29 Friday
March 2024
2024 March 29
1445 Ramadân 19

ഫാസിസത്തെ മതേതരത്വം കൊണ്ടാണ് പ്രതിരോധിക്കേണ്ടത്

ഡോ. ജാബിര്‍ അമാനി


വര്‍ത്തമാനകാല മുസ്‌ലിം ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ഏകശിലാത്മക സ്വഭാവത്തിലുള്ളതല്ല. സ്വാതന്ത്ര്യസമര ചരിത്രം മുതല്‍ വൈവിധ്യങ്ങളായ കൈവഴികളിലൂടെയും ഭിന്നരൂപങ്ങളിലൂടെയും സമീപനങ്ങളിലൂടെയും വംശഹത്യാ ഭീഷണി വരെ എത്തിനില്‍ക്കുന്നു. വംശഹത്യയും ഉന്മൂലന ശ്രമങ്ങളും ഒരു നിമിഷത്തിന്റെ ഉല്‍പന്നമല്ല. നിരന്തര ആലോചനയുടെയും അജണ്ടയുടെയും ഉപോല്‍പന്നമാണ്. കാലങ്ങളെടുത്ത് പൂര്‍ത്തീകരിക്കുന്ന പ്രക്രിയയാണ് വംശഹത്യയെന്ന് ജെനസൈഡ് വാച്ചിന്റെ (ഴലിീരശറല ംമരേവ) സ്ഥാപകനും പ്രസിഡന്റുമായ ഗ്രിഗറി ഒ സ്റ്റാന്‍ടണ്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള കലാപങ്ങളും കൂട്ടക്കൊലകളും സങ്കുചിത ദേശീയതാവാദവും സാംസ്‌കാരിക അധിനിവേശ പദ്ധതികളും തുടങ്ങി മതരാഷ്ട്രവാദത്തിന്റെ വേരുകള്‍ അരക്കിട്ടുറപ്പിക്കുകയാണ് വംശഹത്യാ സിദ്ധാന്തത്തിന്റെ മുഖ്യ അജണ്ടകള്‍ എന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭൂത-വര്‍ത്തമാന ചരിത്രങ്ങള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു.
ഇന്ത്യന്‍ ഫാസിസത്തിന്റെ ഓരോ മുസ്‌ലിം വിരുദ്ധ നീക്കങ്ങളും ഹിന്ദു-മുസ്‌ലിം വര്‍ഗീയതയുടെ ഭാഗമായി ചിത്രീകരിക്കാനാണ് ശ്രങ്ങള്‍ നടന്നിട്ടുള്ളത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളും മുഖവിലക്കെടുക്കാന്‍ ഫാസിസം ശ്രമിക്കില്ലെന്നത് നേരാണ്. എന്നാല്‍ അത്തരം ശ്രമങ്ങളെ എല്ലാ അര്‍ഥത്തിലും പ്രതിരോധിച്ച് ഹിന്ദു-മുസ്‌ലിം മൈത്രിയെ തകര്‍ക്കാനും അതുവഴി രാഷ്ട്രസംസ്ഥാപനത്തിന് വഴിയൊരുക്കാനുമുള്ള ഇന്ത്യന്‍ ഫാസിസ്റ്റ് തന്ത്രങ്ങള്‍ ചരിത്രത്തില്‍ നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിംകള്‍ വൈദേശികരാണെന്നും അവര്‍ ഇന്ത്യയില്‍ തുടരേണ്ടവരല്ലെന്നും അഥവാ ഇന്ത്യയുടെ ഭാഗമായി തുടരുന്നുവെങ്കില്‍ ഏക സിവില്‍ കോഡും ഹിന്ദുരാഷ്ട്ര നിയമങ്ങളും പിന്തുടര്‍ന്ന് രണ്ടാം പൗരന്മാരായ ഹിന്ദുക്കളായി തുടരണമെന്നുമുള്ള ആഹ്വാനങ്ങള്‍ വരുന്നു.
ആത്മാഭിമാനത്തോടെയുള്ള അസ്തിത്വം ചോദ്യം ചെയ്യുന്ന സമകാലഘട്ടത്തെ എങ്ങനെ പ്രതിരോധിക്കണമെന്നത് സുചിന്തിതമായി ആലോചിച്ച് രൂപപ്പെടുത്തേണ്ട സ്ട്രാറ്റജിയാണ്. കേവലം ഒന്നോ രണ്ടോ പാര്‍ട്ടികളോ സംഘങ്ങളോ ചേര്‍ന്ന് ചര്‍ച്ചാസംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുകൊണ്ട് ആഭ്യന്തര അസ്വസ്ഥതകള്‍ തലപൊക്കുകയേ ചെയ്യൂ. അത്തരമൊരു ആഭ്യന്തര ശിഥിലീകരണവും ആശയ ധ്രുവീകരണവുമാണ് ഫാസിസം ആഗ്രഹിക്കുന്നതെന്ന് നാം തിരിച്ചറിയണം.
