27 Saturday
July 2024
2024 July 27
1446 Mouharrem 20

രുചിവൈവിധ്യങ്ങളുടെ പെരുന്നാൾ തളികയിലെ ആവി പൊന്തുന്ന അക്ഷരങ്ങൾ

ഫാത്തിമ ഫസീല

എല്ലാ വ്യാഴാഴ്ചയും ബീഹാറിലെ ബസാറാമിലെ തറവാട്ടിലേക്ക് വിരുന്നിന് വരുന്ന പേരക്കുട്ടി പീര്‍ പതിവിന് വിപരീതമായി ബുധനാഴ്ച കയറിവന്നപ്പോള്‍ ദാദീമാം വളരെയധികം ദുഖിതയായി കാണപ്പെട്ടു. എല്ലാ ആഴ്ചയും അവന് പാചകം ചെയ്തുകൊടുക്കാറുള്ള ആപ്ത ഖോഷ്ട് ഉണ്ടാക്കുവാനുള്ള മട്ടണ്‍ വീട്ടില്‍ ഇല്ല എന്നതായിരുന്നു അവരുടെ വല്ലായ്മയുടെ കാരണം. പിന്നെ ചിന്തിച്ചു നില്‍ക്കാതെ ഉണങ്ങിയ ഫിഗ്‌സ് പോസിഡീസ് പേസ്റ്റ്, സാലനുവേണ്ടി വറുത്തെടുത്ത ഉരുളക്കിഴങ്ങ്, ഗരംമസാല, മുളക് എന്നിവ ചേര്‍ത്ത് ചോറും ബേബന്‍ റൊട്ടിയുമൊക്കെയായി വിഭവസമൃദ്ധമായി അവനെ സല്‍ക്കരിക്കുന്ന കാഴ്ചയാണ് സദഫ് ഹുസൈന്‍ എഴുതിയ ദാസ്താനെ ദസ്താർഖാന്‍ എന്ന പുസ്തകത്തില്‍ വിശദമായി വരച്ചിടുന്നു. പാരമ്പര്യമായി കൈമാറിവന്ന പാചകക്കുറിപ്പുകളെ പരിചയപ്പെടുത്തുന്ന, സ്‌നേഹത്തിന്റെ ഊഷ്മളമായ വിരുന്നൂട്ടലുകളെ അടയാളപ്പെടുത്തിയ സൂഫ് ഇന്ത്യന്‍ മുസ്‌ലിം കളുടെ ഭക്ഷണ നൈപുണ്യം ബിരിയാണിയിലും കെബാബിലും ഒതുങ്ങുന്നതല്ല എന്ന് ഉറപ്പിക്കുന്നുണ്ട്. കൂട്ടുകാരും കുടുംബവും ഒത്തുചേരുന്ന അവസരങ്ങളില്‍ ഭക്ഷണം ആസ്വദിച്ചുകഴിക്കാനായി നിലത്തുവിരിക്കുന്ന മഞ്ഞ പരവതാനി എന്നര്‍ഥം വരുന്ന ദസ്താര്‍ഖാന്‍ എന്ന പുസ്തകത്തില്‍ പെരുന്നാളിന് പ്രത്യേകം പാകംചെയ്യുന്ന ബീഹാറികബാബ് ഉള്‍പ്പെടെ മുപ്പത് വിഭവങ്ങളാണ് പരിചയപ്പെടുത്തുന്നത്. മുര്‍ഗ് മുസല്ലറ, അംറൂദ് ഔര്‍ കിര്‍ച്ചികാസാലന്‍ അങ്ങനെ പോകുന്നു ആ നിര.
ഇന്ത്യന്‍ മുസ്‌ലിംകളുടെ എണ്ണിയാലൊടുങ്ങാത്ത രുചികരമായ വിഭവങ്ങള്‍ പല പുസ്തകങ്ങളില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്നതിനാല്‍ പാരമ്പര്യത്തില്‍ അധിഷ്ഠിതമായതും അന്യംനിന്നുപോകുന്നതുമായ പല രുചിക്കൂട്ടുകളെയും നമുക്ക് ചേര്‍ത്തുപിടിക്കാനാവുന്നുണ്ട്.
