28 Thursday
March 2024
2024 March 28
1445 Ramadân 18

ഫാത്തിമ ബീവിയെ കാഫിറാക്കിയ സംഭവം കേരളത്തിലാണ് നടന്നത്‌

സി പി ഉമര്‍ സുല്ലമി /മുഹ്‌സിന്‍ തൃപ്പനച്ചി


? മുജാഹിദ് പ്രസ്ഥാനം വിവിധ കാലങ്ങളില്‍ അതിന്റെ സംസ്ഥാന സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2023 ഡിസംബറില്‍ സമ്മേളനം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കഴിഞ്ഞ കാല മുജാഹിദ് സമ്മേളനങ്ങളും പ്രസ്ഥാനപ്രവര്‍ത്തനങ്ങളും എങ്ങനെ വിലയിരുത്തുന്നു.
ആദര്‍ശ പ്രബോധനത്തിന്റെ പ്രധാന മാര്‍ഗമാണ് സമ്മേളനം. ഒരു സമ്മേളനം പ്രഖ്യാപിക്കുന്നതോടു കൂടി, എല്ലാ പ്രദേശങ്ങളിലും പ്രബോധന പ്രവര്‍ത്തനങ്ങളും പ്രചാരണവും നടക്കും. സമ്മേളന പ്രമേയം ആസ്പദമാക്കി പ്രസ്ഥാനത്തിന്റെ നിലപാടുകളും ആദര്‍ശങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കും. പഴയകാലത്ത് സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ മുജാഹിദ് പ്രസ്ഥാനം ഭിന്നിച്ചിരുന്നില്ല. ഇന്ന് വ്യത്യസ്ത വിഭാഗങ്ങളും വ്യത്യസ്ത ആദര്‍ശം പുലര്‍ത്തുന്നവരും മുജാഹിദ് എന്ന നിലയിലല്ലാതെ സമാന്തര പ്രവര്‍ത്തനം നടത്തുന്നവരുമുണ്ട്. മര്‍കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പ്രബോധനം നടത്തുന്ന കെ എന്‍ എം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമ്മേളനം പ്രസ്ഥാനത്തിന്റെ ആദര്‍ശ നിലപാടുകളും മുജാഹിദ് പാരമ്പര്യവും ബോധ്യപ്പെടുത്തുന്നതു തന്നെയായിരിക്കും.
? ഇസ്‌ലാമിക ചരിത്രത്തില്‍ സമ്മേളനങ്ങള്‍ പോലുള്ള ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലല്ലോ. ഇതിന് പ്രവാചക മാതൃക അവകാശപ്പെടാമോ.
സമ്മേളനങ്ങളുടെ പ്രധാന ദൗത്യം ശരിയായ രീതിയിലുള്ള ആദര്‍ശ പ്രബോധനമാണ്. പ്രബോധനത്തിനു വേണ്ടിയാണ് പ്രവാചകനെ നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രവാചക മാതൃകയാണ് നാം സ്വീകരിക്കുന്നത്. ”റബ്ബില്‍ നിന്ന് നിനക്ക് ഇറക്കപ്പെട്ടത് നീ ജനങ്ങള്‍ക്ക് പ്രബോധനം ചെയ്തു കൊടുക്കുക” (സൂറത്തുല്‍ മാഇദ 67) എന്നാണ് അല്ലാഹു പ്രവാചകനോട് ആവശ്യപ്പെട്ടത്. അതു തന്നെയാണ് നമ്മളും ചെയ്യുന്നത്. അതിനുള്ള ഒരു മാര്‍ഗം എന്ന നിലയിലാണ് സമ്മേളനത്തെ നാം കാണേണ്ടത്.

