‘ഐ ഓണ്‍ ഫലസ്തീനെ’ സസ്‌പെന്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാം

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ സോഷ്യല്‍ മീഡിയകളിലൂടെ തുറന്നുകാട്ടിയ ‘ഐ ഓണ്‍ ഫലസ്തീന്‍’ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. തങ്ങളുടെ നിയമാവലികള്‍ പൂര്‍ണമായും പാലിക്കുന്നില്ലെന്നു കാണിച്ചാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിഷേധത്തിനു പിന്നാലെ അന്ന് വൈകീട്ട് തന്നെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. മൂന്നു ദശലക്ഷം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് അപകടകരമായ വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിന്റെ ഉടമസ്ഥരായ മെറ്റ അവകാശപ്പെട്ടത്. ”2022 ഒക്ടോബര്‍ 19ന് ഞങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ തീരുമാനത്തോട് വിയോജിക്കാന്‍ 30 ദിവസത്തെ സമയമുണ്ട്. നിങ്ങളുടെ അക്കൗണ്ടോ അതിലെ പ്രവര്‍ത്തനമോ അപകടകരമായ വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല” എന്ന് അറിയിച്ച മെറ്റയുടെ സന്ദേശം ബാക്-അപ് അക്കൗണ്ട് വഴി പങ്കിട്ട് ഐ ഓണ്‍ ഫലസ്തീന്‍ പങ്കുവെക്കുകയായിരുന്നു. പേജ് മണിക്കൂറുകളോളം ഉപയോക്താക്കള്‍ക്ക് ദൃശ്യമായിരുന്നില്ല.
കഴിഞ്ഞ വര്‍ഷം മെയില്‍ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും നയങ്ങള്‍ ഫലസ്തീനികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് മെറ്റയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഹ്രസ്വമായ നിരോധനം വന്നത്.
