22 Sunday
December 2024
2024 December 22
1446 Joumada II 20

മതത്തിലെ തര്‍ക്കം: യാഥാര്‍ഥ്യമെന്ത്?

അനസ് എടവനക്കാട്‌


കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു, വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യവും ക്ഷമയും കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ” (103:1-3).
”നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍” (3:104).
സത്യവും ക്ഷമയും കൈക്കൊള്ളാന്‍ പരസ്പരം ഉപദേശിക്കുകയും, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്നു വിലക്കുകയും ചെയ്യലും ഒരു മുസല്‍മാന്റെ കടമയില്‍ പെട്ടതാണ് എന്നാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. അപ്രകാരം ചെയ്യുന്നവരാണ് വിജയികള്‍. മറിച്ചുള്ളവര്‍ നഷ്ടത്തില്‍ പെട്ടവരും.
നിര്‍ഭാഗ്യമെന്നു പറയട്ടെ, മതത്തിന്റെ വിഷയത്തില്‍ നന്മ കല്‍പിക്കുകയും തൗഹീദ് പഠിപ്പിക്കുകയും ചെയ്യുന്നതും, റസൂലിന്റെ ചര്യയ്ക്ക് വിരുദ്ധമായ മതത്തില്‍ കടന്നുകൂടിയ നൂതനമായ ആശയങ്ങള്‍ (ബിദ്അത്തുകള്‍) എതിര്‍ക്കുന്നതും പാടില്ലാത്ത ഒരു സംഗതിയായിട്ടാണ് നമ്മുടെ ചില സുഹൃത്തുക്കള്‍ ധരിച്ചുവെച്ചത്. അവര്‍ പറയുന്നതാകട്ടെ ‘മതത്തില്‍ തര്‍ക്കം പാടില്ല’, ‘ശാഖാപരമായ കാര്യത്തില്‍ തര്‍ക്കിച്ചു മതത്തില്‍ ഭിന്നിപ്പുണ്ടാക്കരുത്’, ‘സുന്നത്ത് അങ്ങനെയും ഇങ്ങനെയും ഒക്കെയാകാവുന്നതാണ്’, ‘ഇസ്രാഈല്യര്‍ കാളക്കുട്ടിയെ ഉണ്ടാക്കി ശിര്‍ക്ക് ചെയ്തപ്പോള്‍ പോലും ഹാറൂന്‍ നബി അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകാതിരിക്കാന്‍ അതിനെ തടഞ്ഞില്ല എന്നിരിക്കെ നിസ്സാര വിഷയങ്ങളെ പിടിച്ചു തര്‍ക്കിക്കാന്‍ പോകുന്നതെന്തിന്’ എന്നെല്ലാമാണ് ചിലര്‍ വാദിക്കുന്നത്.
സുന്നത്തിന്റെ പ്രാധാന്യം
അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്” (33:21).
അല്ലാഹു പറയുന്നു: ”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീട് അവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല” (4:65).
മേല്‍പറഞ്ഞ ആയത്തുകളില്‍ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട് എന്നാണ് അല്ലാഹു പറയുന്നത്. അതായത് റസൂലിനെ ഇത്തിബാഅ് ചെയ്യല്‍ (പിന്തുടരല്‍) നമ്മുടെ കടമയാണെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. നബി(സ)യുടെ സുന്നത്തിനെ സമീപിക്കുമ്പോള്‍ പ്രധാനപ്പെട്ടത്, ശാഖാപരം എന്ന വേര്‍തിരിവ് വേണ്ടതില്ല. ജീവിതത്തിലെ വിശ്വാസ-ആരാധനാ-സംസ്‌കാര തലങ്ങളില്‍ അദ്ദേഹത്തിന്റെ കല്‍പനകള്‍ക്കെല്ലാം തുല്യ പ്രധാന്യം തന്നെയാണ്.
