ധാര്‍മികതയുടെ അടിത്തറ ദൈവവിശ്വാസം
ഇഫ്ത്തിക്കാര്‍
മതം സമാധാനത്തിന്റെ പര്യായപദമാണ്. സമാധാന ഭവനത്തിലേക്ക് മനുഷ്യരാശിയെ ക്ഷണിക്കുന്ന പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ആദര്‍ശ സംഹിതയാണത്. ദൈവത്തോടുള്ള വിനീത ദാസ്യം തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ വിട്ടൊഴിയാത്ത ജീവിതം നയിക്കേണ്ടവരാണ് മതവിശ്വാസികള്‍. സന്തോഷത്തിലും സന്താപത്തിലും കാലിടറി വീഴാതെ മനുഷ്യനെ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നത് മതബോധമാണ്. മതബോധത്തിന്റെ അടിത്തറയാവട്ടെ അടിയുറച്ച ഏകദൈവ വിശ്വാസവും. മതവിശ്വാസിയുടെ നിത്യമായ കീര്‍ത്തനങ്ങളില്‍ മതത്തിന്റെ സമാധാനസന്ദേശം ആവര്‍ത്തിച്ച് പ്രകീര്‍ത്തനം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ മതബോധം മനുഷ്യന് നല്കുന്ന മറ്റൊരു നന്മ നിര്‍ഭയത്വമാണ്. മതകീയ സമൂഹത്തില്‍ ഗതകാലത്തും സമകാലത്തും ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഏത് പ്രതിസന്ധി ഘട്ടത്തിലും ഏത് വിജനതയിലും വന്യതയിലും അവലംബിക്കാന്‍ ഒരത്താണിയുണ്ടെന്നതാണ് ഈ നിര്‍ഭയത്വത്തിന് കാരണം. നിദ്രയോ മരണമോ ഇല്ലാത്ത, പ്രപഞ്ചത്തിലെ അതിസൂക്ഷ്മ ചലനങ്ങള്‍ വരെ അറിയുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന പ്രപഞ്ചനാഥനായ അല്ലാഹുവാണ് ആ അത്താണി. അല്ലാഹുന്റെ ഏകത്വത്തിലും ശക്തിമാഹാത്മ്യത്തിലും ദൃഢവിശ്വാസത്തിലുമുള്ള ബലിഷ്ഠമായ കയറിലാണ് പിടിച്ചിട്ടുള്ളത്. അത് പൊട്ടാത്ത കയറാണെന്ന് ഖുര്‍ആന്‍ 2:256ല്‍ വ്യക്തമായി പറയുന്നുണ്ട്. അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം മുഹമ്മദ് നബി(സ) പതിവായി ചൊല്ലിയിരുന്ന ഒരു കീര്‍ത്തനം ഇപ്രകാരമാണ്: ”എനിക്കല്ലാഹു മതി, അവനല്ലാതെ വേറൊരാരാധ്യനില്ല. അവനില്‍ ഞാന്‍ ഭരമേല്പിക്കുന്നു. അവന്‍ മഹത്തായ സിംഹാസനത്തിന്റെ നാഥനാകുന്നു.”
ദൈവസ്മരണയും അവനുള്ള ആരാധനകളും അവനോടുള്ള പ്രാര്‍ഥനകളുമാണ് മതവിശ്വാസിയുടെ ഏറ്റവും വലിയ ശക്തിയും ചൈതന്യവും. പ്രവാചക ശിഷ്യനായ അബുദ്ദര്‍ദാഅ്(റ) പലപ്പോഴും തന്റെ കൂട്ടുകാരോട് ചോദിച്ചിട്ടുള്ള ചോദ്യം ഇപ്രകാരമായിരുന്നു: ”നിങ്ങളുടെ കര്‍മങ്ങളില്‍ ഉത്തമമായത്, നിങ്ങളുടെ പദവികള്‍ ഉയര്‍ത്തുന്നത്, നിങ്ങള്‍ ശത്രുവിനോടേറ്റുമുട്ടുന്നതിനേക്കാളും മഹത്തരമായത്, ദിര്‍ഹമിനേക്കാളും ദീനാറിനേക്കാളും ഉത്തമമായത് എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?”
ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് അദ്ദേഹം നല്കിയ മറുപടി ഇപ്രകാരം: ”ദൈവസ്മരണ; ദൈവസ്മരണ തന്നെയാണ് ഏറ്റവും മഹത്തരം.”
