ബേപ്പൂരിലെ സൂഫി
ഹാറൂന്‍ കക്കാട്
ചാരുകസേരയിലിരുന്ന് ചിന്താനിമഗ്‌നനായി ലോകത്തെ ഉറ്റുനോക്കുന്ന ഒരാള്‍! കക്കാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ്സിലെ ചെളിപുരണ്ട ചുമരില്‍ വൃത്തിയായി പതിച്ച കുപ്പായമിടാത്ത മനുഷ്യന്റെ ഫോട്ടോ വിദ്യാര്‍ഥികളായ ഞങ്ങള്‍ക്ക് കൗതുകമായി. ക്ലാസധ്യാപകനായ കാരശ്ശേരി ഗംഗാധരന്‍ മാസ്റ്ററാണ് ഇത് വിശ്വവിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാഹിത്യകാരനാണെന്ന് ഞങ്ങളെ പരിചയപ്പെടുത്തിയത്. പിന്നെയും രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ വായിക്കാന്‍ കഴിഞ്ഞത്. മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലിരുന്ന് കഥകള്‍ എഴുതുന്ന ആ മഹാനെ കാണാന്‍ അന്നുതൊട്ടേ ആശിച്ചിരുന്നു. ബേപ്പൂര്‍ ഞങ്ങളുടെ നാടിന്റെ അടുത്ത പ്രദേശമായിട്ടുപോലും ആ മോഹം കരിഞ്ഞുണങ്ങി.
പിന്നീട് സൗത്ത് കൊടിയത്തൂര്‍ എ യു പി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആറ്റുനോറ്റ് കാത്തിരുന്ന ആ മോഹം ബലൂണ്‍ പോലെ പൊടുന്നനെ വീര്‍ത്തത്. സ്‌കൂളിലെ സാഹിത്യ ക്ലബ്ബ് അംഗങ്ങളായ ഇരുപതോളം കുട്ടികള്‍ക്ക് ബഷീറുമായി നേരിട്ട് സംവദിക്കാന്‍ അനുമതി ലഭിച്ച ആ സന്തോഷ വാര്‍ത്ത എം എ അബ്ദുറഹമാന്‍ മാസ്റ്ററാണ് അറിയിച്ചത്. വിവരമറിഞ്ഞ ഞങ്ങള്‍ തുള്ളിച്ചാടി. അത്രമേല്‍ ഒരിഷ്ടം അക്ഷരങ്ങളുടെ സുല്‍ത്താനോട് കുട്ടികള്‍ക്കെല്ലാം ഉണ്ടായിരുന്നു. യാത്രയുടെ തലേനാള്‍ ഉറക്കമില്ലാത്ത രാവായിരുന്നു ഞങ്ങള്‍ക്ക്. അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി സ്‌കൂളിലെത്തി. നീലനിറവും കറുപ്പും കലര്‍ന്ന ഉല്ലാസ് ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര.
കുട്ടികളെല്ലാം ബേപ്പൂര്‍ ആദ്യമായാണ് കാണുന്നത്. ഇരുവശവും നാലഞ്ചടി പൊക്കത്തില്‍ ചെങ്കല്‍ കട്ടകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ മണ്‍പാതയിലൂടെ കുറച്ചു ദൂരം നടന്നു. തെങ്ങുകളും പ്ലാവുകളും മാവുകളും തുടങ്ങി പലവിധ വൃക്ഷങ്ങള്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വിശാലമായ ഒരു പറമ്പിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. അതിന്റെ മധ്യത്തിലായി തലയുയര്‍ത്തി നില്‍ക്കുന്ന ഓട് മേഞ്ഞ സാമാന്യം വലിയൊരു വീട്. ഞങ്ങളെത്തിയപ്പോള്‍ അക്ഷരങ്ങളുടെ സുല്‍ത്താന്‍ ചാരുകസേരയിലിരുന്ന് പത്രവായനയിലായിരുന്നു.
പാമ്പും പട്ടിയും കുറുക്കനും ഓന്തും ആടും കോഴിയും പൂച്ചയും പഴുതാരയും തുടങ്ങി അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഭൂമിയുടെ അവകാശികളെല്ലാം അധിവസിക്കുന്ന വിശാലമായ ആ ഇടം ഞങ്ങളെ വിസ്മയ ഭരിതരാക്കി. ഏകദേശം അര മണിക്കൂറോളം വയലാലിലെ മാങ്കോസ്റ്റിന്റെ ചുവട്ടില്‍ ബഹുവര്‍ണ പൂമ്പാറ്റകളെ പോലെ ഞങ്ങള്‍ ആഹ്ലാദിച്ചു. അന്നത്തെ ബഷീറിന്റെ വര്‍ത്തമാനങ്ങളുടെ പൊരുള്‍ വായനാശീലം എപ്പോഴും കൂടെയുണ്ടാവണം എന്നതായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വായനക്കാര്‍ എഴുത്തുകാരനെ കാണാന്‍ അവിടേക്ക് അപ്പോഴും എത്തുന്നുണ്ടായിരുന്നു. രുചിയൂറും സുലൈമാനിയുമായി സുല്‍ത്താന്റെ നല്ല പാതി ഫാബി അതിഥികള്‍ക്ക് കൂട്ടിനുണ്ടായിരുന്നു.
