തിലൊക്കെ നമ്മള്‍ ഒരുപാട് മുന്നോട്ടുപോയി. ഇതൊന്നും നമ്മുടെ സാമ്പത്തിക മേഖലയില്‍ പ്രതിഫലിച്ചില്ല. അതിന്റെ പ്രധാന കാരണം വിദ്യാഭ്യാസത്തിലൂടെയും മറ്റു ഭൗതിക സാഹചര്യങ്ങളിലൂടെയും ഉയര്‍ന്ന നിലവാരം കൈവരിച്ച നമ്മുടെ ആളുകള്‍ക്ക് കേരളത്തില്‍ തന്നെ തൊഴില്‍ കൊടുക്കത്തക്കവിധം സംരംഭകത്വം വളര്‍ന്നില്ല.
ഈയിടെ തോമസ് ഐസക് രസകരമായ ഒരു കണ്ടുപിടിത്തം നടത്തി. അദ്ദേഹം പറഞ്ഞത്, ഇവിടെ ഒരു സംരംഭകത്വ ജാതി ഇല്ലാത്തതാണ് സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണം എന്നാണ്. ഒരു അടിസ്ഥാനവും ഇല്ലാത്ത വാദമാണത്. കാരണം സംരംഭകത്വം എന്നു പറയുന്നത് മനുഷ്യന്‍ അവനവന്റെ പരിതസ്ഥിതിയോട് പ്രതികരിക്കുന്ന രീതിയാണ്. നമുക്ക് സംഭവിച്ചത് എന്താണെന്നുവെച്ചാല്‍ അറുപതുകള്‍ തൊട്ട് എഴുപതുകള്‍ വരെ കേരളത്തില്‍ വലിയ രീതിയിലുള്ള തൊഴില്‍ സമരങ്ങളുണ്ടായി. നമ്മില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്ന സംരംഭകരെയൊക്കെ മന്ദീഭവിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍, ഘെരാവോ പോലുള്ള സമരമുറകള്‍- ഇതെല്ലാം കാരണം ഉയര്‍ന്നുവന്ന സംരംഭങ്ങളൊക്കെ പൂട്ടിപ്പോവുകയോ അല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയോ ചെയ്തു. പക്ഷേ അതുകൊണ്ട് മലയാളികള്‍ തോറ്റുപോയിട്ടൊന്നുമില്ല. ആ സമയത്താണ് ഗള്‍ഫ് വലിയൊരു സാധ്യതയായി മലയാളികള്‍ക്കു മുന്നിലേക്ക് കടന്നുവന്നത്. എഴുപതുകളുടെ പകുതിയിലാണ് ഒരുവിധം ആരോഗ്യവും വിദ്യാഭ്യാസവുമുള്ള മലയാളി യുവാക്കളൊക്കെ ഗള്‍ഫിലെ അവസരങ്ങള്‍ മുതലെടുത്തത്. അതോടെയാണ് സത്യത്തില്‍ കേരളത്തിന്റെ സാമ്പത്തികാവസ്ഥയൊന്നു തെളിഞ്ഞുതുടങ്ങിയത്.
പ്രൊഫ. എം ജി എസ് നാരായണന്‍ ഒരിക്കല്‍ പറയുകയുണ്ടായി, രണ്ടു കുടിയേറ്റങ്ങളാണ് കേരളത്തെ രക്ഷിച്ചതെന്ന്. ഒന്ന് സമതല പ്രദേശങ്ങളില്‍ നിന്ന് അഥവാ തീരപ്രദേശങ്ങളില്‍ നിന്ന് മലയോര മേഖലയിലേക്കുള്ള കുടിയേറ്റവും മറ്റൊന്ന് ഗള്‍ഫിലേക്കുള്ള കുടിയേറ്റവും. മലയോര മേഖലയിലേക്കുള്ള കുടിയേറ്റം കാര്‍ഷികരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി. ഗള്‍ഫ് കുടിയേറ്റമാകട്ടെ കേരളത്തെ ഒന്നടങ്കം മാറ്റിക്കളഞ്ഞു. ഈ രണ്ട് കുടിയേറ്റങ്ങളും ഇല്ലായിരുന്നുവെങ്കില്‍ മലയാളികളുടെ കാര്യം വളരെ കഷ്ടമായിപ്പോയേനെ.
ഇന്നും കുടിയേറ്റം തന്നെയാണ് നമ്മുടെ നിലനില്‍പ്. നമ്മുടെ യുവാക്കളില്‍ അധികവും അന്യസംസ്ഥാനങ്ങളില്‍ ഐ ടി മേഖലയിലേക്കോ അല്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കോ ഒക്കെ ഇന്നും കുടിയേറുകയാണ്. അല്‍പം കൂടി സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ യുവാക്കള്‍ കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും മറ്റും ലക്ഷ്യമാക്കി പറക്കുന്നു. യഥാര്‍ഥത്തില്‍ കുടിയേറ്റത്തിനു വേണ്ടിയുള്ള പഠനങ്ങളാണ് ഇവിടെ നടക്കുന്നത്.
നിലവില്‍ കേരളം രണ്ടു ഭീഷണികളാണ് നേരിടുന്നത്. ഒന്ന്: കാലാവസ്ഥാ വ്യതിയാനം. അതിന്റെ ഫലമായി ഉണ്ടാകുന്ന പ്രളയം പോലുള്ള പ്രശ്‌നങ്ങള്‍. അതിവേഗം വൃദ്ധരായിക്കൊണ്ടിരിക്കുന്ന ഒരു ജനതയാണ് നമ്മള്‍. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വൃദ്ധജനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. 2025 ആകുമ്പോഴേക്കും ജനസംഖ്യയുടെ 23 മുതല്‍ 25 ശതമാനം വരെ വൃദ്ധജനങ്ങളായിരിക്കും കേരളത്തില്‍. വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി സമൂഹം വലിയ തോതില്‍ വിഭവങ്ങള്‍ വിനിയോഗിക്കേണ്ട അവസ്ഥ സംജാതമാകും.