? ഈ മുജാഹിദ് സമ്മേളനത്തിന്റെ പ്രസക്തിയും രീതിയും വിശദീകരിക്കാമോ.
രാജ്യത്തിന്റെ ബഹുസ്വരത ഉള്‍ക്കൊണ്ട് ഇസ്‌ലാമിന്റെ ആശയ നിലപാടുകള്‍ ശരിയായ നിലയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കും. ഖുര്‍ആനിക സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയെന്നതാണ് പ്രധാനമായി ലക്ഷ്യംവെക്കുന്നത്. ഖുര്‍ആനിന്റെ ആശയം എല്ലാ ആളുകള്‍ക്കും സ്വീകരിക്കാന്‍ പര്യാപ്തമാണ്. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ഇതിന് ഉദാഹരണമാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനതയുടെ സംസ്‌കാരവും ശൈലിയും ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഈ മത്സരം അവസരമൊരുക്കിയല്ലോ. സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി ഖുര്‍ആനിന്റെ മാനവികവും സാമൂഹികവും മതപരവുമായ സന്ദേശങ്ങള്‍ പ്രബോധനം ചെയ്യും. വിശ്വാസി സമൂഹത്തോടും പൊതു സമൂഹത്തോടും ഇസ്‌ലാം പുലര്‍ത്തുന്ന സമീപനങ്ങളും നിര്‍ദേശങ്ങളും പ്രചരിപ്പിക്കുകയും തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യും.

? ഖുര്‍ആന്‍ മുന്‍നിര്‍ത്തി ഇതര മതവിശ്വാസികളോടുള്ള പ്രബോധനം സാധ്യമാണോ.
ഖുര്‍ആന്‍ പ്രധാനമായും സംവദിക്കുന്നത് തൗഹീദിനെ കുറിച്ചാണ്. ദൈവം ഏകനാണ്. ഏകദൈവത്തിന്റെ സൃഷ്ടികളായ മാനവ സമൂഹവും ഒന്നാണ്. സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഈ മാതൃക ജനങ്ങളിലെത്തിക്കണം. ഖുര്‍ആനിനെ മുന്നില്‍ വെച്ച് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. തെറ്റിദ്ധാരണകള്‍ തിരുത്താനും വര്‍ഗീയചിന്തകളില്‍ നിന്ന് മാറി സഹവര്‍ത്തിത്തം പുനഃസ്ഥാപിക്കാനും ഇതിലൂടെ കഴിയും. ”നിങ്ങള്‍ ഈ സമൂഹം ഒറ്റ സമൂഹമാകുന്നു. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതുകൊണ്ട് നിങ്ങള്‍ എന്നെ മാത്രം ആരാധിക്കുവിന്‍” (സൂറത്തുല്‍ അന്‍ബിയാഅ് 92) എന്നാണ് അല്ലാഹു പറയുന്നത്. ഈ അര്‍ഥത്തില്‍ ഏകദൈവാരാധന മുന്‍നിര്‍ത്തി മനുഷ്യര്‍ ഒന്നാണെന്ന് പറയുന്നു. ഇതര മതവിശ്വാസികള്‍ക്ക് ഈ സന്ദേശമെത്തിക്കുക എന്ന ഉത്തരവാദിത്തമേ നമുക്കൂള്ളൂ. അത് സ്വീകരിക്കാനും തിരസ്‌കരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മാനവസമൂഹം ഒന്നാണെന്ന് ഖുര്‍ആന്‍ പറയുന്നു. മറ്റു ജാതീയതയെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ്.

