2 Friday
December 2022
2022 December 2
1444 Joumada I 8

ഫാസിസം: കമ്യൂണിസ്റ്റ് കക്ഷികള്‍ ഇരുട്ടില്‍ തപ്പുന്നു

എന്‍ പി ചെക്കുട്ടി


യൂറോപ്യന്‍ ഫാസിസവും സോവിയറ്റ് യൂണിയനും തമ്മില്‍ നിലനിന്ന ബന്ധങ്ങളെപ്പറ്റി കഴിഞ്ഞ ദിവസം പ്രശസ്ത ചരിത്രകാരനായ തിമോത്തി സ്‌നൈഡര്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വളരെ ശ്രദ്ധേയമാണ് (We Should Say It, Russia is Fascist, New York Times, May 19, 2022). റഷ്യന്‍ ഏകാധിപതി വ്‌ളാദിമിര്‍ പുടിന്‍ 2022 ഫെബ്രുവരി 24-ന് ഓര്‍ക്കാപ്പുറത്ത് അയല്‍രാജ്യമായ ഉക്രെയിനിനു നേരെ ആരംഭിച്ച കടന്നാക്രമണത്തിന്റെയും കൂട്ടക്കുരുതിയുടെയും പശ്ചാത്തലത്തിലാണ് യേല്‍ സര്‍വകലാശാലയിലെ ചരിത്രാധ്യാപകനായ സ്‌നൈഡര്‍ ഈ ലേഖനം എഴുതിയത്.
റഷ്യയുടെ പൂര്‍വകാല ചരിത്രം യൂറോപ്പില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ആഗോള ഫാസിസ്റ്റ് ശക്തികളെ തുരത്തിയ മഹത്തായ പോരാട്ടത്തിന്റേതാണ്. രണ്ടു കോടിയിലേറെ സോവിയറ്റ് സൈനികരാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞത്. അന്നു മുതല്‍ ഇന്നുവരെ എല്ലാ വര്‍ഷവും മെയ് 9-ന് ഈ യുദ്ധവിജയം റഷ്യന്‍ സര്‍ക്കാരും ജനങ്ങളും ആഘോഷിക്കുന്നു. മഹത്തായ ദേശാഭിമാന യുദ്ധം എന്നാണ് രണ്ടാം ലോകയുദ്ധത്തിലെ സോവിയറ്റ് പടയുടെ പങ്കാളിത്തത്തെക്കുറിച്ച് അവര്‍ വിശേഷിപ്പിക്കുന്നത്.
എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചരിത്രം സംബന്ധിച്ച പണ്ഡിതരില്‍ പ്രമുഖനായ സ്‌നൈഡര്‍ ചൂണ്ടിക്കാണിക്കുന്നത് സോവിയറ്റ് റഷ്യയുടെ അവകാശവാദങ്ങളും ചരിത്രവസ്തുതകളും തമ്മില്‍ ഒരുപാട് ഭിന്നതയുണ്ടെന്നാണ്. 1945-ല്‍ സ്റ്റാലിന്റെ ചെമ്പട അമേരിക്കന്‍- ബ്രിട്ടീഷ് സൈന്യങ്ങളുടെ സഹായത്തോടെ ബെര്‍ലിന്‍ കീഴടക്കി എന്നത് വാസ്തവമാണ്. എന്നാല്‍ റഷ്യ 1942-ല്‍ മാത്രമാണ് യുദ്ധത്തില്‍ പ്രവേശിച്ചത്. അതുവരെ ഹിറ്റ്‌ലറുടെ ജര്‍മനിയുമായി ഒരു അനാക്രമണ സന്ധിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ജോസഫ് സ്റ്റാലിന്‍. 1942-ല്‍ ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെയാണ് റഷ്യക്ക് യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നത്. അതോടെയാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ അതുവരെ ‘സാമ്രാജ്യത്വയുദ്ധം’ എന്നു വിശേഷിപ്പിച്ച ലോകയുദ്ധം രായ്ക്കുരാമാനം ‘ജനകീയ യുദ്ധ’മായി പരിണമിച്ചത്. തുടര്‍ന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിധേയമാക്കി. കമ്മ്യൂണിസ്റ്റുകള്‍ രാജ്യമെങ്ങും യുദ്ധവിജയത്തിനായി പ്രവര്‍ത്തിച്ചു. സാമ്രാജ്യ സൈന്യത്തില്‍ ആളെ ചേര്‍ക്കാനായി നാടെങ്ങും പ്രചാരണം നടത്തി. അവര്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞു. ജര്‍മനിയും ജപ്പാനുമായി കൂട്ടുകൂടി ഇന്ത്യയുടെ വിമോചനത്തിനായി സായുധസമരത്തിന് ഇറങ്ങിയ നേതാജി സുഭാഷ് ചന്ദ്രബോസിനെ ‘ജപ്പാന്‍കാരുടെ കാല്‍നക്കി’ എന്നു വിളിച്ചു.
