23 Monday
December 2024
2024 December 23
1446 Joumada II 21

അപ്രസക്തമാകുമോ ഫെഡറലിസം?

ഡോ. ടി കെ ജാബിര്‍


ജനാധിപത്യ വിശ്വാസികളെ വീണ്ടും ആശങ്കയിലാക്കി അതിനെ തകര്‍ക്കുന്ന മറ്റൊരു പദ്ധതിയുമായി എത്തിയിരിക്കുന്നു ഭരണകൂടം. ഇന്ത്യാ രാജ്യത്ത് ഏകീകൃത തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം രണ്ടു രൂപത്തില്‍ ഫലത്തില്‍ വരുത്താന്‍ ആണ് ശ്രമിക്കുന്നത്. ഒന്ന് ഒരു ചൈന-റഷ്യ-തുര്‍ക്കി മോഡല്‍ സര്‍വാധിപത്യ രാഷ്ട്രം. രണ്ട് പാര്‍ലമെന്ററി വ്യവസ്ഥയെ തകര്‍ത്ത് കേന്ദ്രീകൃത പ്രസിഡന്‍ഷ്യല്‍ രാഷ്ട്രം. ഇന്ത്യാ രാജ്യത്തെ ഒരു പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നുള്ളത് ബി ജെ പിയുടെ ദീര്‍ഘകാലമായ ഒരു പദ്ധതിയാണ്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അതിന്റെ ചര്‍ച്ച ഉണ്ടായിട്ടുണ്ട്. വ്യക്തികേന്ദ്രീകൃതമായ ഭരണകൂടം 2014ല്‍ വന്നതിനുശേഷം അതിന്റെ സാധ്യതകള്‍ കൂടുന്ന സാഹചര്യമാണ് ഉണ്ടായത്. 2018 ല്‍ കേന്ദ്ര – സംസ്ഥാനങ്ങളിലെ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിനെ കുറിച്ച് കേന്ദ്ര നിയമ കമ്മീഷന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ചില രാഷ്ട്രീയപാര്‍ട്ടികള്‍ അന്ന് ആ വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചു. പലതും ബി ജെ പി അനുകൂല പാര്‍ട്ടികളായിരുന്നു. പക്ഷേ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപി ഐ എം, ആം ആദ്മി, സി പി ഐ തുടങ്ങിയ പാര്‍ട്ടികളെല്ലാം അതിനെ എതിര്‍ത്തു. റഷ്യ-ചൈന-തുര്‍ക്കി-നോര്‍ത്ത് കൊറിയ എന്നിവിടങ്ങളില്‍ ജനാധിപത്യത്തിന് സംഭവിച്ചത് നമുക്ക് അനുഭവമാണ്. മാധ്യമങ്ങളെ വിലങ്ങിട്ട്, ഏകസ്വരം മാത്രം രാജ്യത്ത് കേള്‍പ്പിക്കുക, ബഹുസ്വരതയെ കശാപ്പ് ചെയ്യുക എന്നിവയെല്ലാം ഇതിനു പിന്നാലെ രാജ്യത്ത് നടമാടും ഈ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ എന്നത് ഉറപ്പാണ്.
ഭരണഘടന
അട്ടിമറിക്കപ്പെടുമോ?

ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് എന്ന് പറയുന്നതിന്റെ അര്‍ഥം ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുക എന്നത് തന്നെയാണ്. സംസ്ഥാനങ്ങളെയും അവിടെയുള്ള പ്രാദേശികമായ പ്രശ്‌നങ്ങളെയും അട്ടിമറിക്കുക എന്ന ഉദ്ദേശ്യം ഇതിന്റെ പിന്നിലുണ്ട്.
കേള്‍ക്കുമ്പോള്‍ വലിയൊരു സംഭവമാണ്, വലിയ മഹത്തരമായ ഒരു കാര്യമായിരിക്കും, സാമ്പത്തിക ലാഭം ഉണ്ടാകും എന്നെല്ലാം തോന്നുമെങ്കിലും നേരെമറിച്ച് ആയിരിക്കും സംഭവിക്കുക. ഇന്ത്യയെക്കുറിച്ച് സാമാന്യം അറിവുള്ള ഒരാള്‍ പോലും ഇത്തരത്തില്‍ അപ്രായോഗികമായ ഒരു പദ്ധതിയെ പിന്തുണയ്ക്കില്ല എന്ന് ഉറപ്പാണ്. പിന്തുണയ്ക്കുന്ന ആളുകള്‍ക്ക് ഇന്ത്യ എന്ന സങ്കല്‍പം നിലനിന്നുകാണുവാന്‍ ആഗ്രഹമില്ല എന്നത് നേര്‍ക്കുനേരെ പറയാന്‍ കഴിയും. ഇന്ത്യ എന്ന ആശയത്തിന്റെ അര്‍ഥം വൈവിധ്യങ്ങളുടെ വലിയൊരു സമുച്ചയം എന്നാണ്. ആ വലിയ സമുച്ചയത്തിന്റെ അടിത്തറ തകര്‍ക്കലാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ദൂരവ്യാപകമായ
പ്രത്യാഘാതം