ഇവിടെ നിന്ന് കാനഡയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറുന്ന ചെറുപ്പക്കാരില്‍ അധികവും അവിടെത്തന്നെ സെറ്റിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. മുമ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ അങ്ങനെയായിരുന്നില്ല. അവരൊക്കെ തിരിച്ചുവന്ന് ഇവിടെ സെറ്റിലാകാറായിരുന്നു. അതുകൊണ്ടുതന്നെ മുമ്പുണ്ടായിരുന്നവിധം വിദേശ വരുമാനം ഇനി കേരളത്തിനു ലഭിക്കുമോ എന്ന കാര്യം സംശയമാണ്. വിദേശ വരുമാനം കുറയുകയും ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന വൃദ്ധജനങ്ങള്‍ക്കു വേണ്ടി വലിയ രീതിയിലുള്ള വിഭവങ്ങള്‍ വിനിയോഗിക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ സാമ്പത്തികരംഗത്തെ ഇനിയും പ്രതിസന്ധിയിലാക്കാനേ തരമുള്ളൂ.

റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാന്‍ കേരളത്തിനു സാധിച്ചിട്ടുണ്ടോ? പൊതുകടം വര്‍ധിക്കുന്നതിന്റെ കാരണം മാറിമാറി വരുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാഴ്ചപ്പാടില്ലാത്ത വികസന നയങ്ങളാണോ?
മലയാളികളുടെ ഉപഭോഗത്തിലുണ്ടായ വലിയ വര്‍ധനവിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചല്ലോ. അത് സൂചിപ്പിക്കുന്നത് മലയാളികളുടെ നികുതി നല്‍കാനുള്ള ശേഷിയും വര്‍ധിച്ചുവെന്നാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ നമ്മുടെ സര്‍ക്കാരുകള്‍ നടത്തിയ മുതല്‍മുടക്കാണ് യഥാര്‍ഥത്തില്‍ നമ്മളെ കുടിയേറാന്‍ പ്രാപ്തരാക്കിയത്. അത് നിഷേധിച്ചിട്ട് കാര്യമില്ല.
മറ്റു സംസ്ഥാനങ്ങള്‍ വ്യവസായത്തിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും വിഭവങ്ങള്‍ ചെലവഴിച്ച സമയത്ത് നമ്മള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലാണ് നമ്മുടെ പരിമിതമായ വിഭവങ്ങള്‍ ചെലവഴിച്ചത്. ഇതിനെക്കുറിച്ച് നൊബേല്‍ സമ്മാന ജേതാവായ അമര്‍ത്യാെസന്‍ പറഞ്ഞത്, 1957-ലെ സര്‍ക്കാര്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഇത്രയധികം വിഭവം ചെലവഴിച്ചാല്‍ അത് കേരളം പോലെ വരുമാനം കുറഞ്ഞൊരു സംസ്ഥാനത്തിന് താങ്ങാന്‍ കഴിയുമോ എന്ന് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നുവത്രേ. കാലങ്ങള്‍ കഴിഞ്ഞ് അദ്ദേഹം പറഞ്ഞത്, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കേരളം അന്ന് ചെയ്തത് എത്രയോ വലിയ ശരിയായിരുന്നു എന്നാണ്.
ഇങ്ങനെയെല്ലാം വിഭവങ്ങള്‍ ചെലവിട്ട് സാമൂഹിക സൂചികയില്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയുമ്പോഴും ഇതിനെ സാമ്പത്തികമായി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. പ്രധാനമായും നികുതി നല്‍കാനുള്ള ശേഷിയിലുണ്ടായ വര്‍ധന നമ്മുടെ സാമ്പത്തിക മേഖലയില്‍ പ്രതിഫലിക്കേണ്ടതായിരുന്നു. ഒരു രസകരമായ കാര്യം, 1957 മുതല്‍ 1966 വരെയുള്ള പത്ത് വര്‍ഷം എടുക്കുകയാണെങ്കില്‍, ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഒട്ടാകെ സമാഹരിച്ച തനത് വരുമാനത്തില്‍ (നികുതി, നികുതിയിതര വരുമാനം) കേരളത്തിന്റെ ഓഹരി 4.45 ശതമാനം ആയിരുന്നു. പക്ഷേ 2019-20ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് 4.34 ആയി കുറയുകയാണ് ചെയ്തത്. നികുതി നല്‍കുന്ന സംസ്‌കാരമില്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ന് നമ്മള്‍ സമാഹരിക്കുന്ന തനത് വരുമാനത്തിന്റെ 60 ശതമാനവും നാല് ഇനങ്ങളില്‍ നിന്നാണ്. മദ്യം, ലോട്ടറി, മോട്ടോര്‍ വാഹനങ്ങള്‍, പെട്രോള്‍.