എന്നാല്‍, ഹിറ്റ്‌ലര്‍ റഷ്യയെ ആക്രമിക്കുന്നതുവരെയും ഫാസിസത്തെ സോവിയറ്റ് നേതാക്കളോ അവരുടെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനലിലെ പാര്‍ട്ടികളോ വലിയൊരു ഭീഷണിയായി കണ്ടിരുന്നില്ല എന്നാണ് സ്‌നൈഡര്‍ ചൂണ്ടിക്കാണിക്കുന്നത്. 1939- ല്‍ ഹിറ്റ്‌ലറുമായുള്ള സന്ധിയുടെ ഭാഗമായി ജര്‍മനിയും റഷ്യയും സംയുക്തമായാണ് പോളണ്ടിനെ ആക്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അക്കാലത്ത് നാസികളുടെ പ്രഭാഷണങ്ങള്‍ റഷ്യയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റഷ്യയില്‍ അക്കാലത്ത് രാഷ്ട്രീയ എതിരാളികളെ സൈബീരിയയിലേക്കു നാടുകടത്തുന്നതും പലരെയും ഒന്നിച്ചു കൊന്നൊടുക്കി കൂട്ടക്കുഴിമാടങ്ങളില്‍ മൂടുന്നതും പതിവായിരുന്നു. യൂറോപ്പില്‍ ജൂതന്മാരെ അതേവിധം കൈകാര്യം ചെയ്ത ഹിറ്റ്‌ലറുടെ സേനാനായകന്മാര്‍ ഇക്കാര്യത്തില്‍ സോവിയറ്റ് സേനയുടെ കഴിവിനെ പ്രശംസിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
യഥാര്‍ഥത്തില്‍ ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ മുന്നേറ്റത്തിന്റെയും അയല്‍രാജ്യങ്ങളുടെ നേരെയുള്ള കടന്നാക്രമണത്തിന്റെയും ആദ്യ വര്‍ഷങ്ങളില്‍ നാസികളും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ ഒന്നുമുണ്ടായില്ല എന്നാണ് സ്‌നൈഡര്‍ പറയുന്നത്. നാസികള്‍ മുഴുവന്‍ എതിരാളികളെയും നിലംപരിശാക്കി. അവര്‍ ജൂതന്മാരെയും സോഷ്യലിസ്റ്റുകളെയും കമ്യൂണിസ്റ്റുകളെയും ആക്രമിച്ചു. എന്നാല്‍ നാസികളെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ കൊടും ഭീഷണിയായിക്കണ്ട് നേരിടാന്‍ അക്കാലത്തു സോവിയറ്റ് യൂണിയനോ അവരുടെ നേതൃത്വത്തിലുള്ള ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനമോ തയ്യാറായില്ല. മുപ്പതുകളില്‍ ഹിറ്റ്‌ലറെ നേരിടാന്‍ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഒന്നിച്ചുനിന്നാല്‍ സാധ്യമായിരുന്നു. പക്ഷേ, നാസികളെ അത്ര ഗുരുതരമായ ഒരു ഭീഷണിയായി അന്ന് കമ്യൂണിസ്റ്റുകള്‍ കണ്ടില്ല. അതിനാല്‍ ഒറ്റയ്ക്ക് നിന്നു; സഖ്യശക്തികളെ തേടിയില്ല.
1935-ല്‍ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ജോര്‍ജ് ദിമിത്രോവിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അതിന്റെ ഏഴാം കോണ്‍ഗ്രസ്സില്‍ ഫാസിസത്തിനെതിരെ ഐക്യമുന്നണി എന്ന മുദ്രാവാക്യം മുഴക്കി. പക്ഷേ 1939-ല്‍ മോസ്‌കോയില്‍ ഒപ്പുവെച്ച റിബ്ബണ്‍ട്രോപ്-മൊളോടോവ് കരാര്‍ വഴി സ്റ്റാലിന്‍-ഹിറ്റ്‌ലര്‍ ഐക്യമാണ് നിലവില്‍ വന്നത്. അതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് പോളണ്ടിനെതിരെ ആക്രമണം നടത്തിയത്. അതിനകം ജര്‍മനിയിലെയും പശ്ചിമ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മിക്കവരും ജയിലില്‍ എത്തിയിരുന്നു; അല്ലെങ്കില്‍ കൊല്ലപ്പെട്ടിരുന്നു. ഹിറ്റ്‌ലര്‍ യൂറോപ്പില്‍ അപ്രതിരോധ്യ ശക്തിയായി മാറിക്കഴിഞ്ഞിരുന്നു.