ഇവിടെ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും എന്നത് ഉറപ്പാണ്. തെരഞ്ഞെടുപ്പിന് ശേഷം ഒരു സംസ്ഥാന സര്‍ക്കാര്‍ താഴെ വീഴുകയോ അല്ലെങ്കില്‍ വീഴ്ത്തപ്പെടുകയോ ചെയ്താല്‍ അടുത്ത തെരഞ്ഞെടുപ്പ് വരേയ്ക്കും കേന്ദ്രഭരണം അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം നടത്തിക്കൊണ്ടുപോകുവാന്‍ കേന്ദ്രസര്‍ക്കാരിന് എളുപ്പത്തില്‍ സാധിക്കും. അല്ലെങ്കില്‍ തന്നെ 2014 മുതല്‍ പ്രത്യേകിച്ചും എത്രയോ സംസ്ഥാന സര്‍ക്കാരുകളെയാണ് വീഴ്ത്തുകയോ അട്ടിമറിക്കുകയോ ചെയ്തത് എന്നത് നമുക്കറിയാം. ജനാധിപത്യത്തിന്റെ എല്ലാവിധ മര്യാദകളെയും മറികടന്നു മൂല്യങ്ങളുടെ കൂട്ടക്കൊലയാണ് അവിടെ സംഭവിച്ചത്. അഴിമതിയും കോഴപ്പണവും അരങ്ങുവാഴും എന്നത് ഇന്നേ ഉറപ്പിച്ചു പറയാം.

വിചിത്രമായ സമിതി
വിചിത്രമായ ഒരു സമിതിയാണ് ഇതിനായി സ്ഥാപിച്ചിരുന്നത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആ സമിതിയുടെ അധ്യക്ഷന്‍ ആയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഒരു മുന്‍ രാഷ്ട്രപതിയെ ഇങ്ങനെ ഒരു സമിതി അധ്യക്ഷനായി നിയോഗിച്ചതായി അറിവില്ല. ഇത്തരത്തിലുള്ള ഏകീകൃത തെരഞ്ഞെടുപ്പ് ഒരു അപ്രായോഗിക, അസാധ്യ പദ്ധതിയാണെന്നാണ് കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ ഗവേഷകന്‍ ഡോ. ജി ഗോപകുമാര്‍ എഴുതിയത്(മാതൃഭൂമി 2024).
2029 നു ശേഷമാണ് ഇത് നടപ്പാക്കുക എന്നതാണ് ഒരു കാര്യം. വൈവിധ്യം എന്നതാണ് ഇന്ത്യ എന്ന ആശയത്തിന്റെ മറ്റൊരു അര്‍ഥം. ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും അത് തന്നെയാണ്. ഇന്ത്യാ രാജ്യത്തിന്റെ ഭാഷ, പ്രാദേശികത, ഉപ പ്രാദേശികത, ജാതി, മതം വംശം, സംസ്‌കാരങ്ങള്‍ തുടങ്ങിയ വൈവിധ്യങ്ങളെ ഇവിടെ പിടിച്ചുനിര്‍ത്തുവാന്‍ കഴിഞ്ഞത് ഫെഡറല്‍ ജനാധിപത്യം എന്ന ഭരണഘടനാ ശില്പികളുടെ ദീര്‍ഘവീക്ഷണ പദ്ധതി കൊണ്ടാണ്.
ഇന്ത്യയുടെ വികസനത്തോടൊപ്പം ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയവും ഇവിടെ ഏറെക്കുറെ പ്രാവര്‍ത്തികമായിട്ടുണ്ട്. അത് വലിയൊരു രാഷ്ട്രീയ അത്ഭുതം തന്നെയാണ്. ഈ ഫെഡറല്‍ സംവിധാനത്തെ അടിച്ചു തകര്‍ക്കുക എന്നുള്ളതാണ് ഈ ഏകീകൃത തെരഞ്ഞെടുപ്പ് കൊണ്ടുള്ള ഉദ്ദേശ്യം തന്നെ. ഒരു രാജ്യം – ഒരു ഭാഷ – ഒരു നികുതി എന്നുള്ളത് പോലും ഇതുവരെയും പ്രാവര്‍ത്തികമാക്കാന്‍ ആയിട്ടില്ല. ആവുകയുമില്ല, എന്ന് കണ്ടു സര്‍ക്കാര്‍ പിന്‍വലിഞ്ഞത് ഒരു വസ്തുതയാണ്.