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും പാവപ്പെട്ടവരും പുറംപോക്കില്‍ താമസിക്കുന്നവരും ഖജനാവിലേക്ക് പണം നല്‍കുന്നില്ല. എന്നാല്‍ മദ്യത്തിന്റെയും ഭാഗ്യക്കുറിയുടെയുമെല്ലാം ഉപഭോക്താക്കള്‍ കൂടുതലും പാവപ്പെട്ടവരാണ്. 1970-കളില്‍ മദ്യവും ലോട്ടറിയും കൂടി കേരളത്തിന്റെ വരുമാനത്തിന്റെ 14.77 ശതമാനം ആയിരുന്നു. ഇന്ന് അത് 36 ശതമാനത്തിനു മുകളിലാണ്. ഇത് സൂചിപ്പിക്കുന്നത്, കുറേ കാലമായി പാവപ്പെട്ടവരുടെ നികുതിഭാരമാണ് കൂടിക്കൊണ്ടിരിക്കുന്നത്, സമ്പന്നരുടേതല്ല എന്നാണ്.
1983-84 മുതല്‍ നമ്മള്‍ റവന്യൂ കമ്മി നേരിടുന്നുണ്ട്. അതായത് പിരിച്ചെടുക്കുന്ന നികുതി കൊണ്ട് നമ്മുടെ ചെലവുകള്‍ നികത്താന്‍ കഴിയാത്ത അവസ്ഥ. അങ്ങനെ വന്നപ്പോള്‍ കടമെടുക്കാന്‍ തുടങ്ങി. ഇന്നിപ്പോള്‍ എടുക്കുന്ന കടത്തിന്റെ 60 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കു വേണ്ടി മാത്രം മാറ്റിവെക്കേണ്ടിവരുന്നു. ബാക്കി 40 ശതമാനം അടിസ്ഥാന സൗകര്യ വികസനത്തിന് തികയാതെ വന്നപ്പോഴാണ് ഡോ. തോമസ് ഐസക് കിഫ്ബി എന്ന കടമെടുപ്പു സംവിധാനം രൂപപ്പെടുത്തിയെടുത്തത്.
യഥാര്‍ഥത്തില്‍ കടമെടുപ്പ് കേരളത്തിന് ഒരു നിവൃത്തിയുമില്ലാത്തതുകൊണ്ട് വന്നുഭവിച്ചതല്ല. മറിച്ച്, വരുമാനമുണ്ടാക്കാനുള്ള നികുതി അടക്കമുള്ള സ്രോതസ്സുകള്‍, ജനപ്രിയതയ്ക്കു വേണ്ടി മത്സരിച്ച് മുന്നണിരാഷ്ട്രീയം കൃത്യമായി ഉപയോഗപ്പെടുത്താത്തതിലൂടെ വരുത്തിവെച്ച ഒന്നാണ്. മധ്യവര്‍ഗത്തില്‍ നിന്നും സമ്പന്നരില്‍ നിന്നും വരുമാനമുണ്ടാക്കാനുള്ള അനവധി മാര്‍ഗങ്ങള്‍ ഭരണഘടന അനുവദിച്ചുനല്‍കുന്നുണ്ട്. എന്നാല്‍ അതൊന്നും കൃത്യമായി ഉപയോഗിക്കാതെ ‘കടമെടുത്തേ തീരൂ’ എന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ ഉണ്ടാക്കിവെച്ചിരിക്കുകയാണ് ഇവിടത്തെ മുന്നണി ഭരണസംവിധാനം.

മദ്യം, ലോട്ടറി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നത് സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയല്ലേ?
തീര്‍ച്ചയായും. കേരള ധനകാര്യം: ജനപക്ഷത്തു നിന്നൊരു വായന എന്ന എന്റെ പുസ്തകത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്ന് ഒറ്റിയെടുത്ത് ഖജനാവ് നിലനിര്‍ത്തുക എന്ന പരിപാടിയാണ് മദ്യവും ലോട്ടറിയുമെല്ലാം. ഇത്തവണത്തെ ഓണം ബമ്പര്‍ 25 കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പാവപ്പെട്ട ജനങ്ങള്‍ വിളക്കിലേക്ക് പാറിയടുക്കുന്ന ഈയാംപാറ്റകളെ പോലെയാണ് ഓണം ബമ്പര്‍ എടുക്കുന്നത്. മദ്യവും ലോട്ടറിയും പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ലഹരിയായി മാറിയിരിക്കുകയാണ്. ഇത് പാവപ്പെട്ടവരെ കൂടുതല്‍ കൂടുതല്‍ ദരിദ്രരാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ വരുമാനമാര്‍ഗം സാമൂഹിക സുരക്ഷയ്ക്ക് ഭീഷണി തന്നെയാണ്.

വിഭവവിനിയോഗത്തിന്റെയും ധനകാര്യ മാനേജ്‌മെന്റിന്റെയും കാര്യത്തില്‍ കേരളം നിലവില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍, പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍?.
