18 Thursday
April 2024
2024 April 18
1445 Chawwâl 9

ഫക്രുദ്ദീന്‍ ഔലിയയുടെ ജാറങ്ങള്‍

ഗഫൂര്‍ കൊടിഞ്ഞി

വളരെ കാലമായുള്ള ആഗ്രഹമായിരുന്നു വാഗമണ്‍ സന്ദര്‍ശിക്കല്‍. തികച്ചും യാദൃച്ഛികമായാണ് അതിന് അവസരം ഒത്തുവന്നത്. അവിടെ എനിക്ക് പരിചയമുള്ള എഞ്ചിനിയര്‍ അസീസ്‌ക്കയുണ്ട്. ഒരാവശ്യത്തിനായി എറണാകുളത്ത് എത്തിയപ്പോള്‍ അസീസക്കയെ വിളിച്ചു. ആഗ്രഹമറിയിച്ചപ്പോള്‍ അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു. ഫോണില്‍ പറഞ്ഞുറപ്പിച്ച പ്രകാരം ജുമാമസ്ജിദിന് സമീപം അദ്ദേഹം എന്നെ പ്രതീക്ഷിച്ച് നിന്നിരുന്നു. മൂത്രശങ്ക ആദ്യം തീര്‍ത്തു കളയാം എന്ന് കരുതി അവിടെ കണ്ട ജുമൂഅത്ത് പള്ളിയിലേക്ക് കയറി. മുഗള്‍ വാസ്തുശില്പ ശൈലിയിലുള്ള വലിയ പള്ളിയേക്കാള്‍ എന്നെ ആകര്‍ഷിച്ചത് അതിന് സമീപമുള്ള പഴമയുടെ പ്രൗഡിയുള്ള ദര്‍ഗയായിരുന്നു. ചരിത്രം അറിയാനുള്ള ആകാംക്ഷ എന്റെയൊരു ദൗര്‍ബല്യമാണ്. അതുകൊണ്ട് തന്നെ അവിടെ കണ്ട വൃദ്ധനായ ഭക്തനോട് അതിനെപ്പറ്റി ചോദിച്ചു.
അയാള്‍ വാചാലനായി. ശൈഖ് ഫരീദുദ്ദീന്‍ ഔലിയയുടെ മഖ്ബറയാണതെന്ന് അദ്ദേഹം പറഞ്ഞു. ഔലിയയുടെ വാഴ്ത്തുകള്‍ കൊണ്ട് അ യാള്‍ എന്നെ മൂടാന്‍ തുടങ്ങിപ്പോള്‍ അസീസ്‌ക്കയുടെ മുഖത്ത് അവജ്ഞ ദൃശ്യമായി. ചന്ദനത്തിരി ഗന്ധം പരന്ന മുറിക്കുള്ളില്‍ പച്ച പുതച്ച ഖബറിന് ചുറ്റും ഭക്തജനങ്ങള്‍ കുമിഞ്ഞു കൂടിയിരുന്നു. പുരോഗമന ആശയക്കാരനായ അസീസ്‌ക്ക ഇഷ്ടപ്പെടാത്ത ഭാവത്തില്‍ എന്നെ പുറത്തേക്ക് വലിച്ചു. വളരെ ദൂരം പോകാനുള്ളതാണെന്ന് ഉണര്‍ത്തി. വളഞ്ഞു പുളഞ്ഞ റോഡിലൂടെ വണ്ടി ഈരാറ്റുപേട്ടയില്‍ എത്തിയതറിഞ്ഞില്ല. നമസ്‌കാരത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് നിര്‍ത്തി നമസ്‌കാരത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് നിര്‍ത്തി. നമസ്‌കാരം കഴിഞ്ഞ് പുറത്തിറ ങ്ങുമ്പോള്‍ കണ്ണ് പള്ളിയങ്കണത്തിലുള്ള മഖ്ബറയിലേക്ക് നീണ്ടു. കാഞ്ഞിരമറ്റത്തെ ശവകുടീരത്തിന്റെ അതേ രൂപത്തില്‍ മറ്റൊരു കുടീരം! കൗതുകം തോന്നി അങ്ങോട്ട് ചെന്നു. അല്‍ഭുതം, ആ ശിലാലിഖിതത്തിലെ നാമവും അതു തന്നെ; ശൈഖ് ഫരീദുദ്ദീന്‍ ഔലിയ!
