1 Friday
March 2024
2024 March 1
1445 Chabân 20

എര്‍ദൊഗാന്റെ വിജയവും തുര്‍ക്കി ദേശീയതയും

ഹാരിസ് വി കെ


ഇസ്താംബൂളിലെ ഗ്രാന്‍ഡ് ബസാറിലെ പ്രഭാതത്തിലെ സൂര്യരശ്മികള്‍ പതിഞ്ഞ ഇടനാഴികളിലേക്ക് കറന്‍സി വ്യാപാരികള്‍ എത്തിച്ചേര്‍ന്നു. കൈയില്‍ കയ്പേറിയ ടര്‍ക്കിഷ് ചായ നിറച്ച ഗ്ലാസുകളും സിഗരറ്റ് പായ്ക്കറ്റുകളും. കുറഞ്ഞത് രണ്ട് മൊബൈല്‍ ഫോണുകളെങ്കിലും മുറുകെ പിടിച്ച് കറന്‍സി ഇടപാടുകാര്‍ ചടുലതയില്‍ തയ്യാറായിരിക്കുകയാണ്. തൊട്ടടുത്തുതന്നെ മൊബൈല്‍ ഫോണുകള്‍ നിരത്തിവച്ചിരിക്കുന്നുണ്ട്. ആകെ പിരിമുറുക്കം മുറ്റിയ അന്തരീക്ഷം. ട്രേഡിങ് ആരംഭിക്കുമ്പോഴേക്കും ആ ഇടനാഴി ശബ്ദമുഖരിതമാവുകയും പൊടുന്നനെതന്നെ അതൊരു ലേല യുദ്ധമായി മാറുകയും ചെയ്യും.
‘ആര്‍ക്കെങ്കിലും ഡോളര്‍ ആവശ്യമുണ്ടോ?’ ബസാറിന്റെ 500 വര്‍ഷം പഴക്കമുള്ള കല്‍ഭിത്തിയില്‍ ചാരി നിന്ന് ഗലാറ്റാസരായ് സ്‌പോര്‍ട്‌സ് ജാക്കറ്റണിഞ്ഞ ഒരാള്‍ വിളിച്ചുചോദിക്കുന്നു. ”ഞാന്‍ വാങ്ങാം, പക്ഷേ ഇന്ന് വൈകുന്നേരം മാത്രം,” മറ്റൊരാള്‍ മറുപടി പറയുന്നു. ‘ഉച്ചയ്ക്ക് രണ്ടു മണിക്ക് ