കുടുംബമാണ് പാഠശാല
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: എല്ലാ കുട്ടികളും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. എന്നിട്ട് അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനോ ക്രിസ്ത്യാനിയോ മജൂസിയോ (അഗ്നി ആരാധകന്‍) ആക്കുന്നു. മൃഗങ്ങള്‍ അവയവം പൂര്‍ത്തിയായ മൃഗത്തെ പ്രസവിക്കുന്നതുപോലെതന്നെ. അതില്‍ പ്രസവവേളയില്‍ കാതുമുറിക്കപ്പെട്ടതായി വല്ലതും നിങ്ങള്‍ കാണുന്നുണ്ടോ? (ബുഖാരി)
വളര്‍ന്നുവരുന്ന തലമുറയ്ക്ക് സ്വഭാവ രൂപീകരണത്തിന്റെയും ആചാര മര്യാദകളുടെയും കരുത്തുറ്റ പാഠങ്ങള്‍ നല്‍കിയ മതമാണ് ഇസ്‌ലാം. ഇടപാടുകളും ഇടപഴകലും പെരുമാറ്റ രീതിയും സദാചാര ബോധവും കൃത്യമായി പകര്‍ന്നു നല്‍കാന്‍ എത്രത്തോളം ശ്രദ്ധിച്ചിട്ടുണ്ട് എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ഇസ്‌ലാമിന്റെ ആദര്‍ശ ശിക്ഷണ പാഠങ്ങളില്‍ കാണാം. സത്യവിശ്വാസത്തിന്റെയും സല്‍സ്വഭാവത്തിന്റെയും നിരന്തരമായ അധ്യാപനങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ഭാവി തലമുറയെ വാര്‍ത്തെടുക്കാനുള്ള ആഹ്വാനം ഇസ്‌ലാമിക ദര്‍ശനങ്ങളില്‍ ധാരാളമുണ്ട്.
ഒരു വ്യക്തി വളര്‍ന്നുവരുന്ന ചുറ്റുപാടില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ അവന് സ്വായത്തമാക്കാന്‍ കഴിയും. വാക്കും പ്രവൃത്തിയും ഇടപാടും ഇടപഴകലും നോക്കും നടത്തവും ശീലിപ്പിക്കുന്നതില്‍ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. അതില്‍ അതിപ്രധാനമായത് കുടുംബത്തിന്റെ ഉത്തരവാദിത്തമാണ്. കാരണം കുടുംബത്തിലാണ് കുട്ടികള്‍ പിറക്കുന്നതും വളരുന്നതും. അവരെ സന്മാര്‍ഗികളായി വളര്‍ത്തുന്നതില്‍ കുടുംബത്തിന് വലിയ ബാധ്യതയുണ്ട്. മാതാപിതാക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും കേട്ടുപഠിക്കുന്നതും കണ്ട് മനസ്സിലാക്കുന്നതുമായ കാര്യങ്ങളാണ് ഒരു കുട്ടിയുടെ ജീവിതത്തില്‍ പ്രതിഫലിക്കുക. കുട്ടിയുടെ ആദ്യപാഠശാലയായ മാതാവിന്റെ മടിത്തട്ടില്‍വെച്ചാണ് അവന്‍ ശീലങ്ങളും സ്വഭാവങ്ങളും പഠിക്കുന്നത്. കുട്ടികളെ നന്നാക്കുന്നതിലും ചീത്തയാക്കുന്നതിലും വീട്ടിലെ സാഹചര്യങ്ങള്‍ക്ക് വലിയ സ്വാധീനമാണുള്ളത്. ഒരു കുട്ടിയുടെ വ്യക്തിത്വം വളരെ ശൈശവത്തില്‍ തന്നെ രൂപപ്പെടുത്തിയെടുക്കാന്‍ വീടകങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. കുഞ്ഞുനാളില്‍ വീടിന്റെ അകത്തളങ്ങളില്‍ നിന്ന് ലഭിക്കുന്ന ശിക്ഷണമുറകള്‍ അവരുടെ വ്യക്തിത്വത്തെ സ്വാധീനീക്കുന്ന ഘടകങ്ങളാണ്.
വിശ്വാസാചാരങ്ങള്‍, സ്വഭാവ ശീലങ്ങള്‍, സദാചാരബോധം, ധര്‍മനിഷ്ഠ തുടങ്ങിയവ ചെറുപ്രായത്തില്‍ തന്നെ കുഞ്ഞുങ്ങളില്‍ ഉറപ്പിക്കാനുതകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞാല്‍ പ്രായമെത്ര കൂടിയാലും സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ ഓരോ കുട്ടിക്കും കഴിയുന്നതാണ്. കുഞ്ഞുങ്ങളുടേത് ശുദ്ധഹൃദയമാണ്. അത് അമൂല്യവും മൃദുലവുമാണ്. അതുകൊണ്ടുതന്നെ ഒരു സൂക്ഷിപ്പ് മുതലായി തനിക്ക് കിട്ടിയ കുഞ്ഞിനെ നല്ലത് ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറാവേണ്ടതുണ്ടെന്ന് ഈ നബിവചനം സൂചന നല്‍കുന്നു. ഏത് കോണിലേക്കും വളയ്ക്കാവുന്ന നിഷ്‌കളങ്കമായ കുഞ്ഞു മനസ്സില്‍ നന്മയുടെ വേരുകള്‍ നട്ടുപിടിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നുവെങ്കില്‍ അത് അവന്റെയും അതോടൊപ്പം മാതാപിതാക്കളുടെയും ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും.