ജനാധിപത്യവത്കരിക്കണം നമ്മുടെ കുടുംബ സംവിധാനം
ഖലീലുര്‍റഹ്മാന്‍ മുട്ടില്‍
സമകാലിക കേരള പശ്ചാത്തലം സ്ത്രീസുരക്ഷയെ കുറിച്ച് വളരെയധികം ആശങ്കയിലാകുന്നു. ലൈംഗികാതിക്രമം, ഗാര്‍ഹിക പീഡനം, ലിംഗനീതി, സ്ത്രീ സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള വിവിധ തലക്കെട്ടുകള്‍ കേന്ദ്രീകരിച്ച് ചൂടുപിടിച്ച ചര്‍ച്ചയാണ് എല്ലായിടത്തും. വനിതാ പ്രസ്ഥാനങ്ങള്‍ പതിവുപോലെ സ്ത്രീ സ്വാതന്ത്ര്യത്തിനും ലിംഗ നീതിക്കും വേണ്ടി ഇരകളെ ഉയര്‍ത്തിക്കാട്ടി സമരമുഖത്ത് നിലയുറപ്പിക്കുന്നു. വനിതാ കമ്മീഷന്‍ അടക്കമുള്ള നിയമ വേദികള്‍ സ്ത്രീസുരക്ഷയ്ക്ക് ആവശ്യമായ നിയമ നിര്‍മാണത്തിന് വേണ്ടി തലപുകഞ്ഞാലോചിക്കുന്നു. അതിനിടയില്‍ രാഷ്ട്രീയ മേലാളന്മാര്‍ സ്ത്രീധന മരണവും സ്ത്രീപീഡനങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങളും മെനയുന്നു.
അവള്‍ അനുഭവിക്കുന്നു
എല്ലാവരും സക്രിയമായി രംഗത്തുണ്ടെങ്കിലും സ്ത്രീ അനുഭവിക്കേണ്ടതെല്ലാം മാറ്റമില്ലാതെ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. സ്ത്രീക്ക് സാമ്പത്തിക സുസ്ഥിതി ഇല്ലാത്തതാണ് അവര്‍ക്കെതിരെ കൈയേറ്റങ്ങള്‍ അധികരിക്കുന്നതിനുള്ള കാരണമെന്ന് നിരീക്ഷിച്ചവര്‍ അവള്‍ക്ക് വരുമാനമാര്‍ഗങ്ങള്‍ ഉറപ്പുവരുത്തി. കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയും മറ്റു സ്ത്രീ സംരംഭകത്വ പദ്ധതികളും അടിത്തട്ടിലുള്ള സ്ത്രീകള്‍ക്ക് വരെ വരുമാനം ഉറപ്പിക്കാനും അതിലൂടെ അവളെ ശാക്തീകരിച്ചുകൊണ്ട് അവര്‍ക്കെതിരെയുള്ള കൈയേറ്റങ്ങള്‍ പ്രതിരോധിക്കാനും വേണ്ടിയുള്ളതായിരുന്നു. സമൂഹ നിര്‍മാണ പ്രക്രിയയില്‍ സ്ത്രീയുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനു വേണ്ടി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലും മറ്റു ജനപ്രതിനിധി സഭകളിലും അവരുടെ ഭാഗധേയം ഉറപ്പുവരുത്തി. അതിനും പുറമെ വനിതാകമ്മീഷന്‍ പോലുള്ള നിയമ നിര്‍വഹണ കുഞ്ചിക സ്ഥാനങ്ങളും അവള്‍ക്കായി നല്‍കി.
ഇതുപോലെയുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും ഉന്നത അഭ്യസ്തവിദ്യരും ഉയര്‍ന്ന സര്‍ക്കാര്‍ ശമ്പളക്കാരുമായ സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. സ്ത്രീധനം ലഭിക്കാത്തതിന് അവരുടെ പിതാക്കന്മാരുടെ കാല്‍ തല്ലിയൊടിക്കുന്നു. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ അവളെ വലയം ചെയ്തിരിക്കുന്ന കൂരാക്കൂരിരുട്ടിലേക്ക് ടോര്‍ച്ചടിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍ വീണ്ടും ഉടലെടുക്കുന്നതെന്നത് എല്ലാവരെയും അമ്പരപ്പിക്കുന്നുണ്ട്.