? തൗഹീദ് പറയുമ്പോള്‍ മുസ്‌ലിം വിഭാഗങ്ങളിലെ ചിലരെ മുജാഹിദുകള്‍ മുശ്‌രിക്കുകളാക്കുന്നു എന്ന് ആരോപണമുണ്ടല്ലോ.
ഇത് ആസൂത്രിതമായ പ്രചാരണമാണ്. മുജാഹിദ് പ്രസ്ഥാനം ആരെയും മുശ്‌രിക്കുകളാക്കുകയോ ഭ്രഷ്ട് കല്പിക്കുകയോ ചെയ്യാറില്ല. ഏതെങ്കിലും വ്യക്തിയോ സംഘടനയോ മുശ്‌രിക്കാണെന്ന് മുജാഹിദുകള്‍ പറയാറില്ല. മറിച്ച് ശിര്‍ക്ക് വന്നേക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രബോധനം നടത്തുകയാണ് പതിവ്. ശിര്‍ക്ക് കലര്‍ന്ന പ്രവര്‍ത്തനം നടത്തുന്നവര്‍, തങ്ങളെക്കുറിച്ച് മുജാഹിദുകള്‍ മുശ്‌രിക്കുകളാണെന്ന് പറയുന്നു എന്ന് ആരോപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇത്തരം ശിര്‍ക്ക് ആരോപണം മുജാഹിദുകള്‍ക്ക് നേരെയാണ് ഉണ്ടാവാറുള്ളത്.
കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ച് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപം കൊള്ളുന്നത്. അന്നു മുതലാണ് ജനങ്ങളെ മതത്തില്‍ നിന്ന് പുറത്താക്കലും മുശ്‌രിക്കാക്കലുമൊക്കെ തുടങ്ങിയത്. സമസ്ത രൂപീകരിച്ചപ്പോള്‍ ജംഇയ്യത്തുല്‍ ഉലമയെ മുബ്തദഇകളെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഇവരോട് സലാം പറയരുത്, ഇവരെ പിന്തുടര്‍ന്ന് നമസ്‌കരിക്കരുത്, ഇവരുടെ മയ്യിത്ത് തങ്ങളുടെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യരുത് തുടങ്ങിയ സമീപനങ്ങള്‍ അന്നു മുതല്‍ക്കേ സമസ്ത കൈക്കൊണ്ടു. വാസ്തവത്തില്‍ ഇത് ഒരു തരത്തിലുള്ള മതഭ്രഷ്ട് തന്നെയായിരുന്നു. മയ്യിത്ത് മറവു ചെയ്യുന്നത് സംബന്ധിച്ച കേസ് കോടതിയില്‍ വരെ എത്തിയതാണല്ലോ.

? മുത്തനൂര്‍ പള്ളിക്കേസ് വാദത്തിനിടെ സമസ്ത മുസ്‌ലിയാക്കന്മാര്‍ ഫാത്തിമ ബീവിയെ കാഫിറാക്കിയ സംഭവമില്ലേ.
മുജാഹിദ് ആദര്‍ശം സ്വീകരിച്ച ഒരാളുടെ മയ്യിത്ത് മറവ് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണല്ലോ കോടതി കയറിയത്. ഈ കേസ് അഞ്ചു കൊല്ലത്തോളം നീണ്ടു. മുജാഹിദുകളുടേതാണ് ശരിയായ ഇസ്‌ലാമിക ആദര്‍ശമെന്നായിരുന്നു കോടതി കണ്ടെത്തല്‍. അതിനെതിരില്‍ അപ്പീല്‍ പോകാന്‍ അവര്‍ക്ക് ധൈര്യമുണ്ടായില്ല. ഈ കേസില്‍ വിജയിക്കാനായി ഫാത്തിമാ ബീവി കാഫിറായിരുന്നു എന്നു വരെ മുസ്‌ലിയാക്കന്മാര്‍ കോടതിയില്‍ വാദിച്ചു. വാദം തെളിയിക്കാന്‍ കളവ് പറയുകയെന്നത് സമസ്തയുടെ പണ്ടുമുതല്‍ക്കേയുള്ള ശൈലിയായിരുന്നു.
വാദം നടക്കുന്നതിനിടെ മുജാഹിദ് വിഭാഗത്തില്‍ നിന്ന് ഒരു ചോദ്യമുയര്‍ന്നു: ഒരാള്‍ തന്റെ കര്‍മഫലമാണ് പരലോകത്ത് അനുഭവിക്കുക എന്നാണല്ലോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ”ഒരു മനുഷ്യന് അവന്‍ അധ്വാനിച്ചതെന്താണോ അതല്ലാതെ ഇല്ല” (സൂറതു നജ്മ് 39). നൂഹ് നബി(അ)ക്ക് സ്വന്തം മകനെയും ഇബ്‌റാഹീം നബി(അ)ക്ക് സ്വന്തം പിതാവിനെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ അവര്‍ കാഫിറുകളായതു കൊണ്ടാണ് എന്നായിരുന്നു മുസ്‌ലിയാക്കന്മാരുടെ മറുപടി. എന്നാല്‍ ഫാത്തിമാ ബീവി(റ)യോട് നിന്നെ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തനിക്ക് സാധിക്കുകയില്ലെന്ന് റസൂല്‍(സ) പറഞ്ഞില്ലേ എന്ന ചോദ്യം ഉന്നയിച്ചപ്പോള്‍ മുസ്‌ലിയാക്കന്മാരുടെ വാദം, അന്ന് ഫാത്തിമ ബീവി(റ) കാഫിറായിരുന്നു എന്നായിരുന്നു. വാസ്തവത്തില്‍ മുസ്‌ലിംകളെ കാഫിറാക്കുക എന്ന ശൈലി സ്വീകരിച്ചത് സമസ്തയാണ്.

? മുജാഹിദുകളുമായി യാതൊരു ബന്ധവും സ്ഥാപിക്കരുതെന്ന പഴയ നിലപാടുകളില്‍ ഉറച്ച് നില്‍ക്കണമെന്ന് സമസ്തയിലെ ചിലര്‍ ഇപ്പോഴും പറയുന്നു. അതൊക്കെ ഇപ്പോള്‍ പ്രായോഗികമാണോ.
സമസ്തയില്‍ രണ്ട് നിലപാടുകാരുണ്ട്. മുജാഹിദുകളോട് സഹകരിക്കുകയും സലാം പറയുകയും ചെയ്യുന്നവരുണ്ട്. സമസ്തയുടെ മുന്‍കാല പ്രമേയങ്ങളില്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുക്കരുത്, പെണ്‍കുട്ടികള്‍ക്ക് എഴുത്ത് പഠിക്കാന്‍ പാടില്ല തുടങ്ങി പലതുമുണ്ട്. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ല. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നവരും എതിര്‍ക്കുന്നവരും ഇപ്പോഴും അതിലുണ്ട്. സമസ്തയുടെ മുന്‍ നിലപാടുകളിലേക്ക് തിരിച്ചു പോകണം, മുജാഹിദുകളുമായി സഹകരിക്കരുത് എന്ന് പറയുന്ന ചിലരുമുണ്ട്. അത്തരം വാദങ്ങളുടെ പിന്നിലുള്ളത് ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമാണ്. കാരണം സമസ്തയുടെ പലരും മുസ്‌ലിംലീഗ് നേതാക്കളാണ്. എല്ലാ വിഭാഗങ്ങളുമായും സഹകരിച്ച് പോകണമെന്ന നിലപാടുള്ളവരാണ് അവര്‍. മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കളില്‍ മിക്കവരും മുജാഹിദ് നേതാക്കള്‍ കൂടിയായിരുന്നു. സമസ്തയുടെ നേതാവായിരുന്ന ബാഫഖി തങ്ങള്‍ മുജാഹിദുകളുടെ ജുമുഅയില്‍ പങ്കെടുത്തിരുന്നു. അവര്‍ക്കൊന്നും സമസ്തയുടെ പ്രമേയം തടസ്സമായിരുന്നില്ല. എന്നാല്‍ ഇന്ന് സമസ്തയുടെ പഴയ പ്രമേയങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പറയുന്നവര്‍ അതിന്റെ പേരില്‍ ലീഗിനെ ഭിന്നിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവരുടെ പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ അതാണ് മനസ്സിലാകുന്നത്.

