ഔഷധവിപണി കുത്തകകള്‍ക്ക് തീറെഴുതരുത് – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
വാഴക്കാട്: രാജ്യത്ത് സാധാരണക്കാരന്റെ ജീവന്‍ രക്ഷാമരുന്ന് വിപണി പോലും കോര്‍പ്പറേറ്റുകള്‍ക്കും വിദേശകമ്പനികള്‍ക്കും തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ആന്റ് കൗണ്‍സില്‍ ‘എക്‌സി-കോണ്‍’ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. പൊതുമേഖല ഔഷധ നിര്‍മാണശാലകള്‍ അടച്ചുപൂട്ടുകയും സ്വകാര്യ കമ്പനികള്‍ക്ക് വിറ്റഴിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിക്കാനുള്ള അവസരം പോലും നിഷേധിക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
മലബാര്‍ കലാപാനന്തരം അനാഥരും നിരാലംബരുമായ കുട്ടികളുടെ പുനരധിവാസവും സംരക്ഷണവും ലക്ഷ്യംവെച്ച് ഇസ്‌ലാഹി നവോത്ഥാന പ്രസ്ഥാനം സ്ഥാപിച്ച കോഴിക്കോട്ടെ ജെ ഡി റ്റി ഇസ്്‌ലാം അനാഥശാലയെയും ഇസ്്‌ലാഹി പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഭാഗമായി സ്ഥാപിതമായ മലബാറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആത്മീയ തട്ടിപ്പുകാര്‍ക്ക് തീറെഴുതിക്കൊടുക്കുന്നത് ചെറുക്കുക തന്നെ വേണമെന്ന് സമ്മേളനം വ്യക്തമാക്കി. അനാഥാലയങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആത്മീയ വാണിഭക്കാര്‍ക്ക് കച്ചവടം ചെയ്യുന്നത് ആരായാലും അവരെ മുസ്്‌ലിം സമുദായം തിരിച്ചറയണം. ജുഗുപ്‌സാവഹമായ ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും സമ്മളനം ബന്ധപ്പെട്ടവരെ താക്കീത് ചെയ്തു.
സമ്മേളനത്തിന്റെ ആദ്യ ദിനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നല്‍കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി പി എമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യ പ്രക്രിയയില്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹമായ പങ്കാളിത്തം നല്‍കാന്‍ ബാധ്യസ്ഥരാണ്. രാഷ്ട്രീയ പാരമ്പര്യവും യോഗ്യതയുമുള്ളവരെ മതത്തിന്റെ പരിഗണന വെച്ച് തഴയപ്പെടാതിരിക്കാന്‍ മതേതര പാര്‍ട്ടികള്‍ ശ്രദ്ധ ചെലുത്തണമെന്നും സി പി ഉമര്‍ സുല്ലമി പറഞ്ഞു.
സമാപന ദിവസം സംസ്ഥാന വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. കെ ജെ യു സംസ്ഥാന പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ആദര്‍ശപാഠം ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം അബ്ദുല്‍ജബ്ബാര്‍ കുന്നംകുളം, എ അബ്ദുല്‍അസീസ് മദനി, അബ്ദുല്ല ഹാജി എടത്തനാട്ടുകര എന്നിവര്‍ നിര്‍വഹിച്ചു. ഹാറൂന്‍ കക്കാട്, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, സി മമ്മു കോട്ടക്കല്‍, കെ എല്‍ പി ഹാരിസ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, മുഹ്‌സിന്‍ തൃപ്പനച്ചി, അന്‍സാര്‍ ഒതായി, പ്രഫ. കെ പി സകരിയ്യ, ഡോ. അനസ് കടലുണ്ടി, സി കെ അസൈനാര്‍, ഡോ. മുബശ്ശിര്‍, എ ടി ഹസന്‍ മദനി, ഡോ. അബ്ദു ശരീഫ്, പാത്തേയികുട്ടി ടീച്ചര്‍, കെ എം കുഞ്ഞമ്മദ് മദനി, പി പി ഖാലിദ്, കെ എന്‍ സുലൈമാന്‍ മദനി, മൂസക്കുട്ടി മദനി, അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു.