9 Saturday
August 2025
2025 August 9
1447 Safar 14

ഓര്‍ക്കുക.. രാജ്യത്തെ ഊട്ടിയവരാണ് തെരുവിലുള്ളത്‌

സുഹൈല്‍ ജഫനി

രാജ്യം ഭീതിയുടെ പാതയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നീതി നുകരേണ്ടിടത്ത് ഫാസിസക്കോലുകള്‍ കുത്തിനിറച്ച് രാജ്യത്തിന്റെ പ്രതാപകാലത്തെ ഇനി സ്വപ്‌നങ്ങളില്‍ മാത്രം കാണിക്കുംവിധമാണ് കുഴഞ്ഞ നിയമങ്ങളുടെ നുഴഞ്ഞുകയറ്റം. രാജ്യത്തിന്‍ പൊന്‍വിത്തായ കര്‍ഷകര്‍ ഇപ്പോഴും തെരുവിലാണ്. ഭീഷണിയുടെ പുതുശൈലി കണ്ടെത്തുകയാണ് സര്‍ക്കാര്‍. ലക്‌നൗവില്‍ ലഖിംപുര്‍ ഖേരിയില്‍ അനീതിക്കെതിരെ മന്ത്രിമാര്‍ക്ക് കരിങ്കൊടി കാട്ടാന്‍ ഇറങ്ങിയ കര്‍ഷകര്‍ക്ക് മേല്‍ വണ്ടി ഇടിച്ചുകയറ്റി ദാരുണമായി കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസമുഖം വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്.
ശബ്ദമുയര്‍ത്തുന്നവരെ വെടിവെച്ചിടുന്ന കാഴ്ച ഉത്തര്‍പ്രദേശില്‍ പതിവായിട്ടുണ്ട്. ഇത്തരത്തില്‍ ഗുണ്ടകളുള്ള ഉത്തര്‍പ്രദേശില്‍ യോഗി ആ ദിത്യനാഥ് ഭരണം ഏറ്റെടുത്തതോട്കൂടെ സര്‍ക്കാര്‍ തന്നെ ആ ചുമതല നിര്‍വഹിക്കുകയാണ്. അതിനുള്ള ഉദാഹരണമാണ് കര്‍ഷകരിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്. രസകരമായ സംഭവം എന്തെന്ന്‌വെച്ചാല്‍ സംഭവം നടക്കുമ്പോള്‍ തന്റെ മകന്‍ അവിടെ ഇല്ലായിരുന്നെന്ന വാദവുമായി വന്നിരിക്കുകയാണ് കേന്ദ്രസഹമന്ത്രി അജയകുമാര്‍ മിശ്ര. എന്റെ അടുത്ത് തെളിവുകളുണ്ടെന്നും കര്‍ഷകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയും പിന്നീട് വണ്ടി മറിയുകയും ചിലര്‍ മരിക്കുകയും ശേഷമുണ്ടായ സംഘര്‍ഷത്തിലാണ് കര്‍ഷകര്‍ മരിക്കാന്‍ കാരണമായതെന്നുമുള്ള പച്ചനുണ മാധ്യമങ്ങള്‍ക്കിടയില്‍ തുഴഞ്ഞുകയറ്റാന്‍ നേതാവ് ശ്രമിച്ചെങ്കിലും 25 സെക്കന്‍ഡ് നീളുന്ന വീഡിയോയും സംഭവത്തില്‍ പരിക്കേറ്റ ആളുടെ വ്യക്തമായ മൊഴിയും അദ്ദേഹത്തിന്റെ വാക്കുകളെ കുഴിച്ചുമൂടുകയായിരുന്നു. പക്ഷേ അതൊന്നും തെളിവായി പോലീസുകാര്‍ക്ക് മതിയായിട്ടില്ല. ഒത്തുകളി ഇവിടെ തെളിഞ്ഞു കത്തുന്നുണ്ട്.
ഇതിന് പിന്നാലെ പ്രതിഷേധം ആളിക്കത്താതിരിക്കാന്‍ പ്രതിപക്ഷ നേതാക്കളെയും കര്‍ഷക സംഘടനാ നേതാക്കളെയും പോലീസ് തട ഞ്ഞുവെക്കുകയും ചെയ്തു. പ്രദേശം സന്ദര്‍ശിക്കാന്‍ മുന്‍കൈയെടുത്ത എസ്പി നേതാവ് അഖിലേഷ് യാദവിനെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ഒരു കാരണവും കൂടാതെ വീടുതടങ്കലില്‍ ഇടുകയും ചെയ്തു. 24 മണിക്കൂറിന് ശേഷവും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയോ മണിക്കൂറുകള്‍ കാത്തുനിന്ന അഭിഭാഷകനെ കാണാന്‍ അനുവദിക്കുകയോ ചെയ്തില്ല. എഫ് ഐ ആര്‍ പകര്‍പ്പ് നല്‍കിയിട്ടില്ല. നിയമവിരുദ്ധമായാണ് തടങ്കലില്‍ ഇട്ടതെന്ന് പ്രിയങ്ക തുറന്നുപറഞ്ഞിരുന്നു. ഭരണഘടനയുടെ 19,21 അനുച്ഛേദങ്ങളാണ് പ്രിയങ്കക്ക് മുന്നില്‍ നിഷേധിക്കപ്പെട്ടത്.
