7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

ഫലക്കി മുഹമ്മദ് മൗലവി ഭാഷാസ്‌നേഹിയായ അറബി കവി

ഹാറൂന്‍ കക്കാട്‌


കേരളത്തിലെ പ്രഗത്ഭനായ അറബി കവിയും വിദ്യാഭ്യാസ വിചക്ഷണനും പരിഷ്‌കര്‍ത്താവുമായിരുന്ന ഫലക്കി മുഹമ്മദ് മൗലവി അന്ധവിശ്വാസങ്ങള്‍ക്കും മൂല്യച്യുതികള്‍ക്കുമെതിരെ ശക്തമായി പൊരുതിയ മഹാനായിരുന്നു. വൈജ്ഞാനിക മേഖലയില്‍ നിരവധി പേര്‍ക്ക്, വിശിഷ്യാ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായും സംരക്ഷകനായും നിലകൊണ്ട നവോത്ഥാന പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിലെ മപ്പാട്ടുകര പാലക്കാട്ടുപറമ്പില്‍ മുളയന്‍കാവ് മൊയ്തുകുട്ടി മുസ്ലിയാരുടെയും കോരക്കോട്ടില്‍ ആയിശയുടെയും മകനായി 1913ല്‍ തിരുവേഗപ്പുറ വിളത്തൂരിലാണ് ഫലക്കി മുഹമ്മദ് മൗലവിയുടെ ജനനം. പ്രമുഖ പണ്ഡിതനും ഗോളശാസ്ത്ര നിപുണനുമായിരുന്ന പോക്കര്‍ മുസ്‌ലിയാരുടെ പൗത്രനാണ്.
പ്രമുഖ അറബി കവിയും പണ്ഡിതനുമായിരുന്ന ഫലക്കി അബൂബക്കര്‍ മൗലവി സഹോദരനാണ്. മപ്പാട്ടുകരയില്‍ ഇസ്‌ലാഹീ ആശയങ്ങളും സന്ദേശങ്ങളും പ്രചരിക്കാന്‍ തുടങ്ങിയതില്‍ ക്ഷുഭിതരായ യാഥാസ്ഥിതികര്‍ ഇവരുടെ കുടുംബത്തിനു ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരിക്കല്‍ മൊയ്തുകുട്ടി മുസ്‌ലിയാര്‍ മപ്പാട്ടുകര പള്ളിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ, ഇബ്‌നു തൈമിയയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ റഹ്മത്തുല്ലാഹി അലൈഹി എന്നു പറഞ്ഞത് വലിയ വിവാദമായി. ഊരുവിലക്കോളം എത്തിയ ഈ പ്രശ്‌നത്തെ തുടര്‍ന്നാണ് ഫലക്കി കുടുംബം താമസവും പ്രവര്‍ത്തനകേന്ദ്രവും വിളത്തൂരിലേക്ക് മാറ്റിയത്. ‘പാലക്കാപറമ്പില്‍’ എന്ന കുടുംബപ്പേര് അറബീകരിച്ചതാണ് ഫലക്കി എന്ന നാമം. ഗോളശാസ്ത്രജ്ഞന്‍ എന്നാണ് ഇതിന്റെ വിവക്ഷ.
വീട്ടില്‍ നടന്നിരുന്ന ഓത്തുപുരയിലായിരുന്നു ഫലക്കി മുഹമ്മദ് മൗലവിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും പട്ടാമ്പി പള്ളിയിലെ അബൂബക്കര്‍ മുസ്‌ലിയാരുടെയും കൈത്തക്കര മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെയും ശിഷ്യത്വത്തില്‍ വിവിധ പള്ളിദര്‍സുകളില്‍ അദ്ദേഹം പഠിച്ചു.