സാദിയ ദഹ്ല്‍വിയുടെ ജാസ്മിന്‍ ആന്റ് ഈന്‍ എന്ന പുസ്തകത്തില്‍ കുട്ടിക്കാലത്തെ ഓര്‍മകളിലൂടെ ഡല്‍ഹിയിലെ പഴയകാല വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നു. സാദിയ ചെറുപ്പകാലത്ത് കുടുംബത്തോടൊപ്പം മെഹ്നാളി എന്ന സ്ഥലത്തേക്ക് വിനോദയാത്ര പോകുന്നുണ്ട്. അവിടെ കുട്ടികള്‍ ഊഞ്ഞാലാടിയും ഖിര്‍നി മരത്തിലെ മഞ്ഞ പഴങ്ങളിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കിയും സമയം വിനിയോഗിക്കുമ്പോഴേക്ക് ഉമ്മ പലവിധ വിഭവങ്ങളും തയ്യാറാക്കി വെക്കുന്നു. ആംചട്‌നി, ഹരി മിര്‍ചീകീമ തുടങ്ങിയവയോടൊപ്പം കടലപ്പൊടി, ഗോതമ്പുപൊടി, നെയ്യ് എന്നിവ ചേര്‍ത്ത ബേസനി റൊട്ടിയും ഉണ്ടാക്കിയിട്ടുണ്ടാവും. അവിടെ വെച്ച് കുട്ടികളോടൊപ്പം ചേര്‍ന്ന് മാങ്ങ തീറ്റ മത്സരവും നടത്തുന്നുണ്ട്.

മുത്തുകളുടെയും രുചിക്കൂട്ടുകളുടെയും നാടായ ഹൈദരാബാദിലെ തനത് ഭക്ഷ്യവിഭവങ്ങളെയും കൂട്ടുകുടുംബത്തിലെ ആനന്ദകരമായ നിമിഷങ്ങളെയും ഓര്‍ത്തെടുക്കുകയാണ് സാഫ്‌റോണ്‍സ് ആന്റ് പേര്‍സ് എന്ന തന്റെ പുസ്തകത്തിലൂടെ ഡോറീന്‍ഹസ്സന്‍. ഒരു ഭക്ഷണ സല്‍ക്കാരം എങ്ങനെ വിജയകരമാക്കാം എന്ന് അവര്‍ ആ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ ഹൈദരാബാദുകാരി, തന്റെ വ്യക്തിഗതമായ അനുഭവകഥകളിലൂടെയാണ് ഹൈദരാബാദിന്റെ രുചിയറിവുകള്‍ പ്രതിഫലിപ്പിക്കുന്നത്. പെരുന്നാളിന് വിശിഷ്ടമായി തയ്യാറാക്കുന്ന പത്തര്‍ കാ ഗോഷ്ട് ആണ് തന്റെ ഇഷ്ട ഭക്ഷണമെന്ന് എഴുത്തുകാരി സൂചിപ്പിക്കുന്നു. ജന്മനാട്ടില്‍ നിന്ന് എത്ര അകലെയാണെങ്കിലും നമ്മുടെ പരമ്പരാഗതമായ രുചിവൈവിധ്യങ്ങളും കുടുംബബന്ധങ്ങളും ശീലങ്ങളും നമ്മില്‍ എന്നും നിലനില്‍ക്കുന്നു എന്ന് അവര്‍ പറയാതെ പറഞ്ഞുവെക്കുന്നു.
