24 Friday
May 2024
2024 May 24
1445 Dhoul-Qida 16

കര്‍ഷക സമര വിജയം നല്‍കുന്ന രാഷ്ട്രീയ പാഠങ്ങള്‍

എം എസ് ഷൈജു


കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യ തലസ്ഥാനത്ത് നടന്നുവന്ന കര്‍ഷക സമരം ഉപാധികളില്ലാതെ വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജ്യം മുഴുവന്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരങ്ങളില്‍ മാത്രമല്ല ശ്രദ്ധിക്കപ്പെട്ടത്. ഒരു മൂന്നാം ലോക രാജ്യമായ ഇന്ത്യയുടെ തലസ്ഥാന നഗരിയെ സമര മുഖരിതമാക്കിയ കര്‍ഷക മുന്നേറ്റത്തെ അന്തര്‍ദേശീയ മാധ്യമങ്ങളും രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകരുമടക്കമുള്ള ബാഹ്യലോകവും പ്രാധാന്യത്തോടെയാണ് നോക്കിക്കണ്ടത്. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ അനുപമവും ദൂരവ്യാപകവുമായ മാറ്റൊലികളാണ് ഈ വിജയം സൃഷ്ടിക്കാന്‍ പോകുന്നത്. സ്വന്തം പിടിവാശികളില്‍ നിന്ന് തലനാരിഴ പിന്‍വാങ്ങാന്‍ ഇന്നുവരെ കൂട്ടാക്കിയിട്ടില്ലാത്ത ഒരു ഫാസിസ്റ്റ്, മുതലാളിത്ത ഭരണകൂടത്തെക്കൊണ്ട് സമരത്തിന്നാധാരമായ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിപ്പിക്കാന്‍ സാധിച്ചു എന്നത് ഒരു ചരിത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ സമരമായിരുന്നു കര്‍ഷക സമരം. കിങ്കരത്വം കൊണ്ട് കോര്‍പ്പറേറ്റ് തന്നിഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയാറാണെന്ന് പല വട്ടം തെളിയിച്ച ഒരു ഭരണകൂടത്തിന് മുന്നില്‍ പായ വിരിച്ച് കിടന്നുറങ്ങിയും റൊട്ടിയും ദാലും പാചകം ചെയ്തും സമാധാന പാത വെടിയാതെ ജനാധിപത്യ സമരമുറ തുടര്‍ന്ന് പോന്ന കര്‍ഷകര്‍ എന്താണ് ഡല്‍ഹിയില്‍ ചെയ്യാന്‍ പോകുന്നതെന്ന് രാജ്യം ഉറ്റ് നോക്കുകയായിരുന്നു. കൈപ്പിടിയില്‍ നിന്ന് സമരപാത വഴുതിപ്പോകാന്‍ ഇടയുള്ള സാഹചര്യങ്ങളെ സമചിത്തതയോടെ നേരിട്ടും, വര്‍ഗ സമരത്തിന്റെ അടിയുറപ്പുള്ള പാതകളില്‍ തന്നെ നിശ്ചയ ദാര്‍ഢ്യത്തോടെ തുടര്‍ന്നുമാണ് പഞ്ചാബിലെയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനകളിലെയും കര്‍ഷകര്‍ ഡല്‍ഹിയുടെ കവാടങ്ങളില്‍ പ്രക്ഷോഭങ്ങളുടെ മനുഷ്യ മഹാസാഗരം തീര്‍ത്തത്. അവിടെ നിന്നും അടിച്ചുയര്‍ന്ന സമരത്തിന്റെ തിരമാലകളില്‍ അധികാരികള്‍ ആകെയൊന്നുലഞ്ഞു.