നബി തിരുമേനി കല്‍പിച്ച കാര്യങ്ങളില്‍ നിര്‍ബന്ധമായവയും ഐച്ഛികമായവയുമുണ്ട്. രണ്ടിനെയും വ്യാപകമായ അര്‍ഥത്തില്‍ പ്രവാചക ചര്യ/ നടപടിക്രമം എന്ന നിലയ്ക്ക് ‘സുന്നത്ത്’ എന്നു പറയും. അതില്‍ ഐച്ഛികമായ സുന്നത്തുകളുടെ പ്രാധാന്യത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഒരാള്‍ ഒരു സുന്നത്ത് എടുത്തില്ല എങ്കില്‍ അയാളെ ഉപദേശിക്കാം; എന്നാല്‍ അവന്‍ ശിക്ഷാര്‍ഹനാണെന്ന് പറയാന്‍ പാടില്ല. ഒരാള്‍ മടി കാരണം ബലപ്പെട്ട സുന്നത്തായ രാത്രിനമസ്‌കാരം (ഖിയാമുല്‍ ലൈല്‍) ഉപേക്ഷിച്ചാലും അയാള്‍ ശിക്ഷാര്‍ഹനാകുന്നില്ല. പക്ഷേ, സുന്നത്തിനു പകരം മറ്റൊരു ചര്യ അനുഷ്ഠിക്കുകയും അതാണ് മതത്തില്‍ ചെയ്യേണ്ടതെന്നു പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ തെറ്റുകാരനാവുന്നു. മതത്തില്‍ നവീനമായത് ഉണ്ടാക്കിയതുകൊണ്ട് അത് ബിദ്അത്തായി മാറുന്നു. ബിദ്അത്താകട്ടെ വഴികേടിലാണ്. അതാകട്ടെ നരകത്തിലുമാണ് കൊണ്ടുചെന്നെത്തിക്കുക.
മദ്ഹബുകളുടെ ഇമാമുമാര്‍പോലും പറഞ്ഞത് ഒരു വിഷയത്തില്‍ സ്ഥിരപ്പെട്ട ഹദീസ് ലഭിച്ചാല്‍ അത് സ്വീകരിക്കുകയും മദ്ഹബീ അഭിപ്രായങ്ങള്‍ മാറ്റിവെക്കുകയും ചെയ്യണം എന്നാണ്.
ചിലരാകട്ടെ ദുര്‍ബല ഹദീസുകളും (ളഈഫ്), മനുഷ്യ നിര്‍മിത ഹദീസുകളും (മൗളൂഅ്) തെളിവായി എടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ മതകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു. അതും അറിഞ്ഞുകൊണ്ടാണെങ്കില്‍ തെറ്റു തന്നെ. കാരണം അത്തരം ഹദീസുകള്‍ തെളിവായി എടുക്കാവുന്നതല്ല. ഇനി നബിചര്യ സ്ഥിരപ്പെട്ടു (സ്വഹീഹായി) വന്നത് കിട്ടിയിട്ടും അത് ഉപേക്ഷിച്ചുകൊണ്ട് മനഃപൂര്‍വം ദുര്‍ബല ഹദീസുകള്‍ക്കു പിറകെ പോകുന്നുവെങ്കില്‍ അവനും ബിദ്അത്ത് തന്നെയാണ് ചെയ്യുന്നത്.
മുസ്‌ലിംകളില്‍ നല്ല ശതമാനവും പ്രമാണങ്ങള്‍ പഠിക്കാതെ കണ്ടതിന്റെയെല്ലാം പിറകെ പോകുമ്പോള്‍ അവര്‍ക്ക് സന്മാര്‍ഗം ഉപദേശിച്ചുകൊടുക്കേണ്ടത് അവന്റെ സഹോദരങ്ങളുടെ (മറ്റു മുസ്‌ലിംകളുടെ) കടമയാണ്. സൂറഃ അല്‍അസ്വ്‌റിലെ വരികള്‍ നോക്കുക. ‘തിന്മ കണ്ടാല്‍ തടയാതിരിക്കുക’ എന്നത് അല്ലാഹു ശപിച്ച ഇസ്രാഈല്യരുടെ സ്വഭാവമായിരുന്നു. റസൂലിന്റെ ചര്യയെ മുസ്‌ലിംകള്‍ തന്നെ ചവിട്ടിത്തേക്കുന്നതിനേക്കാള്‍ ഇനി എന്ത് വലിയ തിന്മയാണ് നമുക്കിന്ന് കാണാനുള്ളത്?
”കുറ്റകരമായത് അവര്‍ പറയുന്നതില്‍ നിന്നും നിഷിദ്ധമായ സമ്പാദ്യം അവര്‍ തിന്നുന്നതില്‍ നിന്നും പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അവരെ തടയാതിരുന്നത് എന്തുകൊണ്ടാണ്? അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ” (5:63).
”പറയുക: വേദക്കാരേ, സത്യത്തിനെതിരായി നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരു കവിയരുത്. മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോവുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്. ഇസ്രാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രേ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ” (5:7779). റസൂല്‍ പഠിപ്പിച്ച ഇസ്‌ലാമിലെ വിശ്വാസ-അനുഷ്ഠാന മുറകളെ മാറ്റിനിര്‍ത്തി പകരം പണ്ഡിതാഭിപ്രായമോ തന്നിഷ്ടമോ പ്രതിഷ്ഠിക്കുന്നത് അതിക്രമവും ദുരാചാരവുമല്ലാതെ മറ്റെന്താണ്?