പേര്‍ഷ്യയില്‍ നിന്ന് രാജസ്ഥാനിലെത്തി ചോലരാജാക്കന്മാരുമായി വാണിജ്യത്തിലേര്‍പ്പെട്ട കുതിരക്കച്ചവടക്കാരാണ് റാവുത്തര്‍മാര്‍. മലേഷ്യ, ശ്രീലങ്ക, മ്യാന്മര്‍ എന്നീ നാടുകളിലെ രുചിവൈവിധ്യങ്ങളുടെ സങ്കലനമാണ് റാവുത്തര്‍മാരുടെ അടുക്കളകളില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. അതിപുരാതനമായ മുന്നൂറ്റി എഴുപത്തിഅഞ്ച് റാവുത്തര്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഫൂഡ് ബ്ലോഗറായ ഹസീന സെയ്ദ് റാവുത്തര്‍ റെസിപ് വിത് എ പിന്‍ച് ഓഫ് ലവ് എന്ന പുസ്തകത്തില്‍. കറികൊട്ടിക്കോല ഉരുണ്ടൈ, നര്‍ഗീസ് കോഫ്ത തുടങ്ങിയവ റാവുത്തര്‍ ഫുഡിലെ പ്രധാന ഇനങ്ങളാണ്.
രുചിയേറിയ ഭക്ഷണ വിഭവങ്ങള്‍ സമൂഹത്തിലെ എല്ലാ തലത്തിലും പെട്ട ആളുകള്‍ക്ക് ഒരുപോലെ വിതരണം ചെയ്യുന്ന വലിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുന്നിലായിരുന്ന മുഗള്‍ രാജാക്കന്മാര്‍ രൂപത്തിലും സുഗന്ധത്തിലും ഒരുപോലെ ആകര്‍ഷകമായ ഒട്ടേറെ ഭക്ഷണസാധനങ്ങളാണ് മുഗള്‍ കിച്ചണില്‍ അവതരിപ്പിച്ചത്. പേര്‍ഷ്യ, ഇറാന്‍, ഇന്‍ഡ്യ തുടങ്ങിയ രൂചിക്കൂട്ടുകള്‍ പ്രത്യേക അനുപാതത്തില്‍ കോര്‍ത്തിണക്കിയ മുഗള്‍ അടുക്കളയുടെ ഭരണത്തിന് മാത്രമായി അക്ബര്‍ ചക്രവര്‍ത്തി ഒരു മന്ത്രിയെ നിയമിച്ചിരുന്നു എന്നത് അത്ഭുതാവഹമായ ഒരു വസ്തുതയാണ്. ഹലീം കിച്ച്ട കൊര്‍മ, നിഹാരി ബക്കര്‍ഖാനി ആലുഘോഷ്ട് തുടങ്ങിയ വിവിധയിനം അതിരുചികരമായ ഭക്ഷ്യവിഭവങ്ങളാണ് ഈദ് പോലെയുള്ള ആഘോഷവേളകളില്‍ മുഗള്‍ കൊട്ടാരങ്ങളില്‍ വിളമ്പിയിരുന്നത്.

ആലുഘോഷ്ട്

നര്‍ഗീസ് കോഫ്ത

ഫ്രൂട്‌സ്, നട്ട്‌സ്, ഉണക്കമുന്തിരി, ബദാം, പിസ്ത, കുങ്കുമപ്പൂവ് എന്നിവയാല്‍ സമൃദ്ധമായ രുചിവൈവിധ്യങ്ങളാണ് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ തീന്‍മേശമേല്‍ അണിനിരന്നിരുന്നത്. ചന്ദനത്തിന്റെപൊടി, ബദാംപേസ്റ്റ്, ഷുഗര്‍ സിറപ്പ് എന്നിവ ചേര്‍ത്ത് ചാര്‍കോട്ടില്‍ ഗ്രില്ല് ചെയ്തുണക്കുന്ന പുക്താനെ ത്വാദ് എന്ന ഭക്ഷ്യവിഭവം അക്കാലത്ത് പ്രചാരത്തില്‍ വന്നതായിരുന്നു. ധാരാളം വ്യത്യസ്തമായ ഭക്ഷണയിനങ്ങള്‍ തയ്യാറാക്കാന്‍ കഴിയുന്ന ചിക്പീ ഷാജഹാന്‍ ചക്രവര്‍ത്തിക്ക് ഏറെ പ്രിയങ്കരമായിരുന്നു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മഹത്തായ അടുക്കളയെക്കുറിച്ചും അവിടുത്തെ രുചിക്കൂട്ടുകളെക്കുറിച്ചുമുള്ള നുഷ്‌കാ എ ഷാജഹാന്‍ എന്ന പുസ്തകം ബ്രിട്ടീഷ് ലൈബ്രറിയില്‍ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