എന്ത് വില കൊടുത്താലും പുതിയ നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉരുക്ക് ധാര്‍ഷ്ട്യം മോദിക്കും അമിത് ഷാക്കും ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. അധികാരത്തിലെത്തിയ ഒന്നാം ദിവസം മുതല്‍ സ്വന്തം തീരുമാനങ്ങളില്‍ നിന്ന് അണുകിട പുറകോട്ടു പോകാതെ, മുഴുവന്‍ എതിര്‍പ്പുകളെയും പുല്ലു പോലെ തട്ടിത്തെറിപ്പിച്ചും ജനാധിപത്യത്തിന്റെ പ്രതിപക്ഷ മര്യാദകള്‍ മറന്നും മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉപാസകരായ ഒരു ഭരണകൂടത്തിന് മുന്നില്‍ ഒരു തിരുത്തല്‍ ശക്തിയാകാന്‍ കര്‍ഷക സമരത്തിന് സാധിച്ചിരിക്കുന്നു എന്നതാണ് ഈ സമരത്തിന്റെ രാഷ്ട്രീയ വിജയം. രാജ്യത്തെല്ലായിടത്തുമുള്ള ഫാഷിസ്റ്റ്, കോര്‍പ്പറേറ്റ് വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപിത രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും പരാജയപ്പെട്ടിടത്താണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ വീണ്ടും അനുസ്മരിപ്പിക്കും വിധം ഒരു പറ്റം മനുഷ്യര്‍ തിന്നും കുടിച്ചും നടന്നും ഇരുന്നും കിടന്നും മുദ്രാവാക്യം മുഴക്കിയും വിജയം നേടിയിരിക്കുന്നത്. സമരമുഖത്ത് ഭരണകൂട സാമന്തന്മാരുടെ അക്രമങ്ങള്‍ക്കിരയായി ജീവത്യാഗം ചെയ്ത അനേകം മനുഷ്യരുടെ ചോരയുടെ വില കൂടി ഈ വിജയത്തിനുണ്ട്. ഏറ്റവും അടിസ്ഥാനപരമായതും സമാധാനപരമായതുമായ പ്രക്ഷോഭ മുഖങ്ങള്‍ തുറന്ന് കൊണ്ട് ഒരു പറ്റം സാധാരണക്കാരായ ജനങ്ങള്‍ക്ക് എങ്ങനെ ഇത്ര വലിയൊരു പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചുവെന്നത് നാം സൂക്ഷ്മമായി പഠിക്കേണ്ടതാണ്.
2020 നവംബര്‍ ഇരുപത്തിയാറിനായിരുന്നു പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ആരംഭിച്ചത്. കര്‍ഷകര്‍ക്ക് വേണ്ടി എന്ന വ്യാജേന ഇന്ത്യന്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന വിധത്തില്‍ ബിജെപി ഗവണ്മെന്റ് കൊണ്ട് വന്ന പുതിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ക്കെതിരെയാണ് സമരമാരംഭിച്ചത്. പിന്നാലെ ഹരിയാനയില്‍ നിന്നും, ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര രംഗത്തെത്തി. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, തിക്രി, ഖാസിപൂര്‍ എന്നിവിടങ്ങളിലാണ് സമരം നടന്നത്. സമരത്തോട് കടുത്ത നിഷേധാത്മക മനോഭാവമാണ് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിയത്.
എന്തൊക്കെ സംഭവിച്ചാലും പുതിയ നിയമങ്ങളില്‍ നിന്ന് തങ്ങള്‍ പിന്നോട്ട് പോകില്ലെന്ന് ഭരണകൂടം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. ഒരുതരത്തിലുമുള്ള സമവായ സാധ്യതകള്‍ പോലുമില്ലെന്ന ധ്വനി നിലനിര്‍ത്തിയ സര്‍ക്കാര്‍, സമരക്കാരെ ദേശവിരുദ്ധരും തീവ്രവാദികളുമായി മുദ്ര കുത്താനാണ് ശ്രമിച്ചത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിയ ട്രാക്ടര്‍ റാലിയും മാര്‍ച്ചും സമരത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ പ്രബല പ്രതീകങ്ങളായി മാറി. ഒടുവില്‍, വിദഗ്ധ സമിതി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി രണ്ടര വര്‍ഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കാതെ വെക്കാമെന്ന് കേന്ദ്രം സമ്മതിച്ചെങ്കിലും നിയമങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കാതെ സമരമാവസാനിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സംയുക്ത സമരസമിതി. സര്‍ക്കാര്‍ സംവിധാനങ്ങളും കോര്‍പ്പറേറ്റ് വിധേയത്വമുള്ള മാധ്യമങ്ങളും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശിങ്കിടികളും സമരത്തെ നിര്‍വീര്യമാക്കാനും ശിഥിലീകരിക്കാനും കിണഞ്ഞ് ശ്രമിച്ചിരുന്നു.
