സിനിമാലോകത്തെ അധീശത്വബോധവും കേരളത്തിലെ ജാതീയതയും
സഈദ് പൂനൂര്‍
അവര്‍ണ ആഢ്യതയും ഉച്ചനീചത്വങ്ങളും ജാതീയതയും നാമാവശേഷമാകുന്ന വിതാനത്തിലേക്ക് ‘നവോത്ഥാനാനന്തര’ കേരളവും മലയാളിയുടെ കലാ-സാംസ്‌കാരിക വ്യവഹാരങ്ങളും വളര്‍ന്നിട്ടില്ലെന്നതിന്റെ വലിയ ഉദാഹരണമാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം. ഇന്ത്യയിലെ ആദ്യത്തെ ദലിത് പ്രസിഡന്റായ കെ ആര്‍ നാരായണന്റെ നാമധേയത്തിലുള്ള സ്ഥാപനത്തിലാണ് ജാതിവിവേചനത്തിന്റെ പുതിയ അധ്യായം! കലാലയങ്ങളിലെ ജാതിവിവേചനങ്ങള്‍ക്കെതിരേ പോരാടി ജീവിതം ഹോമിച്ച രോഹിത് വെമുലയുടെ രക്തസാക്ഷിത്വ ദിനത്തിലാണ് ജാതിവിവേചന സമരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് വിപ്ലവ പുരോഗമന പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം രംഗത്തുവന്നതും.
കേരളത്തിലെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ കൊണ്ടാടുന്ന സിനിമ, സാഹിത്യം, സംഗീതം, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങിയവ സവര്‍ണ മേല്‍ക്കോയ്മയുടെ സവിശേഷ അധികാരചിഹ്നങ്ങള്‍ ആവാഹിച്ചവയാണ്. മിക്കതും ക്ഷേത്രോന്മുഖവും സവര്‍ണ തറവാടുകളിലെ അകത്തള ലാവണ്യതകളുടെ മേളനവുമാണ്. സവര്‍ണേതര ജനകീയ കലകള്‍ ഫോക്‌ലോറുകളായും ഇനിയും ‘ശുദ്ധീകരിക്കപ്പെടേണ്ട’ പുറമ്പോക്കു കലകളായും തീണ്ടാപ്പാടകലെ ഇന്നും നിര്‍ത്തിയിരിക്കുകയാണ്. മനുഷ്യര്‍ക്കിടയിലുള്ളതിനേക്കാള്‍ ഉയര്‍ന്ന ജാതിമതിലുകള്‍ക്കിടയിലാണ് സിനിമ അടക്കമുള്ള കലകള്‍ ‘സംരക്ഷിക്ക’പ്പെടുന്നത്. അതിനാല്‍ താഴ്ന്ന ജാതിയിലെ ഭൂരിപക്ഷം വരുന്ന മനുഷ്യരെ അദൃശ്യവത്കരിച്ച കേരളത്തിലെ സിനിമകളെ വിലയിരുത്തുകയും, സിനിമാ മേഖലയെ നിയന്ത്രിക്കുന്ന സവര്‍ണ ജാതീയതയെ തുറന്നുകാണിക്കുകയും ചെയ്യേണ്ട സമയം കൂടിയാണിത്.
മലയാള സിനിമയുടെ മുഖ്യധാരാ സങ്കല്‍പങ്ങള്‍ തന്നെ സവര്‍ണ മാടമ്പിത്തത്തിനും അധീശത്വ പൊതുബോധത്തിനും അടിമപ്പെട്ടിട്ടുതന്നെ കാലങ്ങളായി. ജാതിവ്യവസ്ഥ, വര്‍ണവിവേചനം, ടോക്‌സിക് പാരന്റിങ്, മുസ്‌ലിം വേട്ട എന്നീ വിവിധ അടരുകളിലുള്ള വിഷയങ്ങള്‍ വ്യക്തമായി സംസാരിച്ച അപൂര്‍വം സിനിമകള്‍ ഇടക്കാലത്തുണ്ടായതു മാത്രമാണ് ഇതിനപവാദം. ജാതീയത എങ്ങനെ ദലിത്-സവര്‍ണ സ്ത്രീപുരുഷ വ്യവഹാരങ്ങള്‍ നിയന്ത്രിക്കുന്നു എന്നത് മുമ്പും ഇന്ത്യന്‍ സിനിമകളില്‍ ഇതിവൃത്തമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വിദ്യാഭ്യാസവും വിവരസാങ്കേതികതയും സമൂഹമാധ്യമങ്ങളും സമൂഹത്തില്‍ പുതിയ വ്യവസ്ഥിതികളും ചുറ്റുപാടുകളും തീര്‍ക്കുമ്പോഴും തുടര്‍ന്നുപോകുന്ന ജാതിവിവേചനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിരളം സിനിമകള്‍ മാത്രമേ ഇതുവരെ സാധ്യമായിട്ടുമുള്ളൂ. ദലിത് സംവിധായകര്‍, അഭിനേതാക്കള്‍, ഇതിവൃത്തങ്ങള്‍ എന്നിവ മുഖ്യധാരാ ചലച്ചിത്ര മേഖലയില്‍ എത്രത്തോളം ഇടം കണ്ടെത്തുന്നു എന്നും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതും പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. ദലിത് രാഷ്ട്രീയ ചരിത്രത്തിന്റെയും അനുഭവങ്ങളുടെയും ചിത്രീകരണം സമാന്തര സിനിമകളിലേക്കും അക്കാദമിക സിനിമാ പഠനങ്ങളിലേക്കും മാത്രം ചുരുങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്.
