26 Friday
July 2024
2024 July 26
1446 Mouharrem 19

കുട്ടികളോടുള്ള കടമകളും കുടുംബത്തിന്റെ ഭദ്രതയും

സി കെ റജീഷ്‌


സുരക്ഷിതമായ സമൂഹത്തിനു ഭദ്രമായ കുടുംബസംവിധാനം അനിവാര്യമാണ്. സാമൂഹിക ജീവിയായ മനുഷ്യന്‍ സംസ്‌കാരം ശീലിക്കുന്ന ആദ്യ പാഠശാല കുടുംബമാണ്. സന്തോഷവും സമാധാനവും കളിയാടുന്ന കുടുംബാന്തരീക്ഷത്തിന് കുറ്റമറ്റ മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ അത് ഇഹജീവിതത്തില്‍ മാത്രമല്ല, സ്വര്‍ഗത്തിലും സുഖജീവിതത്തിലേക്കുള്ള വാതില്‍ തുറക്കും. കുടുംബസംവിധാനം, സന്താനോല്‍പാദനം, ജീവിതവിശുദ്ധി എന്നിവയുടെയെല്ലാം അടിസ്ഥാനം നിയമാനുസൃതമായ വിവാഹമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതുകൊണ്ട് കുടുംബസംവിധാനത്തില്‍ കുടുംബാംഗങ്ങള്‍ അനുവര്‍ത്തിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍, വിവാഹം, വിവാഹമോചനം, അനന്തരാവകാശ നിയമങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ കടമകള്‍, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, സന്താനങ്ങളോടുള്ള ബാധ്യതകള്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും അതീവപ്രാധാന്യത്തോടെയുള്ള നിയമനിര്‍ദേശങ്ങളാണ് ഇസ്‌ലാമിക ശരീഅത്തിലുള്ളത്.
കുടുംബാംഗങ്ങള്‍ പരസ്പരമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുമ്പോഴേ ഒാരോരുത്തര്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുള്ളൂ. അതിനാല്‍ കര്‍ത്തവ്യബോധത്തോടെ ബാധ്യത നിര്‍വഹിക്കപ്പെടുമ്പോള്‍ കുടുംബജീവിതത്തിലും സമാധാനവും സന്തോഷവും കളിയാടും. കുടുംബജീവിതത്തിന്റെ പ്രാരംഭം വിവാഹത്തിലൂടെയായതുകൊണ്ട് ഇണകളുടെ തെരഞ്ഞെടുപ്പ് മുതല്‍ സന്താനങ്ങളുടെ നല്ല ഭാവിയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ വ്യക്തി ബാധ്യസ്ഥനാണെന്ന് മതം പഠിപ്പിക്കുന്നു. വിവാഹം, സന്താനപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര വേദികളില്‍ പോലും ചര്‍ച്ചയായിട്ടുണ്ട്. നന്മയിലും നീതിയിലും അധിഷ്ഠിതമായ ഇസ്‌ലാമിലെ നിയമനിര്‍ദേശങ്ങള്‍ കുട്ടികളുടെ അവകാശങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ സംരക്ഷിക്കുന്നു.