തിന്മ വിരോധിക്കാതിരുന്നാല്‍
ബിദ്അത്തുകളെ ‘ചെറിയ ചെറിയ കാര്യങ്ങളാ’യി ന്യായീകരിച്ചുകൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ അതിനെ തടയുന്നതില്‍ നിന്നു മാറിനില്‍ക്കുന്നു. എന്നു മാത്രമല്ല, തടയാന്‍ പോകുന്നവരെ അതില്‍നിന്നു വിലക്കുകകൂടി ചെയ്യുന്നു. കൂടാതെ മതനിയമങ്ങള്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനു വിടുകയും ചെയ്യുന്നു. ഇവരുടെ അതേ നിലപാടു തന്നെയായിരുന്നല്ലോ വേദക്കാരും പിന്തുടര്‍ന്നിരുന്നത്. സബ്ത് (ശാബത്ത്) നാളില്‍ മത്സ്യബന്ധനം നടത്തിയ ഇസ്രായീല്യരുടെ ചരിത്രം ഇവര്‍ക്ക് പാഠമാകാത്തതെന്ത്?
ഖുര്‍ആന്‍ വിവരിക്കുന്നു: ”കടല്‍ത്തീരത്ത് സ്ഥിതി ചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട് ചോദിച്ചുനോക്കൂ. (അതായത്) സബ്ത് ദിനം (ശനിയാഴ്ച) ആചരിക്കുന്നതില്‍ അവര്‍ അതിക്രമം കാണിച്ചിരുന്ന സന്ദര്‍ഭത്തെപ്പറ്റി. അവരുടെ സബ്ത് ദിനത്തില്‍ അവര്‍ക്ക് ആവശ്യമുള്ള മത്സ്യങ്ങള്‍ വെള്ളത്തിനു മീതെ തല കാണിച്ചുകൊണ്ട് അവരുടെ അടുത്തു വരുകയും, അവര്‍ക്ക് സബ്ത് ആചരിക്കാനില്ലാത്ത ദിവസത്തില്‍ അവരുടെ അടുത്ത് അവ വരാതിരിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവര്‍ ധിക്കരിച്ചിരുന്നതിന്റെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു. അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങള്‍ എന്തിനാണ് ഉപദേശിക്കുന്നത് എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിനു വേണ്ടിയാണ്. ഒരുവേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ. എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായി കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു” (7:163-165).
ഈ ആയത്തിന്റെ വിശദീകരണമായി അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ”അവിടെ മൂന്നു തരം ജനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണീ വിവരണത്തില്‍ നിന്ന് മനസ്സിലാവുന്നത്: ഒന്ന്, ദൈവിക വിധിവിലക്കുകളെ ധാര്‍ഷ്ട്യപൂര്‍വം അതിലംഘിച്ചുകൊണ്ടിരിക്കുന്നവര്‍. രണ്ട്, നിയമം ലംഘിച്ചില്ലെങ്കിലും നിയമലംഘനത്തെ ശാന്തമായി നോക്കിനിന്നവര്‍. അധര്‍മികള്‍ക്ക് സാരോപദേശം ചെയ്തിട്ടെന്ത് കാര്യം എന്നു പറഞ്ഞത് ഇവരാണ്. മൂന്ന്, പരസ്യമായ ദൈവധിക്കാരത്തെ സ്വന്തം ഈമാനികാവേശത്താല്‍ പൊറുപ്പിക്കാന്‍ കഴിയാതെ ധിക്കാരികളെ ഗുണദോഷിക്കാന്‍ നിരന്തരം ശ്രമിച്ചുപോന്നവര്‍. സദുപദേശം ശ്രദ്ധിച്ച്, ഒരുവേള അധര്‍മകാരികള്‍ നേര്‍വഴി വന്നേക്കാം. അഥവാ, അങ്ങനെ സംഭവിച്ചില്ലെങ്കിലും സ്വന്തം കര്‍ത്തവ്യ നിര്‍വഹണത്തില്‍ ചാരിതാര്‍ഥ്യമുള്ളവരായി ദൈവസന്നിധിയില്‍ നിരപരാധിത്വം തെളിയിക്കാം- ഇതായിരുന്നു അവരുടെ നിലപാട്. ഈ സ്ഥിതിവിശേഷത്തില്‍ നാട് ദൈവശിക്ഷയ്ക്ക് വിധേയമായപ്പോള്‍ മൂന്നാമത്തെ വിഭാഗം മാത്രമേ രക്ഷപ്പെട്ടുള്ളൂവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ‘തഫ്ഹീമുല്‍ ഖുര്‍ആനി’ല്‍ വിവിധ വിഷയങ്ങളില്‍ വന്ന സ്വഹീഹായ ഹദീസുകളും, നമ്മുടെ ആളുകളുടെ നടപടിക്രമങ്ങളും എന്താണെന്ന് നോക്കാം.