സിനിമയടക്കം കലാ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ആഴത്തിലുള്ള ജാതീയപ്രതലങ്ങള്‍ കേരളം പല തവണ കണ്ടതാണ്. നൃത്തകലാരംഗത്തെ പ്രതിഭാശാലിയും അക്കാദമിക യോഗ്യതകളുമുള്ള ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജാതിവിവേചനത്തില്‍ മനം നൊന്ത് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായത് ‘ജാതിരഹിത’ കേരളത്തിലാണ്. സമീപകാലത്തൊന്നും ശുഭം വരില്ലെന്നാണ് ഡോ. രാമകൃഷ്ണന്‍ ആത്മഹത്യാശ്രമത്തിന് തൊട്ടുമുമ്പ് എഴുതിയ ‘കലയിലെ ജാതിവിവേചനമില്ലാത്ത ഒരു കലാലോകമുണ്ടാവട്ടെ’ എന്ന കുറിപ്പ് സൂചിപ്പിക്കുന്നത്. ഒറ്റ വരി പ്രസ്താവനകളില്‍ തല പൂഴ്ത്തി, പിന്നീട് കനത്ത മൗനത്തിന്റെ നിസ്സംഗതയില്‍ അഭയം തേടുന്ന സാംസ്‌കാരിക മേലാളന്മാരുടെ നായകത്വത്തില്‍ നിന്ന് സാംസ്‌കാരിക-സാമൂഹിക മണ്ഡലം വിമോചിതമാകാതെ തുടരുകയാണ്.
പുരോഗമന കലാസാഹിത്യസംഘത്തിലെ തന്നെ ദലിതനായ കലാകാരന്റെ അഭിമാനത്തെ ചവിട്ടിക്കുടയാന്‍ സവര്‍ണ ആഢ്യത്വം കൊണ്ട് കഴിഞ്ഞെങ്കില്‍ ഇടതുപക്ഷം ‘വിജയിപ്പിച്ച’ നവോത്ഥാനം എത്രമാത്രം അര്‍ഥശൂന്യമാണ്! നാലു വര്‍ഷത്തോളം തുടര്‍ച്ചയായി അട്ടപ്പാടി ആദിവാസി ഊരില്‍ നിന്നു നാടകോത്സവ ജോലിക്കായി എത്തിയ ആദിവാസികളോട് ‘കാട്ടില്‍ പണിയെടുത്താല്‍ മതി’യെന്നു പറഞ്ഞ് ജോലി കൊടുക്കാതെ മടക്കിയയച്ചതും, സവര്‍ണ സംവരണം നടപ്പാക്കിയ, മേല്‍ജാതി പൈതൃകത്തിന്റെ മുന്നണിപ്പോരാളികള്‍ ഉണ്ടാക്കിയ പുരോഗമന ഭരണത്തിലാണ്.
ജാതീയതയുടെ പുനഃസ്ഥാപന രീതികളും അകസാരങ്ങളും ഹിറ്റ്‌ലറുടെയോ ഫ്രാങ്കോയുടെയോ ഫാഷിസത്തെക്കാള്‍ പതിന്മടങ്ങ് അപകടകരമാണ്. ‘പറയന്റെ പഴി മാറുമോ, ഈ കേരളത്തില്‍ ഇതിനൊരു ശുഭം വരുമോ’ എന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പൊയ്കയില്‍ അപ്പച്ചന്‍ അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുയര്‍ത്തിയ വാക്കുകള്‍ 2023ലും ഉത്തരമില്ലാതെ പ്രതിധ്വനിക്കുകയാണ്.
ജാതിവിഭജനത്തിന്റെ പ്രശ്‌നം വിശദീകരിക്കാന്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ പ്രയത്‌നിക്കേണ്ടി വരുമെന്ന് 1871ല്‍ മദിരാശി കാനേഷുമാരി റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് സര്‍ജന്‍ ജനറല്‍ ഡോ. കോര്‍ണിഷ് എഴുതിയിട്ടുണ്ടെന്ന് വില്യം ലോഗന്‍ ‘മലബാര്‍ മാന്വലി’ല്‍ വിവരിക്കുന്നത് എത്ര പരമാര്‍ഥമാണ്!
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
ജാതീയതയും ഇടതു
സവര്‍ണ ബോധ്യങ്ങളും
കെ ആര്‍ നാരായണന്‍ വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊടിയ ജാതി വിവേചനത്തില്‍ സഹികെട്ടാണ് കോട്ടയത്ത് വിദ്യാര്‍ഥികള്‍ സമരരംഗത്തുണ്ടായിരുന്നത്. സോ കോള്‍ഡ് പുരോഗമന മാധ്യമങ്ങളും സാംസ്‌കാരിക നായകരും മുഖം തിരിച്ച വിഷയത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയറിയിച്ച് ഡല്‍ഹി ഐഐടി അധ്യാപികയും തത്വചിന്തകയുമായ ഡോ. ദിവ്യ ദ്വിവേദി അയച്ച കത്ത് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെക്കുകയും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിഷയീഭവിക്കുകയും ചെയ്തതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
2019ല്‍ ശങ്കര്‍ മോഹന്‍ ഡയറക്ടറായി ചുമതലയേറ്റ ശേഷം സ്ഥാപനത്തില്‍ ജാതീയ വിവേചനവും അധിക്ഷേപവും മാനസിക പീഡനവും സംവരണത്തില്‍ അട്ടിമറിയും നടക്കുന്നുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭാ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന കമ്മീഷന്റെ കണ്ടെത്തലുണ്ടായിരുന്നു. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയടക്കം ശരിവെച്ചുള്ള റിപോര്‍ട്ടാണ് സര്‍ക്കാരിനു മുന്നിലെത്തിയത്. സ്ഥാപനത്തില്‍ ജാതീയ വിവേചനം നടക്കുന്നുവെന്ന ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
സ്ഥാപനത്തിലെ ജാതീയ വിവേചനത്തിനെതിരെ ഒരു മാസത്തിലധികമായുള്ള വിദ്യാര്‍ഥിസമരത്തെ തുടര്‍ന്ന് ഡയറക്ടര്‍ രാജി വെക്കേണ്ടിവന്നു. കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്‌സുകളിലെ പ്രവേശനത്തിന് സംവരണ വിഭാഗങ്ങളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുകയാണെന്നതും വിദ്യാര്‍ഥികളുടെ പ്രധാന പരാതികളിലൊന്നാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ ഡിപാര്‍ട്ട്‌മെന്റുകളിലായി 60 സീറ്റുകളാണുള്ളത്. 50 ശതമാനം അഥവാ 30 സീറ്റുകളാണ് ഇതില്‍ മെറിറ്റ് പട്ടികയില്‍ വരുന്നത്. ബാക്കി 30 സീറ്റുകള്‍ പിന്നാക്ക സംവരണ വിഭാഗങ്ങള്‍ക്കായി നീക്കിവെച്ചതാണ്.
എന്നാല്‍ ആകെ 51 സീറ്റുകളിലേക്ക് അഡ്മിഷന്‍ നടന്നപ്പോള്‍ സംവരണ പ്രകാരം സീറ്റ് കിട്ടിയത് നാലു പേര്‍ക്ക് മാത്രം. സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ കൂടുതല്‍ എത്തുന്നത് ഒഴിവാക്കാന്‍ ആ വിഭാഗത്തിന് അര്‍ഹതപ്പെട്ട ഒമ്പത് സീറ്റുകളും ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്. സംവരണക്കാര്‍ കൂടുതലെത്തി കോഴ്‌സിന്റെ ഗുണനിലവാരം കുറയ്ക്കുന്നത് ഒഴിവാക്കാനാണിതെന്ന് ഡയറക്ടര്‍ തന്നെ പരോക്ഷമായി അധ്യാപകരോട് സൂചിപ്പിച്ചതായും വിവരം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് കോട്ടയത്തെ കെ ആര്‍ നാരായണന്‍ വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം.
വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായിരുന്ന അടൂര്‍ ഗോപാലകൃഷ്ണനെ ന്യായീകരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്തുവരുകയുണ്ടായി. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലെ മുന്‍നിരക്കാരോ, സവര്‍ണ സംവരണം നടപ്പാക്കിയ മേല്‍ജാതി പൈതൃകത്തിന്റെ മുന്നണിപ്പോരാളികളായ ഇടതു സാംസ്‌കാരിക നായകരോ ഉദ്ധൃത വിഷയസംബന്ധമായി ഒരക്ഷരം മിണ്ടിയിട്ടില്ല. സര്‍ക്കാര്‍ ജാതിവിവേചനം നടത്തിയ ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുകൊണ്ടിരുന്നത്.
കേരളത്തിന്റെ പുറത്തുള്ള മറ്റു സര്‍വകലാശാലകളില്‍ ജാതിപീഡനങ്ങളും ജാതിവിവേചനങ്ങളും നടക്കുന്നുവെന്ന് ആരോപിച്ച് ഇരകള്‍ക്കു വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പുരോഗമന യുവജന സംഘടനകള്‍ ജാതിവിവേചനത്തിനെതിരെ കേരളത്തിലെ ഒരു കലാലയത്തില്‍ മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. അംബേദ്കറിസവും സവര്‍ണവിരുദ്ധ ബോധ്യങ്ങളും കേരളത്തിനു പുറത്തുള്ള കലാലയങ്ങളെ പിടിച്ചുകുലുക്കുമ്പോഴും ഇവിടെ ഒരു ചലനവും സൃഷ്ടിക്കപ്പെടുന്നില്ലെന്നതിന്റെ കാരണവും മറ്റൊന്നല്ല.
ജാതീയതയും
കേരളവും
സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണെന്നു പറഞ്ഞത് ജാതീയതയുടെ അതിപ്രസരത്തെ തുടര്‍ന്നായിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്ത് ജാതിവിവേചനം ഏറക്കുറേ തുടച്ചുനീക്കപ്പെട്ടുവെന്നാണ് പൊതുവേ അവകാശപ്പെടുന്നത്. ഹത്രാസ് സംഭവം അടക്കമുള്ള ജാതിപീഡനങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, കേരളം ഇതില്‍ നിന്ന് മുക്തമാണെന്ന പരിപ്രേക്ഷ്യത്തിലാണ് മുഖ്യധാര പ്രതികരിച്ചിരുന്നത്. ഈ അവകാശവാദത്തിനു നേരെയുള്ള ചോദ്യചിഹ്നമായിരുന്നു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ സമരങ്ങള്‍.
ദലിത് കുട്ടികള്‍ പഠിക്കുന്ന കാരണത്താല്‍ കോഴിക്കോട് പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളിനോട് നാട്ടുകാര്‍ അയിത്തം കല്‍പിച്ചത്, തൃശൂര്‍ കുറ്റുമുക്ക് മഹാദേവീ ക്ഷേത്രത്തോട് ചേര്‍ന്ന് ബ്രാഹ്മണര്‍ക്ക് മാത്രമായി ടോയ്‌ലറ്റ് സജ്ജീകരിച്ചത്, കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള ബോട്ടണി വിഭാഗത്തിലെ അധ്യാപികയുടെ ജാതീയാധിക്ഷേപം തുടങ്ങി മറ്റു പല സംഭവങ്ങളും ജാതീയതയുടെ വേരുകള്‍ കേരളത്തില്‍ നിന്ന് അറ്റുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ്. അട്ടപ്പാടി പോലുള്ള പ്രദേശങ്ങളില്‍ ദലിതര്‍ക്ക് ഇപ്പോഴും മറ്റു ജാതിക്കാരുടെ വീടിനുള്ളിലേക്ക് പ്രവേശനമില്ല. മുന്നാക്ക ജാതിക്കാരോട് സംസാരിക്കാനോ അടുത്ത് ഇരിക്കാനോ പാടില്ല. സാങ്കേതികവിദ്യയുടെ വികാസത്തിനോ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനോ ജാതീയതയെ തുടച്ചുനീക്കാനായിട്ടില്ലെന്നതിന്റെ പരോക്ഷമായ വസ്തുതകളാണ് ഇവയെല്ലാം.
