കൂട്ടത്തില്‍ പെടാത്തവനെ കൊലപ്പെടുത്തുന്ന വ്യാജവാര്‍ത്തകള്‍
ആശിഷ് ഖേതന്‍
1993ല്‍ ബോംബെ സ്ഫോടനം നടന്നപ്പോള്‍ മുഖ്യമന്ത്രി ശരദ്പവാര്‍ സ്ഫോടനം നടന്ന സ്ഥലങ്ങളുടെ കൂട്ടത്തില്‍ മുഹമ്മദലി റോഡ് കൂടി കൂട്ടിപ്പറഞ്ഞു. അക്കാലത്ത് സോഷ്യല്‍മീഡിയയോ സ്വകാര്യ ചാനലുകളോ ഉണ്ടായിരുന്നില്ല. ദൂരദര്‍ശന്‍ ആയിരുന്നു പ്രധാന വാര്‍ത്താസ്രോതസ്സ്. സ്ഫോടനം നടന്ന സ്ഥലങ്ങളുടെ കൂട്ടത്തില്‍ മുഹമ്മദലി റോഡ് കൂടി ചേര്‍ത്താണ് ദൂരദര്‍ശന്‍ വാര്‍ത്ത നല്‍കിയത്. അതൊരു തെറ്റായ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഹൈപര്‍ കണക്ടിവിറ്റിയുടെയും കാലത്ത്, വിവരങ്ങള്‍ ലഭ്യമാകുക എന്നതല്ല; ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ക്കിടയില്‍ നിന്നു സത്യത്തെ കണ്ടെത്തുകയും സത്യത്തെ വേര്‍തിരിക്കുകയും ചെയ്യുക എന്നതാണ് ഇക്കാലത്തെ വെല്ലുവിളി. തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കാനുള്ള വിവരങ്ങളും ഒരുപോലെ നമുക്കിടയിലുണ്ട്. മുഹമ്മദലി റോഡ് എന്ന് പറയുന്നതിലൂടെ സ്ഫോടനത്തിന് സാമുദായിക നിറം ഉണ്ടെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍ വൈകാരികതയുണ്ടാക്കരുതെന്ന് ശരദ്പവാര്‍ ആഗ്രഹിച്ചു.
ജനങ്ങളെ ഭീതിയിലേക്കോ, വൈരാഗ്യത്തിലേക്കോ നയിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം നല്‍കിയത് തെറ്റായ വിവരങ്ങളാണ്. അതേസമയം, കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ എരിതീയിലേക്ക് എണ്ണയൊഴിക്കാനായി ബോധപൂര്‍വം നല്കുന്ന തെറ്റായ വാര്‍ത്തകളെയാണ് തെറ്റിദ്ധരിപ്പിക്കാനുള്ള വിവരങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. ക്രൂരതയും കലാപവും വളര്‍ത്താനുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ ഔദ്യോഗിക സ്വഭാവത്തോടെ ഉണ്ടാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കമലാ ഹാരിസും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ടെലിവിഷന്‍ സംവാദങ്ങളില്‍ എ ബി സി ചാനല്‍ പ്രതിനിധികള്‍ പലവട്ടം ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളില്‍ ഫാക്ട് ചെക്കിംങ് (വസ്തുതാ പരിശോധന) നടത്തുകയുണ്ടായി.
ട്രംപ് മനഃപൂര്‍വം നുണകള്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഹെയ്തിയിലെ കുഞ്ഞുങ്ങളുടെ മരണം, 2020 തെരഞ്ഞെടുപ്പ്, അബോര്‍ഷന്‍ ലോ എന്നിവയെ കുറിച്ചെല്ലാം ട്രംപ് മനഃപൂര്‍വം നുണകള്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കാനും ഭിന്നിപ്പിക്കാനുമാണ് ട്രംപ് ബോധപൂര്‍വം നുണകള്‍ പറയുന്നത്. വെറുപ്പ് പ്രചരിപ്പിക്കുന്ന നുണകളും തീവ്രവാദ ആശയങ്ങളും ലോകത്ത് സാംക്രമിക രോഗമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഗുജറാത്ത് കലാപത്തില്‍ വ്യാജ വാര്‍ത്തകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗോധ്ര തീവെപ്പിന് ശേഷം പിറ്റേ ദിവസം പ്രസിദ്ധീകരിച്ച പ്രാദേശിക പത്രങ്ങള്‍ വര്‍ഗീയ ചുവയുള്ള തലക്കെട്ടുകള്‍ വാര്‍ത്തകള്‍ക്ക് മനഃപൂര്‍വം നല്കുകയുണ്ടായി. ജനങ്ങള്‍ക്കിടയില്‍ വൈരാഗ്യവും പ്രതികാര ബുദ്ധിയും വളര്‍ത്തിയത് ആ വാര്‍ത്തകളാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള അത്തരം ബോധപൂര്‍വമായ തെറ്റിദ്ധാരണാ വാര്‍ത്തകളാണ് ഉശശെിളീൃാമശേീി. തെറ്റിദ്ധരിപ്പിക്കാനുള്ള വാര്‍ത്തകള്‍ ഏതെങ്കിലും ഒരു രാജ്യത്തോ വിഭാഗത്തിലോ മതത്തിലോ ഒതുങ്ങുന്നില്ല. രാഷ്ട്രീയത്തിലും പൊതുജനാരോഗ്യത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും യുദ്ധത്തിലും മിഡില്‍ ഈസ്റ്റിലും ഉക്രൈനിലും ഇന്ത്യയിലും അമേരിക്കയിലും തെറ്റിദ്ധരിപ്പിക്കാനുള്ള വാര്‍ത്തകള്‍ ജനങ്ങളുടെ പൊതുസംവാദമണ്ഡലങ്ങളെ വിഷലിപ്തമാക്കുകയാണ്. പതിറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ടുവന്ന സാമൂഹികരൂപത്തെ തകര്‍ത്തുകളയുകയാണ് നുണപ്രചാരണങ്ങള്‍. ലോകക്രമത്തെ തന്നെ നശിപ്പിച്ചുകളയുകയാണ് നുണവാര്‍ത്തകള്‍. ജനങ്ങള്‍ക്കിടയില്‍ ഭീതിയും വൈരവും വളര്‍ത്തുകയും, വൈകാരികതയെ ആയുധമാക്കുകയും കഥയേത് സത്യമേതെന്ന് വേര്‍തിരിച്ചെടുക്കാനാവാത്ത വിധം വ്യക്തികളെ അത് ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.
വ്യാജവാര്‍ത്തകളും ആള്‍ക്കൂട്ടവും
നമ്മുടെ രാജ്യം ഭാഷയിലും മതത്തിലും സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും വൈവിധ്യങ്ങള്‍ ഉള്ളതാണ്. 2018ല്‍ മഹാരാഷ്ട്രയിലെ ധുലൈയില്‍ അഞ്ച് പേരെ തെറ്റായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍ സ്ഥലത്തെത്തിയിട്ടുണ്ട് എന്ന വാട്സ്അപ്പ് സന്ദേശത്തെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം അഞ്ച് പേരെ കൊലപ്പെടുത്തിയത്. തീര്‍ത്തും നിരപരാധികളായ നാടോടി സംഘമാണ് കൊല്ലപ്പെട്ടത്.
2020ല്‍ മഹാരാഷ്ട്രയിലെ പാര്‍ഗറില്‍ രണ്ട് ഹിന്ദു സന്യാസിമാരെയും, അവരുടെ ഡ്രൈവറെയും വാട്‌സാപ്പില്‍ പ്രചരിച്ച തെറ്റായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ബോധപൂര്‍വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അവിടെയും നിര്‍ത്തിയില്ല. സന്യാസിമാരെ കൊലപ്പെടുത്തിയതിന് ശേഷം പ്രാദേശിക വാര്‍ത്താ ചാനലുകളിലൂടെയും രാഷ്ട്രീയപാര്‍ട്ടികളുടെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളിലൂടെയും ആ സംഭവത്തിന് വര്‍ഗീയ നിറം നല്കി പിന്നെയും കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. യാതൊരു സാമുദായിക സ്വഭാവവും ഇല്ലാത്ത ആ ആള്‍ക്കൂട്ടകൊലയെ കുറിച്ചുള്ള വര്‍ഗീയ പ്രചാരണങ്ങളുടെ ഭാഗങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്.
സുശാന്ത് സിംങ് രജ്പുത് എന്ന നടന്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഉദ്ദവ് താക്കറെ സര്‍ക്കാറിനെതിരെ നുണപ്രചാരണങ്ങളുണ്ടായി. ഈ നുണപ്രചാരണങ്ങള്‍ നടനുമായി ബന്ധപ്പെട്ട നിരവധി പേരുടെ തൊഴിലും സൈര്യജീവിതവും തകര്‍ത്തു.
2018ല്‍ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ 45 വയസ്സുകാരനായ മുഹമ്മദ് കാസിം പശുക്കടത്തുകാരനാണെന്ന് ആരോപിച്ച് കൊലചെയ്യപ്പെട്ടു. ഈ കൊലപാതകം കാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 2018ല്‍ ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരിയെ കള്ളനാണെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ഈ ഡിജിറ്റല്‍ യുഗത്തില്‍ സത്യത്തിന് യാതൊരു മൂല്യവും ഇല്ലാതായിരിക്കുകയാണ്. സത്യം പറയണമെന്ന് രക്ഷിതാക്കളും അധ്യാപകരും നമ്മെ പഠിപ്പിച്ചതാണ്.