നമസ്‌കാരത്തിലെ കൈ കെട്ടല്‍
പ്രവാചകന്‍(സ) പറഞ്ഞു: ‘ഞാന്‍ എപ്രകാരം നമസ്‌കരിക്കുന്നത് നിങ്ങള്‍ കണ്ടുവോ അപ്രകാരം നിങ്ങള്‍ നമസ്‌കരിക്കുക’ (ബുഖാരി 631, മുസ്‌ലിം 674). മറ്റൊരു ഹദീസ്: ‘ഒരാള്‍ ഒരു പ്രവൃത്തി ചെയ്തു. അതിനു നമ്മുടെ കല്‍പനയില്ലെങ്കില്‍ അത് തള്ളപ്പെടേണ്ടതാണ്’ (മുസ്ലിം 1718). ഇമാം മാലിക് പറഞ്ഞു: ‘അന്ന് (നബിയുടെ കാലത്ത്) ദീനല്ലാത്തത് പിന്നെയൊരിക്കലും ദീനാവുകയില്ല’ (ഇമാം ശാത്വിബി, അല്‍ഇഅ്തിസ്വാം 1:49).
നമസ്‌കാരത്തില്‍ കൈകള്‍ താഴ്ത്തിയിടണമെന്ന് ഇമാം മാലിക് അഭിപ്രായപ്പെട്ടതുകൊണ്ട് മാലികി മദ്ഹബ് പിന്തുടരുന്നവര്‍ കൈകള്‍ കെട്ടാതെയാണ് നമസ്‌കാരത്തിനു നില്‍ക്കുക. (ശറഹുല്‍ മുഹദ്ദബ് 3:312 നോക്കുക). എന്നാല്‍ റസൂലിന്റെ കല്‍പനയാകട്ടെ നേരെ വിരുദ്ധവും. എന്നിട്ടും മാലികികള്‍ സുന്നത്ത് ഉപേക്ഷിച്ചു മദ്ഹബിന്റെ ഇമാമിനെ റസൂലിനു മുകളില്‍ പ്രതിഷ്ഠിക്കുന്നതു കാണാം. സഹല്‍(റ) നിവേദനം ചെയ്യുന്നു: ‘വലത്തേ കൈ നമസ്‌കാരത്തില്‍ ഇടത്തെ മുഴംകൈയിന്മേല്‍ വെക്കാന്‍ (തിരുമേനിയുടെ കാലത്ത്) ആളുകളോട് കല്‍പിക്കാറുണ്ടായിരുന്നു’ (ബുഖാരി).
റസൂലിന്റെ കല്‍പനയില്ലാത്തത് തള്ളിക്കളയണ്ടേ? അത് അറിയാത്തവര്‍ക്ക് ഈ സുന്നത്ത് എത്തിച്ചുകൊടുക്കേണ്ടേ? ഇനി കൈ എവിടെയാണ് കെട്ടേണ്ടതെന്നു നോക്കാം. ഈ വിഷയത്തില്‍ വന്ന ഏറ്റവും പ്രബലമായ ഹദീസ് ഇതാണ്: ‘വാഇലുബ്‌നു ഹുജ്‌റി(റ)നിന്ന് നിവേദനം: ഞാന്‍ നബിയുടെ കൂടെ നമസ്‌കരിച്ചു. അപ്പോള്‍ അദ്ദേഹം തന്റെ വലതുകൈ ഇടതുകൈയിന്റെ മീതെയായിക്കൊണ്ട് നെഞ്ചിന്മേല്‍ വെച്ചു’ (ഇബ്‌നു ഖുസൈമ, ബുലൂഗുല്‍ മറാം 294).
ഇമാം ശാഫിഈ
തെറ്റുകാരനാണോ?