വരുമാനത്തിന്റെ 60 ശതമാനവും ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കുവേണ്ടി മാറ്റിവെക്കുന്ന സംസ്ഥാനമാണ് കേരളം. അതായത് നമ്മുടെ മൊത്തം വരുമാനത്തിന്റെ 60%ഉം വിനിയോഗിക്കുന്നത് ജനസംഖ്യയുടെ വെറും നാലു ശതമാനം ആളുകള്‍ക്കു വേണ്ടി മാത്രമാണ്. ഇവിടെ വലിയ ഒരു അസമത്വം ഉണ്ടാകുന്നു. ഈയൊരു വ്യവസ്ഥിതി ഇനിയും തുടര്‍ന്നാല്‍ അത് വലിയ പ്രതിസന്ധിയിലായിരിക്കും കലാശിക്കുക.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെന്‍ഷന്‍ ബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. 2019-20ലെ കണക്കു പ്രകാരം മൊത്തം വരുമാനത്തിന്റെ 20.11 ശതമാനം പെന്‍ഷനു വേണ്ടി മാത്രം മാറ്റിവയ്ക്കുകയാണ്. അതായത് സമൂഹത്തിലെ വെറും രണ്ടു ശതമാനം മാത്രം വരുന്ന ആളുകളിലേക്കാണ് 20.11 ശതമാനം പോകുന്നത്. അപ്പോള്‍ നമ്മുടെ ശമ്പളവും പെന്‍ഷനും കുറയ്ക്കാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ല എന്ന് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അറിയാഞ്ഞിട്ടല്ല. എന്നിട്ടു പോലും 2021ലെ തിരഞ്ഞെടുപ്പ് ആയപ്പോള്‍ എങ്ങനെയും തുടര്‍ഭരണം ലഭിക്കണമെന്ന ലക്ഷ്യത്തില്‍ നമ്മുടെ സര്‍ക്കാര്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കി. ഇതുമൂലം ശമ്പള-പെന്‍ഷന്‍ ഇനത്തില്‍ 52.63% അധിക ചെലവാണ് ഉണ്ടായിട്ടുള്ളത്. യഥാര്‍ഥത്തില്‍ ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പോലും പറഞ്ഞത്, പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്നാണ്. എന്നാല്‍ വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന ഒരവസ്ഥയാണ് നിലവിലുള്ളത്. കൊറോണക്കാലത്തു പോലും അതില്‍ ഒരു മാറ്റവും സംഭവിച്ചില്ല.
സത്യത്തില്‍ ഒരു സര്‍ക്കാര്‍ എന്നാല്‍ സമൂഹത്തില്‍ നിന്നുള്ള നികുതി-നികുതിയിതര വരുമാനം കൊണ്ട് പുലര്‍ന്നുപോകേണ്ട ഒരു സംവിധാനമാണ്. അല്ലാതെ കടമെടുത്തു പ്രവര്‍ത്തിക്കേണ്ട ഒന്നല്ല. എന്നാല്‍ എങ്ങനെയും കടമെടുത്ത് വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തുന്ന ഒരവസ്ഥയാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയിലെ വലിയ പ്രതിസന്ധി.

ജി എസ് ടി ആണ് സംസ്ഥാനങ്ങളുടെ വരുമാനത്തിനു തിരിച്ചടിയായത് എന്നാണല്ലോ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് പലപ്പോഴും കേള്‍ക്കാറുള്ളത്. അതില്‍ യാഥാര്‍ഥ്യമുണ്ടോ?
പൊതുവില്‍ ഒരു പ്രചാരണമുണ്ട്. ജി എസ് ടി വന്നതോടുകൂടി സംസ്ഥാനത്തിന്റെ വരുമാനമെല്ലാം കേന്ദ്രം കവര്‍ന്നെടുത്തിരിക്കുകയാണ് എന്ന്. ഇത് പൂര്‍ണമായും ശരിയല്ല. എന്നാല്‍ ഈ വാദത്തില്‍ ചില ശരികളുണ്ടുതാനും. ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നികുതി പിരിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കേന്ദ്രത്തിനാണ് കൂടുതല്‍ നികുതി പിരിക്കാനുള്ള അവസരം. പക്ഷേ കൂടുതല്‍ ചെലവ് ചെയ്യാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കുമാണ്. ഇത് ഒരുതരത്തിലുള്ള അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഈ അസന്തുലിതാവസ്ഥ നമ്മുടെ ഭരണഘടന ഉള്‍ക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്രത്തിന്റെ വരുമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഭവങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. ധനകാര്യ കമ്മീഷന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ കേന്ദ്രത്തിന്റെ മൊത്തം നികുതിവരുമാനത്തിന്റെ 41 ശതമാനവും സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. മുമ്പ് ഇത് കുറവായിരുന്നു. സംസ്ഥാനങ്ങളുടെ മുറവിളി മൂലം കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.
കേരളത്തിനു പക്ഷേ ഒരു പരിമിതിയുണ്ട്. നമ്മള്‍ ആഘോഷിക്കുന്ന കേരള വികസന മോഡല്‍ എല്ലാ മേഖലയിലും നേട്ടങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. ആ നേട്ടങ്ങള്‍ നമുക്കൊരു വിനയാണ്. കാരണം സാമൂഹിക സൂചിക താഴ്ന്നുനില്‍ക്കുന്ന, ശിശു മരണനിരക്ക് അല്ലെങ്കില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലൊക്കെ പ്രതിസന്ധി നേരിടുന്ന ബിഹാറിലേക്കോ അസമിലേക്കോ ഒക്കെ കേന്ദ്രത്തിനു കൂടുതല്‍ വിഭവങ്ങള്‍ വിനിയോഗിക്കേണ്ടിവരും. അതേയളവില്‍ കേരളത്തിലേക്ക് വിഭവങ്ങള്‍ അനുവദിക്കുക സാധ്യമല്ല. ഒരു ഫെഡറല്‍ സംവിധാനത്തില്‍ അങ്ങനെയേ സംഭവിക്കുകയുള്ളൂ. കാരണം, എല്ലാ സംസ്ഥാനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരേ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണ്.
