20 Monday
January 2025
2025 January 20
1446 Rajab 20

വിശ്വാസം തന്നെ പ്രധാനം

എം ടി അബ്ദുല്‍ഗഫൂര്‍


സുഫ്‌യാന്‍ ബ്ന്‍ അബ്ദില്ലാഹ് അഥ്ഥഖഫീ(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ നബി (സ)യോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇസ്‌ലാമിനെ സംബന്ധിച്ച് മറ്റാരോടും ചോദിക്കേണ്ടി വരാത്തവിധം സമഗ്രമായ ഒരു വാക്യം പറഞ്ഞുതന്നാലും. അവിടുന്ന് പ്രതിവചിച്ചു: ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പ്രഖ്യാപിക്കുകയും തുടര്‍ന്ന് അതില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യുക. (മുസ്‌ലിം)

അചഞ്ചലമായ വിശ്വാസവും അതിന്നനുസരിച്ച നിലപാടുകളുമാണ് ഓരോ മനുഷ്യനില്‍ നിന്ന് പ്രപഞ്ച സ്രഷ്ടാവ് പ്രതീക്ഷിക്കുന്നത്. അല്ലാഹുവിന്റെ അസ്തിത്വത്തെയും ഏകത്വത്തെയും അംഗീകരിക്കുകയും ആരാധ്യന്‍ അവനാണെന്ന് പ്രഖ്യാപിക്കുകയും അവന്റെ നിയമനിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്യുക എന്നതായിരിക്കണം വിശ്വാസിയുടെ സമീപനം.
വിശ്വാസം അചഞ്ചലമാവുമ്പോള്‍ അത് മനസ്സില്‍ തട്ടി ഉറക്കെ പറയാനും തുടര്‍ന്ന് അതിനനുസരിച്ച് ഉറച്ചുനില്‍ക്കാനും എല്ലാ സന്ദര്‍ഭത്തിലും അത് ജീവിതത്തില്‍ അനുവര്‍ത്തിക്കാനും കഴിയുന്നു. അല്ലാഹുവാണ് തന്റെ രക്ഷിതാവ് എന്ന് ഹൃദയത്തില്‍ തൊട്ട് പ്രഖ്യാപിക്കുകയും അതിന് വിരുദ്ധമായതൊന്നും വിശ്വാസത്തിലോ പ്രവര്‍ത്തനത്തിലോ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രഖ്യാപനം യാഥാര്‍ഥ്യമാവുന്നത്. ആന്തരികവും ബാഹ്യവുമായ നിലയില്‍ വിശ്വാസവും കര്‍മങ്ങളും ശരിയായ വഴിയിലും വക്രതയില്ലാത്ത മതത്തിലുമാണെന്ന് ഒരാള്‍ക്ക് ഉറപ്പിക്കാന്‍ കഴിയുമെങ്കില്‍ ജീവിതത്തില്‍ ഒന്നിനെയും പേടിക്കുകയോ ഒന്നിനെക്കുറിച്ചും ദു:ഖിക്കുകയോ ചെയ്യാതെ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ കഴിയും.
പ്രഖ്യാപനത്തിന് ജീവന്‍ നല്‍കുന്നത് കാപട്യത്തിനോ ദുര്‍നടപ്പിനോ സ്ഥാനം നല്‍കാതെ അതില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ്. യാഥാര്‍ഥ്യ ബോധത്തോടെ അല്ലാഹുവില്‍ വിശ്വസിക്കുകയും അത് തുറന്ന് പ്രഖ്യാപിക്കുകയും അതിന്റെ താല്പര്യമനുസരിച്ച് നേര്‍വഴിയില്‍ ചരിക്കുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന മഹത്തായ ഗുണമത്രെ മനസ്സമാധാനം. യാതൊരുവിധ ഭയാശങ്കകള്‍ക്കോ വ്യസനത്തിനോ ജീവിതത്തിലിടം നല്‍കാതെ സമാധാനത്തിന്റെ ഗേഹമായ സ്വര്‍ഗപ്രവേശം ലഭിക്കുമെന്ന സന്തോഷവര്‍ത്തമാനം മാലാഖമാരില്‍നിന്ന് ലഭിക്കുേമ്പാഴുള്ള(41:30) മനസ്സമാധാനം വിവരണാതീതമാകുന്നു. കൂടാതെ അവരുടെ ഉപജീവനം വിശാലമാവുകയും (72:16) ചെയ്യുന്നു.
സ്രഷ്ടാവും സംരക്ഷകനുമായ റബ്ബിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും യാതൊരുവിധ പ്രലോഭനങ്ങള്‍ക്കോ പ്രകോപനങ്ങള്‍ക്കോ വശംവദരാകാതെ ആ മാര്‍ഗത്തില്‍ ആത്മാര്‍ഥമായി അടിയുറച്ച് നില്‍ക്കുകയും ചെയ്യാന്‍ തീരുമാനിക്കുക എന്നതാണ് മറ്റൊരു വിവരണവുമാവശ്യമില്ലാത്തവിധം സുവ്യക്തമായ ആശയം. വിശ്വാസമെന്നത് കേവലം ഉപരിപ്ലവകരമായ ആവേശമല്ല. മറിച്ച്, പ്രഖ്യാപനത്തില്‍ അടിയുറച്ച് നേരായ പാതയിലൂടെയുള്ള സഞ്ചാരമാകുന്നു അത്.

Back to Top