30 Wednesday
July 2025
2025 July 30
1447 Safar 4

സെമസ്റ്റര്‍ പരീക്ഷയും എക്‌സിബിഷന്റെ തിരക്കും


ഉമ്മയുടെ കൈയും പിടിച്ച് പാലക്കാട് സമ്മേളനത്തിന് പോയതും അവിടെ വെച്ച് ഉപ്പുമാവ് തിന്നതുമൊക്കെയാണ് എന്റെ ആദ്യ സമ്മേളന ഓര്‍മ. തിക്കിലും തിരക്കിലും പിടിവിട്ടുപോകാതിരിക്കാന്‍ ഉമ്മയുടെ കൈയില്‍ ഉറച്ചുപിടിച്ചിരുന്നു. ഒപ്പമുള്ളവരെ കാണാതായ കണ്ണൂര്‍ സമ്മേളനവും ആവേശം അലതല്ലിയ കോഴിക്കോട് സമ്മേളനവുമൊക്കെ മനസ്സിലുണ്ടെങ്കിലും സമ്മേളന പ്രവര്‍ത്തനങ്ങളുടെ സജീവ ഭാഗമായത് പനമരം സമ്മേളനത്തിലാണ്. ‘ദ മെസേജ്’ എക്‌സിബിഷന്റെ ഭാഗമായി.
സമ്മേളനത്തിന് മാസങ്ങള്‍ക്കു മുമ്പ് തന്നെ എക്‌സിബിഷന്റെ ഒരുക്കങ്ങള്‍ക്ക് മര്‍കസുദ്ദഅ്‌വയില്‍ എം എസ് എം പ്രവര്‍ത്തകര്‍ ഒത്തുചേരാറുണ്ടായിരുന്നു. എക്‌സിബിഷന് പലരും പല പേരുകളും നിര്‍ദേശിച്ചുവെങ്കിലും ഐകണ്‌ഠ്യേന അതൊന്നും സ്വീകരിക്കപ്പെട്ടില്ല. ഒടുവില്‍ എം എസ് എം പ്രഫഷണല്‍ സമ്മേളനങ്ങള്‍ക്കു വേണ്ടി കരുതി വെച്ച ‘ദ മെസ്സേജ്’ എന്ന പേരാണ് സര്‍വാംഗീകൃതമായി സ്വീകരിച്ചത്.
ജനനം മുതല്‍ മരണം വരെ, തൊട്ടിലില്‍ തുടങ്ങി ഖബര്‍ വരെയുള്ള ഘട്ടങ്ങള്‍, ഇസ്ലാമിക ജീവിത ക്രമങ്ങള്‍, വിശുദ്ധ ഖുര്‍ആനിലെ ശാസ്ത്രീയ വിസ്മയങ്ങള്‍ തുടങ്ങിയവക്ക് ഊന്നല്‍ നല്‍കിയുള്ള എക്‌സിബിഷന് വലിയ സ്വീകാര്യത ലഭിച്ചു. പിന്നീട് ആലപ്പുഴ എം എസ് എം മെഡിക്കല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് മെഡിക്കല്‍ സ്‌പെസിമന്‍സ് ഉള്‍പ്പെടുത്തി ‘ദ മെസേജ് മെഡിക്കല്‍ എക്‌സിബിഷന്‍ ഓണ്‍ ഇസ്‌ലാം’ എന്ന പേരില്‍ കേരളമൊട്ടാകെ എക്‌സിബിഷനുകള്‍ സജീവമായി
വര്‍ക്കിംഗ് മോഡലുകളുടെ ലിസ്റ്റുകള്‍ തയ്യാറാക്കാലായിരുന്നു എന്റെ ചുമതല. എക്‌സിബിഷന്‍ തുടങ്ങിയിട്ടും മുഴുവനാക്കാന്‍ കഴിയാത്ത സോളാര്‍ സിസ്റ്റം ഇന്നും ഓര്‍മയിലുണ്ട്. ബിടെക് സെമസ്റ്റര്‍ എക്‌സാമിന്റെ ഇടയിലാണ് എക്‌സിബിഷന്‍ പന്തല്‍ ഒരുങ്ങുന്നത്. എക്‌സിബിഷന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി വയനാട്ടില്‍ ഉണ്ടാവണം, പരീക്ഷ ഒഴിവാക്കാനും പറ്റില്ല. ‘പടച്ചോന്‍ സഹായിക്കുമെടാ’ എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തിയ എം എസ് എം ഭാരവാഹികള്‍… പരീക്ഷയുടെ തലേ ദിവസം രാത്രി 12 മണിക്ക് വളണ്ടിയര്‍മാരുടെ വാഹനത്തില്‍ ബത്തേരിയിലേക്കും പിന്നെ കിട്ടിയ ബസിന് പാലക്കാടും എത്തി പരീക്ഷയെഴുതി തിരിച്ച് വന്നു.
