28 Thursday
March 2024
2024 March 28
1445 Ramadân 18

ഫാസിസത്തിനെതിരായ പോരാട്ടവും കേരള മുസ്ലിംകളും

ടി റിയാസ് മോന്‍


ശബാബ് വാരികയില്‍ കഴിഞ്ഞ ആഴ്ചകളിലായി പ്രസിദ്ധീകരിച്ചു വന്ന കമ്മ്യൂണിസത്തെക്കുറിച്ചുള്ള കവര്‍‌സ്റ്റോറിയും പ്രതികരണങ്ങളും വായിച്ചു. സംഘപരിവാരിന്റെ ഹിന്ദുത്വപദ്ധതികളെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും അതിനാല്‍ ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നവര്‍ മാത്രമാണ് മുസ്ലിംകളുടെ ശത്രുക്കള്‍ എന്നുമുള്ള നിരീക്ഷണത്തോട് മാത്രമാണ് ഈ കുറിപ്പില്‍ പ്രതികരിക്കുന്നത്.
രാഷ്ട്രീയമായും സാമൂഹികമായും സംഘടിതരായ കേരളത്തിലെ മുസ്ലിംകള്‍ക്ക് നേരെ ഗുജറാത്ത് മോഡല്‍ വംശഹത്യകള്‍ പ്രതിരോധം കൂടാതെ നടപ്പിലാക്കാന്‍ സംഘ്പരിവാറിനാകില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയമായി സംഘടിതരല്ലാതിരുന്നിട്ട് കൂടി ഇന്ത്യന്‍ മുസ്ലിംകള്‍ അതിജീവിക്കുന്നുണ്ട്. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കേരള മുസ്ലിംകള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന ഇടതുമുന്‍വിധികളെ റദ്ദ് ചെയ്യാനാവുന്നതാണ് ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ വര്‍ത്തമാനം. ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ മുന്നുപാധി മുസ്ലിംകള്‍ അവരുടെ രാഷ്ട്രീയ സ്വത്വവും, സാംസ്‌കാരിക സ്വത്വവും ഉപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ പിന്നില്‍ അണി നിരക്കുകയാണെന്ന വാദം നിരര്‍ഥകമാണ്.
കേരളത്തില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എന്താണെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്കകത്ത് നിന്നാണ് ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത്. കേരളത്തില്‍ സ്വാഭാവികമായും അത് സംഘ്പരിവാര്‍ കര്‍തൃസ്ഥാനത്ത് വരുന്നതാണ്. രാത്രിയില്‍ പതിയിരുന്ന് നടത്തുന്ന കൊലപാതകങ്ങള്‍, അക്രമങ്ങള്‍, ഗുണ്ടാപിരിവ്, ഭീഷണി എന്നിവയാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍. പോലീസിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കയറിക്കൂടിയുള്ള സംഘ്പരിവാര്‍ അനുകൂലികള്‍ അവരുടെ വേലത്തരങ്ങള്‍ നടത്തുന്നുണ്ട് എന്നത് വേറെ കാര്യം.
കേരളത്തില്‍ ഉന്നതജാതി ഹിന്ദുക്കളിലെ ന്യൂനപക്ഷത്തിനിടയില്‍ മാത്രം നിലനിന്നിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍ താഴ്ന്ന ജാതി ഹിന്ദുക്കള്‍ക്കിടയിലേക്ക് കൂടി വ്യാപിച്ചതും, സ്വാധീനം നേടിയതുമാണ് കേരളത്തിലെ സംഘ്പരിവാറിന്റെ വളര്‍ച്ച. പിന്നാക്ക – പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടി സി പി ഐ എമ്മാണ്. സ്വാഭാവികമായും ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് സി പി ഐ എമ്മിന്റെ രാഷ്ട്രീയ ആവശ്യമാണ്. തങ്ങളുടെ രാഷ്ട്രീയ മണ്ഡലത്തില്‍ മറ്റൊരു രാഷ്ട്രീയശക്തി വളരുന്നത് പ്രതിരോധിക്കേണ്ടത് അതത് രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമാണ്. കേരളത്തിലെ സവര്‍ണ- മുന്നാക്ക ഹിന്ദുക്കളില്‍ ബി ജെ പിയുടെ കടന്ന് വരവ് പ്രതിരോധിക്കേണ്ടത് കോണ്‍ഗ്രസിന്റെ മുഖ്യ ഉത്തരവാദിത്തമാകുന്നത് അവരുടെ തന്നെ നിലനില്‍പ്പിന്റെ ആവശ്യമാണ്. ഫാസിസത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് കോണ്‍ഗ്രസിന്റെയും, സി പി ഐ എമ്മിന്റെയും മുഖ്യ അജണ്ടയാകുമ്പോഴും മുസ്ലിംകള്‍ക്ക് അക്കാര്യത്തില്‍ പ്രത്യക്ഷമായി ഒന്നും ചെയ്യാനില്ല.