ഫാഷിസ്റ്റുകളും കോര്‍പ്പറേറ്റുകളും കൈകോര്‍ത്തുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ നാളുകളിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി നയങ്ങള്‍ രൂപീകരിക്കുന്ന ശൈലിയാണ് മുതലാളിത്ത ഭരണകൂടം സ്വീകരിക്കുന്നതെങ്കില്‍ കോര്‍പറേറ്റുകള്‍ തന്നെ സ്വയം നയങ്ങള്‍ നിശ്ചയിച്ച് ഭരണകൂട സാമന്തന്മാരെക്കൊണ്ട് അത് നടപ്പിലാക്കിക്കുന്ന ശൈലിയാണ് ചങ്ങാത്ത മുതലാളിത്തത്തിന്റേത്. കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കായി കാര്‍ഷിക മേഖലയെ ബലി കൊടുക്കുന്ന നവ ഉദാരീകരണ വലതു പക്ഷ നയങ്ങളുടെ വഴിയേ തന്നെയാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ ഭരണകൂടങ്ങള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ആ വഴിയില്‍ കൂടുതല്‍ വേഗതയോടെ ഓടുകയും ഫാസിസ്റ്റ് ധാരയോട് അവയെ ചേര്‍ത്ത് കെട്ടുകയുമാണ് ബി ജെ പി ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
അതിശക്തമായ അധീശത്വ ത്വര പുലര്‍ത്തുന്ന ഫാഷിസ്റ്റ്, കോര്‍പറേറ്റ് രാഷ്ട്രീയത്തോടും അവ തീര്‍ക്കുന്ന വന്യമായ ലാഭക്കൊതികളോടും എങ്ങനെ സമരം ചെയ്യണമെന്ന ചോദ്യത്തിന്റെ ഉത്തരം കഴിഞ്ഞ ഒരു പതിറ്റാണ്ടായി മതേതര ഇന്ത്യ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതൊരു രാഷ്ട്രീയ സമസ്യ പോലെ രാജ്യത്തിന്റെ മതേതര ചേരിയെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ നോട്ടമിടുന്നവരെ ഭീതിപ്പെടുത്തിയും ഭയാഗ്രസ്ഥരാക്കിയും തളച്ചിടുക എന്ന തന്ത്രമാണ് കോര്‍പ്പറേറ്റ് ഫാഷിസം ഇത്രനാളും ചെയ്ത് കൊണ്ടിരുന്നത്.
ഒരു ജനതക്ക് ഇഷ്ടമില്ലാത്തത് അവരുടെ മേല്‍ അടിച്ചേല്പിക്കരുതെന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും മൗലികമായ രാഷ്ട്രീയ മൂല്യം. ഈ തത്വത്തെ പാടെ അട്ടിമറിച്ചും അവഗണിച്ചുമാണ് ഭരണകൂടം മുന്നോട്ട് പോകുന്നത്. ഫാഷിസത്തിന്റെയും കോര്‍പ്പറേറ്റിസത്തിന്റെയും രഹസ്യ വേഴ്ചയുടെ ഉല്പന്നങ്ങളാണ് സമകാലിക ഇന്ത്യയുടെ നയങ്ങളും നിലപാടുകളും. ആധുനിക കാലത്ത് കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്കെതിരില്‍ ഫലപ്രദമായ ഒരു പ്രക്ഷോഭം എങ്ങനെ നടക്കണമെന്നതിന്റെ ഒരു ചൂണ്ട് പലകയായിട്ടായിരിക്കും കര്‍ഷക പ്രക്ഷോഭം ഇന്ത്യയുടെ വരും കാല ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയെന്നതില്‍ ഒരു സംശയവുമില്ല.
ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും വളരുന്നത് ഇവക്കെതിരിലുള്ള ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ദുര്‍ബലപ്പെടുന്നതിലൂടെയാണ്. ഏത് ജനവിരുദ്ധ നിലപാടുകളെയും ചോദ്യം ചെയ്യാനും അവയെ തിരുത്തിക്കാനും ശക്തിയുള്ള ജനാധിപത്യത്തിന്റെ വഴിയിടങ്ങള്‍ എങ്ങനെയാണ് ദുര്‍ബലപ്പെട്ട് പോകുന്നതെന്ന് നന്നായി മനസിലാക്കിയിട്ടുള്ളവരാണ് മുതലാളിത്ത രാഷ്ട്രീയത്തിന്റെ ഉപാസകര്‍. ജനങ്ങളുടെ മൗനത്തിന്റെയും നിശ്ശബ്ദതയുടെയും ആനുകൂല്യങ്ങളിലാണ് അവര്‍ തെഴുത്ത് വളരുന്നത്. അത് കൊണ്ട് കൂടിയാണ് മൗനവും നിശബ്ദതയും അരാഷ്ട്രീയമായ സംഗതികളാകുന്നത്. തെരഞ്ഞെടുപ്പ് വിജയവും ജനാധിപത്യ വിജയവും ഒന്നല്ലെന്ന് മനസ്സിലാക്കുന്നതില്‍ നമ്മുടെ മുഖ്യധാരാ മതേതര രാഷ്ട്രീയ കക്ഷികള്‍ക്ക് വലിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ആ വീഴ്ചകളുടെ അനന്തര ഫലം കൂടിയാണ് നാമിന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ജനാധിപത്യമെന്നത് ജീവിതത്തിന്റെ സമഗ്ര മേഖലകളെയും സ്പര്‍ശിച്ച് നില്‍ക്കുന്ന ഒരു വിശാല വീക്ഷണത്തിന്റെ പേരാണെന്ന രാഷ്ട്രീയ ബോധം സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒരു ജനതയില്‍ രൂപപ്പെടുത്താന്‍ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല. ആ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട് എന്ന് കൂടി നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിച്ച് തുടങ്ങിയാല്‍ ജനങ്ങളുടെ രാഷ്ട്രീയ മൗനവും നിശബ്ദതയും അവിടെ അവസാനിക്കും. ആ ബോധം ഇന്ത്യന്‍ കര്‍ഷക സമൂഹത്തില്‍ ഒരു ചെറിയ അളവെങ്കിലും രൂപപ്പെട്ടു എന്നതിന്റെ തെളിവാണ് ഡല്‍ഹിക്ക് നേര്‍ക്ക് ചുരുട്ടപ്പെട്ട അവരുടെ മുഷ്ടികള്‍.