അപ്പോള്‍ സ്വാഭാവികമായും കേരളത്തിനുള്ള കേന്ദ്ര ഫണ്ട് കുറഞ്ഞുവരുകയേ ഉള്ളൂ. കേന്ദ്ര ഫണ്ട് കുറയുന്നുവെന്നു വിലപിക്കുന്നതിനു പകരം തനതു വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ജി എസ് ടി വന്നതുകൊണ്ട് നികുതി കൂട്ടാനും കുറയ്ക്കാനുമൊക്കെയുള്ള അധികാരം സംസ്ഥാനത്തിനു നഷ്ടമായെന്നത് ശരിയാണ്. എന്നാല്‍ സേവനമേഖലയടക്കം സംസ്ഥാനത്തിനു നികുതി പിരിക്കാനുള്ള സാധ്യതകള്‍ കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ അത് പരിഹരിക്കാന്‍ കഴിയുമെന്നു പല സംസ്ഥാനങ്ങളും തെളിയിച്ചുകഴിഞ്ഞതാണ്. അതുകൊണ്ട് പരസ്പരം കുറ്റപ്പെടുത്തുക എന്നതിലപ്പുറം കേന്ദ്രത്തില്‍ പരമാവധി സമ്മര്‍ദം ചെലുത്തുകയും അതോടൊപ്പം തനതു വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയും ചെലവ് ചെയ്യുന്നിടത്ത് അച്ചടക്കം പാലിക്കുകയും ചെയ്യുകയാണ് വേണ്ടത്.

എഫ് ആര്‍ ബി എം വന്നതിനു ശേഷം കേരളവും കേന്ദ്രവും തമ്മിലുള്ള പ്രശ്‌നങ്ങള്‍, കേരള ബജറ്റ്, കിഫ്ബി ഫണ്ട്, കേന്ദ്രത്തില്‍ നിന്നുള്ള കടമെടുപ്പു പരിധി തുടങ്ങിയ വിഷയങ്ങളിലെ താങ്കളുടെ നിലപാട്?
ലോകത്ത് എല്ലാ രാജ്യങ്ങളിലും എഫ് ആര്‍ ബി എം പോലുള്ള നിയമങ്ങള്‍ നിലവിലുണ്ട്. സര്‍ക്കാരുകള്‍ അനിയന്ത്രിതമായി കടമെടുക്കുന്നത് നിയന്ത്രിക്കുന്നതിനു വേണ്ടി ജനങ്ങള്‍ തന്നെയാണ് ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ 2003ല്‍ ഇത്തരമൊരു നിയമം കൊണ്ടുവരാനുണ്ടായ കാരണം ലോകബാങ്ക് അടക്കമുള്ളവരുടെ സമ്മര്‍ദം മൂലമാണ്. ഇത്തരം നിയമങ്ങളിലൂടെ മാത്രമേ സര്‍ക്കാരുകള്‍ കൂടുതല്‍ സാമ്പത്തിക ഉത്തരവാദിത്തം കാണിക്കുകയുള്ളൂ എന്നത് ലോകമാകെ തെളിഞ്ഞ ഒരു കാര്യമാണ്. 2003ല്‍ ഇത്തരമൊന്നു കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല. ഇത്രമാത്രം നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും നമ്മുടെ കടം ഏതാണ്ട് നാലു ലക്ഷം കോടിയോട് അടുക്കാന്‍ പോവുകയാണ്. അതായത് എഫ് ആര്‍ ബി എം ആക്ട് എന്നത് ഒരു തെറ്റൊന്നുമല്ല അത് ഇല്ലായിരുന്നുവെങ്കില്‍ അനിയന്ത്രിതമായി കടമെടുത്ത് ഇപ്പോള്‍ ശ്രീലങ്കയില്‍ ഒക്കെ സംഭവിച്ചതുപോലുള്ള പ്രതിസന്ധി നമുക്കും വന്നു ഭവിച്ചേനെ.
ഈ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനു പകരം പക്ഷേ കേരളം ഈ നിയമത്തെ മറികടക്കാനുള്ള കുറുക്കുവഴികള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. അത്തരത്തിലുള്ള കുറുക്കുവഴിയാണ് യഥാര്‍ഥത്തില്‍ കിഫ്ബിയും ഓള്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി ലിമിറ്റഡും ഒക്കെ.

കിഫ്ബിയുടെ പേരിലുള്ള ഇ ഡി ചോദ്യം ചെയ്യലും രാഷ്ട്രീയ വിവാദങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്. കിഫ്ബിയുടെ കടബാധ്യതകളും മസാല ബോണ്ടുകളും ഭാവിയില്‍ കേരളത്തെ എങ്ങനെ ബാധിക്കും?
കിഫ്ബിയുടെ കടബാധ്യതകള്‍ എങ്ങനെയായിരിക്കും നമ്മെ ബാധിക്കുക എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. എന്നാല്‍ നിലവില്‍ നമ്മുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം സംസ്ഥാനത്തിന്റെ കിഫ്ബി അടക്കമുള്ള കടത്തിന്റെ പലിശ അടയ്ക്കാന്‍ വേണ്ടി മാറ്റിവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സംസ്ഥാനം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയാണെങ്കില്‍ നികുതിവരുമാനവും മറ്റും അടിസ്ഥാന കാര്യങ്ങള്‍ക്കു വേണ്ടി മാറ്റിവെക്കേണ്ടതായിവരും. അങ്ങനെ വരുമ്പോള്‍ കിഫ്ബിയുടെ തിരിച്ചടവ് മുടങ്ങും. കിഫ്ബി വലിയ ഒരു പ്രതിസന്ധിയായി മാറുകയും സംസ്ഥാനത്ത് വലിയ രീതിയിലുള്ള സാമ്പത്തിക അസ്ഥിരത ഉണ്ടാവുകയും ചെയ്യും. മറിച്ച്, കാര്യങ്ങളെല്ലാം ശുഭമായി മുന്നോട്ടുപോവുകയും കൂടുതല്‍ വ്യവസായങ്ങളും സംരംഭങ്ങളും കേരളത്തില്‍ വരുകയും നികുതി വരുമാനം വര്‍ധിക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ കിഫ്ബിയുടെ കടവും നമുക്ക് മറികടക്കാന്‍ കഴിയും. പക്ഷേ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രളയവും മറ്റുമൊക്കെ ഇനിയുള്ള വര്‍ഷങ്ങളിലും ആവര്‍ത്തിക്കുകയാണെങ്കില്‍ അത്തരം ഒരു പ്രത്യാശ അസ്ഥാനത്താണുതാനും.
