19 Friday
April 2024
2024 April 19
1445 Chawwâl 10

ഫത്ഹുല്‍ അസീസ് സംതൃപ്തി പകരുന്ന ഖുര്‍ആന്‍ വ്യാഖ്യാനം

ശംസുദ്ദീന്‍ പാലക്കോട്‌


മലയാളത്തില്‍ മാത്രം ചെറുതും വലുതുമായ 50ലധികം ഖുര്‍ആന്‍ പരിഭാഷകള്‍ വിരചിതമായിട്ടുണ്ട്. മുഹമ്മദ് അമാനി മൗലവിയുടെ എട്ടു വാള്യങ്ങളില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ വിവരണം, എ അബ്ദുസ്സലാം സുല്ലമിയുടെ നാലു വാള്യങ്ങളുള്ള ഖുര്‍ആനിന്റെ വെളിച്ചം, അശ്‌റഫി ബുക് സെന്റര്‍ പുറത്തിറക്കിയ അഞ്ചു വാള്യങ്ങളുള്ള ഇമാം റാസിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം തുടങ്ങിയവ അവയില്‍ ബൃഹത്തും മഹത്തരവുമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളാണ്. ഇരു ഹറമുകളിലും ലഭ്യമായ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് പറപ്പൂരും ചേര്‍ന്നെഴുതിയ ഒറ്റ വാള്യത്തിലുള്ള വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയും മലയാള ഖുര്‍ആന്‍ പരിഭാഷകളില്‍ ശ്രദ്ധേയമാണ്.
ഇപ്പോഴിതാ വിശുദ്ധ ഖുര്‍ആന്റെ ഉള്‍സാരസന്ദേശങ്ങള്‍ ഗഹനമായും എന്നാല്‍ ലളിതസുന്ദരമായും അവതരിപ്പിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥപരമ്പരയിലെ ഒന്നാം ഭാഗം പുറത്തിറങ്ങിയിരിക്കുന്നു. ‘ഫത്ഹുല്‍ അസീസ് ഫീ തഫ്‌സീരില്‍ ഖുര്‍ആനില്‍ മജീദ്’ എന്നാണ് ഇതിന്റെ നാമം. മദീന യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം ഉള്‍പ്പെടെ പഠനം പൂര്‍ത്തിയാക്കുകയും ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിക്കുകയും ഇപ്പോള്‍ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ഹമീദ് മദീനിയാണ് ഈ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥപരമ്പരയുടെ രചന നിര്‍വഹിച്ചത്.
488 പേജുള്ള ഈ ഗ്രന്ഥപരമ്പരയുടെ ഒന്നാം ഭാഗത്തില്‍ ഫാത്തിഹ, അല്‍ബഖറ, ആലുഇംറാന്‍ എന്നീ മൂന്നു സൂറത്തുകളുടെ വിശദീകരണമാണുള്ളത്. കേരള ജംഇയ്യത്തുല്‍ ഉലമയാണ് പ്രസാധനം നിര്‍വഹിച്ചിട്ടുള്ളത്. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയുടെ കനപ്പെട്ട അവതാരികയും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. ‘എന്തുകൊണ്ട് ഖുര്‍ആന്‍’ എന്ന പേരില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി എഴുതിയ ഖുര്‍ആര്‍ വിഷയാധിഷ്ഠിതമായ പഠനം കൊടുത്തത് ഖുര്‍ആന്‍ പഠിക്കാനും വായിക്കാനും ഒരുങ്ങുന്നവര്‍ക്ക് കുറേ ഖുര്‍ആനിക വിജ്ഞാനങ്ങള്‍ പകരുന്നതിന് സഹായകമാണ്. ഈ പുസ്തകത്തിന്റെ പ്രത്യേകതയായി ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കട്ടെ.
വിശുദ്ധ ഖുര്‍ആനില്‍ നസ്ഖ് ചെയ്യപ്പെട്ട അഥവാ ദുര്‍ബലമാക്കപ്പെട്ട ആയത്തുകള്‍ ഉണ്ടോ എന്ന കാര്യം അല്‍ബഖറ സൂറത്തിന്റെ നസ്ഖ് എന്ന പദം വന്ന ആയത്തിലും ഗ്രന്ഥകാരന്റെ തന്നെ ആമുഖ ലേഖനത്തിലും വായനക്കാര്‍ക്കും ഗവേഷകര്‍ക്കും സംതൃപ്തി പകരുന്ന നിലയില്‍ വിവരിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ 236 ആയത്തുകള്‍ നസ്ഖ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതല്ല 22 ആയത്തുകളാണ് നസ്ഖ് ചെയ്യപ്പെട്ടതെന്നും 9 ആയത്തുകളേ അപ്രകാരമുള്ളൂവെന്നും വിവിധ കാലഘട്ടത്തില്‍ പലരും പറഞ്ഞ പലവിധ അഭിപ്രായങ്ങളുടെ നിരര്‍ഥകത ഗ്രന്ഥകര്‍ത്താവ് പ്രമാണബദ്ധമായും യുക്തിഭദ്രമായും ഖണ്ഡിച്ചുകൊണ്ട് ‘വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട ആയത്തുകളില്ല’ എന്നു സമര്‍ഥിക്കുന്ന ഭാഗം വളരെ ശ്രദ്ധേയവും വിജ്ഞാനപ്രദവുമാണ്.