? തങ്ങന്മാരുടെ മഹത്വം പറയുന്നതോടൊപ്പം തന്നെ, സുന്നികള്‍ക്ക് പ്രവാചകന്മാരിലേക്കെത്തുന്ന സനദ് അവകാശപ്പെടാനുണ്ടെന്നും മുജാഹിദുകള്‍ക്ക് അങ്ങനെ ഒരു സനദ് ഇല്ല എന്നും ആക്ഷേപിക്കുന്നവരുണ്ട്.
എല്ലാവരും ആദം നബി(അ)യുടെ മക്കളാണ്. ആ നിലയില്‍ എല്ലാവര്‍ക്കും ഒരേ കുടുംബ പാരമ്പര്യമാണ്. ജന്മം കൊണ്ട് ആര്‍ക്കും ഒരു പ്രാധാന്യവുമില്ല. അത് പ്രവാചകന്‍ വ്യക്തമാക്കിയതാണ്. അറബിക്കോ അനറബിക്കോ യാതൊരു പ്രാധാന്യവുമില്ല എന്ന ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗം സുവിദിതമാണല്ലോ. ആരുടെയെങ്കിലും കര്‍മം അവനെ പിറകിലേക്ക് ആക്കിയിട്ടുണ്ടെങ്കില്‍ അവന്റെ കുടുംബത്തിന് അവനെ മുന്നോട്ട് കൊണ്ടുവരാന്‍ കഴിയില്ല എന്ന് റസൂല്‍(സ) പറഞ്ഞത് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രവാചകന്‍ നിര്‍ദേശിച്ച പോലെ, ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് എത്തിക്കട്ടെ എന്നതാണ് നമ്മുടെ നിലപാട്. പ്രവാചക മാതൃക പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതു തന്നെയാണ് പ്രവാചകരിലേക്കെത്തുന്ന നമ്മുടെ പാരമ്പര്യം. നാം പ്രബോധനം ചെയ്യുന്ന കാര്യത്തിന്റെ തുടര്‍ച്ച പ്രവാചകന്മാരിലേക്കാണ് എത്തിച്ചേരുന്നത്. വിശുദ്ധ ഖുര്‍ആനും ഹദീസും മറ്റ് പ്രമാണങ്ങളും അതിനുള്ള തെളിവാണ്.

? ഈ സനദിന് ദീനില്‍ എന്തെങ്കിലും തരത്തിലുള്ള പ്രാധാന്യമുണ്ടോ
വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. മുഹമ്മദ് നബി(സ)യുടെ സ്വന്തം വചനമല്ല ഖുര്‍ആന്‍ എന്ന് വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിന്റെ അനുയായികള്‍. പ്രവാചകന്‍ ഖുര്‍ആനിനെ ജീവിച്ച് പ്രായോഗികമാക്കി കാണിച്ചുതന്നു. ഖുര്‍ആനിന്റെ വിവരണമാണ് പ്രവാചകന്റെ ജീവിതം. അത് കാണുകയും പഠിക്കുകയും പകര്‍ത്തുകയും ചെയ്ത സ്വഹാബിമാര്‍, അവരില്‍ നിന്ന് കേട്ടും കണ്ടും പഠിച്ചവര്‍, അങ്ങനെ തലമുറകള്‍ കൈമാറിയാണ് പ്രവാചക ജീവിതത്തിന്റെ ഓരോ അടരുകളും നമ്മിലേക്ക് എത്തുന്നത്. ആ തലമുറകളില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടതാണ് ഹദീസുകള്‍. ഇങ്ങനെ പ്രാമാണികമായ കാര്യങ്ങളുടെ കൃത്യമായ സനദ് നബി(സ)യിലേക്ക് എത്തിച്ചേരുന്നു. ആ ഖുര്‍ആനും സുന്നത്തും അനുസരിച്ചാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