എക്‌സിബിഷന്റെ പണിപ്പുരയില്‍ ഊര്‍ജമായിരുന്ന പ്രിയപ്പെട്ട നജീബ്ക്ക. എക്‌സിബിഷനിലേക്ക് പക്ഷേ അധികമൊന്നും വരാന്‍ സമയം കിട്ടിയിരുന്നില്ല. അവസാന ദിവസങ്ങളില്‍ വരാം എന്ന് പറഞ്ഞ് പോകുന്ന നജീബ്ക്ക പേരാമ്പ്രയുടെ മുഖം… മരണ വാര്‍ത്ത യറിഞ്ഞ നിമിഷങ്ങള്‍. ദുഖം തളം കെട്ടി യ മുഖങ്ങളുമായി നിശബ്ദമായി സ്റ്റാളുകള്‍ അഴിച്ചു മാറ്റുന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണ് നിറയും. സമ്മേളനം കഴിഞ്ഞ് പേരാമ്പ്രയില്‍ നജീബ്ക്കയുടെ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു. പള്ളിക്ക് ചുറ്റും നിറകണ്ണുകളോടെ എം എസ് എം ഭാരവാഹികള്‍ കൂടിയിരിക്കുകയാണ്. നാട്ടുകാരനായ പ്രായമുള്ള ഒരാള്‍ വന്ന് ചോദിച്ചു: നിങ്ങളൊക്കെ നജീബിന്റെ…? ഇ ന്നും ആ ചോദ്യം മുഴങ്ങി കേള്‍ക്കുന്നുണ്ട്.
എടരിക്കോട് സമ്മേളനത്തിലും മെസേജ് എക്‌സിബിഷന്‍ ശ്രദ്ധനേടി. വയനാട് സമ്മേളനത്തിലെ മെസേജില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് എടരിക്കോട് സ്റ്റാളുകളൊരുക്കിയത്. എക്‌സിബിഷന്റെ സ്ഥിരംവളണ്ടിയര്‍മാരായി ഒരുകൂട്ടം കുട്ടികള്‍ രംഗത്ത് വന്നത് എം എസ് എമ്മിന് കിട്ടിയ വലിയൊരു വളര്‍ച്ചയായിരുന്നു. ഇസ്ലാഹീ ചരിത്രം അടക്കം വ്യത്യസ്ത വിഷയങ്ങളില്‍ കൂടി എക്‌സിബിഷന്‍ വിപുലപ്പെടുത്തി. മെഡിക്കല്‍ എക്‌സിബിഷനിലെ ഡെമോണ്‍സ്‌ട്രേറ്റര്‍മാര്‍ ഏവരുടെയും ഹൃദയം കവര്‍ന്നിരുന്നു. ആറാം ക്ലാസുകാരന്‍ മുതല്‍ പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ വരെ ഹൃദ്യമായ സംസാരം കൊണ്ട് ആളുകളെ കയ്യിലെടുത്തു.
കൂരിയാട് സമ്മേളനത്തിലും എക്‌സിബിഷന്‍ മുഖ്യ ആകര്‍ഷകമായി. ഐക്യാനന്തരമുള്ള സംഘടനാ പ്രതിസന്ധികളില്‍ നിഷ്‌ക്രിയരായ കുറെ വിദ്യാര്‍ഥികളെ സജീവമായ പ്രവര്‍ത്തന തലത്തില്‍ എത്തിക്കുന്നതിന് മെസേജ് എക്‌സിബിഷന് സാധ്യമായി. സംഘടനാപരമായ പ്രതിസന്ധികള്‍ക്കിടയില്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത അനുഭവങ്ങള്‍ പലതും ഉണ്ടായെങ്കിലും എക്‌സിബിഷനിലെ ഡെമോണ്‍സ്‌ട്രേറ്റര്‍മാര്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃക കാണിക്കാന്‍ എം എസ് എമ്മുകാര്‍ക്ക് സാധ്യമായി. ഏറെ പ്രതിസന്ധികളും വിവേചനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും സംയമനത്തോടെയും സ്‌നേഹത്തോടെയും ഇരുവിഭാഗത്തിലും പെട്ട ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ ചേര്‍ത്തു നിര്‍ത്താനായി എന്നതാണ് കൂരിയാട് സമ്മേളനത്തില്‍ ഏറെ സന്തോഷിക്കാനുള്ള ഓര്‍മകള്‍.
മുഹ്‌സിന്‍ തൃപ്പനച്ചി