നൂറ്റാണ്ടുകളായി പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിലെ ദലിത് വിഭാഗങ്ങള്‍ ശൂദ്ര-ബ്രാഹ്മണ്യ മേധാവിത്വത്തിനെതിരെ നടത്തിക്കൊണ്ടിരുന്ന പ്രതിരോധങ്ങള്‍ 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ കൊളോണിയല്‍ രാഷ്ട്രീയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് ശബ്ദശക്തിയുള്ള ജാതിവിരുദ്ധ സമൂഹം ഇവിടെ രൂപംകൊള്ളുന്നത്. ശ്രീനാരായണ ഗുരുവിനെ പോലുള്ളവര്‍ കൊളുത്തിവിട്ട വിചാരവിപ്ലവത്തിന്റെ അഗ്‌നിയെ തല്ലിക്കെടുത്തിയാണ് ജാതിസംഘടനകള്‍ക്കായുള്ള പരവതാനി പുരോഗമനക്കാര്‍ തന്നെ വിരിച്ചുവെക്കുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തിവാണ കാലത്താണ് ‘ഈഴവ ശിവനെ’ പ്രതിഷ്ഠിച്ച് സാമൂഹിക വിപ്ലവത്തിന് ഗുരു തിരികൊളുത്തിയത്. പ്രതിഷ്ഠക്കെത്തിയ ഗുരുവിനെ തര്‍ക്കത്തില്‍ തോല്‍പിക്കാനെത്തിയവര്‍ അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ക്കു മുന്നില്‍ തോറ്റുമടങ്ങിയതായാണ് ചരിത്രം.
മനുഷ്യവികസന സൂചിക തയ്യാറാക്കുന്നതിന്റെ ഭാഗമായി നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇകണോമിക്‌സ് റിസര്‍ച്ചും അമേരിക്കയിലെ മെറിലാന്‍ഡ് സര്‍വകലാശാലയും സംയുക്തമായി മുമ്പ് ഒരു സര്‍വേ നടത്തിയിരുന്നു. ജാതിവ്യവസ്ഥ നിലവിലില്ലെന്നു പറഞ്ഞു പ്രചരിപ്പിക്കുകയും എന്നാല്‍ ജാതിയുടെ പേരില്‍ അധികാരം കൈയടക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയായിരുന്നു പ്രസ്തുത സര്‍വേയുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നാലിലൊന്നു പേരും കേരളത്തില്‍ രണ്ടു ശതമാനം പേരും അയിത്തം ആചരിക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 42,000 വീടുകള്‍ സാമ്പിളുകളായി കണക്കാക്കിയാണ് സര്‍വേ നടന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ നാലു ശതമാനം പേരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏഴു ശതമാനവും ആന്ധ്രപ്രദേശില്‍ പത്ത് ശതമാനവുമാണ് അയിത്തം. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളാണ് അയിത്തത്തില്‍ ഏറ്റവും മുന്നില്‍. മധ്യപ്രദേശ് 53 ശതമാനം, ഹിമാചല്‍പ്രദേശ് 50 ശതമാനം, ഛത്തീസ്ഗഡ് 48 ശതമാനം, രാജസ്ഥാനും ബിഹാറും 47 ശതമാനം, ഉത്തര്‍പ്രദേശ് 43 ശതമാനം, ഉത്തരാഖണ്ഡ് 40 ശതമാനം എന്നിങ്ങനെയാണ് അയിത്താചരണക്കാര്‍. സര്‍വേയോടുള്ള പ്രതികരണമനുസരിച്ച് മൊത്തമായി വിലയിരുത്തിയാല്‍ നാലിലൊന്ന് ഇന്ത്യക്കാരും അയിത്തം ആചരിക്കുന്നുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ ജാതിവ്യവസ്ഥ നിലവില്‍ വന്നത്. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം നമ്പൂതിരിമാര്‍ സ്വാധീനശക്തിയുള്ളവരായി മാറുകയും തുടര്‍ന്ന് ജാതിവ്യവസ്ഥ നിലവില്‍ വരുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. സവര്‍ണരെന്നും അവര്‍ണരെന്നുമുള്ള വ്യത്യാസം വര്‍ണത്തെ അടിസ്ഥാനമാക്കിയാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതിനിര്‍ണയത്തില്‍ പ്രതിഫലിച്ചു കാണാം. കേരളത്തില്‍ ജാതിസമ്പ്രദായം ആരംഭിച്ചത് ആര്യന്മാരാണെന്ന് വില്യം ലോഗന്‍ രേഖപ്പെടുത്തുന്നുണ്ട്. ആര്യന്മാരുടെ വരവിനു മുമ്പ് ഇവിടെ ജാതിവ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹിക വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. കേരളത്തില്‍ ജാതികള്‍ ഉണ്ടായത് തൊഴിലിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നില്ല. തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ജാതികളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ജാതിനാമങ്ങളുടെ അര്‍ഥതലങ്ങളും ജന്മിത്വവുമെല്ലാം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.