മാത്രവുമല്ല ഒരു സ്ത്രീയെ പുരുഷന്‍ ഉദ്യോഗസ്ഥനാണ് അറസ്റ്റ് രേഖപ്പെടുത്തിയതും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നിയുടെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനുള്ള അനുമതിയും ഇതിനിടയില്‍ നിഷേധിച്ചു. പുറംലോകം അറിയരുത് എന്ന നിലയില്‍ ഏറെ ശ്രദ്ധിച്ച് അവര്‍ ചെയ്തത് മറ്റൊന്നായിരുന്നു. പ്രദേശത്തുള്ള ഇന്റര്‍നെറ്റ് സേവനം ഉള്‍പ്പെടെയുള്ളത് നി രോധിക്കുക എന്നുള്ള വിഡ്ഢിത്തരമായ കാര്യം.
ചോര കൊണ്ട് മണ്ണ് നനച്ച് ഭീഷണിപ്പെടുത്തിയാലും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടില്ലെന്ന രീതിയില്‍ സ്വാതന്ത്ര്യം തിരിച്ചു പിടിച്ചിട്ടേ അടങ്ങൂ എന്ന വാശിയിലാണ് കര്‍ഷകര്‍. സംഭവത്തിനുശേഷം ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപകമായി നടത്തുകയാണുണ്ടായത്. കേന്ദ്രം നടപ്പിലാക്കിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഒരു സുരക്ഷയും ഉറപ്പുവരുത്തുന്നില്ലെന്നും തീര്‍ത്തും ജനവിരുദ്ധമാണെന്നും രാജ്യത്ത് ബുദ്ധിയുള്ള ഓരോരുത്തര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
ജീവന്‍ വെടിഞ്ഞ രക്തസാക്ഷികള്‍ വരുംകാല പോരാട്ടത്തിന് ഊര്‍ജ്ജമായി നിലനില്‍ക്കും. രാജ്യത്തെ ഊട്ടിവളര്‍ത്തിയവരാണ് തെരുവില്‍ സമരത്താല്‍ തിങ്ങിപ്പാര്‍ത്തിരിക്കുന്നത്. ഈ പ്രതിഷേധങ്ങള്‍ തല്ലിയും കൊന്നും ഭീഷണിപ്പെടുത്തിയും കെടുത്താനാകില്ല. പലതവണയായി നടന്ന ചര്‍ച്ചയില്‍ കര്‍ഷകരുടെ താങ്ങുവില ഉറപ്പാക്കുമെന്ന് ഉറപ്പു തരുന്നുണ്ടെങ്കിലും അത് നിഷേധിക്കുന്ന നിയമം പിന്‍വലിക്കാന്‍ മടിച്ച് സര്‍ക്കാര്‍ ദുര്‍വാശി കാണിക്കുന്നത് എന്തിനാണെന്ന് കര്‍ഷകര്‍ ചോദിക്കുന്നുണ്ട്. രാജ്യം ഉഷ്ണ കാലത്തിനും മഞ്ഞ് കാലത്തിനും മധ്യം വഹിക്കുന്ന ഒരു ചെറിയ ഘട്ടത്തി ലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ നിയമ സംരക്ഷണത്തിനായി തെരുവില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അഥവാ… കര്‍ഷകര്‍ ശീതകാല കൃഷിക്കായി നിലമൊരുക്കി കൃഷിക്ക് തയ്യാറാകുന്ന സമയം. അവര്‍ തെരുവിലാണ്. നമ്മളും രാജ്യ നിലനില്‍പ്പിനായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

Back to Top