മുസ്ലിംകള്‍ക്ക് നേരെ ആര്‍ എസ് എസും, ബി ജെ പിയും നടത്തുന്ന കായിക അക്രമങ്ങളെ പ്രതിരോധിക്കേണ്ടത് ആര് എന്ന ചോദ്യം ഉയരുന്നുണ്ട്. ഗുണ്ടാരാജ് നിയന്ത്രിക്കേണ്ടത് സര്‍ക്കാറിന്റെയും പോലീസിന്റെയും ഉത്തരവാദിത്തമാണ് എന്നാണ് രാഷ്ട്രതന്ത്രം പറയുന്നത്. മുസ്ലിം മുഖ്യധാരയും അത് തന്നെയാണ് പറയുന്നത്. മുഖ്യധാര കാഴ്ചപ്പാടിന് വിരുദ്ധമായി സ്വയം പ്രതിരോധവും, കൗണ്ടര്‍ അക്രമങ്ങളും നടത്തി അക്രമങ്ങളെ നിയന്ത്രിക്കാമെന്ന നിലപാടാണ് പോപ്പുലര്‍ ഫ്രണ്ടും, എസ് ഡി പി ഐയും മുന്നോട്ട് വെക്കുന്നത്. അക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കി പോപ്പുലര്‍ ഫ്രണ്ട് സജീവമായി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മുസ്ലിം മുഖ്യധാര ഒരവസരത്തില്‍ പോലും ഈ പ്രത്യാക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടില്ല.
കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ നടക്കുന്ന ബി ജെ പി – സി പി എം സംഘര്‍ഷങ്ങള്‍ സി പി ഐ എമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധതയുടെ ഉദാഹരണമാണെങ്കില്‍ സമീപകാലത്ത് വര്‍ധിച്ചു വരുന്ന ബി ജെ പി- എസ് ഡി പി ഐ സംഘര്‍ഷങ്ങളെയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമായി പരിഗണിക്കേണ്ടി വരും. സി പി ഐ എമ്മിനെക്കാള്‍ മുന്തിയ ഫാസിസ്റ്റ് വിരുദ്ധരായി എസ് ഡി പി ഐയെ പരിഗണിക്കേണ്ടി വരും. ഏതെങ്കിലും സംഘത്തിന്റെ കായിക ശേഷി അവരുടെ ഫാസിസ്റ്റ് വിരുദ്ധതയുടെ അളവു കോലായി പരിഗണിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ മാത്രമാണ് എസ് ഡി പി ഐയെ ഫാസിസ്റ്റ് വിരുദ്ധ നേതൃത്വമായി ഗണിക്കാത്തത്. അതേ കാരണത്താല്‍ സി പി ഐ എമ്മിനെയും ഫാസിസ്റ്റ് വിരുദ്ധ മുന്നണി പോരാളികളായി പരിഗണിക്കാന്‍ സാധിക്കില്ല.
സംഘ്പരിവാര്‍ നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കേണ്ടത് പോലീസാണ്. എന്നാല്‍ ന്യൂനപക്ഷങ്ങളോട് മാന്യമായി പെരുമാറുന്നതില്‍ കേരളത്തിലെ പോലീസ് നിരന്തരമായി പരാജയപ്പെടുകയാണ്. കുറ്റ്യാടിയില്‍ പള്ളിയില്‍ കയറി മുതവല്ലിയെ തല്ലിയ പോലീസ് ഇന്‍സ്‌പെക്ടറെ ഓച്ചിറയിലേക്ക് സ്ഥലം മാറ്റാം എന്നല്ലാതെ സംസ്ഥാന സര്‍ക്കാറിന് മറ്റൊന്നിനും സാധിക്കുന്നില്ല. നന്ദിഗ്രാമിലും, സിംഗൂരിലും കര്‍ഷക വേട്ടക്കും മുസ്ലിം വേട്ടക്കും നേതൃത്വം നല്കിയ ബംഗാള്‍ പോലീസിനെ മമതാ ബാനര്‍ജി എങ്ങനെയാണ് മെരുക്കിയെടുത്തതെന്ന് കേരളത്തിലെ സി പി ഐ എം കണ്ടു പഠിക്കണം. ആര്‍ എസ് എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ 60ഓളം കേസുകളാണ് കേരളത്തില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫാസിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വോട്ട് പതിച്ച് നല്കിയ പോരാളികളും കേസില്‍ പെട്ട് റിമാന്റില്‍ കഴിഞ്ഞിട്ടുണ്ട്. ഫാസിസത്തെയും, മതവര്‍ഗീയതയെയും പ്രതിരോധിക്കുന്നിടത്ത് പരാജയപ്പെടുന്നു എന്നത് മാത്രമല്ല, ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നത് കൂടിയാണ് ഇടതുപക്ഷത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പരാജയം. പോലീസിലും, സര്‍ക്കാര്‍ സര്‍വീസിലും സംഘ്പരിവാര്‍ അനുയായികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സാക്ഷാല്‍ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലത്ത് പോലും അതുണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ നയത്തിന് അനുസരിച്ച് സര്‍ക്കാര്‍ സംവിധാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വീഴ്ച ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 1182 ഗ്രാമപഞ്ചായത്ത് സീറ്റുകളും, 37 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും, 320 നഗരസഭാ സീറ്റുകളും ബി ജെ പി നേടി. (ബി ജെ പിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന്.) മുന്‍കാലങ്ങളെക്കാള്‍ വര്‍ധിച്ച സീറ്റുകളാണ് 2020ല്‍ ബി ജെ പി നേടിയത്. കേരളത്തില്‍ ആയിരം വാര്‍ഡുകളില്‍ എങ്കിലും ബി ജെ പിയെ പ്രതിരോധിക്കാന്‍ മുന്നണികള്‍ക്കതീതമായ രാഷ്ട്രീയ സഹകരണം പ്രസക്തമാണ്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പോലും ബി ജെ പിയെ പരാജയപ്പെടുത്താന്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറല്ലെന്ന് തീരുമാനമെടുത്ത പാര്‍ട്ടിയാണ് സി പി ഐ എം. തൃശൂര്‍ ജില്ലയില്‍ നിലവില്‍ ബി ജെ പി ഭരിക്കുന്ന ഏക പഞ്ചായത്ത് അവിണിശ്ശേരിയാണ്. അഞ്ച് പഞ്ചായത്ത് അംഗങ്ങളുള്ള എല്‍ ഡി എഫിന് മൂന്ന് അംഗങ്ങളുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്തുണ കൊടുത്തു. ആറ് അംഗങ്ങളുള്ള ബി ജെ പിക്കെതിരെ എല്‍ ഡി എഫ് വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച് സി പി ഐ എം പ്രതിനിധി രാജിവെച്ചു. തുടര്‍ന്ന് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ബി ജെ പിക്ക് ഭരണം കിട്ടിയത്. ‘അവിണിശ്ശേരി മോഡല്‍ ഫാസിസ്റ്റ് പ്രതിരോധ’ങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്കണമെന്ന ആവശ്യം അര്‍ഥരഹിതമാണ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ നേതൃത്വം ഇന്ത്യയില്‍ സി പി ഐ എമ്മിനല്ല. ഇന്ത്യയില്‍ ഇടതുപക്ഷം നേതൃസ്ഥാനത്ത് നില്‍ക്കുന്ന ബി ജെ പി വിരുദ്ധ പോരാട്ടങ്ങളില്ല.