സ്‌നൈഡര്‍ ഈ ചരിത്രകഥനത്തിലൂടെ സോവിയറ്റ് യൂണിയന്റെയും അതിന്റെ പിന്‍ഗാമിയായ റഷ്യയുടെയും ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളുടെ പൊള്ളത്തരം വ്യക്തമാക്കുകയാണ്. സ്റ്റാലിന്‍ ജര്‍മനിക്കെതിരെ നീങ്ങിയത് അവര്‍ റഷ്യയുടെ നേരെ ഭീഷണി ഉയര്‍ത്തിയപ്പോള്‍ മാത്രമാണ്. അതുവരെ ഫാസിസത്തെ ചെറുക്കുന്നതിനു പകരം അവരുമായി കൂട്ടുകൂടാന്‍ സ്റ്റാലിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മടി കാണിച്ചില്ല. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഈയൊരു വൈരുധ്യം എക്കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിലനിന്നിരുന്നു. അതേ പാരമ്പര്യമാണ് മഹത്തായ ദേശാഭിമാന യുദ്ധത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന വ്‌ളാദിമിര്‍ പുടിനും നിലനിര്‍ത്തുന്നത്. പുടിന്റെ ഉക്രെയ്ന്‍ ആക്രമണം തികഞ്ഞ ഫാസിസ്റ്റ് കടന്നാക്രമണമാണ്. എന്നാല്‍ ഫാസിസത്തിനെതിരെ എന്ന പേരിലാണ് അദ്ദേഹം യുദ്ധം നയിക്കുന്നത്. അതാണ് സ്‌നൈഡര്‍ ചൂണ്ടിക്കാണിക്കുന്ന വൈരുധ്യം. അതിന്റെ തുടക്കം സോവിയറ്റ് കാലത്താണ് ആരംഭിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.
സ്റ്റാലിന്‍ മാതൃകയാകുമ്പോള്‍
‘എന്തുകൊണ്ട് ഇന്ത്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ഭീഷണിയെ ഒരു ഫാസിസ്റ്റു മുന്നേറ്റമായി ഇവിടെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാണുന്നില്ല’ എന്ന ചോദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ഈയൊരു ചരിത്രപശ്ചാത്തലം ഓര്‍ക്കുന്നത് പ്രയോജനപ്രദമാണ്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരാന്‍ തുടങ്ങിയത് മുപ്പതുകളില്‍ സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്റെ ഭരണം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്ന കാലത്താണ്. ആദ്യത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് ഉദയം ചെയ്യുന്നതുപോലും ഇന്ത്യയിലായിരുന്നില്ല. മറിച്ച് എന്‍ എം റോയിയുടെ നേതൃത്വത്തില്‍ റഷ്യയിലെ താഷ്‌കന്റിലായിരുന്നു. മിക്കവാറും എല്ലാ ആദ്യകാല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളും തങ്ങളുടെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പഠിച്ചതും പകര്‍ത്തിയതും സ്റ്റാലിന്റെ പ്രസിദ്ധമായ സിപി എസ് യു(ബി) ചരിത്രം എന്ന പുസ്തകത്തില്‍ നിന്നാണ്. മാര്‍ക്‌സോ ഏംഗല്‍സോ ലെനിനോ ആയിരുന്നില്ല, മറിച്ച് സ്റ്റാലിന്‍ ആയിരുന്നു തങ്ങളുടെ രാഷ്ട്രീയ ഗുരുവെന്ന് അക്കാലത്തെ മിക്ക നേതാക്കളും തുറന്നു പറഞ്ഞിട്ടുമുണ്ട്.