? ഹദീസുകളോടുള്ള മുജാഹിദുകളുടെ സമീപനമെന്താണ്. മര്‍കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുജാഹിദുകള്‍ ഹദീസിനെ നിഷേധിക്കുന്നവരാണെന്നും മുഅ്മിനുകളല്ലെന്നുമൊക്കെ ഖുര്‍ആന്‍ ആയത്തുകളെ മുന്നില്‍ വെച്ച് വാദിക്കുന്നവരുണ്ടല്ലോ.
വസ്തുതതകള്‍ പഠിക്കാതെയുള്ള ആരോപണങ്ങളാണിതെല്ലാം. മിക്ക പ്രസംഗകരും പ്രഭാഷണത്തിന്റെ ആമുഖത്തില്‍ നബിയുടെ ഒരു വാക്ക് ഉദ്ധരിക്കാറുണ്ട്: ”അമ്മാ ബഅദു ഫ ഇന്ന ഖൈറല്‍ ഹദീസി കിതാബുല്ലാഹ്.” (ഹദീസിന്റെ കൂട്ടത്തില്‍ ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ കിതാബാണ്.) ഇവിടെ അല്ലാഹുവിന്റെ കിതാബിനെ ഹദീസ് എന്നു തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഹദീസ് എന്നാല്‍ വാര്‍ത്ത, വിവരണം എന്നൊക്കെയാണ് അര്‍ഥം. നമ്മള്‍ ഏതൊരു കാര്യം പറയുകയാണെങ്കിലും അതില്‍ ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ കിതാബാണ്.
അത് നടപ്പിലാക്കുന്ന വിഷയത്തില്‍ ‘വ ഖൈറുല്‍ ഹദിയ്യി ഹദിയ്യു മുഹമ്മദിന്‍…’ (ഏറ്റവും നല്ല മാര്‍ഗദര്‍ശനം മുഹമ്മദിന്റെ മാര്‍ഗദര്‍ശനമാണ്) എന്നാണ് പറയാറുള്ളത്. നബി(സ)യുടെ കാലത്ത് ഇത് എങ്ങനെയാണ് നടപ്പിലാക്കിയത് എന്നാണ് നാം മനസ്സിലാക്കേണ്ടത്. പ്രവാചകന്‍ നുബുവ്വത്തിനു ശേഷം 23 വര്‍ഷം ജീവിച്ചു. ഈ കാലയളവില്‍ എങ്ങനെയായിരുന്നു അത് നടപ്പിലാക്കിയത് എന്ന് മനസ്സിലാക്കേണ്ടതാണ്. ഏതൊരു പ്രശ്‌നം വന്നാലും അവര്‍ ആദ്യം നോക്കിയത് ആ വിഷയത്തില്‍ ഖുര്‍ആന്‍ എന്ത് പറയുന്നു എന്നതാണ്. ഖുര്‍ആനില്‍ പറഞ്ഞത് അവര്‍ക്ക് മനസ്സിലായെങ്കില്‍ അപ്രകാരം പ്രവര്‍ത്തിക്കും. ഇല്ലെങ്കില്‍ അവര്‍ പ്രവാചകനോട്(സ) ചോദിക്കും.
ഹദീസ് നിഷേധം ഒരു ആരോപണം മാത്രമാണ്. ഖുര്‍ആന്‍ വചനം വെച്ച് നാം മുഅ്മിനുകളല്ലെന്ന് ആരോപിക്കുന്നവരെ അതേ രൂപത്തില്‍ കുറ്റപ്പെടുത്തുന്നില്ല. ‘ശിര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് നിങ്ങള്‍ ഒരുപാട് ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരും’ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അവര്‍ സ്വീകരിക്കുന്ന അതേ ആക്ഷേപ രീതിയിലേക്ക് പോകാതെ ഇത്തരം ആരോപണങ്ങളെ ക്ഷമയോടെ നേരിടാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. എന്നാല്‍ ഹദീസിനോടുള്ള നമ്മുടെ സമീപനത്തെ കുറിച്ച് പലപ്പോഴും ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇത്തരം ആളുകള്‍ക്ക് സാധിക്കാറുണ്ട്. ഇത് വിശദമായി പ്രതിപാദിക്കേണ്ട വിഷയമാണ്.
(തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x