കുടുംബം ഒരു ദൈവിക സ്ഥാപനമാണ്. ഏതൊരു സ്ഥാപനത്തിന്റെയും ആരംഭത്തിനു മുന്നൊരുക്കങ്ങള്‍ ആവശ്യമായതുപോലെ കുടുംബമെന്ന സ്ഥാപനത്തിന് പിറവി നല്‍കുന്ന വിവാഹത്തിലെ തെരഞ്ഞെടുപ്പും മതബോധത്തില്‍ അധിഷ്ഠിതമാവണമെന്ന് പ്രവാചകന്‍(സ) പഠിപ്പിക്കുന്നു. ‘ഒരു സ്ത്രീ നാലു കാര്യങ്ങള്‍ക്കു വേണ്ടി വിവാഹം ചെയ്യപ്പെടുന്നു. സമ്പത്ത്, സൗന്ദര്യം, കുലീനത, മതബോധം. ഇതില്‍ മതബോധമുള്ളവളെ തെരഞ്ഞെടുത്ത് നിങ്ങള്‍ വിജയം നേടുക. നിന്റെ കൈയില്‍ മണ്ണ് പുരണ്ടാലും (അല്‍പം പ്രയാസപ്പെട്ടാലും)’ (ബുഖാരി 5090). മതബോധവും സംസ്‌കാരവുമുള്ള ഇണകളില്‍ നിന്ന് ആദര്‍ശത്തിലും സംസ്‌കാരത്തിലും ജീവിക്കുന്ന തലമുറ വളര്‍ന്നുവരണമെന്നതാണ് ഈ പ്രവാചക വചനത്തിന്റെ പൊരുള്‍. ധര്‍മബോധത്തോടെ കുട്ടികള്‍ വളര്‍ന്നുവരാനുള്ള കരുതല്‍ ദീനില്‍ അധിഷ്ഠിതമായ തലമുറകളുടെ ജീവിതത്തിനുള്ള തയ്യാറെടുപ്പ് കൂടിയാണ്.
ശൈശവ പരിരക്ഷ
ഒരു കുഞ്ഞിന്റെ പിറവി മാതാപിതാക്കള്‍ക്ക് ആഹ്ലാദ മുഹൂര്‍ത്തമാണ്. ഒരു കുഞ്ഞിനോടുള്ള സ്‌നേഹവാത്സല്യവും കരുതലും ഓരോ പ്രായത്തിലും നല്‍കുന്ന ശിക്ഷണവും വ്യക്തിത്വ വികാസത്തെ വലിയ അളവില്‍ സ്വാധീനിക്കുന്നു. അതുകൊണ്ട് കുഞ്ഞിന് ശൈശവദശയില്‍ നല്‍കുന്ന പരിരക്ഷയ്ക്കും പരിചരണത്തിനും ഖുര്‍ആനിലും പ്രവാചക മൊഴികളിലും ഗൗരവമര്‍ഹിക്കുന്ന നിര്‍ദേശങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. സന്താനലബ്ധിയെ ദൈവികാനുഗ്രഹമായി കണ്ട് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്ന ബലികര്‍മമാണ് അഖീഖ അറുക്കല്‍. കുട്ടിയോടുള്ള ബാധ്യത പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കാന്‍ സന്താനങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണെന്ന തിരിച്ചറിവ് രക്ഷിതാക്കള്‍ക്കുണ്ടാവണം. ഈ ബലി നടത്തുന്ന ഏഴാം ദിവസം മുടിനീക്കം ചെയ്യുന്ന കര്‍മം കൂടി നബി(സ) പഠിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് നല്ലൊരു പേര് നല്‍കുക എന്നത് മാതാപിതാക്കളുടെ ബാധ്യതയാണ്. ഒരു കുഞ്ഞ് പിറന്നതിലുള്ള സന്തോഷം അറിയിച്ചുകൊണ്ട് അബൂമൂസ നബി(സ)യുടെ അടുക്കല്‍ വന്നപ്പോള്‍ കുഞ്ഞിന് മധുരം നല്‍കുകയും ഇബ്‌റാഹീം എന്ന് അവനു പേരിടുകയും ചെയ്തു. ശൈശവ ഘട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്ന സ്‌നേഹവും കരുതലും പരിചരണവും പരിഗണനയും എല്ലാം അവന്റെ വ്യക്തിത്വ വികാസത്തില്‍ ഗുണപരമായ സ്വാധീനമുണ്ടാക്കുന്നു. അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടുകൊണ്ട് വളര്‍ന്നുവരുന്ന ഒരു കുട്ടി സമൂഹത്തിലെ ഉത്തരവാദിത്തബോധമുള്ള പൗരനായി മാറുന്നു.
