24 Tuesday
December 2024
2024 December 24
1446 Joumada II 22

യാത്രയയപ്പില്‍ പറയാനുള്ളത് നേരത്തെ പറയാം

ഡോ. മന്‍സൂര്‍ ഒതായി


ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ട്രാന്‍സ്ഫര്‍ കിട്ടി പോകുന്ന സഹപ്രവര്‍ത്തകര്‍ക്കും പ്രമോഷനായി പിരിഞ്ഞു പോകുന്നവര്‍ക്കും യാത്രയയപ്പ് നല്‍കി നാം ആദരിക്കാറുണ്ട്. ജോലിസ്ഥലത്ത് നിന്ന് മാത്രമല്ല, കുറച്ച് നാള്‍ നമ്മോടൊപ്പം സഹവസിച്ച് ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ പിരിഞ്ഞു പോകുമ്പോള്‍ അവരോടുള്ള സ്‌നേഹാദരം പ്രകടിപ്പിക്കാനാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യാത്രയയപ്പ് പരിപാടിയില്‍ സംസാരിക്കുന്നവര്‍ സഹപ്രവര്‍ത്തകന്റെ സ്വഭാവഗുണങ്ങളും സേവന മനഃസ്ഥിതിയും പ്രത്യേകം പരാമര്‍ശിക്കാറുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എടുത്തു പറയുകയും സഹകരണ മനോഭാവത്തെ പുകഴ്ത്തുകയും ചെയ്യും.
യാത്രയയപ്പ് വേളകളില്‍ കൂടെയുള്ളവരുടെ നല്ല വാക്കുകള്‍ കേട്ട് ഇതെല്ലാം തന്നെക്കുറിച്ച് തന്നെയാണോ എന്ന് അതിശയിക്കുന്നവരുണ്ട്. പിരിയുന്ന സമയത്തെങ്കിലും തന്റെ സ്വഭാവഗുണങ്ങള്‍ പ്രശംസിക്കാന്‍ കൂട്ടുകാര്‍ തയ്യാറായല്ലോ എന്ന് ആശ്വസിക്കുന്നവരുമുണ്ട്. കാര്യമെന്തായാലും മറ്റുള്ളവര്‍ നമ്മെ അഭിനന്ദിക്കുകയും നല്ല പ്രവര്‍ത്തികളെ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ സന്തോഷം മാത്രം. ആത്മാര്‍ഥമായ പ്രശംസയും തുറന്ന അഭിനന്ദനവും ഒരാള്‍ക്ക് നല്‍കാവുന്ന മഹത്തായ സമ്മാനമാണ്.
ഒരാളുടെ ജീവിതം സന്തോഷപ്രദമാക്കുന്നതില്‍ ഒപ്പമുള്ളവര്‍ നല്‍കുന്ന പോസിറ്റീവ് സ്‌ട്രോക്കിന് വലിയ പങ്കുണ്ട്. ഓരോ വ്യക്തിക്കും സവിശേഷമായ ധാരാളം കഴിവുകള്‍ ഉണ്ടാവും. ചില പരിമിതികളും. ഇഷ്ടപ്പെടാനും ഒരുമിക്കാനും മനുഷ്യര്‍ക്കിടയില്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടെങ്കിലും അനിഷ്ടം തോന്നാനും അകലം പാലിക്കാനുമുള്ള കാരണങ്ങളാണ് നാം കണ്ടെത്തുന്നത്. കൂടെയുള്ളവരുടെ വേറിട്ട കഴിവുകള്‍ തിരിച്ചറിയേണ്ടതും നല്ല ഗുണങ്ങള്‍ അഭിനന്ദിക്കേണ്ടതും അവര്‍ പിരിയുന്ന വേളയിലാവരുത്. സഹപ്രവര്‍ത്തകന്റെ കഴിവും മികവും പ്രോത്സാഹിപ്പിക്കേണ്ടത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തിലാവണം. എങ്കിലേ അതിന്റെ പ്രയോജനം അയാള്‍ക്കും നമുക്കും ലഭിക്കൂ.
മറ്റുള്ളവരുടെ ആദരവും അംഗീകാരവും ഇഷ്ടപ്പെടുന്ന പ്രകൃതമാണ് മനുഷ്യന്റേത്. പ്രിയപ്പെട്ടവര്‍ നമ്മെ മനസ്സിലാക്കുകയും മാനിക്കുകയും ചെയ്യുമ്പോള്‍ സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. കൂടെയുള്ളവരുടെ വീഴ്ചകള്‍ക്ക് മാപ്പ് നല്‍കി ആവശ്യമായ അംഗീകാരം നല്‍കി കൂടെ നിര്‍ത്തണമെന്നാണ് ഇസ്്‌ലാമിന്റെ അധ്യാപനം. ഉഹ്ദ് യുദ്ധ വേളയില്‍ ഗൗരവകരമായ വീഴ്ച വരുത്തിയ സഹപ്രവര്‍ത്തകരോട് പരുക്കനായി പെരുമാറരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബി(സ)യോട് ആവശ്യപ്പെട്ടത്. അവരെ മാറ്റി നിര്‍ത്തി മാനസികമായി തളര്‍ത്താതെ കൂടിയാലോചനകളില്‍ പങ്കാളികളാക്കി ചേര്‍ത്ത് നിര്‍ത്താന്‍ അല്ലാഹു ആജ്ഞാപിക്കുന്നു. ”അവരുടെ തെറ്റുകള്‍ പൊറുക്കുക. അവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കുക. കാര്യങ്ങളില്‍ അവരോടും കൂടിയാലോചന നടത്തുക.” (വി.ഖു 3:159). എത്രമേല്‍ വീഴ്ചയുണ്ടായിട്ടും കാരുണ്യവാനായ സ്രഷ്ടാവ് അല്ലാഹു മനുഷ്യനോട് എന്തുമാത്രം സ്‌നേഹാദരമാണ് നല്‍കിയിട്ടുള്ളത്.
കൂടെയുള്ളവരുടെ ഗുണങ്ങള്‍ കണ്ടുപിടിക്കാനും അവരെ ആദരിക്കാനും അവരെ ശ്രദ്ധിക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സമയം കണ്ടെത്തണം. ജീവിതത്തിലെ നിരവധി സമ്മര്‍ദത്തിനിടയില്‍ ജോലിഭാരം പേറുന്നവര്‍ക്ക് നമ്മുടെ നല്ല വാക്കുകള്‍ വലിയ ആശ്വാസമാവും. യാത്രയയപ്പില്‍ പ്രശംസിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു, അന്ന് നിങ്ങള്‍ അത് തന്നില്ല എന്ന് യാത്രയയക്കപ്പെടുന്നവര്‍ പറയാന്‍ ഇടവരാതിരിക്കട്ടെ.

Back to Top