ഇബാദത്ത് എന്നാല്‍ എന്താണെന്ന് സാധാരണക്കാര്‍ക്കു പോലും സുഗ്രാഹ്യമാവുന്ന വിധത്തില്‍ ലളിതമായും എന്നാല്‍ പ്രൗഢമായും വിശദീകരിച്ചിരിക്കുന്നു. ഫാത്തിഹ സൂറത്തിലെ ‘ഇയ്യാക്ക നഅ്ബുദു വ ഇയ്യാക്ക നസ്തഈന്‍’ എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബാദത്തിന് മലയാളത്തില്‍ പറയാവുന്ന ഏറ്റവും യോജിച്ച അര്‍ഥം ആരാധന എന്നാണെന്ന് ഗ്രന്ഥകാരന്‍ സോദാഹരണം സമര്‍ഥിക്കുന്നു. ഇബാദത്തിന് അനുസരണം, അടിമവേല എന്നിങ്ങനെയും ആരാധനയുടെ കൂടെ അര്‍ഥ പരികല്‍പനയുണ്ട് എന്ന വാദത്തിലെ അര്‍ഥശൂന്യതയും ക്രമപ്രശ്‌നവും ഇതില്‍ ലളിതമായി സമര്‍ഥിച്ചിരിക്കുന്നു.
സമീപകാലത്ത് നവോത്ഥാന പ്രസ്ഥാനത്തില്‍ പോലും നവയാഥാസ്ഥിതികതയുടെയും അക്ഷരവായനയുടെയും സ്വാധീനത്താല്‍ ചിലരെങ്കിലും വല്ലാതെ തെറ്റിദ്ധരിച്ച് ആശയക്കുഴപ്പത്തിലായ സിഹ്‌റ് വിഷയം ഏതാണ്ട് സമഗ്രമായിത്തന്നെ ഇതില്‍ വിശകലനവിധേയമാക്കുന്നുണ്ട് എന്നതാണ് തഫ്‌സീറുല്‍ അസീസിന്റെ പ്രത്യേകത. അല്‍ബഖറയിലെ 102-ാം ആയത്തിന്റെ സവിസ്തര വിശദീകരണ ഭാഗത്താണ് സിഹ്‌റ് വിഷയത്തില്‍ സംതൃപ്തിദായകമായ വിവരണമുള്ളത്.
അല്‍ബഖറ 189-ാം ആയത്തിന്റെ വിശദീകരണത്തില്‍ പലപ്പോഴും വിവാദമാകാറുള്ള മാസപ്പിറവിയെ സംബന്ധിച്ച കുറ്റമറ്റ നിലപാട് എങ്ങനെ രൂപപ്പെടുത്താമെന്ന കാര്യം വ്യക്തമാക്കുന്നു.
ഒരു ഖുര്‍ആന്‍ പഠിതാവിനെ സംബന്ധിച്ചേടത്തോളം സംതൃപ്തി നല്‍കുന്ന വൈജ്ഞാനിക പഠനങ്ങളാല്‍ സമ്പന്നമാണ് അബ്ദുല്‍ ഹമീദ് മദീനി രചിച്ച ‘ഫത്ഹുല്‍ അസീസ് ഫീ തഫ്‌സീരില്‍ ഖുര്‍ആനില്‍ മജീദ്’ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം. രണ്ട് ഡസനിലധികം പ്രാമാണികമായ തഫ്‌സീറുകളെ അവലംബിച്ചും പഠനവിധേയമാക്കിയും രചിച്ച ഒരു തഫ്‌സീര്‍ എന്ന നിലക്ക് തഫ്‌സീറുകളുടെ തഫ്‌സീര്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.
കാലമേറെ കഴിഞ്ഞാലും കാലഹരണപ്പെടാത്ത വിശുദ്ധ ഖുര്‍ആന്‍ ഒരു സര്‍വ വിജ്ഞാനകോശം പോലെ സര്‍വതല സ്പര്‍ശിയായ വിജ്ഞാന-സന്മാര്‍ഗ ദൈവിക ഗ്രന്ഥമാണ്. അതിനാല്‍ എപ്പോഴും അതിന് വിശദീകരണവും വ്യാഖ്യാനവും പ്രസക്തമാണ്. ഖുര്‍ആന്‍ ആശയപ്രധാനമാണ് എന്നതാണ് അതിന്റെ കാരണം. ഖുര്‍ആന്‍ കേവലം ഓതാനും ഊതാനുമുള്ളതാണ് എന്ന നിലപാടുള്ളവര്‍ പോലും വിശുദ്ധ ഖുര്‍ആനിന് പരിഭാഷകള്‍ ഇറക്കുന്ന ഒരു കാലത്ത് ഖുര്‍ആന്‍ ഒരേസമയം പാരായണപ്രധാനവും ആശയപ്രധാനവുമാണ് എന്ന തിരിച്ചറിവ് ഇക്കാലത്ത് വര്‍ധിച്ചുവരുന്നു എന്നത് സന്തോഷകരമാണ്. അതുകൊണ്ടുതന്നെ തഫ്‌സീറുകളുടെ തഫ്‌സീറായ ‘ഫത്ഹുല്‍ അസീസ്’ കൂടുതല്‍ പേരുടെ വൈജ്ഞാനിക മണ്ഡലത്തെ പുഷ്‌കലമാക്കാന്‍ സഹായകമാണ്. യുവത ബുക് ഹൗസാണ് വിതരണം

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x