8 Friday
November 2024
2024 November 8
1446 Joumada I 6

യൂറോപ്പിലേക്കുള്ള കുടിയേറ്റം ഇനി എത്ര നാള്‍?

നിസാര്‍ അഹമ്മദ്‌

കേരളത്തില്‍ നിന്ന് യൂറോപ്പിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. 2023ല്‍ അത് രണ്ടര ലക്ഷമായി വര്‍ധിച്ചു. തങ്ങളുടെ അഭയം വികസിത രാജ്യങ്ങളായ യൂറോപ്പിലാണെന്ന് മിക്ക വിദ്യാര്‍ഥികളും കരുതുന്നു. മധ്യവലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ വോട്ടു നേടി അധികാരത്തില്‍ വരാന്‍ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തന്ത്രങ്ങളിലൊന്ന് കുടിയേറ്റ വിരുദ്ധതയാണ്. ഈ രാജ്യത്തെ ജനത അനുഭവിക്കുന്ന തൊഴിലില്ലായ്മയും വര്‍ധിച്ചുവരുന്ന ദാരിദ്ര്യവുമെല്ലാം കുടിയേറ്റക്കാര്‍ കാരണമാണ് ഉണ്ടാകുന്നത്. പുറത്തുനിന്നു വന്നവര്‍ നിങ്ങളുടെ വിഭവങ്ങള്‍ തട്ടിയെടുക്കുകയാണ്. നിങ്ങളുടെ സംസ്‌കാരത്തെയും അവര്‍ നശിപ്പിക്കുന്നു. അവരെ പുറത്താക്കണം എന്നാണ് ആവശ്യമുയര്‍ത്തുന്നത്.
കുടിയേറ്റത്തെ അതിശക്തമായി എതിര്‍ക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 27 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത്തവണ അമ്പരപ്പിക്കുന്ന നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നു. 40 കോടിയോളം പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തിയത്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ 720 അംഗങ്ങളാണുള്ളത്. രാജ്യങ്ങളുടെ കാര്യമെടുത്താല്‍, ഫ്രാന്‍സിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം തീവ്രവലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അരിച്ചരിച്ച് മുകളിലേക്കു പോകുന്നതായാണ് കാണാന്‍ കഴിയുന്നത്. മധ്യവലതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലേറാന്‍ തീവ്രവലതുപക്ഷമായി മാറുകയും കുടിയേറ്റ വിരുദ്ധ നയങ്ങളും മുദ്രാവാക്യങ്ങളും ശക്തമാക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരുണത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ യൂറോപ്പിലേക്കുള്ള ഒഴുക്ക് ഇനി എത്ര കാലം നീളുമെന്നത് പ്രസക്തമായ ചോദ്യമായി അവശേഷിക്കുന്നു.

Back to Top