30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

ഫില്ലര്‍ കാലത്തെ സമുദായം


കേരളത്തില്‍ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങള്‍ പല വിധത്തില്‍ വ്യാപകമാണ്. സോഷ്യല്‍ മീഡിയകളിലെ ഫേക്ക് ഐഡികള്‍ മുതല്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ വരെ വിദ്വേഷ പ്രചാരണത്തില്‍ ഒറ്റക്കെട്ടാണ്. ചില നിരീക്ഷകര്‍ സൂചിപ്പിച്ച പോലെ, മുസ്‌ലിം വിരുദ്ധതക്ക് കേരളത്തില്‍ അപാരമായ ഭാവനാസാധ്യതകളാണ് ഉള്ളത്. മുസ്‌ലിം സമുദായത്തെക്കുറിച്ച് എന്ത് ആരോപണം ഉന്നയിച്ചാലും അതില്‍ ചിലതെല്ലാം വാസ്തവമല്ലേ എന്ന മറുചോദ്യം പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നുണ്ട്. അവരെ പൊതുസമൂഹമെന്ന് അഭിസംബോധന ചെയ്യാനാവില്ല. അടിമുടി ഇസ്‌ലാംഭീതി മനസ്സില്‍ കയറ്റിയ, തൊട്ടടുത്തിരിക്കുന്ന ഇതര മതസ്ഥനെ പോലും അറിയാന്‍ ശ്രമിച്ചിട്ടില്ലാത്ത അടഞ്ഞ ഒരു ജനവിഭാഗമാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്.
നേരത്തേ തന്നെ ഒട്ടേറെ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ് പി സി ജോര്‍ജ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടാനുണ്ടായ പ്രധാന കാരണം അദ്ദേഹത്തിന്റെ മുസ്‌ലിം വിരുദ്ധ സമീപനങ്ങളായിരുന്നു. ഇടക്കാലത്ത് ബി ജെ പിയുമൊത്ത് എന്‍ ഡി എ മുന്നണിയുടെ ഭാഗമായി അദ്ദേഹം നിലകൊണ്ടിരുന്നു. എന്നാല്‍, കേരളത്തില്‍ അധികാരനേട്ടത്തിന് അത് ഉപകരിക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം മുന്നണിയില്‍ നിന്നിറങ്ങിയെങ്കിലും സംഘപരിവാരത്തിന്റെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ അംബാസഡറായി മാറുകയായിരുന്നു. ഏറ്റവുമൊടുവില്‍, ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം മുസ്‌ലിംകളെ ഒന്നടങ്കം അധിക്ഷേപിക്കുകയുണ്ടായി. മുസ്‌ലിം വ്യാപാരസ്ഥാപനങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം, മുസ്‌ലിംകള്‍ നടത്തുന്ന ഹോട്ടലുകളില്‍ ഫില്ലറുകളിലൂടെ ഇതര മതസമൂഹങ്ങളെ വന്ധ്യംകരിക്കുകയാണെന്ന് ആരോപണം ഉന്നയിച്ചു. ചായയില്‍ ഫില്ലര്‍ ഉപയോഗിച്ച് ഒരു തുള്ളിമരുന്ന് ഇറ്റിക്കുകയാണെന്നും അതുവഴി മുസ്‌ലിംകളല്ലാത്തവര്‍ വന്ധ്യംകരിക്കപ്പെടുമെന്നും, അതേസമയം മുസ്‌ലിംകള്‍ ജനസംഖ്യയില്‍ വര്‍ധനവുണ്ടാക്കി രാജ്യം പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ആസൂത്രിതമായ ജനസംഖ്യാ വര്‍ധനവിലൂടെ കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പുതിയതല്ല. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഈ ആരോപണം ഉന്നയിച്ചിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞു. 