പണവും പ്രതാപവും അധികാരവും ആഭിജാത്യവുമെല്ലാമുള്ള പലരും ജീവിതത്തിലെ അനിവാര്യമോ അവിചാരിതമോ ആയ പ്രതിസന്ധികള്‍ക്കു മുമ്പില്‍ കാലിടറി വീണുപോകുന്നത് ഇന്ന് ധാരാളമായി കാണുന്നു. മതത്തിന്റെ കേന്ദ്രബിന്ദുവായ ദൈവബോധത്തിന്റെയും അങ്ങനെയൊരു അത്താണിയെ സംബന്ധിച്ചുള്ള അറിവിന്റെയും അഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. മതവിശ്വാസം മനുഷ്യനില്‍ വളര്‍ത്തുന്ന മറ്റൊരു നന്മ സഹജീവി സ്‌നേഹമാണ്. കാരുണ്യവും ദീനാനുകമ്പയും വറ്റിവരണ്ട മനസ്സുകളില്‍ നിന്ന് സന്തോഷവും സംതൃപ്തിയും കൂടൊഴിഞ്ഞുപോകും. ഇത്തരം മതനിഷേധികളെ കടുത്ത ഭാഷയില്‍ ഖുര്‍ആന്‍ അഭിശംസിച്ചിട്ടുണ്ട്. ”മതത്തെ കളവാക്കുന്നവനെ നീ കണ്ടില്ലേ? അനാഥകളെ ആട്ടിയകറ്റുന്നവനും സാധുവിന്റെ ഉപജീവന വിഷയത്തില്‍ മുന്നിട്ടിറങ്ങാത്തവനുമാണവന്‍” എന്ന ഖുര്‍ആന്‍ വചനം ഈ വിഷയത്തില്‍ പ്രസിദ്ധമാണ്.
ശുഭാപ്തി വിശ്വാസത്തിലൂടെ, ലക്ഷ്യബോധത്തിലൂടെ, തനിക്ക് എപ്പോഴും അവലംബിക്കാന്‍ ഒരത്താണിയുണ്ടെന്ന ആത്മബലത്തോടെ സംതൃപ്ത ജീവിതം നയിക്കാന്‍ എല്ലാ കാലത്തും മനുഷ്യനെ പ്രാപ്തനാക്കിയിട്ടുള്ളത് ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ മതദര്‍ശനമാണെന്ന് കാണാം.
മനുഷ്യനെ മൃഗതുല്യമായ ജീവിതത്തില്‍ നിന്ന് മാനവികതയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത് മതദര്‍ശനമാണ്. മനുഷ്യന്‍ എന്തിന് വിവാഹം ചെയ്യണം? എന്തിന് വസ്ത്രം ധരിക്കണം? എന്നിത്യാദി ചോദ്യങ്ങള്‍ക്ക് മതവിശ്വാസിയുടെ മുമ്പില്‍ വ്യക്തമായ ഉത്തരമുണ്ട്. എന്നാല്‍ മതത്തെയും ദൈവവിശ്വാസത്തെയും മരണാനന്തര ജീവിതത്തെയും നിരാകരിക്കുന്നവര്‍ക്ക്, മേല്‍ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്കാന്‍ കഴിയില്ല. വസ്ത്രം ധരിക്കുന്നതും കല്യാണം കഴിക്കുന്നതുമെല്ലാം അവര്‍ക്ക് ‘വെറുതെ’യാണ്. കാരണം മൃഗങ്ങളില്‍ ഈവക സമ്പ്രദായങ്ങളൊന്നുമില്ലല്ലോ!
മതത്തെയും ദൈവവിശ്വാസത്തെയും ജീവിതത്തിന്റെ പുറംപോക്കില്‍ നിര്‍ത്തിയവര്‍ക്ക് ധാര്‍മികതയുടെ നൂല്‍ബന്ധം പോലും മുറിച്ചുമാറ്റുന്നതില്‍ യാതൊരു വിഷമവും കാണുകയില്ല. വ്യഭിചാരം, മദ്യപാനം, കൊലപാതകം, അവിഹിത സമ്പാദ്യം എന്നിവയൊന്നും ഇത്തരക്കാര്‍ക്ക് വര്‍ജിക്കേണ്ട തിന്മകളല്ല! കാരണം നന്മ-തിന്മകള്‍ എന്ന സങ്കല്പം മതത്തിന്റെ ആദര്‍ശ ഭൂമികയില്‍ മാത്രം രൂപംകൊള്ളുന്നതാണ്. ഐസ്‌ക്രീം കഴിച്ചാലും മദ്യംകഴിച്ചാലും രുചിയും സുഖവും അനുഭവപ്പെടുന്നുവെങ്കില്‍ രണ്ടുമാവാം എന്നാണ് കേവല ഭൗതികവാദികളുടെ ‘മതം’.