വേട്ടക്കാരന്‍ എന്ന നിലയ്ക്ക് ഇരയെ വളഞ്ഞിട്ടു പിടിക്കാന്‍ ഈ സമീപനം എളുപ്പമായിരിക്കും. ഏതര്‍ഥത്തില്‍ വിശകലനം ചെയ്താലും മതരാഷ്ട്രവാദവുമായി സന്ധിയാവുന്ന ഒരു നടപടിക്രമവും ചര്‍ച്ചയും മതേതരത്വ സമൂഹത്തില്‍ ഭൂഷണമല്ല. അത് ആത്മഹത്യാപരമായിരിക്കും. താത്വികതലത്തില്‍ മതരാഷ്ട്രവാദത്തിന്റെ ആശയപരിസരത്ത് അഭിരമിക്കുന്നവര്‍ അനുകൂല സാഹചര്യങ്ങളും ഘടകങ്ങളും യോജിച്ചുവരുമ്പോള്‍ തങ്ങളുടെ മതരാഷ്ട്ര ആദര്‍ശത്തെ മതേതരത്വത്തിന് ബദലായി സ്ഥാപിക്കാനായിരിക്കും സ്വാഭാവികമായും തിടുക്കം കൂട്ടുക. ഇന്ത്യ-പാക് വിഭജനത്തിന്റെ ആശയധാര ഇത്തരമൊരു ബദല്‍ സ്ഥാപിച്ചതിന്റെ തേട്ടമാണെന്നുകൂടി ചരിത്രത്തില്‍ വിലയിരുത്തിയിട്ടുണ്ടല്ലോ.
മതരാഷ്ട്രവാദത്തെ മതേതരത്വം കൊണ്ട് പ്രതിരോധിക്കാനാണ് ഇന്ത്യന്‍ ജനാധിപത്യ പൈതൃകത്തില്‍ വിശ്വസിക്കുന്നവര്‍ ശ്രമിക്കുക. അതിനു മാത്രമേ ഇന്ത്യന്‍ പൊതുജന സമൂഹത്തിന്റെ ധാര്‍മിക പിന്തുണ ലഭ്യമാവുകയുള്ളൂ. മതരാഷ്ട്രവാദം ഏത് ആദര്‍ശധാരയുടെ താല്‍പര്യത്തില്‍ രൂപപ്പെടുത്തിയാലും ഇന്ത്യയില്‍ അത് ഒരു ന്യൂനപക്ഷത്തിന്റെ സിദ്ധാന്തം മാത്രമാണ്. ഒരു മതരാഷ്ട്രവാദത്തെ മറ്റൊരു മതരാഷ്ട്രവാദം കൊണ്ട് ചെറുക്കാനും പ്രതിരോധിക്കാനും തയ്യാറായാല്‍ മതാധിഷ്ഠിത സങ്കുചിത ദേശരാഷ്ട്ര നിര്‍മാണത്തിന് ശക്തി കൂടുകയേ ചെയ്യൂ. മതരാഷ്ട്രവാദം ആശയാടിത്തറയായി മാത്രം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗവും ഹൈന്ദവ ദേശരാഷ്ട്രത്തിന്റെ പ്രായോഗിക രൂപങ്ങള്‍ സമര്‍ഥമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നവരും ചേര്‍ന്ന് സംഘടനാടിസ്ഥാനത്തില്‍ ആശയവിനിമയം നിര്‍വഹിച്ചാല്‍ മതേതരത്വം ശക്തിപ്പെടും എന്ന് വിശ്വസിക്കാന്‍ കഴിയുമോ? അങ്ങനെയായിത്തീരട്ടെയെന്ന് പ്രതീക്ഷിക്കാനും ആശംസിക്കാനും ചര്‍ച്ചകള്‍ വഴി ധ്രുവീകരണത്തിന് ആക്കം കൂട്ടാതിരിക്കാനുമാണ് ഇനി നാം ശ്രമിക്കേണ്ടത്. ചര്‍ച്ചകള്‍ വഴി ഭരണകൂടവുമായുള്ള മുഖാമുഖങ്ങള്‍ക്കും ശത്രുതയുടെ കാഠിന്യം ലഘൂകരിക്കാനും കഴിയട്ടെ.