ഒരു ജനാധിപത്യ സമൂഹത്തില്‍ മുഴുവന്‍ മനുഷ്യരെയും ജനാധിപത്യപരമായി കൂട്ടിയോജിപ്പിക്കാന്‍ പറ്റിയ ഒറ്റ വഴി മതനിരപേക്ഷതയുടേതാണ്. ജാതിയും മതവുമുയര്‍ത്തി നടക്കുന്ന സ്വത്വാധിഷ്ഠ മുന്നേറ്റങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തിയെ ദുര്‍ബലപ്പെടുത്തുന്നത് പലവുരു നാം കണ്ട് കഴിഞ്ഞു. എല്ലാവര്‍ക്കും പങ്കെടുക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പ്രക്ഷോഭ പാതകള്‍ക്ക് മാത്രമേ ഫാഷിസത്തിനും മുതലാളിത്തത്തിനുമെതിരെയുള്ള പോരാട്ടം വിജയിപ്പിക്കാന്‍ സാധിക്കൂ. കാരണം, മതാത്മക സ്വത്വങ്ങളുടെ ശാക്തീകരണം ജനാധിപത്യത്തെയും അതിന്റെ പ്രതിരോധ ശക്തിയെയും ദുര്‍ബലപ്പെടുത്തുന്നത് മാത്രമാണ് നാം ഇതുവരെ കണ്ടിട്ടുള്ളത്. വ്യത്യസ്ത സ്വത്വ, വീക്ഷണഗതിക്കാര്‍ പങ്കെടുത്ത ഐതിഹാസികമായ കര്‍ഷക സമരം സ്വത്വാധിഷ്ഠിതമായി മാറാതെ ഒരു വര്‍ഗ സമരമായി നിലനിന്നതാണ് അതിന്റെ വിജയത്തിന്റെ ഏറ്റവും പ്രധാനമായ കാരണങ്ങളിലൊന്ന്.
സമരത്തിന്റെ പൊതുവഴി എന്ന ആശയത്തിന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ പ്രസക്തിയുണ്ട്. ജാതി സ്വത്വങ്ങളും മത സ്വത്വങ്ങളും വെവ്വേറെയായി നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ അര്‍ത്ഥശൂന്യതകള്‍ കൂടിയാണ് ഡല്‍ഹിയിലെ കര്‍ഷക സമരം വരച്ച് കാട്ടുന്നത്. വിശാലമായ കാര്‍ഷിക, തൊഴിലാളി മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ചയാണ് നാം ഡല്‍ഹിയില്‍ കണ്ടത്. ഒരു മുഖ്യധാരാ രാഷ്ട്രീയ കക്ഷിയുടെയും ആസൂത്രണത്തിലല്ല അത് നടന്നത്. ചൂഷണങ്ങള്‍ക്കും, അടിച്ചമര്‍ത്തലുകള്‍ക്കും, ബി ജെ പിയുടെ വികലമായ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിനുമെതിരായ അധ്വാന വര്‍ഗത്തിന്റെ പ്രക്ഷോഭമായത് കൊണ്ടാണ് അതൊരു വര്‍ഗസമരം കൂടിയായി മാറുന്നത്.