എന്താണ് മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ സ്റ്റാലിനില്‍ നിന്ന് പഠിക്കുന്നതില്‍ കുഴപ്പം എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരം 1956-ലെ പ്രസിദ്ധമായ സി പി എസ് യു ഇരുപതാം കോണ്‍ഗ്രസ് മുതല്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ പറയുകയുണ്ടായി. മോസ്‌കോയില്‍ നടന്ന ആ കോണ്‍ഗ്രസിലാണ് സ്റ്റാലിനു ശേഷം പാര്‍ട്ടി നേതൃത്വത്തില്‍ വന്ന നികിതാ ക്രൂഷ്‌ചേവ് സ്റ്റാലിനെ സംബന്ധിച്ച പ്രസിദ്ധമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സ്റ്റാലിന്‍ എങ്ങനെയാണ് പാര്‍ട്ടിയുടെ സമുന്നത നേതാക്കളെയും കേന്ദ്ര കമ്മിറ്റിയിലെ മിക്കവാറും എല്ലാ അംഗങ്ങളെയും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ കൂട്ടക്കൊല ചെയ്തതെന്നും എന്തെല്ലാം അതിക്രമങ്ങളാണ് പാര്‍ട്ടിയില്‍ തന്റെ അപ്രമാദിത്വം സ്ഥാപിക്കാനായി സ്റ്റാലിനും കൂട്ടാളികളും നടത്തിയതെന്നും ആ റിപ്പോര്‍ട്ടില്‍ ഏറ്റുപറഞ്ഞു.
സ്റ്റാലിന്‍ ഒരു തികഞ്ഞ ഏകാധിപത്യ ഭരണമാണ് നടപ്പാക്കിയത്. അദ്ദേഹം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു നല്‍കിയ പാഠങ്ങളും അത്തരത്തിലുള്ളതായിരുന്നു. വളരെ സങ്കുചിതവും രഹസ്യാത്മകവും ഗൂഢാലോചനാപരവുമായ കേന്ദ്രീകൃത സംവിധാനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ റഷ്യന്‍ സഹായത്തോടെ അതതു നാടുകളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തത്. കേന്ദ്രീകൃത ജനാധിപത്യത്തെപ്പറ്റി അവര്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചുവെങ്കിലും പ്രായോഗികമായി തികഞ്ഞ ഏകാധിപത്യ-സമഗ്രാധിപത്യ സംവിധാനങ്ങള്‍ തന്നെയാണ് അവര്‍ ആഭ്യന്തരമായി നടപ്പാക്കിയത്. കമ്മ്യൂണിസ്റ്റ് ഭരണം വന്നയിടങ്ങളില്‍ അതു ഭരണകൂടത്തിന്റെ സ്വഭാവമായി മാറി. ഇന്ത്യയെപ്പോലെ അധികാരത്തിനു പുറത്തുനിന്ന മറ്റിടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തികച്ചും അടഞ്ഞ സംവിധാനങ്ങളായി നിലകൊണ്ടു. സ്റ്റാലിന്‍ അതാണ് അവരെ പഠിപ്പിച്ചത്.

സ്റ്റാലിന്‍ ജനറല്‍ സെക്രട്ടറിയായി തുടരുന്നത് പാര്‍ട്ടിക്കും സോവിയറ്റ് യൂണിയനും ആപത്കരമായിരിക്കുമെന്ന അഭിപ്രായം രേഖപ്പെടുത്തി രോഗശയ്യയില്‍ നിന്ന് ലെനിന്‍ കേന്ദ്ര കമ്മിറ്റിക്ക് അയച്ച കത്തുകള്‍ വെളിയില്‍ വരുന്നത് പിന്നീട് വളരെക്കാലം കഴിഞ്ഞാണ്. ലെനിന്റെ അവസാന നാളുകളില്‍ എഴുതിയ ഈ കത്തുകള്‍ സ്റ്റാലിന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നു മറച്ചുവെച്ചു. ലെനിന്റെ സഹപ്രവര്‍ത്തകരെ ഓരോരുത്തരെയായി കൊന്നുതള്ളി. ലെനിന്റെ വലംകൈയായി പ്രവര്‍ത്തിച്ച ട്രോട്‌സ്‌കി അതിനിടയില്‍ നാട്ടില്‍ നിന്ന് ഒളിച്ചോടി മെക്‌സിക്കോയില്‍ അഭയം പ്രാപിച്ചിരുന്നു. അവിടെയെത്തിയാണ് സ്റ്റാലിന്റെ കൊലയാളികള്‍ അദ്ദേഹത്തെ മഴു കൊണ്ട് വെട്ടിക്കൊന്നത്.
