22 Sunday
December 2024
2024 December 22
1446 Joumada II 20

ദൈവ വിശ്വാസവും ആത്മ വിശ്വാസവും

മന്‍സൂര്‍ ഒതായി


ഒരാള്‍ക്ക് തന്നെക്കുറിച്ചും തന്റെ കഴിവുകളെക്കുറിച്ചുമുള്ള ധാരണയും മതിപ്പുമാണല്ലോ ആത്മവിശ്വാസം (ടലഹള രീിളശറലിരല). കരിയര്‍, തൊഴില്‍ മേഖലകളില്‍ വിജയിക്കാന്‍ മാത്രമല്ല ആത്മവിശ്വാസം വേണ്ടത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ധന്യമാവാന്‍ ആത്മവിശ്വാസം കൂടിയേ തീരൂ. നമുക്ക് നമ്മെക്കുറിച്ച് മതിപ്പുണ്ടാവുമ്പോഴേ മറ്റുള്ളവര്‍ നമ്മെ വിലമതിക്കൂ. അതിന് ആദ്യം നാം നമ്മെ തിരിച്ചറിയണം. ‘കണ്ണുണ്ടായാല്‍ പോരാ, കാണണം’ എന്ന് പറയും പോലെ, ‘കഴിവുണ്ടായാല്‍പോരാ, അത് കണ്ടെത്തണം’.
നമ്മില്‍ പലര്‍ക്കും വിജയിക്കാന്‍ സാധിക്കാത്തതിന്റെ കാരണം മറ്റൊന്നല്ല, കാരുണ്യവാനായ ദൈവം നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ നിക്ഷേപിച്ചിട്ടുള്ള നിധികള്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ്. വ്യക്തിയുടെ മനസ്സിലെ പോസിറ്റീവ് മനോഭാവമാണ് അവന് ആത്മവിശ്വാസം നല്‍കുന്നതും മുന്നോട്ട് പോകാനുള്ള കരുത്ത് പകരുന്നതും. നിരവധി കഴിവുകളോടെ സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് അവയെക്കുറിച്ച് ചിന്തിക്കാന്‍ സ്രഷ്ടാവ് ആവശ്യപ്പെടുന്നുണ്ട്. ”ദൃഢ വിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്) എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?” (അദ്ദാരിയാത്ത് 20,21)
സ്വന്തത്തെക്കുറിച്ച് പോസിറ്റീവ് ആയ ചിത്രമാണ് ഒരാളുടെ മനസ്സില്‍ ഉള്ളതെങ്കില്‍ അതയാളുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും. പെരുമാറ്റത്തിലും വ്യവഹാരങ്ങളിലും ഊര്‍ജസ്വലനായിരിക്കും അയാള്‍. സ്വന്തത്തെക്കുറിച്ച് നല്ല ധാരണ പുലര്‍ത്തുകയും ഞാന്‍ അനുഗൃഹീതനാണ് എന്ന് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ സ്വയം ഇഷ്ടപ്പെടാന്‍ തുടങ്ങും. ജനങ്ങളും അയാളെ ഇഷ്ടപ്പെടും. അവര്‍ അയാളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യും. ഇതുമൂലം ആത്മവിശ്വാസം വര്‍ധിക്കുകയും ആനന്ദം ലഭിക്കുകയും ചെയ്യും.
സ്വന്തത്തെക്കുറിച്ചുള്ള ചിത്രം (ലെഹള ശാമഴല) മോശമാവുമ്പോള്‍ അത് വ്യക്തിയെ എല്ലാ രംഗത്തു നിന്നും പുറകോട്ട് വലിക്കും. പരാജയഭീതി കാരണം കഴിവുകള്‍ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ ഇവര്‍ മുന്നോട്ട് വരില്ല. മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്ത് വിചാരിക്കുമെന്ന നിഷേധാത്മക ചിന്തയാണ് ഇത്തരക്കാരെ നിയന്ത്രിക്കുന്നത്. ഒടുവില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതോര്‍ത്ത് സങ്കടപ്പെടുകയും ചെയ്യും. ആത്മവിശ്വാസം നഷ്ടപ്പെടുമ്പോള്‍ ജീവിതം തന്നെ പരാജയമായും ലോകം തങ്ങള്‍ക്ക് മുന്നില്‍ ഇരുണ്ടതായും മനുഷ്യന് തോന്നും.
ജന്മസിദ്ധമായ നിപുണതയില്‍ മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ പുറകിലാണെങ്കിലും ഏത് സിദ്ധിയും പഠിച്ചെടുക്കാനുള്ള അപൂര്‍വമായ കഴിവ് അവനുണ്ട്. അപാരമായ കഴിവുകളാല്‍ അനുഗൃഹീതനായ മനുഷ്യന് മുമ്പില്‍ വിജയത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നു കിടക്കുന്നു. മനുഷ്യന്റെ കഴിവുകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ചിന്തിക്കാനുള്ള പ്രേരണയാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്. ”തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു.” (വി.ഖു 95:4)
”അല്ലാഹുവാകുന്നു നിങ്ങള്‍ക്കുവേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പ്പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തി. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു.” (വി.ഖു 40:64)
ശരിയായ ആത്മവിശ്വാസത്തിന്റെ അടിത്തറ ഉറപ്പുള്ള ദൈവവിശ്വാസമാണ്. കരുത്തുള്ളവന്‍ കൂടെയുണ്ടാവുമ്പോള്‍ എല്ലാ തടസ്സങ്ങളും നീക്കി മുന്നോട്ട് പോവാന്‍ ശക്തി ലഭിക്കും. സ്‌നേഹനിധിയായ ദൈവം സദാ കൂടെയുണ്ടെന്ന ബോധ്യത്താല്‍ നമുക്ക് ധീരമായി മുന്നേറാം.

Back to Top