കോവിഡ് മഹാമാരിക്കും അതിശൈത്യത്തിനും കൊടും ചൂടിനുമിടയില്‍ ഉരുകിയും ഉറഞ്ഞും ആളിക്കത്തിയും ഇന്ത്യയുടെ ഓരോ സിരാനാളികളെയും പൊള്ളിച്ച ഈ സമരത്തിന്റെ വിജയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. സമരത്തിന് പിന്തുണ നല്‍കുമ്പോഴും അതിന്റെ പൂര്‍ണമായ വിജയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ അത്രക്ക് വിശ്വാസം പ്രകടിപ്പിച്ചിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വമില്ലാതെ സമരം ഇത്ര കണ്ട് സജീവമായി നില്‍ക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളിലൊന്നില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം സമരനേതൃത്വത്തില്‍ ഇല്ലാതിരുന്നതാണ് സമരം വിജയിക്കാന്‍ കാരണമായത് എന്ന നിലക്കും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ ഒരു ഭാഗിക ശരിയുണ്ട് താനും. പ്രതിപക്ഷത്തെ വിഘടിപ്പിച്ചും പല തന്ത്രങ്ങളും പയറ്റി അവരെ ശിഥിലീകരിച്ചും അവരില്‍ വിള്ളലുകള്‍ ഉണ്ടാക്കിയാണ് ബി ജെ പി ലോക്‌സഭയിലും രാജ്യസഭയിലും കാര്യങ്ങള്‍ നടത്തിയെടുക്കുന്നത്. അതേ തന്ത്രങ്ങള്‍ തന്നെയാണ് സമരം തീഷ്ണമായ ഘട്ടത്തില്‍ സര്‍ക്കാര്‍ സമരക്കാരുടെ മുന്നിലും പയറ്റാന്‍ തുനിഞ്ഞത്. ചിലരെ പരിഗണിച്ചും അവരെ ചേര്‍ത്ത് നിര്‍ത്തിയും സര്‍ക്കാര്‍ ശ്രമിച്ച ധൃതരാഷ്ട്രാലിംഗനത്തിന് വഴങ്ങിക്കൊടുക്കാന്‍ സമര നേതൃത്വത്തിലെ ഒരാളും തുനിയാതിരുന്നത് മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെ സാന്നിധ്യം സമര നേതൃത്വത്തില്‍ ഇല്ലാതിരുന്നത് കൊണ്ട് കൂടിയാണ്.
കോര്‍പറേറ്റ് അധികാര രാഷ്ട്രീയവും ഫാഷിസ്റ്റ് രാഷ്ട്രീയവും ജനാധിപത്യ വിരുദ്ധതയുടെ അടിത്തറയില്‍ നിന്നുകൊണ്ട് പരസ്പരം സഹകരിച്ച് കെട്ടിയുയര്‍ത്താന്‍ ശ്രമിക്കുന്ന സര്‍വാധിപത്യത്തിന്റെ കുംഭഗോപുരങ്ങളിലാണ് കര്‍ഷക സമരം വിള്ളലുകള്‍ വീഴ്ത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടികളുമൊക്കെ ഇങ്ങനെ ഒരു യു ടേണ്‍ എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. അത് തന്നെയാണ് ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള ഒരു സമരത്തിന്റെ വിജയവും.
മതാധിഷ്ഠിത സ്വത്വങ്ങളും ജാതി സ്വത്വങ്ങളും രാഷ്ട്രീയ സമരങ്ങളുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ ഒരിക്കലും സംഭവിക്കാത്തതും ഇത് തന്നെയാണ്. മതേതര ചേരിയെ ഭിന്നിപ്പിക്കുകയും പൊതുവഴികളെ സ്വകാര്യവല്‍കരിക്കുകയും മാത്രമാണ് അത്തരക്കാര്‍ ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഫാഷിസ്റ്റ്, മൂലധന ശക്തികളുമായി രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുന്ന ഓരോ ഘട്ടത്തിലും ജനാധിപത്യ മതേതര ധാര കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പ്രക്ഷോഭങ്ങളുടെ ലക്ഷ്യങ്ങളെയും പൊതുവഴികളെയും ദുര്‍ബലപ്പെടുത്തുന്ന കക്ഷികളോ അവരുടെ മുദ്രാവാക്യങ്ങളോ സമീപനങ്ങളോ തങ്ങള്‍ അറിയാതെ പോലും കൂടെക്കൂട്ടിയിട്ടില്ല എന്നുറപ്പ് വരുത്തണം. അവയൊക്കെ ജനാധിപത്യത്തിന്റെ ശക്തിയെ ദുര്‍ബലപ്പെടുത്തിക്കളയും. ഒരു ജനതയെന്ന നിലയില്‍ നാം ഇന്ത്യാക്കാര്‍ നേടിയ മറ്റൊരു ചരിത്ര വിജയമായ കര്‍ഷക സമരം നമുക്ക് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാഠം കൂടിയാണിത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x