അതിനാല്‍ ഇന്ത്യയിലെ ഇന്നത്തെ സാഹചര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഭരണകൂടം എടുക്കുന്ന നിലപാടുകളെ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിലപാടുകളായി വ്യവഛേദിച്ചു കാണാന്‍ സി പി എമ്മും മറ്റ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് കക്ഷികളും തയ്യാറാവുന്നിെല്ലങ്കില്‍ അതിനുള്ള ഉത്തരം തേടേണ്ടത് അവരുടെ ചരിത്രപരമായ സമീപനങ്ങളില്‍ തന്നെയാണ്. 1964-ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ കാലത്തുപോലും ഇവിടെയുള്ള പ്രസ്ഥാനത്തിന്റെ നേതൃത്വത്തെ പ്രധാനമായി സ്വാധീനിച്ചത് സ്റ്റാലിനിസ്റ്റ് ചിന്താഗതികള്‍ തന്നെയായിരുന്നുവെന്ന് പ്രമുഖ കമ്മ്യൂണിസ്റ്റ് ചിന്തകനായ മോഹിത് സെന്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട് (A Traveller and the Road, Delhi, 2003).
ജനാധിപത്യപരമായ ഒരു പരിപ്രേക്ഷ്യം വികസിപ്പിക്കുന്നതില്‍ പിളര്‍പ്പിനു ശേഷം പോലും അവര്‍ പരാജയപ്പെട്ടു. അതിന്റെ ഒരു പ്രധാന കാരണം, യുദ്ധാനന്തരകാലത്ത് യൂറോപ്പില്‍ മാര്‍ക്‌സിസ്റ്റ് ചിന്തയിലും ദര്‍ശനത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും അതൊന്നും ഇവിടെയുള്ള പ്രസ്ഥാനത്തെയോ നേതാക്കളെയോ സ്പര്‍ശിക്കുകയുണ്ടായില്ല എന്നതായിരിക്കണം. യുദ്ധകാലത്തെ അനുഭവങ്ങള്‍ യൂറോപ്പില്‍ ഫാസിസത്തിന്റെ സ്വഭാവവും രീതിയും ദര്‍ശനവും സംബന്ധിച്ച പുതുവിചിന്തനങ്ങള്‍ക്ക് ഉദയം നല്‍കി. ജര്‍മന്‍ ചിന്തകനായ വാള്‍ട്ടര്‍ ബെന്‍യമിന്‍ മുതല്‍ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് നേതാവും ദാര്‍ശനികനുമായ അന്റോണിയോ ഗ്രാംഷി വരെ മഹാരഥന്മാരായ ചിന്തകരുടെ പഠനങ്ങള്‍ അക്കാലത്ത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കൈമുതലായി വന്നു. ഫാസിസത്തെ സംബന്ധിച്ച ഏറ്റവും സമഗ്രവും നിശിതവുമായ പഠനങ്ങളാണ് ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ എന്നറിയപ്പെട്ട പണ്ഡിതവിഭാഗം പുറത്തുകൊണ്ടുവന്നത്. എന്നാല്‍ അവയൊന്നും ഇവിടെ ഒരു ആഘാതവും ഉണ്ടാക്കിയില്ല. കമ്മ്യൂണിസ്റ്റ് ചിന്തയിലും പ്രവര്‍ത്തനത്തിലും സ്റ്റാലിന്റെയും പിന്നീട് മാവോയുടെയും സ്വാധീനം രൂഢമൂലമായി നിലനിന്നു.
ഫാസിസ്റ്റ് (വ്യാജ)യുക്തികള്‍
ഫാസിസത്തെ സംബന്ധിച്ച പഠനം നടത്തിയ മിക്ക പണ്ഡിതന്മാരും വിവിധ കാലങ്ങളില്‍, വിവിധ ദേശങ്ങളില്‍ അവരുടെ തന്ത്രങ്ങളില്‍ വ്യത്യാസങ്ങള്‍ കാണുമെങ്കിലും അവയെ കോര്‍ത്തിണക്കുന്ന ചില പൊതുഘടകങ്ങള്‍ എവിടെയും കാണാമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ പ്രധാനം തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ഒരു സമൂഹത്തെ അന്യരും വഞ്ചകരും അഞ്ചാംപത്തികളുമായി ചിത്രീകരിക്കുന്ന അവരുടെ രീതിയാണ്. ചരിത്രത്തെയും വസ്തുതകളെയും വളച്ചൊടിക്കാന്‍ അവര്‍ക്കു യാതൊരു മടിയുമില്ല. ഇത് ക്ലാസിക്കല്‍ ഫാസിസത്തിന്റെ കാലം മുതല്‍ ഇന്നു നവനാസികളുടെ കാലം വരെ തുടര്‍ച്ചയായി കാണാവുന്ന പ്രതിഭാസമാണ്.