20 വര്‍ഷം കൊണ്ട് കേരളം ഇസ്‌ലാമിക രാജ്യമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാവന. ജനസംഖ്യാ ശാസ്ത്രത്തിന്റെ ഏതു സ്ഥിതിവിവരക്കണക്ക് എടുത്ത് പോപുലേഷന്‍ പ്രൊജക്ഷന്‍ പരിശോധിച്ചാലും ഇത് അസംഭവ്യമാണെന്ന് മനസ്സിലാവും. ചായയില്‍ ഒരു ഫില്ലറിലൂടെ തുള്ളിമരുന്ന് നല്‍കി വന്ധ്യംകരിക്കപ്പെടുന്നു എന്ന ആരോപണത്തിലും പോപുലേഷന്‍ പ്രൊജക്ഷന്റെ കാര്യത്തിലും സയന്റിഫിക് ടെംപര്‍ നോക്കുകയെങ്കിലും വേണമെന്ന് ആര്‍ക്കും തോന്നുന്നില്ലേ? ഏതു കാര്യത്തിലും ശാസ്ത്രീയത നോക്കുന്ന കേവല യുക്തിവാദികള്‍ക്കു പോലും അങ്ങനെയൊരു പരിശോധന നടത്താന്‍ തോന്നുന്നില്ല.
പി സി ജോര്‍ജ് അഴിച്ചുവിട്ട ആരോപണങ്ങള്‍ ഒന്നുംതന്നെ വസ്തുതാപരമല്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് തിരിയും. പിന്നെ എങ്ങനെയാണ്, സാമാന്യബുദ്ധിയെ തന്നെ പരിഹസിക്കുന്ന ഈ മുസ്‌ലിം വിരുദ്ധതക്ക് മാര്‍ക്കറ്റ് ലഭിക്കുന്നത്? ഇവിടെയാണ് നേരത്തേ പറഞ്ഞ ഭാവനയുടെ അപാര സാധ്യതകള്‍ നിലനില്‍ക്കുന്നത്. മുസ്‌ലിംകള്‍ ഇതര മതസമുദായങ്ങളുമായി ഇടപെടാത്ത ഒറ്റപ്പെട്ട തുരുത്തുകളിലല്ല കഴിയുന്നത്. ഒരൊറ്റ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സായി കരുതാവുന്ന ഭൂമിശാസ്ത്രമാണ് കേരളത്തിന്റേത്. അതിനെ മതസമുദായങ്ങള്‍ക്കായി വീതിച്ചുവെച്ചിരിക്കുന്ന സ്ഥിതിവിശേഷമില്ല. മാത്രമല്ല, കേരളത്തിലെ പ്രധാന വരുമാനമാര്‍ഗമായ ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ മതസ്ഥരും ജോലിയെടുക്കുന്നുമുണ്ട്. അതിനാല്‍ തന്നെ, ഒപ്പം സഹവസിക്കുന്നവന്റെ മതത്തെയോ സമുദായത്തെയോ അറിയാത്ത പ്രശ്‌നമല്ല ഇത്. സ്വദേശത്തും വിദേശത്തും സ്വാധീനമുള്ള വ്യവസായികളും സിനിമാനടന്മാരും അടക്കം പലരും ഈ മുസ്‌ലിം വിരുദ്ധ ഭാവനയുടെ ഇരകളാണ് എന്നതുതന്നെ കേരളത്തിലെ ഇസ്‌ലാം ഭീതിയുടെ അടിസ്ഥാന പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
അപര വിദ്വേഷം പേറുന്ന കടുത്ത വംശീയതയും അത് ഉപയോഗപ്പെടുത്തി നേടാവുന്ന രാഷ്ട്രീയ നേട്ടങ്ങളുമാണ് അടിസ്ഥാന പ്രശ്‌നങ്ങള്‍. നിരന്തരം ഒരു സമുദായത്തെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് മറ്റൊരു വോട്ടുബാങ്കിനെ സന്തോഷിപ്പിച്ചുനിര്‍ത്താം എന്നാണ് പ്രതീക്ഷ. ക്രിസ്ത്യന്‍ സമുദായത്തിന്റെ പേരില്‍ ഈയിടെ വെളിച്ചത്തു വന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ അപ്പോസ്തലന്മാരാണ് പി സി ജോര്‍ജും കൂടെയുള്ളവരും. പാലക്കാട് കൊലപാതകം ചൂണ്ടിക്കാണിച്ച് സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് തമിഴ്‌നാട്ടിലെ ഹിന്ദു മഹാസഭ പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് രണ്ടാഴ്ച മുമ്പാണ്. കേരളത്തിലെ വംശീയ വിദ്വേഷപ്രചാരകരെ നിയമത്തിന്റെ വഴിയില്‍ പിടിച്ചുകെട്ടാന്‍ സര്‍ക്കാരിനു സാധിക്കണം.

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x