വ്യാജ പരസ്യങ്ങളും മാധ്യമങ്ങളും
ഷഹീര്‍ നിലമ്പൂര്‍
പരസ്യങ്ങള്‍ എന്നതുതന്നെ കള്ളവാഗ്ദാനങ്ങളുടെ പര്യായമായിക്കൊണ്ടിരിക്കുകയാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുകയും വഞ്ചിക്കുകയുമാണ് പരസ്യ വിപണിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പതഞ്ജലിയുടെ പരസ്യം നല്‍കിയതിന് രണ്ടു പ്രധാനപ്പെട്ട പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചിരിക്കുകയാണ്. പതഞ്ജലിയുടെ പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും പ്രതിവിധിയെന്നു പറഞ്ഞ് പുറത്തിറക്കിയ മരുന്നുകളുടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനാണ് മാതൃഭൂമിക്കും ടൈംസ് ഓഫ് ഇന്ത്യക്കും പിസിഐ നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉല്‍പാദനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചത്. ദിവ്യ ഫാര്‍മസി പതഞ്ജലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന അഞ്ച് മരുന്നുകളുടെ ഉല്‍പാദനം നിര്‍ത്തിവെക്കാനാണ് ഉത്തരവ്.
ഉത്തരാഖണ്ഡിലെ ആയുര്‍വേദ-യുനാനി ലൈസന്‍സിങ് അതോറിറ്റിയുടേതായിരുന്നു പതഞ്ജലി മരുന്നുകളുടെ ഉല്‍പാദനം നിര്‍ത്തിവെക്കാനുള്ള നടപടി. രക്തസമ്മര്‍ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയിറ്റര്‍, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങള്‍ക്കുള്ള മധുഗ്രിത്, ഐഗ്രിത്, തൈറോഗ്രിത്, ബിപിഗ്രിത്, ലിപിഡോം എന്നിവയാണ് നിരോധിച്ച മരുന്നുകള്‍. പതഞ്ജലിക്ക് കീഴിലെ ദിവ്യ ഫാര്‍മസി നിര്‍മിക്കുന്ന ലിപിഡോം, ലിവോഗ്രിത്, ലിവാമൃത് എന്നീ മരുന്നുകളുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നേരത്തേ ആയുഷ് മന്ത്രാലയം കണ്ടെത്തിയിരുന്നു.
2020 മാര്‍ച്ച് മുതല്‍ 2021 ഫെബ്രുവരി വരെ വ്യാജ പരസ്യങ്ങള്‍ക്കെതിരെ ഏകദേശം 6,804 പരാതികള്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021 മാര്‍ച്ച് മുതല്‍ 2022 ജൂണ്‍ വരെ 10,035 പരാതികള്‍ എന്നതിലേക്ക് ഇത് ഉയര്‍ന്നിരുന്നു. ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാളാണ് പരാതികള്‍ സംബന്ധിച്ച് രാജ്യസഭയില്‍ രേഖാമൂലമുള്ള വിശദീകരണം നടത്തിയത്.
മാധ്യമങ്ങള്‍ക്ക് ഉള്ളടക്കമെന്തായാലും പരസ്യം ലഭിച്ചാല്‍ മതി എന്നിടത്ത് എത്തിയിരിക്കുന്നു. മാധ്യമ നൈതികതയും ധാര്‍മികതയുമൊക്കെ പണത്തിനു മുമ്പില്‍ പടിക്കു പുറത്താണ്. മാധ്യമങ്ങള്‍ ഇനിയെങ്കിലും ധാര്‍മികബോധം മുറുകെപ്പിടിക്കേണ്ടിയിരിക്കുന്നു. പണം മാത്രമല്ല, നീതിബോധവും വേണമല്ലോ.