8 Friday
August 2025
2025 August 8
1447 Safar 13

ആഘോഷങ്ങള്‍ ആഭാസങ്ങള്‍ക്ക് വഴിമാറുമ്പോള്‍

ഷാക്കിര്‍ മൂഴിക്കത്തോട്ടത്തില്‍

സന്തോഷവേളകളും വിശേഷദിനങ്ങളും ആഘോഷിക്കുക എന്നത് മനുഷ്യപ്രകൃതമാണ്. എന്നാല്‍ സമൂഹം കാത്തുപോന്നിട്ടുള്ള എല്ലാ മൂല്യങ്ങളെയും പൊളിച്ചടുക്കുകയാണ് പുതുതലമുറ. ആഘോഷങ്ങളുടെ പേരില്‍ അവതരിപ്പിക്കുന്നത് പലതും പാശ്ചാത്യ സമൂഹം ഇന്നലെകളില്‍ വലിച്ചെറിഞ്ഞ ഉച്ചിഷ്ടങ്ങളാണെന്ന തിരിച്ചറിവ് ഇനി എന്നാണ് നമുക്കുണ്ടാവുക.
മനുഷ്യരെ ആണും പെണ്ണുമായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. നമ്മുടെ ലിംഗവൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതും ശരീരഘടനയോടും ആവശ്യങ്ങളോടും യോജിക്കുന്നതുമാണ് നമ്മള്‍ ധരിച്ചുപോരുന്ന വസ്ത്രങ്ങള്‍. നമ്മുടെ ലിംഗവൈവിധ്യം സ്രഷ്ടാവ് പ്രദാനം ചെയ്തതാണ്. അതിനെ ഇല്ലായ്മ ചെയ്യാന്‍ വസ്ത്രം മാറ്റിയുടുക്കുന്നതിലൂടെ കഴിയുമെന്നത് മൗഢ്യത്തിന്റെ പാരമ്യതയെയാണ് പ്രകാശിപ്പിക്കുന്നത്.
കുട്ടികള്‍ സ്വതന്ത്രരായി വളര്‍ന്നു വലുതാകുമ്പോള്‍ തങ്ങളുടെ ജെന്‍ഡര്‍ സ്വയം തീരുമാനിച്ചുകൊള്ളട്ടെ എന്ന ചിന്താഗതി 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ ഉടലെടുത്തതാണ്. കാലിഫോര്‍ണിയയിലെ 1600 കുടുംബങ്ങളില്‍ നടത്തിയ പഠന റിപോര്‍ട്ടില്‍ 12നും 17നും ഇടയില്‍ പ്രായമുള്ള നാലു കുട്ടികളില്‍ ഒരാള്‍ എന്ന തോതില്‍ ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിവില്ലാത്തവരായി മാറി എന്നതാണ് അതിന്റെ ദുര്യോഗം. ഒരു തലമുറയെ ഷണ്ഡീകരിക്കാന്‍ പോന്നതായിരുന്നു തങ്ങളുടെ പുതിയ രീതിയെന്ന് അതിന്റെ പ്രണേതാക്കള്‍ക്ക് തിരിച്ചറിയാന്‍ ഏറെ വൈകി. യുവത്വം ഒരു നാടിന്റെ പ്രതീക്ഷയും കരുതലും നട്ടെല്ലുമൊക്കെയാണ്. അവരെ നേര്‍വഴിക്ക് നടത്തേണ്ടത് മാതാപിതാക്കള്‍ അടക്കമുള്ള മുതിര്‍ന്നവരുടെ ബാധ്യതയാണ്. അവര്‍ അവിവേകത്തിന് കുട ചൂടുന്നവരായി മാറുന്നത് ഒരു സമൂഹത്തിന്റെ സാംസ്‌കാരിക അധഃപതനത്തിന്റെ ആഴത്തെയാണ് അടയാളപ്പെടുത്തുന്നത്.
വിവാഹം ആഘോഷത്തേക്കാള്‍ ഉപരി ദൈവികകൃപയും സമാധാനവുമൊക്കെ പ്രദാനം ചെയ്യേണ്ട പ്രാര്‍ഥനാനിര്‍ഭരമായ ഒന്നാണ്. അവിടേക്കും എല്ലാ പരിധികളും വിട്ടുള്ള ആഭാസങ്ങള്‍ ഇടിച്ചുകയറുകയാണ്. ഒരു വിവാഹ വീഡിയോയില്‍ കാണാനിടയായത് വരനെയും വധുവിനെയും ശവമഞ്ചത്തില്‍ കിടത്തി വിവാഹ വേദിയിലേക്ക് ആനയിക്കുന്ന കൂട്ടുകാരെയാണ്. ദൈവിക കാരുണ്യവും എല്ലാവരുടെയും പ്രാര്‍ഥനയുമൊക്കെ ഒത്തുചേരേണ്ട ഒരു സദസ്സ് ഇത്രയും സാംസ്‌കാരിക ശൂന്യമാവുമ്പോള്‍ ആ തലമുറയെ നയിക്കുന്നവരുടെ ഉത്തരവാദിത്തമെന്താണ്? പെണ്‍കുട്ടികളുടെ കാലില്‍ കറുത്ത ചരടുകള്‍ കാണാന്‍ തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളില്‍, തങ്ങള്‍ ലൈംഗികത്തൊഴിലാളികളാണെന്ന് തിരിച്ചറിയാനായി അവര്‍ ഉപയോഗിക്കുന്നതാണത്രേ ഇത്തരം അടയാളങ്ങള്‍. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത് അണിയുന്നവര്‍ ഒരിക്കലും അത്തരക്കാരല്ല. അവര്‍ കഥയറിയാതെ ആട്ടം കണ്ടവരാണ്. അന്യരുടെ വിഴുപ്പ് പേറുന്നവരാണ്.
ഒരു കാലത്ത് നമ്മുടെ ദാരിദ്ര്യത്തിന്റെയും പരിവട്ടത്തിന്റെയുമൊക്കെ അടയാളങ്ങളായിരുന്നു മൂട് കീറിയതും തുന്നിയതുമൊക്കെയായ നിക്കറും പാന്റ്‌സുമൊക്കെ. എത്ര പെട്ടെന്നാണ് അതെല്ലാം നമ്മുടെ സമ്പന്നതയുടെയും സ്റ്റാറ്റസിന്റെയുമൊക്കെ അടയാളങ്ങളായി മാറിയത്! ആയിരങ്ങള്‍ നല്‍കി നാം വാങ്ങുന്നതില്‍ പലതും ഇത്തരം സാംസ്‌കാരിക ഓട്ടകള്‍ വീണ ഉടയാടകളാണല്ലോ. ഇത്തരം വഴിമാറലുകളെ ഏറെ ഗുണകാംക്ഷയോടെ തിരുത്തുന്നിടത്തും നമുക്ക് ചില ദുഷ്ടവാസനകളെ കാണാതിരിക്കാനാകില്ല. സദൂം ദേശത്തേക്ക് നിയുക്തനായ ലൂത്വ് പ്രവാചകന്‍ ആ സമൂഹത്തോട് ചോദിച്ച ചോദ്യം ഇവിടെ പ്രസക്തമാണ്. ”നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ?” (ഖുര്‍ആന്‍ 11:78).

Back to Top