നീതിപീഠത്തിലുള്ള വിശ്വാസം
മഹ്റൂഫ് അലി
അയോധ്യ വിധി വന്ന് കോലാഹലങ്ങളടങ്ങിയപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ആ കേസു വിധിച്ച ബെഞ്ചിലെ അംഗവും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മൂന്ന് മാസത്തോളം പരിഗണനയിലുണ്ടായിരുന്ന അയോധ്യ കേസില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലെന്നും ഈയൊരു സന്ദിഗ്ധഘട്ടത്തില്‍ വിഗ്രഹത്തിനു മുമ്പിലിരുന്ന് കേസ് തീര്‍പ്പാക്കിതരണമേ എന്ന് അപേക്ഷിച്ച് പ്രാര്‍ഥിച്ചുവെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വെളിപ്പെടുത്തിയത്. പരമോന്നത നീതിപീഠത്തിന്റെ നായകസ്ഥാനത്തിരിക്കുന്നവരുടെ ഇത്തരം പ്രസ്താവനകള്‍ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയെയും വിധി കല്‍പ്പിക്കാനുള്ള ഉത്തരവാദിത്തത്തെയും സംബന്ധിച്ച ഗുരുതര ആശങ്കകളാണ് ഉയര്‍ത്തുന്നത്
വസ്തുനിഷ്ഠമായ തെളിവുകള്‍ മുന്‍പിലുണ്ടായിരിക്കെ എങ്ങനെ തീരുമാനമെടുക്കണം എന്നതില്‍ തന്റെ വിശ്വാസം തന്നെ സ്വാധീനിച്ചു എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അനീതികരമായ ഒരു വിധിയെ ദൈവത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കാനുള്ള ഒരു ശ്രമമാണ് അദ്ദേഹം നടത്തി നോക്കുന്നത്. ആ അന്യായ വിധിയില്‍ ഒപ്പുവെച്ച ഓരോരുത്തരും തങ്ങളുടെ സ്ഥാനം വിരമിക്കലിനു ശേഷം ഉറപ്പു വരുത്തിയതാണ് കണ്ടിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് കഴിഞ്ഞ ജൂലായില്‍ അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ വസതിയിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തതും വിവാദമായതാണ്. ന്യായാധിപന്മാര്‍ തങ്ങളുടെ വിധിപ്രസ്താവനകളെ ‘ദൈവനിശ്ചയം’ എന്നൊക്കെയുള്ള രീതിയില്‍ വിശദീകരിക്കുന്നതും ന്യായീകരിക്കുന്നതും നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയെയും വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധി കല്‍പ്പിക്കാനുള്ള ഉത്തരവാദിത്തത്തെയും സംബന്ധിച്ച ഗുരുതര ആശങ്കകളാണ് ഉയര്‍ത്തുന്നത്.