എന്നാല്‍ ദൈവികമതം അനുവദനീയം, അഭികാമ്യം, അനാദരണീയം, നിഷിദ്ധം, അനിവാര്യം എന്നിങ്ങനെ മനുഷ്യന്റെ മുമ്പില്‍ കുറെ വിധിവിലക്കുകള്‍ വെക്കുന്നു. ഈ വിധിവിലക്കുകളെയാണ് നാം ധാര്‍മികതയെന്നു വിളിക്കുന്നത്. വ്യഭിചാരവും മദ്യപാനവും അവിഹിത സമ്പാദ്യവും മതനിഷേധികള്‍ക്ക് നന്മയും അനുവദനീയവുമായി തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടാവാം. എന്നാല്‍ മതവിശ്വാസികളുടെ മുമ്പില്‍ ഇത്തരം കാര്യങ്ങള്‍ എന്നും തിന്മയും വര്‍ജ്യവും തന്നെയാണ്. ”പ്രവാചകന്‍ കൊണ്ടുവന്നത് നിങ്ങള്‍ എടുക്കുക, പ്രവാചകന്‍ വിരോധിച്ചതില്‍ നിന്ന് നിങ്ങള്‍ അകന്നു നില്ക്കുക” എന്ന ഖുര്‍ആനികാധ്യാപനം ഈ ധാര്‍മികതയുടെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മതം അരുത് എന്നും അധാര്‍മികം എന്നും ബോര്‍ഡ് വെച്ച് മാനവരാശിയോട് അകന്നു നില്ക്കണമെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം മനുഷ്യ വംശത്തിന്റെ സുഗമമായ നിലനില്‍പിന്നനിവാര്യമാണ്. ഈ ധാര്‍മികചിട്ടകള്‍ ലംഘിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍, മാനവരാശിയുടെ ജീവിതത്തില്‍ അവ്യവസ്ഥയും അസ്വസ്ഥതയും പടര്‍ന്നുപിടിക്കും. ഭരണകൂടങ്ങള്‍ക്കു പോലും പരിഹരിക്കാന്‍ കഴിയാത്ത അരാജകത്വത്തിലേക്കും കുടുംബ ശൈഥില്യങ്ങളിലേക്കുമായിരിക്കും ഈ അവസ്ഥ ചെന്നെത്തുക. വര്‍ധിച്ചുവരുന്ന മദ്യപാനം, സ്ത്രീപീഡനം, സാമ്പത്തിക ചൂഷണം, അക്രമം, കൊലപാതകം എന്നിവയെല്ലാം ഇന്ന് ഭരണകൂടങ്ങള്‍ക്ക് പോലും പരിഹരിക്കാന്‍ കഴിയാത്ത അരാജകത്വത്തിന്റെ വ്യാപനമായി പടര്‍ന്നു തുടങ്ങിയിട്ടുണ്ടല്ലോ. ദൈവവിശ്വാസത്തിലേക്കും മതബോധത്തിലേക്കും മാനവരാശി തിരിച്ചുനടക്കുക എന്നത് മാത്രമാണ് ഈ പ്രശ്‌നസങ്കീര്‍ണത പരിഗണിക്കാനുള്ള പ്രായോഗിക മാര്‍ഗം.
ഭരണകൂടത്തെയോ നിയമ പാലകരെയോ ഭയപ്പെടാതെ തന്നെ മദ്യപാനം, ലൈംഗിക ദുരാചാരം, സാമ്പത്തിക ചൂഷണം എന്നീ തി•കളില്‍ നിന്നെല്ലാം പൂര്‍ണമായി വിട്ടുനില്ക്കുന്ന പതിനായിരക്കണക്കിനാളുകള്‍ ഇന്നും ലോകത്തുണ്ട്. മാനവികതയെ കാത്തുസൂക്ഷിക്കുന്ന ധാര്‍മികതയും അതിന് പ്രചോദനമായ മതബോധവുമാണ് ഈ വ്യതിരിക്തതക്കും ഔന്നത്യത്തിനും കാരണം.