ദര്‍സ് പഠനത്തിനു ശേഷം ഫലക്കി കോലാറിലേക്ക് യാത്രയായി. അവിടെ ഖനിയില്‍ ഇറങ്ങുന്നവര്‍ക്കു വേണ്ടി യാസീന്‍ പാരായണം ചെയ്യുന്ന ജോലിയില്‍ മുഴുകി. അതിനിടയില്‍ പിതൃസഹോദരന്‍ കുഞ്ഞിപ്പ മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം മദ്രാസ് ജമാലിയ്യ അറബിക് കോളജില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു. കടുത്ത ദാരിദ്ര്യം അനുഭവിച്ച കാലമായിരുന്നു ഇത്. സഹപാഠിയായിരുന്ന സി എന്‍ അഹ്മദ് മൗലവിയുടെ വസ്ത്രങ്ങളായിരുന്നു പലപ്പോഴും ഫലക്കി ധരിച്ചിരുന്നത്. 1933ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടി. പിന്നീട് ഓറിയന്റല്‍ ടൈറ്റില്‍ ഡിഗ്രിയും നേടി.
1933ല്‍ പുണര്‍പ്പ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായി നിയമിതനായി. പിന്നീട് മദ്രാസ് മുഹമ്മദന്‍സ് കോളജില്‍ അധ്യാപകനായി. ശേഷം കതിരൂര്‍ ഗവ. ഹൈസ്‌കൂളില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ മലബാറിലെ പ്രഥമ മുസ്‌ലിം ഇന്‍സ്‌പെക്ടറായി സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ക്ക് തുടക്കമിടാനും കൃത്യമായ അജണ്ടയോടെ സമുദായത്തിന്റെ വൈജ്ഞാനിക വേദികളെ വികസിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ചാവക്കാട്, കുമരനെല്ലൂര്‍ എന്നിവിടങ്ങളിലെ ഗവ. ഹൈസ്‌കൂളുകളിലും ഫലക്കി അധ്യാപകനായിരുന്നു. മഹാകവി അക്കിത്തവും ഫലക്കി മുഹമ്മദ് മൗലവിയും കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ സഹാധ്യാപകരായിരുന്നു. 1968ല്‍ കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ നിന്ന് ഫലകി ഔദ്യോഗികമായി അധ്യാപനവൃത്തിയില്‍ നിന്നു വിരമിച്ചു. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത നല്ല മനുഷ്യന്‍ എന്നാണ് അക്കിത്തം യാത്രയയപ്പ് യോഗത്തില്‍ വെച്ച് ഫലക്കിയെ വിശേഷിപ്പിച്ചത്. എം ടി വാസുദേവന്‍ നായര്‍ ഫലക്കിയുടെ ശിഷ്യനാണ്.
ഔദ്യോഗിക ജീവിതത്തിനു ശേഷം ഫലക്കി മുഹമ്മദ് മൗലവി അഞ്ച് വര്‍ഷം തൃശിനാപ്പള്ളി ജമാല്‍ മുഹമ്മദ് കോളജില്‍ അധ്യാപകനായി. പിന്നീട് മദ്രാസ് ജമാലിയ്യ കോളജ്, തിരൂരങ്ങാടി കെ എം എം ഒ അറബിക് കോളജ്, തലശ്ശേരി ദാറുസ്സലാം അറബിക് കോളജ് എന്നിവിടങ്ങളിലും സേവനം ചെയ്തു.
അറബി ഭാഷയുടെയും അധ്യാപകരുടെയും ഉന്നമനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി 1957ല്‍ മലപ്പുറത്തു വെച്ച് രൂപീകൃതമായ അറബിക് പണ്ഡിറ്റ്‌സ് യൂനിയന്റെ പ്രഥമ പ്രസിഡന്റായിരുന്നു ഫലക്കി. ഈ സംഘടനയാണ് പിന്നീട് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനായി മാറിയത്. കെ എ ടി എഫിന്റെ സ്ഥാപക പ്രസിഡന്റായും അദ്ദേഹത്തെയാണ് തെരഞ്ഞെടുത്തത്. സര്‍ക്കാരിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിലും വിവിധ പരീക്ഷാ ബോര്‍ഡുകളിലും അദ്ദേഹം അംഗമായിരുന്നു.