തന്തൂര്‍ഫുഡ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റിയതില്‍ ഹൈദരാബാദിന് വലിയ പങ്കുണ്ട്. കുടിച്ചേരലുകളും ഭക്ഷണം ആസ്വദിച്ചുകഴിക്കലും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു ഹൈദരാബാദ് രാജാക്കന്മാര്‍. പരവതാനി വിരിച്ച് അതില്‍ വിവിധതരം ഭക്ഷ്യവിഭവങ്ങള്‍ നിര്‍ത്തുമായിരുന്നു. വളരെ എരിവുള്ള ബല്‍റെക്കും ചട്ട്പാടാചാട്‌നാ, മട്ടണ്‍ വസിന്തെ, മല്ലായി ടിക്ക തുടങ്ങിയ രുചികരമായ ഭക്ഷണ വിഭവങ്ങള്‍ക്ക് ശേഷം ഡെസേര്‍ട്ടിനേക്കാള്‍ അധികം പഴവര്‍ഗങ്ങളാണ് രാജാക്കന്മാര്‍ കഴിച്ചിരുന്നത്.
1857 മുതല്‍ ഹൈദരാബാദിലേക്ക് പല രാജ്യങ്ങളിലുമുള്ള ജനങ്ങള്‍ കുടിയേറിവന്നതുമുതലാണ് ഹൈദരാബാദിന്റെ തനത് വിഭവങ്ങളായ ബിരിയാണി ഹലീം എന്നിവയില്‍ അറബ് തുര്‍ക്കി സ്വാധീനം കടന്നുവന്ന് ഇന്ന് കാണുന്ന രുചിയിലും സുഗന്ധത്തിലും അധിഷ്ഠിതമായ ഒരു രുചിവൈഭവത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ഗോള്‍കോണ്ടയിലെ ഖുത്തുബ്ഷാഹിയുടെ കാലത്ത് വളരെ മികച്ച പല പാചക പരീക്ഷണങ്ങളും നടത്താന്‍ കഴിവുള്ള പാചക കലാകാരന്മാര്‍ കൊട്ടാരത്തിലുണ്ടായിരുന്നു.
ആപ്രിക്കോട്ടും കസ്റ്റാര്‍ഡും ചേര്‍ത്തുള്ള കുബാനികായിം ഇറാനി ചായ, ഉസ്മാനിയ ബിസ്‌കറ്റ് ലുഖ്മി എന്നു പേരുള്ള ചതുരത്തിലുള്ള സമൂസ തുടങ്ങിയവ പെരുന്നാള്‍ ആഘോഷവേളകളില്‍ ഹൈദരാബാദുകാര്‍ക്ക് ഇന്നും പ്രിയങ്കരമാണ്. ഫ്രൈ ചെയ്‌തെടുത്ത ബ്രഡ്, പാല്‍, കുങ്കുപ്പൂവ് ഡ്രൈഫ്രൂട്‌സ് എന്നിവ ചേര്‍ത്തുണ്ടാകുന്ന ഡബാള്‍കാമീം എന്ന മധുരപദാര്‍ഥം ഹൈദരാബാദ് നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന് സമ്മാനിച്ച വ്യത്യസ്തമായ ഒരു വിഭവം തന്നെയാണ്.
ആദ്യത്തെ നൈസാം ചക്രവര്‍ത്തിയായിരുന്ന ഖമറുദ്ദീന്‍ഖാന്‍ ചപ്പാത്തിപോലുള്ള ഇന്ത്യന്‍കുല്‍ച്ചയെ ഓഫീഷ്യല്‍ സിംബലാക്കി മാറ്റി തന്റെ പതാകയില്‍ ആലേഖനം ചെയ്തുവെച്ച കഥയില്‍ നിന്നുതന്നെ ഹൈദരാബാദ് രാജാക്കന്മാരും ഭക്ഷണവും തമ്മിലുള്ള അഭേദ്യമായ ബന്ധം നമുക്ക് വായിച്ചെടുക്കാവുന്നതാണ്.