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ബി ജെ പിയെ പ്രതിരോധിക്കുന്നത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും, തമിഴ്നാട്ടില്‍ ഡി എം കെയുമാണ് ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇടങ്ങളില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തോട് മുഖാമുഖം പൊരുതുന്നത് കോണ്‍ഗ്രസാണ്. മഹാരാഷ്ട്രയില്‍ ശിവസേനയാണ് സംഘ്പരിവാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ഒരു കാലത്ത് മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന് നേതൃത്വം നല്കിയിരുന്ന ശിവസേന എന്‍ ആര്‍ സി- സി എ എ വിരുദ്ധ സമരത്തില്‍ മഹാരാഷ്ട്ര മുസ്ലിംകളോട് കാണിച്ച ഐകദാര്‍ഢ്യം പോലും സി പി എമ്മിന് കേരളത്തില്‍ കാണിക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ സംഘ്പരിവാറുമായി മുസ്ലിംകള്‍ നിരന്തര പോരാട്ടത്തിലല്ല. കായികമായോ, രാഷ്ട്രീയമായോ, സാമ്പത്തികമായോ ആര്‍ എസ് എസ് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു ഘട്ടത്തിലും സി പി ഐ എം ഫലപ്രദമായി പ്രതിരോധിച്ചിട്ടുമില്ല. രാജ്യത്ത് ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ഇല്ലാത്ത ഇടതുപക്ഷത്തെ, ഫാസിസവുമായി നിരന്തര പോര്‍മുഖങ്ങളില്ലാത്ത കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ അജണ്ട മുന്‍നിര്‍ത്തി മുസ്ലിംകള്‍ പിന്തുണക്കണം എന്ന വാദത്തിന് പ്രസക്തിയില്ല.
ന്യൂനപക്ഷ ജനവിഭാഗം എന്ന നിലയില്‍ സമുദായത്തെ ശാക്തീകരിക്കുകയെന്ന ഉത്തരവാദിത്തമാണ് മുസ്ലിം സമുദായത്തിലെ മത- സാമൂഹിക സംഘങ്ങള്‍ക്കുള്ളത്. ജനതയുടെ സാംസ്‌കാരിക- ആചാര- വിശ്വാസ സ്വത്വങ്ങളെ ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് സമുദായ ശാക്തീകരണവും അതിജീവനവും സാധ്യമാക്കേണ്ടത്. ‘സംഘ്പരിവാര്‍ ഫോബിയ’യില്‍ ഭയവിഹ്വലരായി സ്വന്തം സ്വത്വം ഉപേക്ഷിച്ച് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം എന്ന ഓമനപ്പേരിട്ട് കമ്യൂണിസ്റ്റ് ജാഥയില്‍ അണിനിരക്കണമെന്ന ബോധവത്കരണത്തില്‍ കേരളത്തിലെ മുസ്ലിം സംഘങ്ങള്‍ വീണുപോകില്ല. അതിജീവനത്തിന് വേണ്ടി ഫാസിസത്തോട് നിരന്തരം പോരാടുന്ന ഇരകളുടെ കൂട്ടമല്ല കേരള മുസ്‌ലിംകള്‍. നൂറ്റാണ്ടുകളുടെ പാരമ്പര്യവും, പോരാട്ടവീര്യവും, പരസഹസ്രം സ്ഥാപനങ്ങളുമുള്ള വികസ്വര സമൂഹമാണ് കേരളത്തിലെ മുസ്ലിംകള്‍. ഫാസിസ്റ്റ് പേടിയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് മറ്റെല്ലാ കര്‍മപരിപാടികളും ഉപേക്ഷിക്കണമെന്ന പുറത്ത് നിന്നുള്ള ഏജന്‍സികളുടെ ഉപദേശം സമുദായത്തിന് ഗുണകരമല്ല. ‘ഞങ്ങളിതാ ഫാസിസത്തെ പ്രതിരോധിക്കുകയാണ്, ഞങ്ങളുടെ ചുറ്റും നില്‍ക്കൂ’ എന്ന ആഹ്വാനം കേട്ട് രാഷ്ട്രീയ ബോധ്യം മറന്ന് കൂട്ടം കൂടുന്ന അഭയാര്‍ഥികളല്ല മുസ്ലിം സമുദായം.

5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x