16 Tuesday
April 2024
2024 April 16
1445 Chawwâl 7

ഫെലോഷിപ്പ് നിര്‍ത്തിവയ്ക്കല്‍ വിദ്യാഭ്യാസരംഗത്തു നിന്നുള്ള ആസൂത്രിത പുറംതള്ളലുകള്‍

രാം പുനിയാനി


2005 ലെ യു പി എ സര്‍ക്കാരിന്റെ ശുപാര്‍ശയെ തുടര്‍ന്നുണ്ടായ സച്ചാര്‍ കമ്മിറ്റിയുടെ 2006ലെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ മുസ്‌ലിം സമുദായം തങ്ങളുടെ ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ കൂപ്പുകുത്തുന്നതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. അവര്‍ക്കെതിരായ അക്രമങ്ങള്‍ മൂലമുള്ള അരക്ഷിതാവസ്ഥ വിശകലനം ചെയ്യുമ്പോള്‍, സാമൂഹിക-രാഷ്ട്രീയ ജീവിതത്തിലെ മുസ്‌ലിം സമുദായ പ്രാതിനിധ്യം അനിയന്ത്രിതമായ വീഴ്ചയിലേക്ക് നീങ്ങുകയാണെന്ന് വിലയിരുത്തപ്പെടുന്നു. അപലപനീയമായ ഇത്തരം സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ വിവേകബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം സ്വീകരിച്ച നടപടികളില്‍ ഒന്നാണ് മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ്. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടിയായിരുന്നു ഇത് നിലവില്‍ വന്നത്. മുസ്‌ലിംകള്‍, ക്രൈസ്തവര്‍, സിഖുകാര്‍, ജൈനര്‍, ബുദ്ധമതക്കാര്‍ തുടങ്ങി എല്ലാ മതന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയെ തുടര്‍ന്ന് ഈയിടെയായി ആയിരത്തില്‍ 733 ഫെലോഷിപ്പുകളും അവര്‍ക്കായി മാറ്റിവെച്ചിരിക്കുന്നു.
ഭയാനകമായ അന്തരീക്ഷം കൊണ്ടും ദാരിദ്ര്യം, അനുകൂല നടപടികളുടെ അഭാവം എന്നീ കാരണത്താലും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്ലിം വിദ്യാഭ്യാസത്തിന്റെ നില മോശമായി. രാജ്യത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നപ്പോഴും വിദ്യാലയങ്ങളില്‍ ചേരുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 17 വയസ്സിനു മുകളിലുള്ള മുസ്‌ലിം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസനേട്ടം വളരെ കുറവാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മെട്രിക്കുലേഷന്റെ (സര്‍വകലാശാലാ ബിരുദത്തിന്റെ) ദേശീയ ശരാശരി 22 ശതമാനമാണ്, എങ്കിലും ദേശീയ മുസ്‌ലിം ശരാശരി വെറും 17% മാത്രമാണ്. സാക്ഷരതാ നിരക്കിന്റെ ദേശീയ ശരാശരി 73.4 %ഉം മുസ്‌ലിം ദേശീയ ശരാശരി 57.3 %ഉം ആണ്. മുസ്‌ലിംകള്‍ക്കിടയിലെ മൊത്തത്തിലുള്ള നിരക്ഷരത മറ്റ് മതന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതുപോലെ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഉയര്‍ന്ന തലങ്ങളിലുള്ള അവരുടെ എന്റോള്‍മെന്റ് വളരെ കുറവാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മുസ്‌ലിംകള്‍ക്ക് ഇടയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു ചെറിയ പ്രോത്സാഹനം എന്ന നിലയില്‍ എം എ എന്‍ എഫ് നിലവില്‍ വന്നത്. അവരുടെ മൊത്തം ജനസംഖ്യയായ 14.2 %ല്‍ നിന്ന് 5.5% മുസ്‌ലിംകള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തില്‍ എത്തുന്നത്. 2011ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഹിന്ദുക്കളില്‍ ബിരുദധാരികള്‍ 5.98 %ഉം മുസ്‌ലിംകള്‍ക്കിടയില്‍ 2.76 %ഉം ആയിരുന്നു.