എന്നാല്‍ പരസ്പരം സൗഹാര്‍ദത്തിലും സമാധാനത്തിലും ജീവിക്കാനുള്ള ശേഷിയെയും സാധ്യതയെയും ക്രമസമാധാനത്തെയും നുണപ്രചാരണങ്ങള്‍ ചോദ്യം ചെയ്യുകയാണ്. നമ്മെ പോലെ ഭക്ഷണം കഴിക്കാത്ത, നമ്മെ പോലെ വസ്ത്രം ധരിക്കാത്ത, നമ്മുടെ കൂട്ടത്തില്‍ പെടാത്തവന്‍ ജീവിക്കണോ കൊല്ലപ്പെടണോ എന്ന് തീരുമാനിക്കും വിധം സത്യവും നുണപ്രചാരവും ചോദ്യചിഹ്നമായി നില്ക്കുകയാണ്. നമ്മുടെ ബഹുസ്വര, സ്വതന്ത്ര, ജനാധിപത്യ സമൂഹത്തിന്റെ അതിജീവനത്തിന് സത്യസന്ധമായ വാര്‍ത്തകള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
‘ജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍’ എന്ന് ജനാധിപത്യ ഗവണ്‍മെന്റിനെ എബ്രഹാം ലിങ്കണ്‍ വിശദീകരിച്ചിട്ടുണ്ട്. വിവരത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ തീരുമാനം എടുത്ത് തെരഞ്ഞെടുപ്പ് നടത്തുന്ന ജനങ്ങള്‍ക്കാണ് ജനാധിപത്യം ഗുണകരമാകുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്ന ജനങ്ങള്‍ ജനാധിപത്യത്തെ രോഗാതുരമാക്കും. ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്ന ജനങ്ങള്‍ ജനാധിപത്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്.
90 കോടി ശരിയായ വിവരമുള്ള വോട്ടര്‍മാര്‍ അഴിമതിയെയും ക്രോണികാപിറ്റലിസത്തെയും ചോദ്യംചെയ്യും. അവര്‍ ജോലി, ആശുപത്രി, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കൂളുകള്‍ എന്നിവക്കായി ആവശ്യമുയര്‍ത്തും. അവര്‍ രാഷ്ട്രീയത്തിലെ മികച്ചവരെ തെരഞ്ഞെടുക്കും. വിവരമില്ലാത്ത ജനങ്ങള്‍ നിക്ഷിപ്ത താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നേതാക്കളെ തെരഞ്ഞെടുക്കും. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്ന ജനങ്ങള്‍ കൂടുതല്‍ അപകടം ചെയ്യും. അവര്‍ ആള്‍ക്കൂട്ടാധിപത്യത്തെയും മതഭ്രാന്തിനെയും വെറുപ്പിനെയും മൃഗീയതയെയും വളര്‍ത്തും. അത് പിന്നീട് സ്വേച്ഛാധിപത്യത്തിലേക്ക് വഴിതെളിയിക്കും.
മീഡിയ ലിറ്ററസി
ജേര്‍ണല്‍ ഓഫ് ഡെമോക്രസിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പൊതുജനവിശ്വാസം, മാധ്യമങ്ങള്‍, ജനാധിപത്യം എന്നിവയില്‍ സംവാദത്തില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ ദുസ്സഹമാക്കുന്നു. മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ക്രെഡിബിലിറ്റിയെ അത് ഇല്ലാതെയാക്കുന്നു. ഫിക്ഷനും യാഥാര്‍ഥ്യവും വേര്‍തിരിച്ചറിയാനുള്ള വോട്ടര്‍മാരുടെ ശേഷിയെ അത് ഇല്ലാതെയാക്കുന്നു.
വിവരമില്ലായ്മ ജനാധിപത്യത്തെ തോല്പിക്കുമ്പോള്‍, തെറ്റായ വിവരങ്ങള്‍ ജനാധിപത്യത്തെ ഇല്ലാതെയാക്കും. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 2022ലെ കണക്ക് അനുസരിച്ച് 75.9 കോടി ജനങ്ങള്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. അതില്‍ ഏറെ പേരും ഗ്രാമീണരാണ്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇന്ത്യയാണ്. വിവിധ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ ഫേക്ക് ന്യൂസും ഊഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ പഠനം അനുസരിച്ച് ലോകത്ത് ഫെയ്ക്ക് ന്യൂസുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനമാണ്.