ജനാധിപത്യ കുടുംബം
സമൂഹത്തിലെ ഏറ്റവും ചെറിയ യൂണിറ്റ് ആണ് കുടുംബം. പൊതുസമൂഹത്തില്‍ നിന്ന് അനുഭവിക്കുന്നതിനേക്കാള്‍ സ്ത്രീപീഡനം അനുഭവിക്കുന്നതും കുടുംബത്തില്‍ നിന്നു തന്നെയാവുന്നു. സ്ത്രീധന മരണങ്ങളും ബന്ധുക്കള്‍ നടത്തുന്ന ലൈംഗിക പീഡനങ്ങളുമാകുന്നു സ്ത്രീപീഡനങ്ങളില്‍ അധികവും എന്നത് ഒരു വസ്തുതയത്രെ. 2020 ഏപ്രില്‍ 1-നും 2021 മാര്‍ച്ച് 31- നും ഇടയിലുള്ള ഒരു വര്‍ഷത്തെ കോവിഡ് കാലയളവില്‍ 3818 സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സാമൂഹിക ക്ഷേമ ബോര്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 803 പേര്‍ സ്ത്രീധന പീഡനത്തിനും ഇരയായിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയുടെ കുറവും സ്വയം വരുമാനം ഇല്ലാത്തതും മാത്രമല്ല അതിനുള്ള കാരണം. കുടുംബത്തിനകത്തെ ജനാധിപത്യവത്കരണത്തിന്റെ അഭാവമാണതിനുള്ള പ്രധാന കാരണം. പാര്‍ലമെന്ററി ജനാധിപത്യം മുന്നോട്ടുവെക്കുന്ന ചേരിതിരിഞ്ഞുള്ള ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലല്ല ജനാധിപത്യവത്കരണം കൊണ്ടര്‍ഥമാക്കുന്നത്. മറിച്ച് ജനങ്ങള്‍ സഹവസിക്കുന്ന വീട്, ഓഫീസ്, സംഘടനകള്‍, സ്ഥാപനങ്ങള്‍ മുതലായ വേദികളില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവസരസമത്വമാകുന്നു യഥാര്‍ഥ ജനാധിപത്യവത്കരണം. കുടുംബത്തിനകത്ത് അഭിപ്രായം പങ്കുവെക്കാന്‍ കഴിയാതെ ശ്വാസംമുട്ടി കഴിയുന്ന സ്ത്രീകളാണ് ആത്മഹത്യാമുനമ്പില്‍ അഭയം തേടുന്നതെന്ന് കാണാന്‍ കഴിയും.
മതത്തിന്റെ പാഠ്യപദ്ധതി
ലിംഗ നീതിയിലധിഷ്ഠിതമായ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ കുടുംബ വ്യവസ്ഥയാണ് ഇസ്‌ലാം ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നത്. പ്രകൃതിപരമായി പുരുഷനുള്ള കായികശക്തിയും ശബ്ദ ഗാംഭീര്യവും പലപ്പോഴും കുടുംബത്തിനകത്തെ സ്ത്രീ ശബ്ദത്തെ നേര്‍ത്തതും ദുര്‍ബലവുമാക്കാറുണ്ട്. ബഹളമുണ്ടാക്കി ബലം കാണിക്കാന്‍ പുരുഷനു തന്നെയാണ് കഴിയുക. ഇത്തരം ബഹളം വെക്കലാണ് കുടുംബത്തിനകത്തെ അസ്വസ്ഥതകള്‍ക്ക് തുടക്കം കുറിക്കുന്നത്. അതില്‍ ലോലശബ്ദക്കാരിയായ സ്ത്രീ തുടക്കത്തില്‍ പതറുകയും തുടര്‍ന്ന് പരിഭ്രമിക്കുകയും തകരുകയും ചെയ്യുന്നു. അനന്തര ഫലമെന്നോണം കുടുംബത്തിനകത്ത് പൊട്ടലും ചീറ്റലും നിത്യസംഭവമായി തീരുകയും കുടുംബം അഗ്‌നിപര്‍വതം പോലെ സ്‌ഫോടനത്തില്‍ കലാശിക്കുകയും ചെയ്യുന്നു. ഇവിടെയാണ് സ്ത്രീകളോട് മാന്യമായി പെരുമാറാനുള്ള പ്രവാചക കല്പന പ്രസക്തമാകുന്നത്. അവിടുന്ന് പറഞ്ഞു: ”നിങ്ങളില്‍ ഉത്തമന്‍ തന്റെ ഭാര്യയോട് സല്‍സ്വഭാവം വെച്ചു പുലര്‍ത്തുന്നവനാകുന്നു.” (തിര്‍മിദി)