ആത്മാഭിമാനം
ശക്തിപ്പെടുത്തുക

മുസ്‌ലിം സമൂഹത്തിന് ആത്മാഭിമാനത്തിന്റെ ദൃഢബോധ്യം ശക്തിപ്പെടുത്തുകയാണ് പ്രഥമമായി നിര്‍വഹിക്കേണ്ടത്. മതപരമായും ചരിത്രപരമായുമുള്ള ആശയങ്ങളിലൂടെയും ആവേശവിജയങ്ങളുടെ സന്ദേശ പ്രചാരണം വഴിയും അതിന് സാധ്യമാണ്. ഭയവും ഭീഷണികളും ഒരു സ്ട്രാറ്റജിയായിത്തന്നെ എടുത്തുന്നയിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളില്‍ ചകിതരായി പോകുന്നത് തടയാനാവണം. കുരിശുയുദ്ധങ്ങള്‍, താര്‍ത്താരികളുടെയും മറ്റുമുള്ള ഉന്മൂലന ശ്രമങ്ങള്‍ എന്നിവയുടെ സത്യസന്ധമായ ചരിത്രപഠനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന ഔന്നത്യബോധ്യവും ഇച്ഛാശക്തിയും ഫാസിസത്തിനെതിരെ ധൈഷണികമായ പ്രതിരോധം തീര്‍ക്കാന്‍ കരുത്തു പകരുന്നതാണ്. ഒരു ഏറ്റുമുട്ടലിന്റെ പരിസരം ഒരുക്കാനുള്ള ഏതു സൂക്ഷ്മ ശ്രമവും മതവിരുദ്ധവും തീവ്രവാദത്തെ ജാഗ്രത്താക്കി നിര്‍ത്തലുമാണ്. മറിച്ച് ഇന്ത്യക്കാര്‍ എന്ന പൊതുബോധത്തിലും സ്വാതന്ത്ര്യസമരത്തില്‍ സജീവ സാന്നിധ്യം നിര്‍വഹിച്ച് പൊരുതി നേടിയ സ്വതന്ത്ര മണ്ണ് എന്ന തിരിച്ചറിവിലും മതേതരത്വത്തെ ശക്തിപ്പെടുത്താനുള്ള ദൗത്യമാണ് വിചാരപരമായിട്ടുള്ള പ്രതിരോധം.
ലോക മനഃസാക്ഷിയിലും അന്താരാഷ്ട്ര ഔദ്യോഗികവേദികളിലും ഇന്ത്യയിലെ ഇസ്‌ലാമാഫോബിയയും മുസ്‌ലിം ഉന്മൂലന ശ്രമങ്ങളുടെ നാള്‍വഴികളും നടപടിക്രമങ്ങളും ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് വേദിയാവണം. നീതിയും മനുഷ്യാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും പൗരന്മാര്‍ക്കിടയില്‍ വിവേചനമില്ലാതെ നിര്‍വഹിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താനായി ആഗോള സമൂഹത്തിന്റെ ശ്രദ്ധയുണ്ടാകുമാറ് സംവിധാനങ്ങളും സമ്മര്‍ദങ്ങളും വേണ്ടതുണ്ട്. അക്കാര്യങ്ങള്‍ക്ക് ഒറ്റശബ്ദമായി വരുന്ന മുസ്‌ലിം റെപ്രസന്റേഷനാണ് ആവശ്യം. അത്തരം റെപ്രസന്റേഷനുകളെ ഭിന്നശബ്ദമാക്കുകയാണ് ഫാസിസത്തിന്റെ തന്ത്രമെന്ന് ഏത് സംവാദ പരിസരങ്ങളിലും നാം തിരിച്ചറിയേണ്ടത് അനിവാര്യമാണ്. സമകാലിക ആര്‍ എസ് എസ് അതില്‍ നിന്ന് ഭിന്നമല്ലെന്ന് വേണം കരുതാന്‍. ഇതൊരു സംഘടനാ വിജയമായി കൊണ്ടാടുന്നത് വേട്ടക്കാരന് ആശ്വാസം പകരും.