മുന്നണി രാഷ്ട്രീയം
അട്ടിമറിക്കപ്പെടും

ഇന്ത്യ ഒരു ബഹുകക്ഷി സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണ്. ഇന്ത്യയില്‍ ദേശീയ പാര്‍ട്ടികള്‍ ആറെണ്ണമുണ്ട്, അതുകൂടാതെ നിരവധി പ്രാദേശിക പാര്‍ട്ടികളും ഉണ്ട്. ഇവയ്‌ക്കെല്ലാം വ്യത്യസ്തമായ പ്രവര്‍ത്തന രീതികളും കാഴ്ചപ്പാടുകളും ആണ് ഉള്ളത്. പക്ഷേ അതൊന്നും പൊതുവേ സംഘര്‍ഷത്തിലേക്ക് പോകുന്നതായിട്ടും കാണുന്നില്ല.
ഇതെല്ലാം ഫെഡറല്‍ സംവിധാനത്തിന് മറ്റൊരു സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്. ദേശീയ – പ്രാദേശിക പാര്‍ട്ടികളുടെ സംഘാടനം തന്നെ അട്ടിമറിക്കുവാന്‍ ഈ തെരഞ്ഞെടുപ്പ് പദ്ധതി കൊണ്ട് കഴിയും എന്നുള്ളത് അതിന്റെ ഉപജ്ഞാതാക്കള്‍ക്ക് അറിയാം. നമ്മളുടെ ഭരണഘടനാ ശില്‍പികള്‍ എന്തുകൊണ്ട് ഭരണഘടനയില്‍ ഫെഡറല്‍ സംവിധാനം കൊണ്ടുവന്നു എന്നുള്ളത് വലിയൊരു ചോദ്യവും അതിന്റെ വിശദീകരണവും ഇവര്‍ മനസ്സിലാക്കേണ്ടതുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പിന്റെ അജണ്ടയും ദേശീയ തെരഞ്ഞെടുപ്പിന്റെ അജണ്ടയും എപ്പോഴും രണ്ടായിരിക്കും എന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. പലപ്പോഴും തൂക്കുസഭകള്‍ സംസ്ഥാനത്തും ദേശീയതലത്തിലും ഉണ്ടാകാറുണ്ട്. അത് പരിഹരിക്കുവാന്‍ ആണ് മുന്നണി രാഷ്ട്രീയം എന്ന സംവിധാനം ഉണ്ടായത്.
അതിനെയും അട്ടിമറിക്കുക എന്നുള്ളതും ഈ ഒറ്റ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ സാധിക്കും. ദേശീയ സംസ്ഥാന രാഷ്ട്രീയ സാഹചര്യം രണ്ടായതുകൊണ്ട് ഇത്തരത്തിലുള്ള വോട്ടെടുപ്പിലൂടെ മനുഷ്യരുടെ സ്വാഭാവിക രാഷ്ട്രീയ അവസരമാണ് നഷ്ടമാകുന്നത് എന്നുള്ളത് മനസ്സിലാക്കേണ്ടതുണ്ട്. സ്വീഡന്‍, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക, ബെല്‍ജിയം, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടെങ്കിലും ഇന്ത്യ പോലെ അതിബൃഹത്തായ വൈവിധ്യങ്ങള്‍ ഉള്ള ഒരു രാജ്യത്ത് സാധ്യമല്ലെന്ന് ഡോ. ജി ഗോപകുമാര്‍ എഴുതിയിട്ടുണ്ട്.
അദ്ദേഹം ദീര്‍ഘകാലം കമ്പാരിറ്റീവ് പൊളിറ്റിക്‌സ് പഠിപ്പിച്ച അധ്യാപകനാണ്. ആ അനുഭവത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍. ഈ നിയമം നടപ്പിലാക്കണമെങ്കില്‍ ഭരണഘടനയിലെ 83, 85,172, 174 എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടി വരും എന്നതാണ് മറ്റൊരു കാര്യം.

Back to Top