ആരോഗ്യ സുരക്ഷ
ആരോഗ്യ സുരക്ഷ കുട്ടികള്‍ക്ക് ഉറപ്പുവരുത്തേണ്ട ബാധ്യത മാതാപിതാക്കള്‍ക്കുണ്ട്. കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസ്സു വരെ മുലപ്പാല്‍ നല്‍കുക എന്നത് മാതാവിന്റെ കടമയായി ഖുര്‍ആന്‍(31:4) പഠിപ്പിക്കുന്നു. ഒരു കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ എല്ലാ പോഷകമൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന മുലപ്പാല്‍ അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്റെയും സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെയും ദൃഷ്ടാന്തമാണ്. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ ഇദ്ദാ കാലം കഴിയുന്നതുവരേക്കും ഭര്‍ത്താവ് താമസസൗകര്യം ചെയ്യേണ്ടതാണ്. അവള്‍ ഗര്‍ഭിണിയാണെന്നു കണ്ടാല്‍ പ്രസവം കഴിയുന്നതുവരെ അവളുടെ ചെലവ് കൊടുക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. പ്രസവാനന്തരം കുട്ടിക്ക് മാതാവു തന്നെ മുല കൊടുക്കുകയോ വിഷമകരമാണെങ്കില്‍ വേറെ സ്ത്രീകളെ മുല കൊടുക്കാന്‍ ഏല്‍പിക്കുകയോ ചെയ്യാം. കുട്ടിക്ക് ലഭിക്കേണ്ട ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ എത്രത്തോളം ബദ്ധശ്രദ്ധരായിരിക്കണമെന്ന് സൂറത്ത് ത്വലാഖ് 6, അല്‍ബഖറ 233 എന്നീ വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ റമദാനിലെ നോമ്പിന്റെ വിഷയത്തില്‍ മുല കൊടുക്കുന്ന മാതാക്കള്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നു. കുഞ്ഞിനോ മാതാവിനോ റമദാനിലെ നോമ്പ് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെങ്കില്‍ അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാവുന്നതാണ്.
വിവാഹിതയായ ഒരു സ്ത്രീ വ്യഭിചരിച്ചതിന്റെ ശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് അവര്‍ നബി(സ)യുടെ സന്നിധിയില്‍ എത്തിയപ്പോള്‍ അവര്‍ക്കുള്ള ശിക്ഷാ നടപടി പെട്ടെന്ന് സ്വീകരിച്ചില്ല. ആ സ്ത്രീയുടെ പ്രസവവും കുഞ്ഞിനുള്ള മുലകുടി പ്രായവും കഴിഞ്ഞശേഷം മാത്രമേ ശിക്ഷ നടപ്പാക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ എന്ന നിലപാടാണ് നബി(സ) സ്വീകരിച്ചത്. കാരുണ്യത്തിന്റെ മതമായ ഇസ്‌ലാം അതിന്റെ ഓരോ വിധിവിലക്കുകളിലും മാതാവിന്റെയും കുട്ടിയുടെയും ജീവിതസുരക്ഷയ്ക്കും ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധക്കും വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ധാര്‍മിക സംരക്ഷണം
മാതാപിതാക്കള്‍ക്ക് അല്ലാഹു ഏല്‍പിച്ചുകൊടുത്ത അമാനത്താണ് മക്കള്‍. കളങ്കമേതുമില്ലാത്ത, ശുദ്ധമായ കാന്‍വാസ് പോലെയാണ് അവന്റെ മനസ്സ്. ശുദ്ധമായ പ്രതലത്തില്‍ എന്തും എങ്ങനെയും വരയ്ക്കാവുന്ന പോലെ മനസ്സിനെ ഏത് നിലയിലേക്കും തിരിച്ചുവിടാം. അതുകൊണ്ട് കുഞ്ഞുമനസ്സിനെ കളങ്കിതമാക്കാതെ കാത്തുവെക്കാന്‍ കരുതലോടെയുള്ള ഇടപെടലുകളും ജാഗ്രതയോടെയുള്ള ശിക്ഷണവും മാതാപിതാക്കളുടെ ബാധ്യതയാണ്. ഒരു കുട്ടിക്ക് തീപ്പൊള്ളല്‍ ഏല്‍ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ എത്രത്തോളം കരുതല്‍ കാണിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തിന്മകളുടെ ദൂഷിതവലയത്തില്‍ പെട്ട് നരകാഗ്നിയില്‍ പതിക്കുന്ന ഹതഭാഗ്യരില്‍ പെടാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ ജാഗ്രതയോടെയുള്ള ശിക്ഷണം മാതാപിതാക്കള്‍ നല്‍കണമെന്നത് ഖുര്‍ആനിന്റെ ആഹ്വാനമാണ്.