ഹിറ്റ്‌ലറും നാസികളും ജൂതന്മാരെയാണ് ഇങ്ങനെ വേട്ടയാടാനായി പ്രത്യേകം തെരഞ്ഞുപിടിച്ചത്. അതേപോലെ യൂറോപ്പിലെ നാടോടിവിഭാഗങ്ങളായ റോമന്‍ സമൂഹം പോലെ പലരെയും അവര്‍ സമൂഹമധ്യത്തില്‍ നിന്ന് വംശീയ പ്രക്ഷാളനം ചെയ്യാനായി തെരഞ്ഞുപിടിച്ച് അവര്‍ക്കെതിരെ ആക്രമണങ്ങള്‍ സംഘടിതമായി നടത്തുകയുണ്ടായി. ആര്യവംശ മാഹാത്മ്യമാണ് ഹിറ്റ്‌ലറും അനുയായികളും ഉത്‌ഘോഷിച്ചത്. അതിനായി വലതുപക്ഷ യൂറോപ്യന്‍ ദാര്‍ശനിക പാരമ്പര്യത്തെ അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കലര്‍പ്പില്ലാത്ത വംശശുദ്ധിയെന്ന ആശയം തികഞ്ഞ വ്യാജമാണെന്ന് ചരിത്രകാരന്മാരും സാമൂഹിക പണ്ഡിതരും നിരന്തരം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യരാശിയുടെ ദീര്‍ഘമായ വികാസ ചരിത്രത്തില്‍ പല സമൂഹങ്ങളും വംശങ്ങളും പരസ്പരം കൂടിച്ചേരുകയും വേര്‍പിരിയുകയും ഭാഷകള്‍ വികസിക്കുകയും വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ നാസികളുടെ അടിസ്ഥാന പ്രമാണങ്ങള്‍ തന്നെ വ്യാജമാണെങ്കിലും അത്തരമൊരു വ്യാജസിദ്ധാന്തത്തിന്റെ ബലത്തില്‍ ലോകത്തെ കീഴടക്കാനാണ് ഹിറ്റ്‌ലര്‍ ശ്രമിച്ചത്.
ഇതേ തരത്തിലുള്ള വ്യാജയുക്തികള്‍ ഫാസിസ്റ്റ് സ്വഭാവമുള്ള കക്ഷികളും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരുകളും പ്രയോഗിക്കുന്നുണ്ട്. ഉക്രെയ്‌നിലെ ഭരണാധികാരികളെ ഫാസിസ്റ്റുകളെന്നു വിളിച്ചുകൊണ്ടാണ് പുടിന്‍ അവിടെ കടന്നാക്രമണം നടത്തിയത്. അവിടെയുള്ള റഷ്യന്‍ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങളെ ഉക്രെയ്ന്‍ അധികാരികള്‍ ആക്രമിക്കുന്നു, അവരുടെ വംശനാശത്തിനു ശ്രമം നടത്തുന്നു എന്നായിരുന്നു ആരോപണം. റഷ്യന്‍ സേനകളെ വിമോചകര്‍ എന്ന നിലയില്‍ ഉക്രെയ്‌നിലെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം കരുതി. എന്നാല്‍ അതല്ല സംഭവിച്ചത് എന്നത് വേറെ കാര്യം. പക്ഷേ, തന്റെ വ്യാജയുക്തികളെ പുനരവലോകനത്തിനു വിധേയമാക്കാന്‍ അതൊന്നും പുടിനെ പ്രേരിപ്പിക്കുന്നില്ല. ഫാസിസ്റ്റ് പ്രചാരണകലയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് തങ്ങള്‍ ഉയര്‍ത്തിവിടുന്ന വ്യാജങ്ങള്‍ അതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ വിശ്വസിക്കാന്‍ തുടങ്ങുന്ന അവസ്ഥയാണ്. ഏതാണ്ടൊരു സ്ഥലജലവിഭ്രാന്തിയുടെ ലക്ഷണമാണ് അത്തരക്കാര്‍ പ്രകടിപ്പിക്കുന്നത്. അവര്‍ അധികാരശക്തി ഉള്ളവരെങ്കില്‍ അത് ബന്ധപ്പെട്ട ജനസമൂഹങ്ങളെ കടുത്ത ദുരിതത്തിലേക്കു മാത്രമേ നയിക്കുകയുള്ളൂ.