ഫാസിസത്തോടുള്ള പ്രതിരോധം ആശയാടിസ്ഥാനത്തില്‍ തന്നെയാണ് നിര്‍വഹിക്കേണ്ടത്. വാളെടുക്കുന്നവര്‍ മുഴുവന്‍ കോമരങ്ങളായി മാറുന്ന അവസ്ഥയുണ്ടാവരുത്. അധികാര വീതംവെപ്പ് മുന്നില്‍ കണ്ടുള്ള മുക്കൂട്ടുമുന്നണി കൊണ്ടോ മൂന്നാംചേരി കൊണ്ടോ ആത്യന്തികമായി ഫാസിസത്തെ തകര്‍ക്കാനാവില്ല. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും വീണ്ടെടുപ്പിന്റെ സമരപോരാട്ടത്തില്‍ അധികാരം, ഭരണം, കുഞ്ചികസ്ഥാനങ്ങള്‍ എന്നീ ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടാവരുത്. ഇന്ത്യയെ വീണ്ടെടുത്ത ശേഷമേ അധികാര-ഭരണങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. അതിനായിരിക്കണം മൂന്നാം ചേരി.
നൈതികമായ രാഷ്ട്രീയാവബോധം വഴിയല്ലാതെ ഇത്തരമൊരു മാനസികാവസ്ഥ രൂപപ്പെടുകയുമില്ല. അധികാരമോഹങ്ങളും സംഘടനാ വൈരനിര്യാതന ചിന്തയും കടന്നുവരുന്നവരുമായി ചങ്ങാത്തം കൂടി യൂണിറ്റി തകര്‍ക്കാനുള്ള ശ്രമം ചരിത്രത്തില്‍ തന്നെ ഫാസിസം സ്വീകരിച്ച തന്ത്രമാണ്. അസത്യത്തിനും അരാജകത്വത്തിനും നേരെയുള്ള ഐക്യശബ്ദങ്ങളെ എല്ലാ കാലത്തും ഫാസിസത്തിന് ഭയമായിരിക്കും. പൗരത്വസമരമുഖത്ത് നാം ഈയൊരു ഐക്യശബ്ദമാണ് ദര്‍ശിച്ചത്. അതുതന്നെയാണ് ഇത്തരം സമരങ്ങളില്‍ ഫാസിസ്റ്റ് തന്ത്രങ്ങളും ശ്രമങ്ങളും പരാജയപ്പെടുത്തിയ കാതലും കരുത്തും. ഏതെങ്കിലും തലത്തില്‍ ഐക്യനിര രൂപ്പെടുമ്പോഴെല്ലാം രാഷ്ട്രീയമായ അരികുവത്കരണം ഉണ്ടായിട്ടുണ്ട്.
വൈദേശിക ബന്ധമുള്ളവര്‍, ഭീകരവാദികള്‍, ഭരണകൂടത്തെ അട്ടിമറിക്കുന്നവര്‍, വര്‍ഗീയ കൂട്ടുകെട്ട്, ഇന്ത്യന്‍ പൈതൃകത്തെ തകര്‍ക്കുന്നവര്‍ തുടങ്ങി ആരോപണങ്ങള്‍ ശക്തിപ്പെടുത്തി. മതേതരത്വ സത്യസന്ധത തെളിയിക്കാന്‍ വെല്ലുവിളികളുയര്‍ത്തുന്നതും നാം കണ്ടതാണ്. ഇവിടെയെല്ലാം ഇച്ഛാശക്തി കൊണ്ട് അതിജീവനം നേടാന്‍ കഴിയുംവിധം ശക്തമായിരിക്കണം ഐക്യശബ്ദങ്ങള്‍. ഫാസിസത്തിന്റെ നിഷ്‌കാസനത്തിനപ്പുറത്ത് മറ്റൊരു രാഷ്ട്രീയമോഹങ്ങളും സ്വാധീനിക്കാത്ത കൂട്ടായ്മയാണ് വിജയം എളുപ്പമാക്കുക. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവും വര്‍ത്തമാനകാലത്തെ പൗരത്വ-കാര്‍ഷിക സമരങ്ങളും അതിന് വലിയ മാതൃകയാണ്.