ഇന്ത്യയിലെ 64% ശതമാനം ജനങ്ങളും ഫെയ്ക് ന്യൂസുകള്‍ ലഭിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടവരാണ്. ഈ പ്രതിസന്ധിയോട് പൊരുതേണ്ടവരാണ് നമ്മള്‍. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ നുണകള്‍ പ്രചരിപ്പിച്ചു. സോണിയാ ഗാന്ധി ബ്രിട്ടീഷ് രാജ്ഞിയെക്കാള്‍ സമ്പന്നയാണെന്ന വാര്‍ത്തകള്‍ വന്നു. ഈ നുണകള്‍ വാട്സാപ്പിലൂടെ മാത്രമല്ല, പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ തന്നെ പ്രത്യക്ഷപ്പെട്ടു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡീപ് ഫെയ്ക് വീഡിയോകള്‍ പ്രചരിപ്പിച്ചു. ഡീപ് ഫെയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ചേര്‍ന്ന് സോഷ്യല്‍ മീഡിയയെ സ്വേച്ഛാധിപത്യ നേതാക്കള്‍ക്ക് അനുകൂലമാക്കുകയാണ്.
ഓക്സ്ഫോര്‍ഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം അനുസരിച്ച് ലോകത്തെ 70 രാജ്യങ്ങളില്‍ തെറ്റിദ്ധാരണാ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യ അതില്‍ ഏറ്റവും മുന്നിലാണെന്ന് മാത്രം. ഇതിനെതിരെ ജനങ്ങള്‍ക്ക് എന്ത് ചെയ്യാനാവുമെന്നാണ് നമുക്ക് മുന്നിലുള്ള ചോദ്യം. കാട്ടുതീ പോലെ പരക്കുന്ന നുണപ്രചാരണങ്ങള്‍ ജനങ്ങളുടെ ബുദ്ധിയെ സ്വാധീനിക്കുന്നുണ്ട്. മസാല പുരട്ടിയ നുണക്കഥകള്‍ക്ക് പിന്നാലെ പോകുന്ന പ്രവണത ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ മുന്‍വിധികളെ സ്വാധീനിക്കുന്ന കഥകള്‍ അവരെ കൂടുതല്‍ ആകര്‍ഷിക്കും.
സിവില്‍ സൊസൈറ്റിയും ടെക്കികളും ഗവണ്‍മെന്റും സാധാരണ ജനങ്ങളും ഒന്നിച്ചു ചേര്‍ന്ന് നിന്ന് ഈ നുണപ്രചാരണങ്ങള്‍ക്കെതിരെ പൊരുതേണ്ടതുണ്ട്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചിലത് സ്‌കൂള്‍ കുട്ടികളെ വസ്തുതയും നുണയും വേര്‍തിരിച്ചറിയാന്‍ പഠിപ്പിക്കുന്നുണ്ട്. ഫാക്ടും ഫിക്ഷനും വേര്‍തിരിച്ചറിയാന്‍ അവര്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു.
ഇന്ത്യയില്‍ മീഡിയ ലിറ്ററസി വളര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ലഭിക്കുന്ന വിവരങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ യുവാക്കളെ പഠിപ്പിക്കേണ്ടതുണ്ട്. വെറുപ്പ് പ്രചരിപ്പിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ടെക് കമ്പനികളും, സര്‍ക്കാറും ഉറപ്പ് വരുത്തണം. ഫാക്ട് ചെക്കിംങ് ഏജന്‍സികള്‍ക്കും ഇക്കാര്യത്തില്‍ വലിയ റോള്‍ നിര്‍വഹിക്കാനുണ്ട്. ഗാന്ധിയെ വെടിവെച്ചു കൊന്നപ്പോള്‍ കൊലയാളിയൊരു മുസ്ലിമാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റു ബിര്‍ളാ മന്ദിരിന്റെ മതിലില്‍ കയറി നിന്ന് ഉറക്കെ പറഞ്ഞു: ‘വിഡ്ഢികളേ, ഗാന്ധിയെ കൊന്നത് ഒരു മുസ്ലിമല്ല, കൊലയാളി ഒരു ഹിന്ദുവാണ്’. നുണകള്‍ നിര്‍ലോഭം പ്രചരിക്കുന്ന ഈ കാലത്ത്, ജവഹര്‍ലാല്‍ നെഹ്റുവിനെക്കാള്‍ ഉച്ചത്തില്‍ മേല്‍ക്കൂരയില്‍ കയറി നിന്ന് അതിനെ ചെറുക്കേണ്ട ബാധ്യത പൊതുസമൂഹത്തിനും വ്യക്തികള്‍ക്കും ഉണ്ട്.
(കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നടന്ന സി എച്ച് മുഹമ്മദ് കോയ നാഷണല്‍ സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
തയ്യാറാക്കിയത്:
ടി റിയാസ് മോന്‍