കൊച്ചു കുഞ്ഞുങ്ങളോട് പെരുമാറുന്നത് പോലെയല്ല ബാല്യത്തിലുള്ളവരോട് പെരുമാറുന്നത്. കൗമാരക്കാരോട് സഹവസിക്കുന്നതും യുവജനതയോട് ഇടപഴകുന്നതുമൊക്കെ വ്യത്യസ്ത ഭാവങ്ങളിലാണ്. ഇവിടെയെല്ലാം മനുഷ്യന്റെ മുഖഭാവം, ശരീരഭാഷ, സ്വരം എന്നിവയ്ക്ക് സാരമായ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ അവളുടെ നിര്‍മല ഭാവങ്ങളും സ്വരങ്ങളും പുരുഷന്മാര്‍ ഉള്‍ക്കൊള്ളണമെന്ന് തന്നെയാകുന്നു പ്രവാചക നിര്‍ദേശത്തിന്റെ ഉള്ളടക്കം. കുടുംബത്തിനകത്തെ ജനാധിപത്യവത്കരണത്തിന്റെ ആദ്യപടിയാകുന്നു ഇത്. ശബ്ദമുയര്‍ത്തി ബഹളം വെച്ച് കുടുംബാംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ മുതിരുന്നത് ഇസ്ലാമിക മര്യാദകളില്‍ പെട്ടതല്ല.
ജോലിയിലെ പങ്കാളിത്തം
വീട്ടിനകത്തെ ജോലിഭാരമാണ് സ്ത്രീകളനുഭവിക്കുന്ന ഗാര്‍ഹിക പീഡനങ്ങളിലൊന്ന്. ചക്കിനു ചുറ്റും കറങ്ങുന്ന കാലികളെ പോലെ നേരം പുലര്‍ന്നു അന്തിമയങ്ങും വരെ അടുക്കളയില്‍ കിടന്നുരുളുന്ന സ്ത്രീ കേരളീയ മുഖമാകുന്നു. അടുക്കള ഭരണം തങ്ങളുടേത് മാത്രമാണെന്ന് കരുതി അവള്‍ തന്നെ തലയില്‍ ചൂടിയ ഒരു മുള്‍ക്കിരീടമാണിത്. ആണുങ്ങള്‍ വീട്ടുജോലി ചെയ്യാന്‍ ശ്രമിച്ചാല്‍ ‘നിങ്ങളാണല്ലേ’ എന്ന് ചോദിച്ചു കൊണ്ട് അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് അവര്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ പ്രവാചകന്‍(സ) വീട്ടിലെ ജോലിയില്‍ ആണുങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനു വേണ്ടി സ്വയം ജീവിതത്തിലൂടെ അത് പ്രയോഗവത്കരിച്ചു കാണിച്ചു കൊടുത്തു. അദ്ദേഹം തന്റെ വീട്ടിലെ ജോലികള്‍ ചെയ്യാറുണ്ടായിരുന്നുവെന്ന് ഭാര്യമാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത് നമുക്ക് വായിക്കാന്‍ കഴിയും. പ്രവാചകന്‍ വീട്ടില്‍ എന്തൊക്കെയാണ് ചെയ്യാറുള്ളത് എന്ന് ആയിശയോട് ചോദിച്ചപ്പോള്‍ ‘അദ്ദേഹം വീട്ടു ജോലികളില്‍ ഏര്‍പ്പെടും. നമസ്‌കാരത്തിന് സമയമായാല്‍ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യും’ (ബുഖാരി) എന്നായിരുന്നു മറുപടി.
മറ്റൊരിക്കല്‍: ”അദ്ദേഹം മനുഷ്യരില്‍ പെട്ട ഒരു മനുഷ്യനാവുന്നു. വസ്ത്രം തുന്നുകയും അലക്കുകയും ചെരുപ്പ് തുന്നുകയും ആടിനെ കറക്കുകയും ചെയ്യുന്നതോടൊപ്പം സ്വന്തം കാര്യങ്ങളൊക്കെ സ്വയം നിര്‍വഹിക്കുകയും ചെയ്യും.” (അദബുല്‍ മുഫ്‌റദ്) എന്നാണവര്‍ പ്രതികരിച്ചത്.