”നിങ്ങള്‍ നിങ്ങളുടെ സ്വന്തത്തെയും കുടുംബത്തെയും നരകാഗ്നിയില്‍ നിന്ന് രക്ഷപ്പെടുത്തുക” (അത്തഹ്‌രീം 6). തിന്മകളുടെ ചതിക്കുഴിയില്‍ പെട്ടുപോകാതിരിക്കാനും ഭൗതികപ്രമത്തരായി പാരത്രിക ജീവിതത്തില്‍ പരാജയം സംഭവിക്കാതിരിക്കാനും മക്കളെ വിശ്വാസത്തിന്റെയും സത്കര്‍മങ്ങളുടെയും ധര്‍മവഴിയില്‍ ചേര്‍ത്തുനിര്‍ത്താന്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. നല്ല സംസ്‌കാരവും ശീലങ്ങളും പഠിക്കാനും പകര്‍ത്താനും അനുഗുണമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് മാതാപിതാക്കള്‍ ക്രിയാത്മകമായി ഇതിനു വേണ്ടി ചെയ്യേണ്ടത്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന വിശിഷ്ട സമ്മാനമായി പ്രവാചകന്‍ വിശേഷിപ്പിച്ചത് നല്ല ശിക്ഷണത്തെയാണ്. നബി(സ)യുടെ ജീവിതത്തില്‍ നിന്ന് മികച്ച ശിക്ഷണത്തിന്റെ പ്രായോഗിക മാതൃകകള്‍ നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും.
ശിക്ഷണത്തില്‍ പ്രവാചകന്‍(സ) ഊന്നിയിട്ടുള്ള രണ്ട് മേഖലകളെ മാതാപിതാക്കള്‍ ശിക്ഷണരീതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതില്‍ പ്രധാനമായത് വിശ്വാസബന്ധിതമായ ശിക്ഷണവും മാര്‍ഗനിര്‍ദേശവുമാണ്. സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച് സ്‌നേഹോപദേശങ്ങളും ആവശ്യമായ തിരുത്തലുകളും ശകാരങ്ങളുമൊക്കെയാവാം. അതിന്റെയൊക്കെ അടിസ്ഥാനമായി വിശ്വാസപരമായ തലമുണ്ടെന്ന് മക്കളെ ബോധ്യപ്പെടുത്താനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. രണ്ടാമതായി ശിക്ഷണത്തില്‍ ഊന്നേണ്ടത് പ്രായോഗിക മാതൃകകളിലൂടെ മതപരിവര്‍ത്തനത്തിനും സംസ്‌കരണത്തിനും അവസരങ്ങള്‍ ഒരുക്കുക എന്നതാണ്. പ്രവാചകന്‍(സ) ഇബ്‌നു അബ്ബാസ്(റ) കുട്ടിയായിരിക്കെ നല്‍കുന്ന ഉപദേശങ്ങളില്‍ മികച്ച ശിക്ഷണത്തിന്റെ രീതിശാസ്ത്രം നമുക്ക് മനസ്സിലാക്കാം. നബി(സ) പറഞ്ഞു: ”കുട്ടീ, ഞാന്‍ നിനക്ക് ചില വചനങ്ങള്‍ പഠിപ്പിച്ചുതരുകയാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എങ്കില്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എങ്കില്‍ നിന്റെ നേരെ അവനെ നിനക്ക് കാണാം. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം അര്‍ഥിക്കുക. നീ അറിയണം, ഈ സമൂഹം ഒന്നടങ്കം നിനക്ക് ഉപകാരം ചെയ്യാന്‍ ഒരുമിച്ചാലും അല്ലാഹു നിനക്കു വേണ്ടി നിശ്ചയിച്ചുവെച്ചതല്ലാതെ യാതൊരു ഉപകാരവും അവര്‍ക്ക് നിനക്കു വേണ്ടി ചെയ്യാനാവില്ല. നിനക്ക് ഉപദ്രവം ഉണ്ടാക്കാനായി അവര്‍ ഒന്നടങ്കം ശ്രമിച്ചാലും അല്ലാഹു നിനക്കു വേണ്ടി നിശ്ചയിച്ചതല്ലാതെ യാതൊരു ഉപദ്രവവും നിനക്ക് ഏല്‍പിക്കാന്‍ അവര്‍ക്കാവില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, ഏടുകള്‍ ഉണങ്ങി” (ബുഖാരി 893).
കുട്ടികളില്‍ ചെറുപ്പം മുതലേ മര്യാദകളും സദ്ഗുണങ്ങളും വളര്‍ത്തുന്നതിനു നബി(സ) സാന്ദര്‍ഭികമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഉമറുബ്‌നു അബീസലമ ഒരു കുഞ്ഞായിരിക്കുമ്പോള്‍ നബി(സ)യുമൊത്ത് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഉമറിന്റെ കൈകള്‍ പാത്രത്തില്‍ പരതും. ഇതു കണ്ട നബി(സ) ഭക്ഷണം കഴിക്കുമ്പോള്‍ സ്വീകരിക്കേണ്ട മര്യാദകള്‍ കുഞ്ഞിനെ ഇങ്ങനെ പഠിപ്പിച്ചു: ”കുഞ്ഞേ, ബിസ്മി ചൊല്ലണം. വലതുകൈ കൊണ്ട് തിന്നണം, പാത്രത്തില്‍ നിന്റെ അരികത്തു നിന്നേ എടുക്കാവൂ.’ ഉമര്‍ പറയുന്നു. ‘പിന്നെ എന്റെ ഭക്ഷണരീതി അങ്ങനെയായി” (അബൂദാവൂദ് 2835).
മാനസികോല്ലാസം
കുട്ടികളുടെ മാനസികോല്ലാസത്തിന് അനുഗുണമായ സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. മക്കളുടെ സന്തോഷത്തിനും ഉല്ലാസത്തിനും മാതാപിതാക്കള്‍ തടസ്സം നില്‍ക്കുകയാണെങ്കില്‍ കുട്ടികളുടെ വ്യക്തിത്വ വികാസത്തെ അത് പ്രതികൂലമായി ബാധിക്കും. കുട്ടികളോടൊത്ത് കളിക്കാനും ഉല്ലസിക്കാനും സല്ലപിക്കാനും നബി(സ) സമയം കണ്ടെത്തിയിരുന്നു. കുട്ടികളുടെ മാനസികാവസ്ഥ അറിഞ്ഞ് തമാശരൂപേണ സംസാരിക്കാനും അവരുടെ ഇഷ്ടതോഴനായി ഇടപഴകാനും നബി(സ) ശ്രമിച്ചിരുന്നു. ഒരിക്കല്‍ അനസ്(റ) പറഞ്ഞു: ”കുട്ടികളോടൊത്ത് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ റസൂല്‍(സ) എന്റെ അടുത്തുവന്നു. ഞങ്ങളോട് സലാം ചൊല്ലി. എന്നെ ഒരാവശ്യത്തിനു വേണ്ടി അയച്ചു. ഞാന്‍ എന്റെ മാതാവിന്റെയടുത്ത് അല്‍പം താമസിച്ചു ചെന്നു. അവര്‍ ചോദിച്ചു: ‘നിന്നെ തടസ്സപ്പെടുത്തിയത് എന്താണ്?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്നെ പ്രവാചകന്‍ ഒരാവശ്യത്തിനു വേണ്ടി പറഞ്ഞയച്ചു.’ അപ്പോള്‍ അവര്‍ ചോദിച്ചു. ‘എന്താണ് ആവശ്യം?’ ഞാന്‍ പറഞ്ഞു. ‘തീര്‍ച്ചയായും അത് രഹസ്യമാണ്.’ അവള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകന്റെ രഹസ്യത്തെക്കുറിച്ച് നീ ഒരാളോടും അറിയിക്കരുത്” (സ്വഹീഹ് മുസ്‌ലിം 2485).