ഒരാള്‍ക്ക് രണ്ട് ഖബറിടമോ? അസീസ്‌ക്കയോട് ഞാന്‍ വിഷയം ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് എന്നെ ഭക്ഷണശാലയിലേക്ക് വലിച്ചു. വിശ്രമത്തിന് ശേഷം യാത്ര തുടര്‍ന്നു. ചുരങ്ങളും മലയോരങ്ങളും താണ്ടി വാഗമണിന്റെ പ്രകൃതി രമണീയതയിലേക്ക്. അസീസ്‌ക്ക വണ്ടി താരതമ്യേന സന്ദര്‍ശകര്‍ കുറഞ്ഞ കോലാഹലമേട്ടിലേക്ക് തിരിച്ചു. വണ്ടി മൈതാനത്തിന്റെ ഒരരുകില്‍ നിര്‍ത്തി. അതിരിനപ്പുറം ഒരു കൊച്ചു പള്ളി ശ്രദ്ധയില്‍ പെട്ടു. കവാടത്തോട് ചേര്‍ന്ന് വലിയ നേര്‍ച്ച ഭണ്ഡാരം കാണാം. അതിനു മുന്നില്‍ നീളന്‍ തലപ്പാവു വെച്ച മൊല്ലാക്ക വെളുക്കെ ചിരിച്ച് ഞങ്ങളെ വരവേറ്റു. അവിടെ മറ കൊള്ളുന്ന ഔലിയ പാപ്പയുടെ ജാറം സന്ദര്‍ശിക്കാന്‍ ഞങ്ങളെ ക്ഷണിച്ചു. ‘വലിയ്യിന്റെ’ മഖ്ബറയിലേക്ക് ഒരു കിലോമീറ്റര്‍ ദൂരമുണ്ട് എന്നാണ് മൊല്ലാക്ക പറ ഞ്ഞത്. പക്ഷെ പ്രശ്‌നമതല്ല അവിടെ എത്തണമെങ്കില്‍ മുന്നില്‍ കാണുന്ന ആകാശം മുട്ടി നില്‍ക്കുന്ന മല മറികടക്കണമത്രെ. തങ്ങള്‍ പാപ്പയെ മനസില്‍ ധ്യാനിച്ചാല്‍ കയറ്റമുണ്ടെന്നത് പോലും അറിയില്ല എന്ന് മൊല്ലാക്ക പറഞ്ഞു.
അത് ശരിയാണെന്ന് സ്ഥാപിക്കാന്‍ അറുപത് കഴിഞ്ഞ വൃദ്ധന്മാര്‍ പോലും ആവേശപൂര്‍വ്വം മലയിലേക്ക് ചുവട് വെക്കുന്ന ദൃശ്യത്തിലേക്ക് മുല്ലാക്ക വിരല്‍ ചൂണ്ടി. ഒരു വിധം നടന്ന് തളര്‍ന്ന് തങ്ങള്‍ പാറക്ക് അടുത്തെത്തി. കീഴെ ഒരു ഭാഗത്ത് വലിയ ഒരു തറ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. വേലിക്കുള്ളില്‍ മയ്യിത്ത് കട്ടില്‍ അനുസ്മരിപ്പിക്കുന്ന വലിയൊ രു മഖ്ബറ കുടികൊള്ളുന്നു. പാറയിലെ ഫലകത്തില്‍ അറബിയില്‍ കൊത്തിവെച്ച ലിഖിതം ശ്രദ്ധയില്‍ പെട്ടു. അന്തം വിട്ടു പോയി. ശൈഖ് ഫരീദുദ്ദീന്‍ ഔലിയ! ഒരാള്‍ക്ക് മൂന്ന് ഖബറോ? ഞാന്‍ തലയില്‍ കൈവെച്ചു. മൂന്നല്ല ഇനിയുമുണ്ട്. തൊടുപുയിലും മുവാറ്റുപുഴയിലും -അസീസ്‌ക്ക പറഞ്ഞു.
സത്യത്തില്‍ ഈ സ്ഥലങ്ങളെല്ലാം ശൈഖ് ഫരീദുദ്ദീന്‍ എന്ന സൂഫീ വര്യന്റെ വിശ്രമ കേന്ദ്രങ്ങളാണെന്ന് പിന്നീടുള്ള എന്റെ അന്വേഷണത്തില്‍ ബോധ്യമായി. ആത്മീയത വിറ്റ് കാശാക്കുന്നവര്‍ പാവപ്പെട്ട ഭക്ത രെപ്പറ്റിച്ച് പണം പിടുങ്ങാന്‍ മഖാം മഖ്ബറയാക്കുകയായിരുന്നുവത്രെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x