ബഷീറിന്റെ മകള്‍ ഷാഹിനയുടെ യു പി, ഹൈസ്‌കൂള്‍ പഠനം ഞങ്ങളുടെ തൊട്ടടുത്ത പ്രദേശമായ ചേന്ദമംഗല്ലൂരിലായിരുന്നു. ഇസ്‌ലാഹിയാ അസോസിയേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ താമസിച്ച് പഠിച്ചിരുന്ന മകളെ കാണാന്‍ ബഷീര്‍ ഇടയ്ക്കിടെ ചേന്ദമംഗല്ലൂരില്‍ വരാറുണ്ടായിരുന്നു എന്ന് പില്‍ക്കാലത്താണ് ഞാനറിഞ്ഞത്.
ബഷീറിന്റെ ജീവിതം കൗതുകകരവും സാഹസികവുമായ അധ്യായങ്ങള്‍ നിറഞ്ഞതാണ്. സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായിരിക്കേ, കേരളത്തിലെത്തിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കാണാന്‍ വീട്ടില്‍നിന്ന് ഒളിച്ചോടിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്ത് ചെന്ന് കാളവണ്ടി കയറിയാണ് ബഷീര്‍ കോഴിക്കോട് എത്തിയത്. പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെ അഗ്‌നിമുഖത്തേയ്ക്ക് ബഷീര്‍ എടുത്തുചാടി. മഹാത്മാഗാന്ധിയെ ഞാന്‍ തൊട്ടു എന്ന് പില്‍ക്കാലത്ത് അഭിമാനത്തോടെ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. 1930 ല്‍ കോഴിക്കോട് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബഷീറിനെ ജയിലില്‍ അടച്ചു. വെള്ളക്കാരുടെ ക്രൂരതകള്‍ ജയില്‍വാസത്തിനിടയില്‍ അദ്ദേഹം എമ്പാടും ഏറ്റുവാങ്ങി.
പിന്നീട് സ്വാതന്ത്ര്യസമര സേനാനി ഭഗത്‌സിങ് മാതൃകയില്‍ ബഷീര്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ എഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ബഷീറിന്റെ ആദ്യകാല രചനകള്‍. ‘പ്രഭ’ എന്ന തൂലികാനാമത്തിലാണ് അന്ന് അദ്ദേഹം എഴുതിയത്. ആ പ്രസിദ്ധീകരണം പിന്നീട് കണ്ടുകെട്ടി. തുടര്‍ന്ന് കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അദ്ദേഹം അലഞ്ഞുതിരിഞ്ഞു നടന്നു. ഉത്തരേന്ത്യയില്‍ സന്യാസിമാരുടേയും സൂഫിമാരുടേയും കൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും ജോലിചെയ്തു. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമാണ്.
ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ അതുല്യ പ്രതിഭയായിരുന്നു ബഷീര്‍.
അദ്ദേഹത്തിന്റെ നാടന്‍ ഭാഷയിലുള്ള രചനകള്‍ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. സ്വതസിദ്ധമായ ഈ ശേഷി മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാന്‍ സാധിക്കാത്ത വിധം ബഷീറിനെ ജനപ്രിയനാക്കി. തന്റേതു മാത്രമായ വാക്കുകളും ശൈലികളുമായിരുന്നു ബഷീറിന്റെ പോരിശ. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവസ്സുറ്റ കഥകള്‍ അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്ന് നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്.
സ്വന്തം ജീവിതാനുഭവങ്ങളെ കഥയാക്കാനും വായനക്കാരെ ചിന്തിപ്പിക്കാനും ബഷീറിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിലെ സംഭവങ്ങളാണ് പാത്തുമ്മയുടെ ആട് എന്ന കൃതിയില്‍ അവതരിപ്പിച്ചത്.
കുട്ടിക്കാലത്തെ ഓര്‍മകളും കളിക്കൂട്ടുകാരിയുമൊത്ത് കഴിഞ്ഞ നാളുകളുമാണ് ബാല്യകാലസഖിയില്‍ ഇതിവൃത്തമായത്. ഒതുക്കത്തോടെ വളരെക്കുറച്ച് ഭംഗിയായി എഴുതാനാണ് ബഷീര്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ എല്ലാ നോവലുകളും ദൈര്‍ഘ്യം കുറഞ്ഞവയാണ്. ബഷീറിന്റെ മാസ്റ്റര്‍പീസുകളിലൊന്ന് എന്ന് വിലയിരുത്തുന്ന ബാല്യകാലസഖിക്ക് എഴുപത്തിയഞ്ച് പേജുകളാണുള്ളത്. പ്രധാന ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ബഷീറിന്റെ കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നിവ ഇന്ത്യയിലെ പ്രധാന ഭാഷകളിലും ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികളും പൂവന്‍പഴം ഉള്‍പ്പെടെ പതിനാറ് കഥകളുടെ സമാഹാരവും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.
1970-ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടേയും 1981ല്‍ കേരള സാഹിത്യ അക്കാദമിയുടേയും ഫെല്ലോഷിപ്പുകള്‍ക്ക് ബഷീര്‍ അര്‍ഹനായി. 1982ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്ട്രം ഈ വിസ്മയപ്രതിഭയെ ആദരിച്ചു. അതേ വര്‍ഷം തന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടി. 1908 ജനുവരി 19ന് കോട്ടയം ജില്ലയില്‍ വൈക്കം തലയോലപ്പറമ്പിലെ ഒരു മരവ്യാപാരിയുടെ മകനായി ജനിച്ച ബഷീര്‍ 1994 ജൂലൈ അഞ്ചിന് എണ്‍പത്തിയാറാം വയസ്സില്‍ കോഴിക്കോട് ബേപ്പൂരില്‍ നിര്യാതനായി.