9 Saturday
August 2025
2025 August 9
1447 Safar 14

ഓരോ കാലവും ഓരോ തിരിച്ചറിവുകളാണ്‌

തസ്‌നീം ചാവക്കാട്‌

പത്താം തരം വാര്‍ഷിക പരീക്ഷകളിലൊന്ന് കഴിഞ്ഞതിനു ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടയില്‍ ‘ഇപ്പൊ ചൈനയില്‍ കണ്ട് തുടങ്ങിയ കൊറോണ എന്ന വൈറസ് രോഗം പലയിടത്തേക്കും വ്യാപിച്ചിട്ടുണ്ട്’ എന്നും അതൊരു മഹാമാരി ആയി യു എന്‍ അംഗീകരിക്കുകയും ചെയ്തു എന്ന് കൂട്ടത്തിലൊരു കൂട്ടുകാരന്‍ പങ്ക് വെച്ചപ്പോള്‍ അതിനെ വിസ്തരിച്ചുകൊണ്ട് അറിയുന്നതും അറിയാത്തതുമായ പലതും കൂട്ടുകാര്‍ക്കിടയില്‍ പ്രതിവചിച്ചു ‘ലോക്‌ഡൌണ്‍, കോവിഡ്’ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഈ സാഹചര്യമാണ്. പിന്നീട് കൊറോണയുടെ അധിനിവേശം കാരണം ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥാപനം ലീവ് പ്രഖ്യാപിച്ചു. പരിസര പ്രദേശങ്ങള്‍ മുഴുക്കെയും നിശ്ചലമായി. വീട്ടിലടച്ചിട്ട കൊറോണ കാലത്ത് ആകെയുള്ള ആനന്ദമെന്ന രീതിയില്‍ ആന്‍ഡ്രോയ്ഡ് മൊബൈലിലേക്കും ഗെയിം സഞ്ചയങ്ങളിലേക്കും കുടിയേറിയത് നാം കണ്ടതാണ്. കൊറോണയ്ക്ക് തൊട്ടു മുന്‍പായി അംഗമായിച്ചേര്‍ന്ന ഒരു വാട്‌സാപ്പ് കൂട്ടായ്മ കോറോണക്കാലത്തെ വിരസതയകറ്റാനും എഴുത്ത് പരിപോഷിപ്പിക്കുന്നതിനും നിമിത്തമാവുകയുണ്ടായി.
വായനയെ കൂടുതല്‍ ഇഷ്ടപ്പെടാനും ഒത്തിരി സൗഹൃദങ്ങള്‍ സ്ഥാപിക്കാനും മലയാളത്തിലെ മുഖ്യധാര നിലവാരത്തിലുള്ള പത്രങ്ങളിലും ഇതര വാരികകളിലും പ്രതികരണങ്ങളായും ലേഖനങ്ങളായും അച്ചടിച്ചു വന്നത് എനിക്കീ സമയത്ത് കിട്ടിയ വലിയൊരു ഭാഗ്യമായി കാണുന്നു. എന്തെഴുതണം എന്നത് മുതല്‍ എങ്ങനെ അയക്കണം ആര്‍ക്ക് എന്ത് അയക്കണം എന്നൊക്കെയുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കിയ ഒട്ടനവധി പേര് ഈ ചെറിയൊരു കാലയിളവില്‍ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. കൂട്ടിലൊത്തിരി ആളുകള്‍ എഴുത്തിന്റെ മേഖലയിലേക്ക് കടന്നു വരികയും ആനുകാലികങ്ങളില്‍ എഴുത്തുകള്‍ പ്രസിദ്ധീകരിച്ചു വരികയും ചെയ്തിരുന്നത് മുന്നോട്ടുള്ള പ്രയാണത്തില്‍ ഊര്‍ജമായിരുന്നു തമ്മില്‍ പ്രോത്സാഹനം നല്‍കാനും സന്തോഷങ്ങളും സങ്കടങ്ങളും മെയ്യ് കൊണ്ട് ദൂരെയാണെങ്കിലും