ഒരു പെരുന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടികള്‍ പാട്ട് പാടിയപ്പോള്‍ അബൂബക്കര്‍(റ) അത് വിലക്കി. എന്നാല്‍ നബി(സ) പറഞ്ഞു: ”താങ്കള്‍ അവരെ വിട്ടേക്കൂ. നമ്മുടെ മതത്തില്‍ വിശാലതയുണ്ടെന്ന് യഹൂദികള്‍ മനസ്സിലാക്കട്ടെ” (മുസ്‌നദ് അഹ്മദ് 2482).
സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ഏകകമായ കുടുംബത്തിന്റെ ഭദ്രത സദാചാരാധിഷ്ഠിതമായ ജീവിതരീതിയിലൂടെ മാതാപിതാക്കള്‍ കെട്ടിപ്പടുക്കേണ്ടതാണ്. ഇതില്‍ മുഖ്യമായത് മാതാപിതാക്കള്‍ കുട്ടികളോടുള്ള ബാധ്യത പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കുന്നതിലൂടെ കുട്ടികള്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുക എന്നതാണ്. യുദ്ധസന്ദര്‍ഭത്തില്‍ പോലും ശത്രുചേരിയിലുള്ള കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍, ചെറിയ പ്രായക്കാര്‍ ഇവരെ വധിക്കരുതെന്ന് നബി(സ) കര്‍ശന സ്വരത്തില്‍ പഠിപ്പിച്ചതിന്റെ പൊരുള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ബലഹീനരും മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവരുമായ വൃദ്ധജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയുമൊക്കെ യുദ്ധം പോലുള്ള കലുഷിതമായ സാഹചര്യത്തില്‍ പോലും കൊലചെയ്യുന്നത് കടുത്ത അക്രമാണെന്ന കാരണത്താലാണത്. കുട്ടികളോട് സ്‌നേഹവാത്സല്യങ്ങളും വൈകാരികമായ അടുപ്പവും കാത്തുസൂക്ഷിക്കുന്ന മാതാപിതാക്കള്‍ അവര്‍ക്കിടയില്‍ നീതി നടപ്പാക്കണം. വിവേചനമേതുമില്ലാതെ പെരുമാറാന്‍ കൂടി ശ്രദ്ധിക്കണമെന്ന് പ്രവാചകന്റെ ശിക്ഷണത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാനാവും. പ്രായത്തില്‍ ഇളയവരോടും കുട്ടികളോടും ഇസ്‌ലാം പഠിപ്പിക്കുന്നവിധം നീതിയില്‍ അധിഷ്ഠിതമായ ബാധ്യത നിര്‍വഹിച്ചാല്‍ ധര്‍മബോധമുള്ള തലമുറയുടെ നിലനില്‍പിനായുള്ള കാത്തുവെപ്പ് കൂടിയാവും അത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x