അതായത് കിഫ്ബിയുടെ തിരിച്ചടവും മറ്റും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും അടിസ്ഥാനമാക്കിയായിരിക്കും. നിലവില്‍ ഞാന്‍ നേരത്തേ സൂചിപ്പിച്ച രണ്ട് പ്രതിസന്ധികള്‍ (വയോജനങ്ങളുടെ വര്‍ധന, കാലാവസ്ഥ) വെച്ചു നോക്കുമ്പോള്‍ കിഫ്ബി നമുക്കൊരു പ്രശ്‌നമാവാനാണ് സാധ്യത.

കിറ്റ് വിതരണം പോലുള്ള പോപുലിസം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എത്രത്തോളം ബാധിക്കുന്നുണ്ട്? ജനപ്രിയ തീരുമാനങ്ങള്‍ സാമ്പത്തിക സുസ്ഥിതിക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ടോ?
തീര്‍ച്ചയായും ഇത്തരം നീക്കങ്ങള്‍ നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടി തന്നെയാണ്. ഇവിടത്തെ സാമ്പത്തിക പ്രതിസന്ധിയൊന്നും സമ്പന്നവിഭാഗത്തെയോ മിഡില്‍ക്ലാസ് വിഭാഗത്തെയോ ഒരുതരത്തിലും ബാധിക്കുന്നില്ല. മറിച്ച് ഇവിടത്തെ പാവപ്പെട്ട ജനങ്ങളെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. അവരുടെ ഉപഭോഗത്തിലും വരുമാനത്തിലുമാണ് ഇത് കാര്യമായി പ്രയാസമുണ്ടാക്കുന്നത്. കൊറോണയ്ക്കു ശേഷം ഉണ്ടായ ആത്മഹത്യകള്‍ പരിശോധിച്ചാല്‍ ചെറുകിട വ്യവസായങ്ങളും കൃഷിയുമൊക്കെ ചെയ്തിരുന്നവരാണ് കൂടുതലും. ഇതു പരിഹരിക്കുന്നതിനു വേണ്ടി കേരളത്തിന്റെ ധനനയം അടിമുടി അഴിച്ചുപണിയണം എന്നാണ് എന്റെ അഭിപ്രായം.
ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എനിക്ക് മുന്നോട്ടുവയ്ക്കാനുള്ള ചില നിര്‍ദേശങ്ങളുണ്ട്:
1. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ ഫീസ് വര്‍ധിപ്പിക്കുക. 1972-73 കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ ചെലവിന്റെ 5.5 ശതമാനം ഫീസ് ഇനത്തില്‍ സമാഹരിച്ചിരുന്നു. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇത് 1.47 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 1972 കാലഘട്ടത്തിലെ 5.5 ശതമാനം എന്നത് പതിയെ പതിയെ 10 ശതമാനം ആയി വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് കേരളത്തിന് അയ്യായിരം കോടി രൂപ സമാഹരിക്കാന്‍ കഴിയുമായിരുന്നു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ ഈ സൗജന്യം കിറ്റ് കൊടുക്കുന്നതുപോലെ പണമുള്ളവനും ഇല്ലാത്തവനും ഒരുപോലെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷം രൂപ പെന്‍ഷന്‍ വാങ്ങുന്നവനും 1600 രൂപ പെന്‍ഷന്‍ വാങ്ങുന്നവനും ഒരുപോലെയുള്ള കിറ്റ് എന്നപോലെയാണ് ഇവിടെയും സംഭവിക്കുന്നത്. അതിനു പകരം പണമുള്ളവനെ ഈ സൗജന്യത്തില്‍ നിന്ന് ഒഴിവാക്കി പാവപ്പെട്ടവനു മാത്രം ഇളവ് നല്‍കിയാല്‍ നമ്മുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കാന്‍ നമുക്ക് കഴിയും.
2. സമ്പന്നരുടെ വസ്തു നികുതി വര്‍ധിപ്പിക്കുന്നതിലൂടെ 15,000 കോടി നമുക്ക് സമാഹരിക്കാന്‍ കഴിയും.
3. സമ്പന്ന വിഭാഗത്തിന്റെ ഇലക്ട്രിസിറ്റി ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിലൂടെയും നമുക്ക് വരുമാനത്തില്‍ വര്‍ധന ഉണ്ടാക്കാന്‍ സാധിക്കും.
