14 Sunday
April 2024
2024 April 14
1445 Chawwâl 5

ഏതു വര്‍ഗീയതയാണ് ഏറ്റവും തീവ്രമായത്?

അബ്ദുസ്സമദ് അണ്ടതോട്‌

കഴിഞ്ഞ ഫെബ്രുവരി ആറാം തിയ്യതി സി പി എം കേന്ദ്ര കമ്മിറ്റി ‘റി പ്പോര്‍ട്ട് ഓണ്‍ പൊളിറ്റിക്കല്‍ ഡവലപ്‌മെന്റ്’ എന്നൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. വിഷയങ്ങളെ അന്താരാഷ്ട്രം, ദേശീയം, പ്രാദേശികം എന്ന രീതിയില്‍ തരം തിരിച്ചാണ് അതില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത്. ഏകദേശം ലോകത്തുള്ള മുഴുവന്‍ വിഷയങ്ങളും ആ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ അത് വായിക്കാവുന്നതാണ്. ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍ റിപ്പോര്‍ട്ട് കൂടുതല്‍ സ്ഥലത്ത് എടുത്തു പറഞ്ഞത് സംഘ പരിവാര്‍ രാജ്യത്തെ മതേതര ജനാധിപത്യ വ്യവസ്ഥക്ക് ഏല്‍പ്പിക്കുന്ന പരിക്കിനെ കുറിച്ചാണ്. സംഘ പരിവാര്‍ എങ്ങനെ ഓരോ വ്യക്തിയുടെയും സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്നു എന്നതും കൃത്യമായി തന്നെ പറയുന്നുണ്ട്. ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗീയത ഒരു സത്യമാണ്. ന്യൂനപക്ഷ വര്‍ഗീയത ആദ്യത്തേതിന്റെ പ്രതിപ്രവര്‍ത്തനം എന്നാണു സി പി എം നിലപാട്.
1958-ല്‍ കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് അന്നത്തെ പ്രധാനമന്ത്രി നെഹ്റു ഇങ്ങനെ പറഞ്ഞു: ‘ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ കൂടുതല്‍ അപകടകരം. കാരണം ഭൂരിപക്ഷ വര്‍ഗീയതക്ക് ദേശീയതയുടെ നിറം പിടിപ്പിക്കാന്‍ എളുപ്പമാണ്. പല മാന്യന്മാരുടെ മനസ്സിലും ഒളിഞ്ഞിരിക്കുന്ന വര്‍ഗീയത പുറത്തു വരികയും വളരെ മോശമായ രീതിയില്‍ അവര്‍ പ്രതികരിക്കാനും കാരണമാകും’. നെഹ്റു ഈ വിശകലനം നടത്തിയിട്ട് ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അന്ന് നെഹ്റു നിലനിന്നിരുന്ന ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. വര്‍ഗീയത ദേശീയതയുടെ മുഖംമൂടി സ്വീകരിച്ചിരിക്കുന്നു. മാത്രമല്ല പതിറ്റാണ്ടുകളുടെ മതേതരത്വ പാരമ്പര്യമുള്ള പലരും ഭൂരിപക്ഷ വര്‍ഗീയതയുടെ വര്‍ണം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
പക്ഷെ കേരളത്തില്‍ ഇതൊന്നും വിലപോകില്ല എന്നായിരുന്നു നമ്മുടെ പ്രതീക്ഷ. നമ്മുടേത് ഒരിക്കലും വര്‍ഗീയതയുടെ വളര്‍ച്ചക്ക് പാകമായ മണ്ണല്ല. മതേതരത്വ കക്ഷികള്‍ക്ക് വേരുള്ള സ്ഥലമാണ് എന്നത് തന്നെയാണ് അതിനു കാരണം. കേരള നവോഥാനത്തില്‍ ഇടതു പക്ഷത്തിനു പങ്കില്ലെങ്കിലും അത് മുന്നോട്ടു വെച്ച സാമൂഹിക പരിവര്‍ത്തനം നടപ്പാക്കുന്നതില്‍ ഇടതു പക്ഷത്തിനു പങ്കുണ്ടെന്ന് കേരളം അംഗീകരിക്കുന്നു. വര്‍ഗീയത ഒരു മോശം രോഗമാണ്. ഭൂരിപക്ഷം ന്യൂനപക്ഷം എന്ന വകതിരിവ് വര്‍ഗീയതക്കില്ല. ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയത രൂപം കൊള്ളുന്നത് ഭൂരിപക്ഷ വര്‍ഗീയതയുടെ അതിപ്രസരം കൊണ്ടാണ് എന്ന് ഇടതു പക്ഷവും സമ്മതിക്കുന്നു. ഇന്ത്യ ഇന്ന് അനുഭവിക്കുന്ന മുഴുവന്‍ ദുരന്തങ്ങള്‍ക്കും കാരണം ഭൂരിപക്ഷ വര്‍ഗീയതയാണ്. സംഘപരിവാര്‍ ഇന്ത്യന്‍ സമൂഹത്തെ അത്രമാത്രം വര്‍ഗീയവല്ക്കരിച്ചിരിക്കുന്നു. ശുദ്ധ വര്‍ഗീയ നിലപാടുകള്‍ ഭൂരിപക്ഷ വര്‍ഗീയത ശക്തി ഉപയോഗിച്ച് നടപ്പാക്കുമ്പോള്‍ അതല്ല അധികാരത്തിന്റെ ഏഴയലത്ത് പോലും വരാത്ത ന്യൂനപക്ഷ വര്‍ഗീയതയെ പ്രതിയാക്കുന്ന സി പി എം നിലപാട് ആരെ സുഖിപ്പിക്കാന്‍ എന്നാണ് കേരളം ചോദിക്കേണ്ടത്.
എന്ത് കൊണ്ട് സി പി എം കേരള സെക്രട്ടറിക്ക് വര്‍ഗീയതയെ കുറിച്ച് അവരുടെ പാര്‍ട്ടി അംഗീകരിച്ച കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ പോകുന്നു എന്നതു ആശ്ചര്യം തന്നെയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ കണ്ടില്ലെന്നു നടിക്കാന്‍ സ്വബോധമുള്ള ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. കേരള സി പി എം ഇന്ത്യയുടെ മറ്റു ഭാഗത്തുള്ള പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും വിഭിന്നമായാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കേരളം കാലങ്ങളായി വര്‍ഗീയതയെ പടിക്ക് പുറത്തു നിര്‍ത്തിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ വലതു ഇടതു എന്ന രൂപത്തിലാണ് കേരളം മുന്നോട്ടു പോയത്. കേരളത്തില്‍ ഇന്നുവരെ സി പി എം ഉയര്‍ത്തി കൊണ്ട് വന്നത് രാഷ്ട്രീയ ചോദ്യങ്ങളായിരുന്നു. അടുത്ത കാലത്ത് അവരില്‍ വന്ന മാറ്റം നാം കാണാതെ പോകരുത്. തുടര്‍ ഭരണം വേണമെങ്കില്‍ അപ്പുറത്തുള്ള യു ഡി എഫ് തകരണം. മൂന്നാം ശക്തിയായി കേരളത്തില്‍ സംഘ പരിവാരുണ്ട്. കഴിഞ്ഞ അഞ്ചു വര്ഷം കേരളത്തില്‍ സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം അത്ര മോശം കാലമല്ല. ഭരണമില്ല എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു കുറവായി അനുഭവപ്പെട്ടില്ല.
ഭൂരിപക്ഷ വര്‍ഗീയത രാജ്യത്തെ മൊത്തമായി വിഴുങ്ങാന്‍ കാത്തിരിക്കുന്ന സമയത്ത് ഇത്തരം പ്രസ്താവനകള്‍ കേരള സമൂഹത്തെ മോശമായി ബാധിക്കും എന്നത് പരമാര്‍ത്ഥം മാത്രം. ചില വാക്കുകള്‍ അറിയാതെ പുറത്തു വരും. അതിനെ നാം അബദ്ധം എന്ന് വിളിക്കുന്നു. ”സമയം മനസ്സില്‍ മൂടിവെച്ച പലതും ചിലപ്പോള്‍ പുറത്ത് ചാടും. അത് അബദ്ധമല്ല സുബദ്ധമായ നിലപാട് തന്നെയാണ്. ഇതിലും കൂടുതല്‍ വൃണമായ ചിന്തകള്‍ ഇവരുടെ മനസ്സിലുണ്ട്” എന്ന ഖുര്‍ആന്‍ പ്രഖ്യാപനം എത്ര ശരിയായി പുലരുന്ന കാലം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x