കോഴിക്കോട്ടെ
സ്വാഗതഗാനവും
കെ കെയോടൊപ്പം സേവനവും

ബാപ്പ മര്‍കസുദ്ദഅവയില്‍ ഒരു താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കാലം. ബാപ്പ എവിടെ എന്ന ചോദ്യത്തിന് ‘ശബാബില്‍’ എന്നായിരുന്നു മക്കളായ ഞങ്ങള്‍ ഉത്തരം നല്‍കിയത്. ആഴ്ചയില്‍ ഒരിക്കല്‍ ബാപ്പ വീട്ടില്‍ വരും. സംഘടനാ നേതാക്കളുമായുള്ള സഹവാസം ബാപ്പ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
പിലാത്തറയിലെ സമ്മേളനത്തിന്റെ നാളുകള്‍. മാത്തറ സി ഐ ആര്‍ എച്ച് സ്‌കൂളില്‍ നിന്നും എന്നെയും ഇക്കാക്കയെയും കൂട്ടി സമ്മേളന നഗരിയിലേക്ക് ബാപ്പ ആവേശത്തോടെ നടന്നടുത്തു. വലിയ നേതാക്കള്‍ക്കടുത്ത് ചെന്ന് ബാപ്പ ഞങ്ങളെ പരിചയപ്പെടുത്തി. സമ്മേളന പന്തലില്‍ ആ നേതാക്കളുടെ പ്രൗഢഗംഭീരമായ സംസാരങ്ങള്‍ കേട്ടിരുന്ന് സുന്നി പശ്ചാത്തലമുള്ള എന്റെ മനസ്സില്‍ ഇസ്ലാഹി ആദര്‍ശം തളിര്‍ത്തു വന്നു.
2002-ല്‍ കാരുണ്യ ഭവന്‍ ബധിരവിദ്യാലയത്തില്‍ വാര്‍ഡന്‍ ജോലി ചെയ്യുന്ന കാലം. പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന്റെ നീറ്റല്‍ അനുഭവിക്കുന്ന വേളയിലാണ് ആറാം മുജാഹിദ് സമ്മേളനം. സമ്മേളനത്തിന്റെ ഭക്ഷണവകുപ്പ് വളണ്ടിയര്‍ ആയി കോഴിക്കോട്ടേക്ക് തിരിച്ചു. മനോഹരമായ സ്വാഗതഗാനം പതിനായിരങ്ങളുടെ മനസ്സിനെ പിടിച്ചു കുലുക്കി. ‘തീരെയില്ല വ്യതിയാനം’ എന്ന വരികള്‍ കടല്‍ തിരമാലകള്‍ കണക്കെ ഹൃദയത്തില്‍ അലയടിച്ചു. കെ കെ എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെടുന്ന പണ്ഡിത ശ്രേഷ്ഠന്റെ കൂടെ ഭക്ഷണ വകുപ്പിലെ വളണ്ടിയറായി ഞാനും. ഒന്ന് രണ്ട് ദിനങ്ങള്‍ കഴിഞ്ഞ് പ്രിയപ്പെട്ട ഉമ്മയെ വിളിച്ചു. എന്റെ കണ്ഠമിടറി. കാലങ്ങള്‍ക്കിപ്പുറം കരിപ്പൂരില്‍ പത്താമത് മുജാഹിദ് സമ്മേളനം അടുത്തെത്തി നില്‍ക്കുമ്പോള്‍ പ്രിയപ്പെട്ട ഉമ്മയും ആദര്‍ശ പ്രസ്ഥാനത്തോടൊപ്പം. അല്ലാഹുവിലേക്ക് യാത്ര പോയ പ്രിയപ്പെട്ട ബാപ്പയെ അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
അബ്ദുല്‍വാഹിദ് വാഴക്കാട്

വായുവിലെ
ഔലിയ

കുറ്റിപ്പുറത്ത് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം. ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായി. സമ്മേളനത്തോടനുബന്ധിച്ച് എക്‌സിബിഷന്‍ ഉണ്ടായിരുന്നു. വായുവിലെ ഔലിയ, ആന ഉറുക്ക് മുതലായവയും മനുഷ്യ ശരീരത്തിലെ ഭാഗങ്ങളുമെല്ലാം പവലിയനില്‍ ഉണ്ടായിരുന്നു. ഇത് സ്വാഭാവികമായും യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിട്ടുണ്ടാകണം, വഹാബികളെ നിങ്ങള്‍ക്ക് ഒതായില്‍ വെച്ച് കാണിച്ചു തരാം എന്നൊരു അനൗണ്‍സ്‌മെന്റുമായി ഒരു ജീപ്പ് അതുവഴി വന്നു. അന്ന് നിയമപാലകര്‍ ഇടപെട്ട് ആ വണ്ടി മടക്കിയയക്കുകയാണുണ്ടായത്. എന്റെ സമ്മേളന ഓര്‍മകളില്‍ ആദ്യമെത്തുന്നത് ഇതാണ്.
സി എ ലത്തീഫ്‌

Back to Top