പ്രവാചകന്‍ ലോകത്ത് ഉന്നതമായ ഒരു പദവിയായിരുന്നു അലങ്കരിച്ചിരുന്നത്. അദ്ദേഹത്തെ സേവിക്കാന്‍ സ്വയം സന്നദ്ധരായ സേവകരും ഉണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം വീട്ടുജോലിയില്‍ ഏര്‍പ്പെട്ടത് സമൂഹത്തില്‍ നിലനിന്ന അന്ധമായ ആണ്‍ മേല്‍ക്കോയ്മയെ പൊളിച്ചെഴുതാനും സ്ത്രീയെ വീട്ടുജോലിയില്‍ പോലും സഹായിക്കേണ്ടവനാണ് പുരുഷന്മാര്‍ എന്ന് അറിയിക്കാനും വേണ്ടിയാണ്.
വീട്ടിനകത്ത് സ്ത്രീപീഡനങ്ങളുടെ പ്രധാന കാരണം വീട് പുരുഷ കേന്ദ്രീകൃതമാണ് എന്ന സങ്കല്പമാവുന്നു. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ഈ മിഥ്യാ സങ്കല്‍പ്പത്തില്‍ നിന്ന് ഭിന്നമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗൃഹസങ്കല്‍പ്പം. അറേബ്യന്‍ രാജ്യങ്ങളിലടക്കം സ്ത്രീ സൗഹൃദ കുടുംബാന്തരീക്ഷത്തിനാണ് മുന്‍ഗണനയെന്ന് കാണാന്‍ കഴിയും. ഇസ്ലാമിക അധ്യാപനങ്ങളും സ്ത്രീസൗഹൃദ ഗ്യഹാന്തരീക്ഷത്തിനു തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്.
പ്രവാചകന്‍(സ) പറഞ്ഞു: ”നിങ്ങള്‍ എല്ലാവരും ഭരണാധികാരികളാകുന്നു. എല്ലാവരോടും തങ്ങളുടെ ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. ഇമാം ഭരണാധികാരിയാകുന്നു. അദ്ദേഹം ചോദ്യം ചെയ്യപ്പെടും, പുരുഷന്‍ തന്റെ കുടുംബത്തിനകത്തെ ഭരണാധികാരിയാകുന്നു. അദ്ദേഹവും ചോദ്യം ചെയ്യപ്പെടും. സ്ത്രീ അവളുടെ ഭര്‍തൃഗൃഹത്തിലെ ഭരണാധികാരിയാകുന്നു. അവളും ചോദ്യം ചെയ്യപ്പെടും, അടിമ തന്റെ ഉടമയുടെ സമ്പത്തിന്റെ മേല്‍നോട്ടക്കാരന്‍ ആവുന്നു. അയാളും ചോദ്യം ചെയ്യപ്പെടും. അറിയുക: നിങ്ങളെല്ലാവരും ഭരണാധികാരികളാവുന്നു. എല്ലാവരും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.” (ബുഖാരി)
ഒരു സ്ത്രീ പുരുഷന്റെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതു മുതല്‍ ഒരു പ്രത്യേക രാജകീയപദവി മതം അവള്‍ക്ക് നല്‍കുന്നുണ്ട്. അവള്‍ ആവശ്യപ്പെടുന്ന വിവാഹമൂല്യം (മഹര്‍) നല്‍കിയാല്‍ മാത്രമേ അവളെ ഇണയാക്കാന്‍ അയാള്‍ക്ക് കഴിയുകയുള്ളൂ എന്നത് മതത്തിന്റെ കര്‍ശന നിര്‍ദേശമാകുന്നു. ഒരിക്കല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന വിവാഹ പാരിതോഷികം ഉയര്‍ന്നുവരികയും ആണുങ്ങള്‍ക്ക് വിവാഹ കമ്പോളത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്തപ്പോള്‍ മഹര്‍ വെട്ടി ചുരുക്കണമെന്ന് ഖലീഫ ഉമര്‍ വെള്ളിയാഴ്ച പള്ളി മിന്‍ബറില്‍ വെച്ച് ആവശ്യപ്പെട്ടു. ഉടനെ തന്നെ പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് വന്ന സ്ത്രീ അതിശക്തമായി പ്രതികരിച്ചു: ”അവള്‍ക്ക് ഒരു കൂമ്പാരം നല്കിയാലും തിരിച്ചു വാങ്ങിക്കരുത്” എന്നല്ലേ അല്ലാഹു പറഞ്ഞത് എന്ന് ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട് ആ സ്ത്രീ ഉമറിനോട് ചോദിച്ചു.
