ഏത് അഭിമാനമാണ് കൊലപാതകത്തിലൂടെ നിങ്ങള്‍ സംരക്ഷിക്കുന്നത്?
അബ്ദുല്‍ ഹഖ്
കഴിഞ്ഞ ദിവസമാണ് ഒരു പിതാവ് തന്റെ മകളെ പ്രണയത്തിന്റെ പേരില്‍ വിഷം നല്‍കി കൊന്നത്. അന്യ മതത്തില്‍ പെട്ട ഒരാളുമായുള്ള പ്രണയമാണത്രേ കൊലയ്ക്ക് പ്രേരണ. സ്വന്തം മക്കള്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമനുസരിച്ചല്ല വളരുന്നതെങ്കില്‍ മാതാപിതാക്കള്‍ക്ക് പ്രയാസം തോന്നുക സ്വാഭാവികമാണ്. മക്കളെ സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക എന്നതു മാത്രമാണ് അവിടെയുള്ള പോംവഴി. ഇത്തരം കൊലയാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കേരളത്തില്‍ ആളുണ്ട്. മലപ്പുറത്ത് ആതിരയെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവ് രാജനെ ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞപ്പോള്‍ വെറുതെ വിട്ടു. ഈഴവ ജാതിയില്‍ പെട്ട മകള്‍ പുലയ സമുദായക്കാരനെ വിവാഹം കഴിക്കുന്നത് അംഗീകരിക്കാന്‍ വയ്യാതെയാണ് വിവാഹത്തലേന്ന് രാജന്‍ മകളെ കുത്തിക്കൊന്നത്. നാട്ടുകാരും വീട്ടുകാരുമൊക്കെ കണ്ടുനിന്നൊരു ക്രൂരത. പക്ഷേ, സാക്ഷികളെല്ലാം കൂറുമാറിയതോടെ രാജനെതിരേ തെളിവില്ലാതായി.
ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യാപകമായി നടക്കുന്ന ദുരഭിമാന കൊല കേരളത്തിലും സംഭവിക്കുന്നുണ്ടെന്ന് സര്‍ക്കാരിനെയും സമൂഹത്തെയും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് ഓര്‍മപ്പെടുത്തിയിട്ടുള്ളതാണ്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ദുരഭിമാന കൊലപാതകങ്ങളിലൂടെ ഉണ്ടാകുന്നതെന്ന് ഇതിനു മുമ്പും ഇന്ത്യന്‍ നീതിന്യായ കോടതികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതം പറയുന്നത് മതത്തില്‍ ബലാല്‍ക്കാരമില്ല എന്നാണ്. എന്നാല്‍, മതം എന്തു പറഞ്ഞാലും ഞങ്ങള്‍ക്ക് അഭിമാനം സംരക്ഷിക്കണം എന്നു പറയുന്ന അനുയായിനാട്യക്കാരാണ് എല്ലായിടത്തും വില്ലന്മാര്‍. ഒരു കൊലപാതകവും നന്മ കൊണ്ടുവരില്ല എന്നെങ്കിലും ഓര്‍ത്താല്‍ നന്ന്.