മനം കൊണ്ട് അടുത്തവര്‍ എന്ന ഖ്യാതി നേടിയ സൗഹൃദങ്ങള്‍ ഏറെ കരുത്തായിരുന്നു. അതില്‍ തന്നെ കൈപ്പമംഗലം എം ഐ സി സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയായ റൈഹാന വടക്കാഞ്ചേരിയുടെ’ ഇരു വര’ എന്ന നാമത്തില്‍ ഇറങ്ങിയ കഥാ സമാഹാരം ലോക്ഡൗണ്‍ കാലത്തെ ഉത്തമ സമ്പാദ്യങ്ങളില്‍ ഒന്നായി മാറിയത് സുഹൃത്ത് എന്ന നിലയില്‍ ഏറെ സന്തോഷിച്ച നിമിഷങ്ങളിലൊന്നായിരുന്നു.
പഠന മേഖല ഓണ്‍ലൈനിലേക്ക് എത്തിക്കപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കുമുള്ളത് പോലെ ഒരു ആശങ്ക എന്നിലും വളര്‍ന്നു വന്നു എങ്ങനെ പഠിക്കും? ഈ മേഖല എത്രമാത്രം പ്രായോഗിത കൈവരിക്കും എന്നതൊക്കെയായിരുന്നു എന്റെ സംശയങ്ങ ള്‍. ചിലര്‍ക്കെല്ലാം അതിനോടിണങ്ങാന്‍ കഴിഞ്ഞെങ്കിലും ഒത്തിരി പേര്‍ക്ക് അതൊരു വലിയ വെല്ലുവിളിയായിരുന്നു. മൊബൈല്‍ ഫോണും ടീവി കളും രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ സേവന സംഘടനകള്‍ വഴി നല്‍കിപ്പോന്നുവെങ്കിലും ഞങ്ങളെ സംബന്ധിച്ച് കലാല യത്തിലെ സാമൂഹിക അന്തരീക്ഷം വലിയൊരു നഷ്ടമായിരുന്നു.
കൊറോണ വരുത്തി വെച്ച വകഭേദങ്ങളില്‍ സ്തംഭിച്ചു പോയ അവസ്ഥയെ തിരിച്ചു പിടിക്കാന്‍ രാഷ്ട്രീയ വൈര്യങ്ങ ള്‍ മറന്ന് കൊണ്ട് ഒത്തൊരുമയോടെ നാടിന് വേണ്ടി നന്മക്ക് വേണ്ടി ഉയര്‍ന്നു പൊങ്ങിയ യുവതയുടെ കാര്‍മിക സാഫല്യത്തെ വിലകുറച്ചു കാണാന്‍ കഴിയുകയില്ല. അശരണര്‍ക്ക് താങ്ങായും തണലായും കൂടെ നിന്നവരും ഈ പ്രതി സന്ധി കാലത്ത് പോലും ‘എസ് എം എ’ എന്ന അപൂര്‍വ രോഗം ബാധിച്ച 18 കോടിയോളം രൂപ ഓരോ കുഞ്ഞുങ്ങള്‍ക്കും എത്തിക്കാന്‍ കഴിഞ്ഞത് കരുണ വറ്റാത്ത മനസ്സുകളിനിയും നമ്മള്‍ക്കിടയില്‍ ഉണ്ട് എന്നതിന്റെ ഉത്തമ സൂചികയാണ്.
പലപ്പോഴും മുഷിപ്പിന്റെ മേലങ്കിയണിഞ്ഞുകൊണ്ട് ജീവിതത്തോട് പോലും വെറുപ്പ് തോന്നുമ്പോള്‍ വായനയും എഴുത്തും സംഗീതവും നമുക്കൊരു കൂട്ടാണ് എന്നത് കാണിച്ചു തന്നതും ഈയൊരു സമയങ്ങളിലെ നേട്ടങ്ങളിലൊന്ന് മാത്രമാണ്. പലതും നഷ്ട്ടപെട്ടെങ്കിലും പലതും നേടിയെടുക്കാന്‍ വേണ്ടിയാണ് നഷ്ടപെട്ടത് എന്ന തിരിച്ചറിവില്‍, അനുഭവ ലിഖിതങ്ങളില്‍ ഈ മഹാമാരിക്കാലം ഏറെ പ്രൗഡിയോടെ എക്കാലവും നിലനില്‍ക്കട്ടെ.

Back to Top