ഇത്തരം കാര്യങ്ങളൊന്നും ചെയ്യാന്‍ നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. അതിനു പകരം മദ്യം, ഭാഗ്യക്കുറി, പെട്രോള്‍ എന്നിവയിലൂടെ പാവപ്പെട്ടവരില്‍ നിന്ന് വിഭവം ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് ആ വരുമാനം കൊണ്ട് മധ്യവര്‍ഗത്തിന് ശമ്പളവും പെന്‍ഷനും കൊടുക്കുന്നു. അതിനിടയില്‍ കിറ്റ് പോലുള്ള ചെറിയ കാര്യങ്ങള്‍ പാവപ്പെട്ടവനും കൊടുക്കുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അസമത്വം വര്‍ധിക്കുന്നത് കേരളത്തിലാണ് എന്നാണ്. അതിനു കാരണം നമ്മുടെ അശാസ്ത്രീയമായ സാമ്പത്തിക മാനേജ്‌മെന്റാണ്.

സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും വിവിധ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായ ധൂര്‍ത്തിനെ എങ്ങനെ കാണുന്നു? നിലവിലെ ഇടതുപക്ഷ ഗവണ്‍മെന്റ് ഉള്‍പ്പെടെ?
സര്‍ക്കാരിന്റെ ധൂര്‍ത്ത് എന്നു പറഞ്ഞാല്‍ പരമാവധി ഒരു നൂറു കോടി രൂപയൊക്കെയേ അതിലൂടെ നമുക്ക് അധികച്ചെലവ് വരുന്നുള്ളൂ. അതായത് മന്ത്രിമാര്‍ കാര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, അല്ലെങ്കില്‍ സല്‍ക്കാരങ്ങള്‍ കുറയ്ക്കുകയോ ഒക്കെ ചെയ്താല്‍ പരമാവധി നമുക്ക് ലാഭിക്കാന്‍ കഴിയുന്നത് 100 കോടി രൂപയാണ്. അതിലൊന്നും വലിയ കാര്യമില്ല. ഈ ധൂര്‍ത്ത് എന്നൊക്കെ പറയുന്നത് അടിസ്ഥാന പ്രശ്‌നങ്ങളെ മറച്ചുവെക്കാനുള്ള ഒരു പുകമറ മാത്രമാണ്. അതായത് ധൂര്‍ത്തില്ല എന്നല്ല, അതിലൂടെ നമുക്ക് നഷ്ടമാകുന്നത് മറ്റുള്ളവയെ അപേക്ഷിച്ചു വളരെ ചെറിയ തുക മാത്രമാണ്. ആ തുക കൊണ്ടൊന്നും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമല്ല.
ഇവിടത്തെ അടിസ്ഥാനപരമായ പ്രശ്‌നം, സമ്പന്നരില്‍ നിന്ന് വിഭവശേഖരണം നടത്താതിരിക്കുകയും പാവപ്പെട്ടവരില്‍ നിന്ന് വിഭവങ്ങള്‍ ഊറ്റിയെടുത്ത് അത് സമ്പന്നര്‍ക്കും മധ്യവര്‍ഗത്തിനും വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നു എന്നതാണ്.

സര്‍ക്കാര്‍ എടുക്കുന്ന കടം പൊതുജനങ്ങളെ ബാധിക്കുന്നില്ല എന്നൊരു ധാരണ മലയാളികള്‍ക്കുള്ളതായി തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. സാമ്പത്തിക ശാസ്ത്രത്തില്‍ ഒരു പദപ്രയോഗം ഉണ്ട്. ‘ധനമിഥ്യ’യെന്നു പറയും. ജനങ്ങള്‍ക്കിടയില്‍ വലിയ ഒരു മിഥ്യ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല എന്നാണ് ജനങ്ങളുടെ ധാരണ. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ഓരോ രൂപയുടെയും ഉത്തരവാദിത്തവും സമൂഹത്തിന്റെ മേലാണ് വന്നുപതിക്കുന്നത്. ഈ ഒരു ധാരണ സമൂഹത്തിനില്ല എന്നതാണ് വാസ്തവം. നികുതി പിരിച്ചു പ്രവര്‍ത്തിക്കേണ്ടതിനു പകരം കടമെടുത്തു പ്രവര്‍ത്തിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടാവേണ്ടതുണ്ട്. ഇങ്ങനെ കടമെടുക്കുന്നതിലൂടെ ജനങ്ങള്‍ക്ക് കിട്ടേണ്ട പൊതുവിഭവങ്ങളുടെ തോത് ക്രമാതീതമായി കുറയുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് കിട്ടേണ്ടതിന്റെ വലിയ ഒരു ഭാഗം പലിശയിനത്തില്‍ ചെലവഴിക്കുകയാണ് സര്‍ക്കാര്‍. പക്ഷേ ഇത് മനസ്സിലാക്കി പ്രതികരിക്കാനുള്ള ധാരണയോ ആര്‍ജവമോ ജനങ്ങള്‍ക്ക് ഇല്ലാതെപോയി എന്നതാണ് വാസ്തവം. ഇതിനെക്കുറിച്ച് നിങ്ങളെ പോലുള്ളവര്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയാണ് വേണ്ടത്.

ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ സാമ്പത്തികരംഗത്ത് ഒരു ബദല്‍ കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ടോ?
ഇല്ല. ഒരുതരത്തിലുള്ള സാമ്പത്തിക കാഴ്ചപ്പാടും നിലവിലെ സര്‍ക്കാരിനില്ല എന്നതാണ് വാസ്തവം. അവര്‍ പറയുന്നത് കടമെടുക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല എന്നാണ്. ഡോ. തോമസ് ഐസക്കാണല്ലോ അവരുടെ കൂട്ടത്തിലെ സാമ്പത്തിക ബുദ്ധികേന്ദ്രമെന്നു പറയുന്നത്. അദ്ദേഹം തന്നെ കടമെടുക്കാതെ വേറെ മാര്‍ഗമില്ലെന്നു പറഞ്ഞ്, കടമെടുക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയാണല്ലോ കിഫ്ബി പോലുള്ള സംഗതികളൊക്കെ ഉടലെടുത്തത്.
