എവിടേക്കാണ് ഈ പോക്ക്
ശമീം കീഴുപറമ്പ്
ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പോലും പ്രായമാകാത്ത കൊച്ചു കുട്ടികള്‍ ബൈക്കിലും കാറിലും പൊതുനിരത്തുകളില്‍ ചീറിപ്പായുന്നത് നമ്മുടെ നാട്ടിലെ നിത്യകാഴ്ചയാണ്. അതുകണ്ട് അഭിമാനിക്കുന്ന മാതാപിതാക്കളും നിസ്സംഗരായി നോക്കിനില്‍ക്കുന്ന സമൂഹവും. നിരന്തരം നടന്നു കൊണ്ടിരിക്കുന്ന അപകടമരണങ്ങള്‍ നമ്മെ ഇനിയും അലോസരപ്പെടുത്തുന്നില്ലെങ്കില്‍ ഒന്നോര്‍ക്കുക: ഇന്ന് ഞാന്‍ നാളെ നീ. ഭാവി വാഗ്ദാനങ്ങളായ, മാതാപിതാക്കള്‍ എത്രയോ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുരുന്നുകളുടെ ആകസ്മികമായ ദാരുണാന്ത്യത്തിന് ആരാണുത്തരവാദികള്‍? തിരിച്ചറിയല്‍ ബോധം ഇല്ലാതിരിക്കുന്ന കാലത്ത്, ലൈസന്‍സില്ലാത്ത കുട്ടിക്കരങ്ങളിലേക്ക് വാഹനങ്ങളുടെ താക്കോല്‍ എത്തുന്നതെങ്ങനെ? പ്രിയപ്പെട്ട മാതാപിതാക്കളേ, നമ്മളിനിയും ഇതൊന്നും കണ്ടില്ലെന്ന് നടിക്കണോ? പിഞ്ചു മക്കളുടെ ജീവന്‍ നടുറോഡില്‍ പിടഞ്ഞു വീഴുമ്പോള്‍ അതിന്റെ കാരണം കണ്ടറിഞ്ഞ് ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നമ്മുടെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടാകാത്തതെന്തേ? കണ്ടാലും കൊണ്ടാലും പഠിക്കാത്ത കണ്ടാമൃഗങ്ങളായി നാം മാറുകയാണോ? ലോക്ഡൗണ്‍ ദിവസങ്ങളിലും- അത്യാവശ്യ കാര്യത്തിനല്ലാതെ ആരും തന്നെ പുറത്തിറങ്ങാന്‍ പാടില്ലാത്ത ദിവസങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ കുട്ടികള്‍ വാഹനത്തില്‍ കയറി മരണപ്പാച്ചില്‍ നടത്തുന്നു. ഇനിയും നമ്മള്‍ എങ്ങോട്ട് എന്ന് ചിന്തിച്ചിട്ടില്ല എങ്കില്‍ ഒരുപാടു പേര്‍ മരണത്തിന് കീഴടങ്ങും എന്ന് തീര്‍ച്ച.