ഇന്നത്തെ ഇന്ത്യയിലെ അവസ്ഥ അങ്ങനെയുള്ള ഒന്നാണ്. ഇന്ത്യയില്‍ ചരിത്രത്തെ വളച്ചൊടിക്കുകയും ഇസ്‌ലാമിനെ ഒരു വിരുദ്ധ സംസ്‌കാരമായും ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ സകല ദുരന്തങ്ങള്‍ക്കുമുള്ള ഒരേയൊരു ഉത്തരവാദിയായും പ്രതിഷ്ഠിക്കുന്ന ചിന്താപദ്ധതി 19ാം നൂറ്റാണ്ടില്‍ തന്നെ ഉയര്‍ന്നുവരികയുണ്ടായി. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ആദ്യഭൂമികയായ ബംഗാളിലെ നവോത്ഥാനം പൂര്‍ണമായും ഹൈന്ദവമായ ഒരു പ്രസ്ഥാനമായിരുന്നു. അതിന്റെ ദാര്‍ശനികവും സാംസ്‌കാരികവുമായ തലങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നത് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം പോലെയുള്ള കൃതികളിലാണ്.
ബംഗാളി നവോത്ഥാനത്തിന്റെ ഉദ്ഘാടകനായ റാംമോഹന്‍ റോയിയുടെ ബ്രഹ്മസമാജം അടക്കമുള്ള പ്രസ്ഥാനങ്ങള്‍ പൂര്‍ണമായും ഒരു ആംഗലവത്കൃത ഹിന്ദു മധ്യവര്‍ഗ സമൂഹത്തെയാണ് പ്രതിനിധീകരിച്ചത്. കല്‍ക്കത്തയില്‍ അത്തരമൊരു വരേണ്യ കുടുംബത്തില്‍ പിറന്ന മോഹിത് സെന്‍, തങ്ങളുടെ വീട്ടില്‍ അംഗങ്ങള്‍ പരസ്പരം സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു എന്ന് ഓര്‍മിക്കുന്നുണ്ട്. വീട്ടിലെ വേലക്കാരോട് സംസാരിക്കാന്‍ മാത്രമാണ് അവര്‍ ബംഗാളി ഭാഷ ഉപയോഗിച്ചത്. അതിനാല്‍ ബ്രിട്ടീഷ് ഭരണമല്ല, മറിച്ച് അതിനു മുമ്പ് നിലനിന്ന സുല്‍ത്താന്മാരുടെയും നവാബുമാരുടെയും ഭരണമാണ് ഇന്ത്യയുടെ പതനത്തിനു കാരണമെന്ന നിഗമനത്തിലാണ് ഈ ഭദ്രലോക് സമൂഹം എത്തിയത്.
അത്തരമൊരു ലോകവീക്ഷണം ഇന്ത്യയിലെ പുത്തന്‍ വരേണ്യരില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ മെക്കാളെ പ്രഭുവിന്റെ ബോധപൂര്‍വമായ നീക്കങ്ങളും, അതേ കാലത്ത് കല്‍ക്കത്തയിലെ ജഡ്ജി വില്യം ജോണ്‍സ് അടക്കമുള്ള പണ്ഡിതരുടെ നേതൃത്വത്തില്‍ വികസിച്ച ഇന്ത്യാ പഠന ശാഖകളും സുപ്രധാനമായ പങ്കാളിത്തം വഹിക്കുകയുണ്ടായി. ആര്യവംശ മാഹാത്മ്യം സംബന്ധിച്ച ദര്‍ശനങ്ങള്‍ ജര്‍മന്‍ പണ്ഡിതര്‍ക്കിടയില്‍ പ്രചരിക്കുന്നത് വില്യം ജോണ്‍സ് അടക്കമുള്ള ആദ്യകാല ഇന്തോളജിസ്റ്റുകളുടെ പഠനങ്ങള്‍ വഴിയാണ് എന്നതും ശ്രദ്ധേയമാണ്. ബംഗാളിലും മറാത്താ പ്രദേശത്തുമാണ് ഇന്ത്യയില്‍ ആദ്യമായി ഇത്തരമൊരു ആംഗലവത്കൃത ഇന്ത്യന്‍ മധ്യവര്‍ഗം ഉയര്‍ന്നുവരുന്നത്. അവരാണ് ഇന്ത്യന്‍ ദേശീയതയുടെ ആദ്യകാല നേതാക്കളായി വരുന്നതും. ഹിന്ദു ചിന്തയുടെ ആദ്യകാല വക്താക്കളില്‍ ഉള്‍പ്പെടുന്ന ലോകമാന്യ തിലകന്‍ ഉദാഹരണം.
