30 Friday
January 2026
2026 January 30
1447 Chabân 11

ഫിഫ ഹോസ്പിറ്റാലിറ്റി വെബ്‌സൈറ്റില്‍ ഇസ്രായേല്‍ ഇല്ല, പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍


ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ വെബ്‌സൈറ്റില്‍ ഇസ്രായേലിന്റെ പേര് ഒഴിവാക്കി. പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഫലസ്തീന്‍ എന്ന രാഷ്ട്രത്തെ അംഗീകരിക്കുന്നതും ഇസ്രായേലിന്റെ അധിനിവേശത്തെ വിമര്‍ശിക്കുന്നതുമായ നിലപാടാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഹോസ്പിറ്റാലിറ്റി പാക്കേജുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഫിഫ വെബ്‌സൈറ്റിലെ ഒരു വിഭാഗത്തില്‍ ഇസ്രായേലിനെ മിഡില്‍ഈസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ കൈകാര്യം ചെയ്യുകയും അതിനായുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ സന്ദര്‍ശകരെ അവരുടെ അടുത്തുള്ള രാഷ്ട്രത്തിലെ ഏജന്റിനെ കണ്ടെത്താന്‍ പ്രാപ്തരാക്കാനുമാണ് ഈ സൗകര്യം ഒരുക്കിയത്.
വെബ്‌സൈറ്റില്‍ ലോക ഭൂപടത്തില്‍ നിന്ന് ‘ഏഷ്യയും മിഡില്‍ഈസ്റ്റും’ തിരഞ്ഞെടുത്ത ശേഷം താഴേക്ക് പോയാല്‍ ‘അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍’ ആണ് ലിസ്റ്റ് ചെയ്തതായി കാണുന്നത്. ലിസ്റ്റ് ചെയ്ത ഡസന്‍കണക്കിന് രാജ്യങ്ങളില്‍ ഇസ്രായേല്‍ ഉള്‍പ്പെട്ടിട്ടില്ല. യൂറോപ്പിനുള്ള വിഭാഗത്തിലും ഇസ്രായേലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഹോസ്പിറ്റാലിറ്റി പാക്കേജുകളില്‍ താമസസൗകര്യങ്ങള്‍, ഗെയിമിനുള്ള ടിക്കറ്റുകള്‍ കൂടാതെ സ്വീകരണം പോലുള്ള സേവനങ്ങളാണുള്ളത്.

Back to Top