നിലവില്‍ കേരളം ആകെ ചെയ്യുന്നത് കേന്ദ്രവിരുദ്ധ വികാരം സൃഷ്ടിക്കുക എന്നത് മാത്രമാണ്. അല്ലാതെ സാമ്പത്തിക ശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു പരിഹാരവും മുന്നോട്ടുവെക്കാന്‍ നിലവിലെ സര്‍ക്കാരിന് സാധിക്കുന്നില്ല.

കേരളം നാളെ ഒരു ശ്രീലങ്കയാകുമെന്ന ആശങ്കയുണ്ടോ? പെട്ടെന്ന് പരിഹരിക്കണമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഒരു സാമ്പത്തിക പ്രതിസന്ധി/ പ്രശ്‌നം ഏതാണ്?
നിലവിലുള്ള സാമ്പത്തികാവസ്ഥയില്‍ നമുക്ക് പെട്ടെന്ന് ചെയ്യാവുന്ന ഒരു സംഗതി, സാധാരണക്കാരുടെ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് 2500 രൂപയായെങ്കിലും വര്‍ധിപ്പിക്കുക എന്നതാണ്. അങ്ങനെ വര്‍ധിപ്പിച്ചുകഴിഞ്ഞാല്‍ അത് ഉടനെത്തന്നെ നമ്മുടെ വിപണിയില്‍ ചെലവഴിക്കപ്പെടും. അത് നമ്മുടെ വിപണിയെ ചലിപ്പിച്ചുതുടങ്ങും. കടകമ്പോളങ്ങള്‍ ഉണരും, ഓട്ടോറിക്ഷാ തൊഴിലാളികള്‍ അടക്കമുള്ള ദിവസവേതനക്കാരുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടാവും. ഇതോടുകൂടി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടാവുകയും ചെയ്യും.
ഇങ്ങനെയൊരു പെന്‍ഷന്‍ പരിഷ്‌കരണത്തിന് വിഭവം എവിടെ നിന്ന് കണ്ടെത്തുമെന്ന ഒരു മറുചോദ്യം ഉണ്ടായേക്കാം. അതിനുള്ള ലളിതമായ വളരെ ഗൗരവകരമായ ഉത്തരം ഇതാണ്: നമ്മുടെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാരെ മുഴുവന്‍ പങ്കാളിത്ത പെന്‍ഷനിലേക്ക് കൊണ്ടുവന്നാല്‍ നമ്മുടെ പെന്‍ഷന്‍ ബാധ്യത മൂന്നിലൊന്നായി കുറയും. ഇങ്ങനെ പെന്‍ഷന്‍ പ്രക്രിയയില്‍ ഒരു പരിഷ്‌കരണം നടപ്പാക്കിയാല്‍ മാത്രമേ നമ്മുടെ സാമ്പത്തിക പ്രതിസന്ധി വളരെ വേഗത്തില്‍ തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
പിന്നെ, കേരളം ശ്രീലങ്കയാകുമോ എന്ന ഒരു ചോദ്യമാണ്. കേരളം ഒരു സംസ്ഥാനവും ശ്രീലങ്ക ഒരു രാജ്യവുമായതുകൊണ്ട് കേരളം ശ്രീലങ്കയൊന്നുമാവില്ല. വലിയൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയാണെങ്കില്‍ ഒരു രാജ്യത്തിനകത്തെ സംസ്ഥാനം എന്ന നിലയില്‍ കേന്ദ്രം കേരളത്തെ ഒരു പരിധിയിലധികം സഹായിക്കണമെന്നില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ പ്രളയകാലത്ത് കേന്ദ്രസഹായങ്ങള്‍ക്ക് ചെലവായ പണം സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുപിടിച്ചത്. അതായത് ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഒരു സംസ്ഥാനം അനിയന്ത്രിതമായി കടം വാങ്ങിയും സാമ്പത്തിക അച്ചടക്കം പാലിക്കാതെയും ഒരു പ്രതിസന്ധിയില്‍ എത്തിച്ചേര്‍ന്നാല്‍ അതിനെ താങ്ങിനിര്‍ത്താന്‍ എല്ലാ കാലത്തും കേന്ദ്ര സര്‍ക്കാര്‍ വരുമെന്നത് ഒരു മിഥ്യാധാരണയാണ്. അതുകൊണ്ട് നമ്മള്‍ സൂക്ഷിക്കണം.
റിസര്‍വ് ബാങ്കിന്റെ ഒരു പഠനം ശ്രീലങ്കയുടെ അവസ്ഥ ഉദ്ധരിച്ചുകൊണ്ടാണ്, കേരളവും പശ്ചിമ ബംഗാള്‍ അടക്കമുള്ള നാലഞ്ചു സംസ്ഥാനങ്ങളും പ്രതിസന്ധിയിലാണ്, അവര്‍ കരുതിയിരിക്കണമെന്നു മുന്നറിയിപ്പു നല്‍കിയത്. അതായത്, സാമ്പത്തിക അച്ചടക്കമില്ലാത്ത ഈയൊരവസ്ഥ തുടരുകയാണെങ്കില്‍ ശ്രീലങ്കയെ പോലെയുള്ള ഒരവസ്ഥയില്‍ കേരളവും എത്തിച്ചേര്‍ന്നേക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x