അവള്‍ പറഞ്ഞതാണ് ശരിയെന്നും ഉമറിന് തെറ്റു പറ്റിയിരിക്കുന്നുവെന്നും മിന്‍ബറില്‍ വെച്ചു തന്നെ തിരുത്തിയ ഖലീഫ മഹര്‍ വെട്ടിചുരുക്കണമെന്ന തന്റെ നിര്‍ദേശം പിന്‍വലിക്കുകയും ചെയ്തു. വിവാഹത്തിന് പുരുഷന്‍ മഹ്ര്‍ നല്‍കേണ്ടതിനു പകരം വിവാഹം നടക്കണമെങ്കില്‍ സ്ത്രീ പണവും പൊന്നും പറമ്പും ആഡംബര വാഹനങ്ങളും സ്ത്രീധനമായി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹ്‌റിനെ അട്ടിമറിച്ച ഒരു സമൂഹത്തിന് ഇസ്ലാമിലെ സ്ത്രീയുടെ രാജകീയപദവി ഉള്‍ക്കൊള്ളാനാവില്ല.
സ്ത്രീധനമെന്ന കൊടുംക്രൂരതയെ ഇസ്‌ലാം വളരെയധികം മ്ലേഛമായിട്ടാണ് കാണുന്നത്. വിവാഹത്തിന് നിബന്ധനയായി അവളില്‍ നിന്ന് ഒരു തരി പൊന്നോ ഒരു നയാപൈസയോ കൈപ്പറ്റുകയെന്നത് ഇസ്‌ലാമികാധ്യാപനങ്ങളില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാവുന്നു. പെണ്‍കുട്ടി പിറന്നതിന്റെ പേരില്‍ കണ്ണീരു കുടിക്കാനല്ല, കണ്‍കുളിര്‍മ ആസ്വദിക്കാനാണ് അവളുടെ മാതാപിതാക്കള്‍ക്ക് മതം അവസരം ഒരുക്കിയിരിക്കുന്നത്.
ഇണക്ക് വീടു ഒരുക്കേണ്ടതും അവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആവശ്യമായ സമ്പൂര്‍ണ ചെലവുകള്‍ വഹിക്കേണ്ടതും പുരുഷനാണ്. ഇതിനൊന്നും സ്ത്രീ പണം കണ്ടെത്തേണ്ടതില്ല എന്നതാണ് മതത്തിന്റെ പക്ഷം. എന്നുമാത്രമല്ല പ്രകൃതിപരമായിത്തന്നെ അതിനുള്ള കഴിവുകള്‍ അല്ലാഹു ആണിന് നല്‍കിയിട്ടുണ്ടെന്നും തങ്ങളുടെ ധനം സ്ത്രീകള്‍ക്ക് വേണ്ടിയും മറ്റും ചെലവഴിക്കുന്നതു കൊണ്ടാണ് അവന് സ്ത്രീയെക്കാള്‍ സമൂഹത്തില്‍ മേധാവിത്വത്തിന് അര്‍ഹനാകുന്നത് എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. (4:34)
ധനസമ്പാദ്യം സ്ത്രീക്ക് നിഷിദ്ധമാണെന്നോ അവള്‍ ജോലി തേടി പോകാന്‍ പാടില്ലെന്നോ ഇതിനര്‍ഥമില്ല. പ്രവാചക പത്‌നി ഖദീജ നാട്ടിലെ പ്രമുഖയായ ഒരു കച്ചവടക്കാരിയായിരുന്നു. ഇസ്ലാം സ്ത്രീക്ക് അനന്തര സ്വത്തില്‍ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ട്. ഇതെല്ലാം അവള്‍ക്ക് ധനം സമ്പാദിക്കാമെന്നതിന് തെളിവാകുന്നു.
എന്നാല്‍ സ്ത്രീ സമ്പാദിച്ച ധനം കൊണ്ടാണ് അവരുടെയും മക്കളുടെയും ചെലവ് നടത്തേണ്ടതെന്ന നിയമ ബാധ്യത മതം അവളില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. അവളുടെയും മക്കളുടെയും സമ്പൂര്‍ണ ചെലവ് വഹിക്കേണ്ട നിയമപരമായ ബാധ്യത ആണിനു തന്നെയാണ് ഇസ്ലാമിക കുടുംബ വ്യവസ്ഥയില്‍ നിശ്ചയിച്ചിട്ടുള്ളത്. അതുതന്നെയാണ് അനന്തര സ്വത്തില്‍ പുരുഷന് ലഭിക്കുന്നതിന്റെ പകുതി സ്ത്രീകള്‍ക്ക് നല്‍കാനുള്ള കാരണവും.