കമ്യൂണിസ്റ്റ് കക്ഷികള്‍
പില്‍ക്കാലത്ത് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ന്നുവന്നതും ഇതേ ബംഗാളി ഭദ്രലോക് സമൂഹത്തില്‍ നിന്നും മറാത്തി ബ്രാഹ്മണ സമൂഹത്തില്‍ നിന്നും തന്നെയാണ്. എസ് എ ഡാങ്കെ, ജി അധികാരി, എസ് വി ഘാട്ടെ, പി സി ജോഷി, അജയഘോഷ്, ബി ടി രണദിവെ തുടങ്ങിയ ആദ്യകാല നേതാക്കള്‍ മുഴുക്കെ ഈ പ്രദേശങ്ങളിലെ വരേണ്യ കുടുംബങ്ങളില്‍ നിന്നാണ് വന്നത്. അതായത് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന ആശയങ്ങളില്‍ എന്നും ഒരു ഹിന്ദുത്വധാരയുടെ സാന്നിധ്യം നിലനിന്നിരുന്നു. അതിനെ ബോധപൂര്‍വം ചെറുക്കാനുള്ള സൈദ്ധാന്തിക ഉപകരണങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പരാജയപ്പെടുകയും ചെയ്തുവെന്നും അംഗീകരിക്കണം.
ഇന്നത്തെ ഇന്ത്യയില്‍, ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തെ ആഭ്യന്തരമായി വിഭജിക്കുന്ന ഒരു ദര്‍ശനം വികസിപ്പിക്കുകയും അധികാരത്തിന്റെ വിവിധ തലങ്ങളില്‍ അതു പ്രയോഗവത്കരിക്കുകയും ചെയ്യുന്ന വേളയില്‍ അതിനെ ചെറുക്കുന്നതില്‍ ഇന്ത്യന്‍ ഇടതുപക്ഷം പരാജയപ്പെടാന്‍ ഇടയായ സാഹചര്യം ഒരുക്കിയത് അവരുടെ ഇത്തരമൊരു പശ്ചാത്തലമാണ്. സ്റ്റാലിനിസവും ഇന്ത്യന്‍ ദേശീയതയുടെ ഹിന്ദുത്വ പാരമ്പര്യങ്ങളും ഒരേ സമയം അവരില്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്നു സംശയിക്കണം. കോണ്‍ഗ്രസിലെ മതേതര ധാരയെ പ്രതിനിധീകരിച്ച നെഹ്‌റുവിനെ അവര്‍ എന്നും എതിര്‍ക്കുകയായിരുന്നു. ഒരുപക്ഷേ അതാവാം, സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തില്‍ ഇരുകൂട്ടരും ഒന്നിച്ചു വരുന്ന സാഹചര്യം പലപ്പോഴും ഉയര്‍ന്നുവന്നത്. അറുപതുകളില്‍ സംയുക്ത വിധയക് ദള്‍ മന്ത്രിസഭകളില്‍ സി പി ഐയും ജനസംഘവും ഒന്നിച്ച് അണിനിരന്നതും അടിയന്തരാവസ്ഥയ്ക്കു ശേഷം സി പി എമ്മും ആര്‍ എസ് എസും ഒന്നിച്ചു തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും അതിന് ഉദാഹരണങ്ങളാണ്.
ഇതിനെ ചെറുക്കാന്‍ ശ്രമിച്ച ചില നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നു എന്നതു മറക്കുന്നില്ല. ആദ്യത്തെ ജനറല്‍ സെക്രട്ടറി പി സി ജോഷിയും മീറത്ത് ഗൂഢാലോചന കേസില്‍ പ്രതിയായിരുന്ന എസ് എ ഡാങ്കെയും അത്തരം നിലപാടുകള്‍ സ്വീകരിച്ചെങ്കിലും അവരുടെ അഭിപ്രായങ്ങള്‍ക്കു പാര്‍ട്ടിയില്‍ അംഗീകാരം ലഭിച്ചില്ല. പകരം തികഞ്ഞ കോണ്‍ഗ്രസ് വിരുദ്ധ നയങ്ങളാണ് മേല്‍ക്കൈ നേടിയത്. അതിന്റെ പേരിലാണ് പാര്‍ട്ടിയില്‍ പിളര്‍പ്പു വന്നതും. നിര്‍ഭാഗ്യവശാല്‍ അത്തരം പാരമ്പര്യങ്ങള്‍ തന്നെയാണ് ഇന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കുന്നത്. ഉദാഹരണത്തിന്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പേരിനെങ്കിലും ബാക്കി നില്‍ക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസ്മുക്ത ഭാരതവും കേരളവും ബി ജെ പിയുടെയും സി പി എമ്മിന്റെയും മുഖ്യ അജണ്ടയായി ഇന്നും നിലനില്‍ക്കുന്നു എന്ന കാര്യം മാത്രം ഓര്‍മിച്ചാല്‍ മതി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x