സമാനമായ രീതിയില്‍ മുസ്‌ലിംകള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രീമെട്രിക് സ്‌കോളര്‍ഷിപ് 2008ലാണ് ആരംഭിച്ചത്. തീര്‍ച്ചയായും ഇത് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ വലിയ സഹായകമായിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തു പോലും, മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്‌കോളര്‍ഷിപ് നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ല എന്ന് സുപ്രീം കോടതിയില്‍ വാദിച്ചു. പദ്ധതിക്കുള്ള കേന്ദ്രവിഹിതം ഗുജറാത്ത് ഗവണ്‍മെന്റ് തിരികെ നല്‍കുകയും ചെയ്തു. ഇതുമായി ചേര്‍ത്ത് വായിക്കാവുന്ന വിധം 2022 നവംബറിലെ വിജ്ഞാപനമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്റെ പരിധി 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
2022 ഡിസംബര്‍ 8ന് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയുടെ പ്രഖ്യാപനമനുസരിച്ച് എംഎഎന്‍എഫ് നിര്‍ത്തിവെച്ചു. സര്‍ക്കാരിന്റെ ഈ നയത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്, കൂടാതെ നിരവധി കോണ്‍ഗ്രസ് എംപിമാരും മറ്റ് എംപിമാരും ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയുള്ള, ഒബിസിക്കാര്‍ക്കുള്ള മറ്റ് സമാന പദ്ധതികളുമായി ഈ പദ്ധതി ഓവര്‍ലാപ് ചെയ്യുന്നു എന്നതാണ് ഇറാനിയുടെ വാദം. പക്ഷേ ഒരാള്‍ക്ക് ഒരേ സമയം രണ്ട് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കില്ല എന്ന വസ്തുത അവര്‍ മറച്ചുപിടിക്കുന്നു.
ഗവേഷക വിദ്യാര്‍ഥിയായ അബ്ദുല്ല ഖാന്‍ (മുസ്‌ലിം മിറര്‍) മുസ്‌ലിം വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റ് അനുപാതത്തിലെ കുറവ് ചൂണ്ടിക്കാണിക്കുന്നു. എംഎച്ച്ആര്‍ഡി നടത്തിയ ഓള്‍ ഇന്ത്യാ സര്‍വേയിലെ ഉന്നത വിദ്യാഭ്യാസ റിപ്പോര്‍ട്ടുകള്‍ പ്രകാരം (എഐഎസ്എച്ച്ഇ), എസ്‌സി, എസ്ടി, ഒബിസി തുടങ്ങി മറ്റ് പിന്നാക്ക വിഭാഗങ്ങളിലും ഉന്നത വിദ്യാഭ്യാസ പ്രാതിനിധ്യം വളരെ കുറവാണ്.
തുല്യ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന നിലവിലെ ഏത് ക്രിയാത്മക നടപടികളും പഴയ പടിയാക്കാന്‍ നിലവിലെ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് വളരെ വ്യക്തമാണ്. രാഷ്ട്രീയതലത്തില്‍ വര്‍ഗീയശക്തികള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളെ വ്യത്യസ്ത രീതികളില്‍ ലക്ഷ്യമിടുന്നത് നാം കണ്ടു. ശ്രദ്ധ-അഫ്താബ് പോലുള്ള കേസുകളില്‍ ‘ലൗജിഹാദ്’ ഉയര്‍ത്തിക്കാട്ടി വര്‍ഗീയപരമായി ഇത്തരം വിഷയങ്ങളെ നോക്കിക്കാണാന്‍ ശ്രമിക്കുന്നു. അതേസമയം നമ്മുടെ പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ഇത്തരം കേസുകളിലെ പ്രധാന കാരണമായി മാറുന്നത്. ഹിന്ദു പുരുഷന്‍മാര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ഇത്തരം അതിക്രമങ്ങള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിസ്സാരവത്കരിക്കപ്പെടുന്നതിനും നാം സാക്ഷികളാണ്.
ഏതൊരു സമൂഹത്തിന്റെയും സാമൂഹിക പുരോഗതിയുടെ താക്കോല്‍ വിദ്യാഭ്യാസമാണ് എന്നതില്‍ സംശയമില്ല. സയ്യിദ് മീര്‍സ ക്ലാസിക് ‘സലിം ലംഗഡെ പെ മത് റോ’ ഇത് വളരെ വ്യക്തമായി മുന്നോട്ടുവെക്കുന്നു. മുംബൈ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ബേബാക് കലക്ടീവ് അടുത്തിടെ നടത്തിയ സര്‍വേയില്‍ മുസ്‌ലിം യുവാക്കള്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.
നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ ആധിപത്യം മുസ്ലിം ന്യൂനപക്ഷങ്ങളുടെ ജീവിതത്തെ പല തരത്തില്‍ ബാധിച്ചിട്ടുണ്ട്. അധികാരത്തിലില്ലെങ്കിലും മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിക്കാതിരിക്കാന്‍ അവര്‍ അര്‍ധ സെക്കുലര്‍ പാര്‍ട്ടികള്‍ക്കു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്റെയും ക്രൂരമായ വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണത്തിന്റെയും വലിയ ഇരകള്‍ തീര്‍ച്ചയായും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ആയിരിക്കും.
പാര്‍ലമെന്റില്‍ ഭരണകക്ഷിക്ക് വന്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങളോടുള്ള എതിര്‍പ്പുകള്‍ കൊണ്ട് മാത്രം വരേണ്യവര്‍ഗത്തിനനുകൂലവും ന്യൂനപക്ഷത്തിനെതിരുമായ അവരുടെ നിലപാടുകളില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ല. കൂട്ടുകക്ഷി സഖ്യത്തിലൂടെ ശക്തമായ വോട്ടുനില സൃഷ്ടിച്ചെടുത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സെന്‍സിറ്റീവായി കൈകാര്യം ചെയ്യാന്‍ ഉതകുന്ന രീതിയില്‍ ഒരു സംവിധാനം തന്നെ കേന്ദ്രത്തില്‍ നിലവില്‍ വരാന്‍ പോകുന്നു. ജാതി-മത-ഭാഷാഭേദമെന്യേ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് ആരോഗ്യകരമായ ഒരു സമൂഹത്തിലേക്കുള്ള മുന്നേറ്റ യാത്രയില്‍, നമ്മെ ഭയപ്പെടുത്തുന്ന ഒരു വിഭാഗത്തെ/ സമൂഹത്തെ എങ്ങനെ പിന്തിരിപ്പിക്കാം എന്നത് നിലവിലുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇപ്പോഴത്തെ സര്‍ക്കാരിന് മറ്റൊരു അജണ്ടയുണ്ട്. ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’ എന്ന തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസമത്വമുള്ള ഒരു സമൂഹത്തില്‍ സ്വീകാര്യമായ പ്രവര്‍ത്തനങ്ങളുടെയോ ‘തുല്യാവസര’ത്തിന്റെയോ മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല. ജാമിഅ, അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം ന്യൂനപക്ഷ സമൂഹം എന്നും വേദനയോടെ ഓര്‍ക്കും. സമാന്തരമായി, ഇതേ സ്മൃതി ഇറാനി എംഎച്ച്ആര്‍ഡി മന്ത്രിയായിരുന്നപ്പോള്‍ രോഹിത് വെമുലയുടെ ആത്മഹത്യയുടെ രൂപത്തില്‍ ദലിതരുടെ ദുരവസ്ഥക്ക് നമ്മള്‍ വേദനയോടെ ദൃക്‌സാക്ഷികളായി.
ഇവിടെ നിന്ന് ഇനി എങ്ങോട്ടാണ് നാം പോകേണ്ടത്? എംഎഎന്‍എഫ് പിന്‍വലിച്ചതും പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതുമായ വലിയ വിടവുകള്‍ നികത്താന്‍ മുസ്‌ലിം സമുദായത്തിലെ മനുഷ്യസ്‌നേഹികള്‍ക്കും വഖ്ഫും മറ്റ് കമ്മ്യൂണിറ്റി സ്രോതസ്സുകളും നിയന്ത്രിക്കുന്നവര്‍ക്കും മുന്നോട്ടുവരാന്‍ കഴിയുമോ? നീതിയുക്തമല്ലാത്ത ഒരു ഉത്തരവാണിത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടി പിന്‍വലിക്കാനുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഭരണകക്ഷിയായ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ഈ ഉത്തരവ് നടപ്പാവുക തന്നെ ചെയ്യും. ന്യൂനപക്ഷവിരുദ്ധ അജണ്ട പൂര്‍ണശക്തിയോടെ നടപ്പാക്കാന്‍ ഇപ്പോള്‍ ഈ സര്‍ക്കാര്‍ തയ്യാറാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ പാതിവഴിയിലുള്ള വിദ്യാര്‍ഥികള്‍ക്കും അത്തരം വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കേണ്ടതുണ്ട്.
വിവ. കെ ജംഷിയ

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x