നൂറ്റാണ്ടിലെ മികച്ച ടൂര്‍ണമെന്റായി ഖത്തര്‍ ലോകകപ്പ്
ഫിഫ ലോകകപ്പ് പറഞ്ഞതുപോലെ തന്നെ പ്രൗഢഗംഭീരമായി നടത്തി മാലോകരുടെ കൈയ്യടി നേടുകയാണ് ഖത്തര്‍. ബി ബി സി നടത്തിയ സര്‍വേയില്‍ ഈ നൂറ്റാണ്ടിലെ മികച്ച ലോകകപ്പായി ഖത്തറിനെ തിരഞ്ഞെടുത്തു. 2002-ല്‍ ജപ്പാനും സൗത്ത് കൊറിയയും ചേര്‍ന്ന് നടത്തിയ ലോകകപ്പ്, മുതല്‍ 2006-ജര്‍മനി, 2010 – ദക്ഷിണാഫ്രിക്ക, 2014 – ബ്രസീല്‍, 2018 – റഷ്യ, 2022 – ഖത്തര്‍ എന്നിവയാണ് സര്‍വേയില്‍ മത്സരിച്ചത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 78 ശതമാനം ആളുകളും നൂറ്റാണ്ടിലെ മികച്ച ടൂര്‍ണമെന്റായി ഖത്തര്‍ ലോകകപ്പിനെയാണ് തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്തു വന്ന ‘2002 – ദ.കൊറിയ-ജപ്പാന്‍ ലോകകപ്പി’ന് ആറു ശതമാനം വോട്ടാണ് ലഭിച്ചത്. ബ്രസീല്‍ ലോകകപ്പാണ് 5 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്ത്. ജര്‍മനിക്കും റഷ്യക്കും നാല് ശതമാനം വീതം വോട്ടുകള്‍ ലഭിച്ചു. ദ. ആഫ്രിക്കന്‍ ലോകകപ്പിന് മൂന്ന് ശതമാനം മാത്രമാണ് ലഭിച്ചത്. ഖത്തര്‍ ലോകകപ്പിനെതിരെ വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ടൂര്‍ണമെന്റിനെതിരെ തുടക്കം മുതല്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത ബി.ബി.സി ഉള്‍പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി വോട്ടെടുപ്പ് ഫലം.