എല്ലാവിധ അധാര്‍മികതകളില്‍ നിന്നും ജീര്‍ണതയില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്ന ആദര്‍ശ കവചമാണ് മതം. എന്നാല്‍ മതത്തെ ദുരുപയോഗം ചെയ്യുന്ന മതമേലാളന്മാരും മതപുരോഹിതന്മാരും എല്ലാ കാലങ്ങളിലുമുണ്ടാവാറുണ്ട്. മതത്തെ സമൂഹമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാനും മതത്തിന്റെ ന•കളെ തമസ്‌കരിക്കാനും ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിമിത്തമാകാറുണ്ട്. പൗരോഹിത്യത്തിന്റെ കാര്‍മികത്വത്തില്‍ നിര്‍വഹിക്കേണ്ട മതചടങ്ങുകളെ പറ്റിയല്ല അന്തിമ വേദഗ്രന്ഥമായ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. മറിച്ച്, വ്യക്തിയും സമൂഹവും നേതാക്കളും പ്രജകളും ഭരണകൂടവുമെല്ലാം അവരവരുടെ വൃത്തത്തില്‍ നിന്ന് ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ട ജീവിതകര്‍മങ്ങളെയും അതില്‍ ശ്രദ്ധിക്കേണ്ട വിവിധ വിധിവിലക്കുകളെയും പറ്റിയാണ് മതപ്രമാണങ്ങള്‍ വിശദീകരിക്കുന്നത്. അതിനാല്‍ തന്നെ പുരോഹിതന്മാരില്‍ നിന്നും പൗരോഹിത്യത്തില്‍ നിന്നും അകലം സ്വീകരിക്കാനും അവരുടെ കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് തിരുത്താനുമാണ് ഖുര്‍ആന്‍ മതവിശ്വാസികളോടാഹ്വാനം ചെയ്യുന്നത്. ”സത്യവിശ്വാസികളേ; തീര്‍ച്ചയായും പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട അധിക പേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുന്നവരുമാണ്.” (വി.ഖു 9:34)
മതത്തെ വേണ്ടവിധം മനസ്സിലാക്കുകയും മതമൂല്യങ്ങള്‍ക്ക് വില കല്പിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ മാത്രമേ മാനവികത നിലനില്ക്കുകയുള്ളൂ. സ്‌നേഹം, ദീനാനുകമ്പ, സഹായ മനസ്ഥിതി, ഏകദൈവാരാധന, മരണ സ്മരണ, പരലോക വിചാരം, ദാമ്പത്യ ജീവിതം എന്നിത്യാദി മൂല്യങ്ങള്‍ പ്രൗഢമായ അവസ്ഥയില്‍ നിലനില്ക്കുന്നത് മതസമൂഹത്തില്‍ മാത്രമായിരിക്കും. ഇന്ന് ഭൗതികതയുടെ അതിപ്രസരവും പൗരോഹിത്യത്തിന്റെ ദുഷ്പ്രവണതയും നവയാഥാസ്ഥിതികതയുടെ രംഗപ്രവേശവും സൃഷ്ടിച്ച ജീര്‍ണത മതസമൂഹത്തില്‍ പോലും ധാര്‍മികതയെ തമസ്‌കരിക്കുകയോ ക്ഷയിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. മാനവികത വറ്റിവരണ്ടു പോകുന്ന ഒരു സമൂഹത്തിന് ശാസ്ത്രസാങ്കേതിക രംഗത്തെ മികവ് കൊണ്ടുമാത്രം വികസിച്ച് മുന്നേറാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്.
മതം അതിന്റെ നിത്യശുദ്ധ ശോഭയോടെ ലോകാവാസനം വരെയും ധാര്‍മികതയെയും മാനവികതയെയും യഥാര്‍ഥ ജീവിത വിജയത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക് ചൈതന്യവത്തായ ഒരു തുരുത്തായി നിലകൊള്ളുമെന്നതില്‍ സംശയമില്ല. മണലാരണ്യത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന തണല്‍ മരങ്ങള്‍ പോലെയാണ് ഇന്ന് മതത്തിന്റെ സ്ഥാനം. മതപ്രബോധകരും നവോത്ഥാന പ്രസ്ഥാനവും വെയിലേറ്റു പൊരിയുന്ന ജനകോടികളെ ഈ തണല്‍ മരച്ചുവട്ടിലേക്കാണ് ക്ഷണിച്ചുകൊണ്ടിരിക്കുന്നത്.