നിശ്ചയം, ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട് ‘ഹദീസ് സ്വഹീഹായാല്‍ അതാണെന്റെ മദ്ഹബ്’ എന്ന് (ശറഹുല്‍ മുഹദ്ദബ് 1:92). അദ്ദേഹത്തിനു സ്വഹീഹായി കിട്ടാതെ വന്ന വിഷയങ്ങളില്‍ അദ്ദേഹം ഇജ്തിഹാദ് ചെയ്തു. ഇജ്തിഹാദ് ചെയ്ത് തെറ്റു സംഭവിച്ചാലും ഒരു പ്രതിഫലം കിട്ടുമല്ലോ. അദ്ദേഹത്തിന്റെ മരണശേഷമാണ് (ക്രി. 767-820) ഹദീസ് ക്രോഡീകരണം ശരിയായ രൂപത്തില്‍ നടന്നത്. ഇമാം ബുഖാരി (ക്രി. 810-870), ഇമാം മുസ്‌ലിം (ക്രി. 817-875), തിര്‍മിദി (ക്രി. 824-892), അബൂദാവൂദ് (ക്രി. 817-889), നസാഈ (ക്രി. 829-915), ഇബ്‌നു മാജ തുടങ്ങിയവരായിരുന്നു ഹദീസ് ക്രോഡീകരണത്തില്‍ പ്രമുഖര്‍. അതുകൊണ്ടുതന്നെ സ്വഹീഹായ ഹദീസ് കിട്ടിയ സ്ഥിതിക്ക് ഇമാമുമാരുടെ അന്നത്തെ ഇജ്തിഹാദിന് ഇന്ന് നമുക്കിടയില്‍ പ്രസക്തമല്ല. ഇമാം നവവിയെ പോലുള്ള ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ തന്നെ സ്വഹീഹായ ഹദീസ് കിട്ടിയപ്പോള്‍ തങ്ങളുടെ ഇമാമിന്റെ അഭിപ്രായം ഉപേക്ഷിച്ചു സുന്നത്തിലേക്ക് മടങ്ങിയതായി കാണാം.
ഇജ്തിഹാദിനുള്ള തെളിവ്
ദുര്‍വ്യാഖ്യാനിക്കുന്നു

തിരുമേനി ഖന്‍ദഖ് യുദ്ധം കഴിഞ്ഞു മടങ്ങുമ്പോള്‍ സഹാബിവര്യന്മാരോട് പറഞ്ഞു: ‘നിശ്ചയം, ബനൂഖുറൈളയില്‍ ചെന്നിട്ടല്ലാതെ ആരും അസ്വര്‍ നമസ്‌കരിക്കരുത്. എന്നാല്‍ വഴിമധ്യേ അസ്വര്‍ നമസ്‌കാരത്തിന്റെ സമയമായി. നബി(സ്വ) അസ്വര്‍ നമസ്‌കരിക്കരുതെന്നു നിര്‍ദേശിച്ചതിനാല്‍ ഒരു വിഭാഗം സ്വഹാബിമാര്‍ നമസ്‌കരിച്ചില്ല. മറ്റൊരു വിഭാഗം സ്വഹാബിമാര്‍ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് അസ്വര്‍ നമസ്‌കരിച്ചു. ‘നബി(സ) നമസ്‌കരിക്കരുതെന്നു നമ്മോടു നിര്‍ദേശിച്ചത് നമസ്‌കരിക്കുന്നത് തെറ്റായതുകൊണ്ടല്ല, മറിച്ച്, ഉദ്ദേശിച്ച സമയത്ത് നാം അവിടെ എത്തുകയില്ല എന്ന് വിചാരിച്ചാണ്’ എന്ന് വ്യാഖ്യാനിച്ച് അവര്‍ അസ്വര്‍ നമസ്‌കരിക്കുകയും യാത്രയുടെ വേഗത വര്‍ധിപ്പിച്ച് സമയത്തുതന്നെ അവിടെ എത്തുകയും ചെയ്തു. (ബുഖാരി 4119ല്‍ ഈ സംഭവം കാണാം). ഈ ഹദീസാണ് മദ്ഹബിലെ ഭിന്നതയ്ക്കും, മദ്ഹബിനെ തഖ്‌ലീദ് (അന്ധമായി പിന്‍പറ്റല്‍) ചെയ്യാനുള്ള തെളിവായും ചിലര്‍ ഉദ്ധരിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ ഹദീസ് ഇജ്തിഹാദിന്റെ (ഗവേഷണം) ശ്രേഷ്ഠതയാണ് വ്യക്തമാക്കുന്നത്. ഫത്ഹുല്‍ബാരിയില്‍ ഇമാം ഇബ്‌നു ഹജര്‍ ഈ യാഥാര്‍ഥ്യം വ്യക്തമാക്കിയിട്ടുണ്ട്.

Back to Top