ഭാഷാശൈലിയിലും ആശയസമ്പുഷ്ടതയിലും രചനാരീതികളിലും മികവു പുലര്‍ത്തിയ അറബി കവിയായിരുന്നു ഫലക്കി. ചെറുപ്രായത്തില്‍ തന്നെ അറബി സാഹിത്യത്തിലും കവിതയിലും നിപുണനായിരുന്നു. അദ്ദേഹം കവിതകള്‍ എഴുതാത്ത വിഷയങ്ങള്‍ വിരളമാണ്. ഇത്രയേറെ അറബി കവിതകള്‍ രചിച്ച മറ്റൊരാള്‍ കേരളത്തിലുണ്ടാവില്ല. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി കവിതകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. കേരളത്തിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പണ്ഡിതന്മാരെയും ഇതിവൃത്തമാക്കി നിരവധി കവിതകള്‍ ഫലക്കി എഴുതിയിട്ടുണ്ട്. കേരള മുസ്‌ലിം നായകരെ കുറിച്ച് അദ്ദേഹം രചിച്ച വിലാപകാവ്യങ്ങള്‍ പ്രശസ്തമാണ്.
മൗലാനാ മുഹമ്മദലി, കെ എം സീതി സാഹിബ്, എം സി സി സഹോദരന്മാര്‍ തുടങ്ങിയവരെ കുറിച്ചെഴുതിയ കവിതകള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 1921ലെ മലബാര്‍ സമരത്തെ കുറിച്ചുള്ള ഫലക്കിയുടെ അറബി കവിത വളരെ പ്രസിദ്ധമാണ്. കേരള മുസ്‌ലിം ചരിത്രത്തെക്കുറിച്ചും പള്ളികളെ കുറിച്ചും ഫലക്കി നടത്തിയ അമൂല്യമായ ഗവേഷണ പഠനങ്ങള്‍ നിരവധി പേര്‍ക്ക് വഴികാട്ടിയായി. അല്‍മനാര്‍, അല്‍മുര്‍ശിദ്, അല്‍ഇത്തിഹാദ്, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനായിരുന്നു ഫലകി. കവിതകള്‍ക്ക് പുറമെ വിവിധ വിഷയങ്ങളില്‍ പ്രൗഢമായ നിരവധി പഠനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
അന്ധവിശ്വാസങ്ങളുടെ വിപാടനത്തിന് യഥാര്‍ഥ ജ്ഞാനത്തിന്റെ പങ്ക് വലുതാണെന്ന ബോധ്യത്തില്‍ അദ്ദേഹം വിദ്യാഭ്യാസ യജ്ഞത്തില്‍ സജീവമായി ഇടപെട്ടു. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പരമാവധി പ്രവര്‍ത്തിച്ചു. സമൂഹത്തിന്റെ താഴേക്കിടയിലുള്ള നിരവധി വിദ്യാര്‍ഥികളെ ഉയരങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചു. സ്ത്രീവിദ്യാഭ്യാസരംഗത്തും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു.
ഇ എം എസ് നമ്പൂതിരിപ്പാട്, എ കെ ഗോപാലന്‍, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, കെ എം സീതി സാഹിബ്, കെ എം മൗലവി, സി എച്ച് മുഹമ്മദ് കോയ സാഹിബ്, ടി ഉബൈദ് തുടങ്ങിയവരുമായി ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഫലക്കി മുഹമ്മദ് മൗലവി എല്ലാവരുടെയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയ പണ്ഡിതനാണ്. വിശ്രമമില്ലാത്ത ജീവിതയാത്രയ്ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കരണ സംരംഭങ്ങളും സര്‍ഗാത്മക സപര്യയും മനോഹരമായി കോര്‍ത്തിണക്കി ആയുസ്സ് അര്‍ഥപൂര്‍ണമാക്കിയ ഫലക്കി മുഹമ്മദ് മൗലവി 1982 മെയ് 13 ന് 69-ാം വയസ്സില്‍ നിര്യാതനായി. വിളത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഭൗതിക ശരീരം സംസ്‌കരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x