ഈ ഘട്ടങ്ങളിലെല്ലാം അതിപ്രധാനമായ ഭാഗം ഇന്ത്യന്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണ് പൊതുസമൂഹം എന്നത് വിസ്മരിക്കാതിരിക്കലാണ്. ഫാസിസ്റ്റ്-സംഘപരിവാര ശക്തികള്‍ മതേതരത്വ കൂട്ടായ്മയ്ക്ക് മുന്നില്‍ തികച്ചും ന്യൂനപക്ഷമാണ്. അധികാര-ഭരണകൂട പിന്തുണയെന്ന വലിയ ഊര്‍ജം വിസ്മരിക്കുന്നില്ല. എന്നാല്‍ ഇത്തരം സമരങ്ങളില്‍ ഇന്ത്യയിലെ മതേതര മനസ്സ് മുഴുവന്‍ തെരുവുകളില്‍ ശക്തമായി പ്രതിരോധം സൃഷ്ടിച്ചാണല്ലോ ഫാസിസ്റ്റ് അജണ്ടയെ പൂര്‍ണമായിട്ടില്ലെങ്കിലും പിടിച്ചുകെട്ടാനായത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹൈന്ദവരും സനാതന-മതേതര മനസ്സുള്ളവരാണ്. അതോടൊപ്പം ജനാധിപത്യം നിലനില്‍ക്കുകയും വേട്ടക്കാരനോട് ശക്തമായി വിയോജിപ്പുമുള്ളവരുമാണ് ഭൂരിപക്ഷം മാധ്യമങ്ങളും. സച്ചാര്‍ കമ്മീഷന്‍ പ്രവര്‍ത്തനം അതിന് മുഖ്യ ഉദാഹരണമാണ്.
മാധ്യമങ്ങള്‍ എക്കാലത്തും ജനാധിപത്യത്തിന്റെ നാലം തൂണ്‍ എന്നതുപോലെത്തന്നെ കൃത്യമായ കറക്ടീവ് മെക്കാനിസ ശേഷിയുള്ള സ്ഥാപനം കൂടിയാണ്. മാധ്യമങ്ങളും പൊതുസമൂഹങ്ങളും ഒരേ ശബ്ദത്തില്‍ കൈകോര്‍ത്താല്‍ ഫാസിസത്തിന് അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. കാരണം, ഹിന്ദുത്വ സാംസ്‌കാരിക ദേശീയത തികച്ചും ഏകശിലാത്മകമാണ്. ജാതീയതയുടെ ഉല്‍പന്നവും സവര്‍ണാധിപത്യവുമാണ് അതിന്റെ വേരും വളവും. നീതിയും നന്മയും സഹവര്‍ത്തിത്തവും താല്‍പര്യപ്പെടുന്നവരെയും, വംശീയതയും ശത്രുതയും അജണ്ടയാക്കിയവരെയും ഒരേ അളവുകോല്‍ കൊണ്ട് വിലയിരുത്താന്‍ പാടില്ലല്ലോ. ഫാസിസത്തിനെതിരെ സമരോത്സുക സൗഹൃദമെന്ന ആശയത്തെ ശക്തിപ്പെടുത്തുക.
മുസ്‌ലിം മതജീവിതത്തിനുള്ള സ്വാതന്ത്ര്യവും സൗകര്യങ്ങളും മാനദണ്ഡമാക്കി വിവിധ രാജ്യങ്ങളെ മതാധിഷ്ഠിതം, മതവിരുദ്ധം, മതജീവിത സൗകര്യമുള്ളത് എന്നീ ആശയവിഭജനം പോലെ മുസ്‌ലിമേതര ജനവിഭാഗങ്ങളെയും മതത്തിന്റെ പൊതുമാനദണ്ഡത്തില്‍ വര്‍ഗീകരിച്ചത് കാണാം. അകല്‍ച്ചയും വിഭാഗീയതയും കാണിക്കുന്നതിനുള്ള വര്‍ഗീകരണമായിട്ടല്ല, മറിച്ച്, സഹവര്‍ത്തിത്വവും സഹിഷ്ണുതാ സമീപനങ്ങളും കൂടുതല്‍ ക്രിയാത്മകമാക്കേണ്ടത് എങ്ങനെയാവണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. പരമമായ ശത്രുതയും അപര ഉന്മൂലന വെല്ലുവിളിയും നിര്‍വഹിക്കുന്നവര്‍, സഹവര്‍ത്തിത്തം അംഗീകരിച്ച് സഹിഷ്ണുതാ ജീവിതചിന്ത വെച്ചുപുലര്‍ത്തുന്നവര്‍, ഇസ്‌ലാമിക രാജ്യത്തെ ഇതര മതവിഭാഗങ്ങള്‍ എന്നിങ്ങനെയാണ് വര്‍ഗീകരണം. മതപരമായി ഓരോരുത്തരോടും മൗലികമായും സാഹചര്യാനുസാരിയായും സ്വീകരിക്കേണ്ട സമീപന രീതിശാസ്ത്രം വ്യത്യസ്തമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ വര്‍ഗീകരണം വലിയ പ്രാധാന്യമുള്ളതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x