13 Saturday
December 2025
2025 December 13
1447 Joumada II 22

ഫത്ഹും ഹമാസും സഹകരണ ചര്‍ച്ചക്ക് ധാരണ


ഫലസ്തീനില്‍ വര്‍ഷങ്ങളായി വിഘടിച്ചുനില്‍ക്കുന്ന ഫത്ഹും ഹമാസും സഹകരണ ചര്‍ച്ചകള്‍ക്കായി അനുരഞ്ജന കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായി. കഴിഞ്ഞ ദിവസം ഇരുവിഭാഗം നേതൃത്വവും ഈജിപ്തില്‍ വെച്ച് നടത്തിയ സംയുക്ത യോഗത്തിലാണ് ഈ ധാരണയായത്. യോഗത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയും അടക്കം ഫലസ്തീന്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. ഉപരോധിത ഗസ്സാ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിന്റെ സമാന്തര സര്‍ക്കാരും അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഭരണം നടത്തുന്ന ഫലസ്തീന്‍ അതോറിറ്റിയും തമ്മിലുള്ള വിടവ് നികത്തുകയാണ് അനുരഞ്ജനത്തിന്റെ ഏറ്റവും പുതിയ ശ്രമം. ”ഇന്നത്തെ ഫലസ്തീന്‍ വിഭാഗങ്ങളുടെ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഞങ്ങളുടെ സംഭാഷണം തുടരുന്നതിനുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പായി ഞാന്‍ കരുതുന്നു. അത് എത്രയും വേഗം ആവശ്യമുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു” -87കാരനായ പ്രസിഡന്റ് അബ്ബാസ് പറഞ്ഞു. 2006ല്‍ ഫലസ്തീനിലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഫത്ഹില്‍ നിന്ന് നിയന്ത്രണം പിടിച്ചെടുത്ത് ഗസ്സാ മുനമ്പില്‍ ഹമാസ് ഭരണം തുടര്‍ന്നു. പിന്നീട് ഹമാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മാറ്റിസ്ഥാപിക്കുന്നതിന് അട്ടിമറി ശ്രമം നടന്നു. നിരവധി ആഴ്ചകള്‍ നീണ്ടുനിന്ന അക്രമാസക്തമായ പോരാട്ടങ്ങളെ തുടര്‍ന്ന് ഫലസ്തീന്‍ അതോറിറ്റിയിലെ പ്രബല കക്ഷിയായ ഫത്ഹ് അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ മാത്രം പരിമിതപ്പെട്ടു.

Back to Top