ഭക്ഷണവും ആഘോഷങ്ങളും എപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നു. ഓരോ ആഘോഷങ്ങള്‍ക്കും അതിന്റേതായ ചില പ്രത്യേക ഭക്ഷ്യവിഭവങ്ങള്‍ തന്നെയുണ്ട്. പാചകം ചെയ്യുമ്പോഴുള്ള സൂക്ഷ്മതയും സൗന്ദര്യവത്ക്കരണവും അത് അവതരിപ്പിക്കുമ്പോഴും സ്‌നേഹവും സന്തോഷവും നിറഞ്ഞ ഒരു മനസ്സോടെ വിളമ്പികൊടുക്കുമ്പോഴുമാണ് ആഘോഷങ്ങള്‍ ഹൃദ്യമായ അനുഭവമായിത്തീരുന്നത്. പെരുന്നാള്‍ എന്ന ആശയവും അതിന്റെ സത്തയും എല്ലാ നാടുകളിലും ഒന്നാണെങ്കിലും ആഘോഷരീതികളും സാംസ്‌കാരികവും പാരമ്പര്യവുമായി ആര്‍ജിച്ചെടുത്ത ഭക്ഷണശീലങ്ങളും വളരെയധികം വൈവിധ്യങ്ങള്‍ നിറഞ്ഞതാകുമ്പോഴാണ് ഓരോ ദേശത്തിന്റെയും പെരുന്നാള്‍ സ്മൃതികള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട നിറങ്ങളാകുന്നത്.
രാജ്യാതിര്‍ത്തികള്‍ കടന്നുള്ള യാത്രകളും മറ്റെന്തിനേക്കാളും ഭക്ഷണവൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള മനസ്സും നമുക്കുള്ളതുകൊണ്ടാണ് പല വിശേഷ വിഭവങ്ങളും നമ്മുടെ വിരുന്നു മേശകളില്‍ സ്ഥിരം സാന്നിധ്യമായിമാറുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും പെരുന്നാള്‍ വിഭവങ്ങളിലുള്ള പുതിയ മാറ്റങ്ങള്‍ നമുക്ക്കാണാന്‍ കഴിയുന്നുണ്ട്.
അസി, ഖബീസ് മശ്ബൂസ് തുടങ്ങിയ ഒട്ടേറെ എമിറാത്തി വിഭവങ്ങളാല്‍ സമൃദ്ധമായ യു എ യില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങുന്നത് ബലാഷത്ത് എന്ന വിഭവത്തിലാണ്. മധുരമുള്ള വെര്‍മിസെല്ലി നൂഡില്‍സ് തയ്യാറാക്കി അതിനുമുകളില്‍ ഒരു ഓംലറ്റു പോലുള്ള ഒരുവിഭവംകൊണ്ട് അലങ്കരിച്ച ബ്രേക്ഫാസ്റ്റ് ആണ് ഈ മധുരവിഭവം.
ഓട്ടോമന്‍ പാചകവിധികള്‍ പിന്തുടരുന്ന തുര്‍ക്കിയിലെ പ്രധാന ഭക്ഷണ ചേരുവകളാണ് യോഗര്‍ട്ടും. ഉണക്കിയെടുത്ത ബീഫ് ആയ പാസ്ട്രിമയും ബട്ടര്‍, പഞ്ചസാര പാനി, പിസ്ത, പാല്‍ എന്നിവ വളരെ നേരിയ മൈദഷീറ്റുകളായ ഫില്യോയില്‍ നിരത്തി ബേക്ക് ചെയ്‌തെടുക്കുന്ന വളരെ ക്രിസ്പിയായതും മധുരമുള്ളതുമായ പലഹാരങ്ങള്‍ ഒരുക്കിവെച്ചാണ് തുര്‍ക്കിയിലെ വീട്ടുകാര്‍ പെരുന്നാള്‍ അതിഥികളെ കാത്തിരിക്കുന്നത്.
