7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടരുത്‌


ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരി വെച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദമായിരുന്നു അത്. ചരിത്രപരമായ കാരണങ്ങളാല്‍, കശ്മീരിനെ ഇന്ത്യന്‍ യൂണിയനിലേക്ക് ലയിപ്പിച്ചിരുന്നത് ഒട്ടേറെ നിബന്ധനകളോടെയാണ്. അതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് ഈ ഖണ്ഡികയാണ്. അതുവഴി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ പല കാര്യങ്ങളും കശ്മീരില്‍ ഉപാധികളോടെ മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കശ്മീരിന് മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകമായ നിയമങ്ങളുണ്ട്. എന്നാല്‍ കശ്മീരിന്റെ പദവി മാത്രം എല്ലാ കാലത്തും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായി. ഒടുവില്‍, ബി ജെ പി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പോലെ തന്നെ കാശ്മീരിന്റെ പ്രത്യേക പദവി ഒരു പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെ റദ്ദാക്കി കളഞ്ഞു. നാല് വര്‍ഷത്തോളമായി ഇത് സംബന്ധിച്ച് നടന്ന സുപ്രീംകോടതി വ്യവഹാരങ്ങള്‍ക്കൊടുവിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഭരണഘടനയുടെ 370-ാം വകുപ്പ് സ്ഥിരമാണോ താത്കാലികമാണോ എന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. അത് താത്കാലിക വകുപ്പാണ് എന്ന തീര്‍പ്പിലാണ് റദ്ദാക്കിയ നടപടി ശരിവെച്ചത്.
ഒരു സംസ്ഥാനത്തിന്റെ ഫെഡറല്‍ സ്വഭാവത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതത് സംസ്ഥാന നിയമസഭകളുടെയും ജനങ്ങളുടെയും അഭിലാഷം അറിയേണ്ടതല്ലേ എന്ന സാമാന്യചോദ്യം ഈ ഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, താത്കാലികമായ ഒരു ഭരണഘടനാ വകുപ്പിന്റെ പിന്‍ബലത്തിലാണ് കാശ്മീരിന്റെ പദവി നിലനിന്നിരുന്നത് എന്നതുകൊണ്ട് അത് റദ്ദ് ചെയ്യുവാന്‍ പ്രസിഡന്റിന് സാധിക്കുമെന്നാണ് കോടതി കണ്ടെത്തിയത്. അതേസമയം, ഈ കോടതിവിധി ഉയര്‍ത്തുന്ന ഫെഡറല്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ സാംസ്‌കാരികവും തദ്ദേശീയവുമായ വ്യതിരിക്തതകളെയും താല്‍പര്യങ്ങളെയും ഒട്ടും പരിഗണിക്കാതെ അതിര്‍ത്തികളിലും ഭരണസ്വഭാവത്തിലും മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാറിന് സാധിക്കുമെന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. സംസ്ഥാനത്തിന്റെ ഫെഡറല്‍ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാന നിയമസഭകളുടെ കൂടി പിന്തുണ ആവശ്യമാണ് എന്നിരിക്കെ അതിനെ രാഷ്ട്രപതി ഭരണത്തിലൂടെ മറികടക്കാമെന്ന പഴുത് രാജ്യത്തെ കേന്ദ സംസ്ഥാന ബന്ധങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തും.
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിലൂടെ അവിടങ്ങളില്‍ ഭൂമി വാങ്ങാനും ജോലി നേടാനും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് സാധിക്കും. ഇത് കശ്മീരികളുടെ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വ്യതിരിക്തതയെ ക്രമേണ ഇല്ലാതാക്കും. മഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല, ഗുലാംനബി ആസാദ് തുടങ്ങിയവര്‍ സുപ്രിംകോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. അതേസമയം, ലഡാക്ക് കേന്ദ്രഭരണ പ്രദേശമായും കശ്മീര്‍ സ്വതന്ത്ര സംസ്ഥാനമായും മുന്നോട്ട് പോകണം എന്ന സുപ്രീംകോടതിയുടെ ആവശ്യം പൊതുവില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, അതുകൊണ്ട് മാത്രം 370-ാം വകുപ്പ് മൂലം ഉണ്ടായിരുന്ന പദവിയും സാംസ്‌കാരിക തനിമയും തിരിച്ചുപിടിക്കാന്‍ ഇനി കാശ്മീരിന് സാധിക്കില്ല.
എന്നിരുന്നാലും, ഒരു സ്വതന്ത്ര സംസ്ഥാനമെന്ന നിലയില്‍ കശ്മീരികള്‍ക്ക് ഗുണകരമാവുന്ന നടപടികള്‍ ഭാവിയില്‍ ഉണ്ടാവണം. ക്രമസമാധന നില പരിപാലിക്കണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയുണ്ടാകണം. തൊഴിലില്ലായ്മ പരിഹരിക്കണം. ജനാധിപത്യപരമായ രാഷ്ട്രീയ സംവാദങ്ങളിലൂടെ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ സാധ്യമാവണം. അതുവഴി കശ്മീരിന്റെ ഭൂമിശാസ്ത്രവും സ്ട്രാറ്റജിക്കലുമായ പ്രത്യേകതയെ രാഷ്ട്രപുരോഗതിക്ക് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കണം. മാത്രമല്ല, ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീംകോടതി വിധി ഒരു കീഴ്‌വഴക്കമായി മാറുന്ന സാഹചര്യം ഉണ്ടാകരുത്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ആദ്യപടിയായി ഈ വിധി മാറരുത്. അക്കാര്യത്തില്‍ ഭരണഘടന മുന്നോട്ട് വെക്കുന്ന അധികാര വിഭജനവും ഫെഡറല്‍ ജനാധിപത്യവും ഉറപ്പുവരുത്താന്‍ സുപ്രീംകോടതിക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x