അരി, ഇറച്ചി, പച്ചക്കറികള്‍, നട്‌സ് തുടങ്ങിയവ പ്രധാന ചേരുവകളായി ഉപയോഗിക്കുന്ന ഇറാനിലെ പാചകവൈദഗ്ധ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭക്ഷണ ചരിത്രത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ചിക്കന്‍ പുഴുങ്ങിയെടുത്തതിലേക്ക് ജീരകം, ഉള്ളി, തക്കാളി, പച്ചമുളക്, ചില്ലിഫ്‌ളേക്‌സ്, മല്ലിച്ചപ്പ്, ഇഞ്ചിക്കഷ്ണങ്ങള്‍ തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് രൂചിയുടെ പാരാവാരം തീര്‍ക്കുന്ന ചിക്കന്‍ കറാഹീയാണ് ഇറാന്‍കാരുടെ പെരുന്നാള്‍ ഭക്ഷണത്തിന്റെ പൊലിമ കൂട്ടുന്നത്.
ചീര, സുക്കിനി, ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ഒലീവ് ഓയില്‍ തുടങ്ങിയവ ചപ്പാത്തിക്കുള്ളില്‍ ഫില്ല് ചെയ്തുണ്ടാക്കുന്ന ബൊലാനി എന്ന വിഭവമാണ് അഫ്ഗാന്‍കാര്‍ക്ക് പ്രിയമങ്കില്‍ ചിക്കന്‍ പൊട്ടറ്റോ, ഒലീവ് പാപ്‌റിക്കി എന്നിവ മണ്‍ചട്ടിയില്‍ ബേക്ക് ചെയ്‌തെടുത്ത ടാജൈം എന്ന വിഭവമുണ്ടാക്കിയാണ് മൊറോക്കോയില്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. എന്നാല്‍ നട്‌സ് കാരക്ക, ഫിഗ്‌സ്, എന്നിവ ചേര്‍ത്ത മഅ്മൂല്‍ ആണ് ജോര്‍ദാനിലെ പ്രധാന മധുരവിഭവം.
ഭക്ഷണം എന്ന് പറയുമ്പോള്‍ പങ്കുവെക്കാന്‍ എന്നുകൂടി ചേര്‍ത്തുവായിക്കണം. ഓരോ വിഭവങ്ങള്‍ തയ്യാറാക്കുമ്പോഴും മനസ്സതില്‍ സമര്‍പ്പിച്ച് രുചിക്കൂട്ടുകളുടെ സുഗന്ധവും ഭക്ഷണ വിഭവങ്ങളുടെ മനോഹാരിതയും നമ്മള്‍ ഉറപ്പുവരുത്തുന്നത് അത് നമ്മുടെ പ്രിയപ്പെട്ടവര്‍ ആസ്വദിച്ചുകഴിക്കുമ്പോള്‍ നമ്മിലും അവരിലും വിരിയുന്ന പുഞ്ചിരിയും സന്തോഷവും മുന്നില്‍ കണ്ടുകൊണ്ടാണ്. സമ്മാനങ്ങള്‍ കൈമാറിയും, രുചികരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ അയല്‍വാസികള്‍ക്ക് പങ്കിട്ടുകൊടുത്തുമൊക്കെയാണ് നമ്മള്‍ ഓരോ ആഘോഷങ്ങളെയും നമ്മുടെ സ്വന്തമാക്കി മാറ്റുന്നത്. പൊട്ടിപ്പോയ ബന്ധങ്ങളുടെ കുറ്റികളെ കോര്‍ത്തെടുക്കാന്‍ ആഘോഷങ്ങള്‍ക്കും രുചികരമായ ഭക്ഷണങ്ങള്‍ ഒരുമിച്ചിരുന്ന് പങ്കുവെച്ച് കഴിക്കുന്ന സല്‍ക്കാരങ്ങള്‍ക്കും പലപ്പോഴും കഴിയാറുണ്ട്. ഓസ്‌കാര്‍ വൈല്‍ഡ് ഒരു കവിതയില്‍ ഇങ്ങനെ കുറിച്ചുവെച്ചിട്ടുണ്ട്. after a good dinner one can forgive
anybody, even one’s own relations

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x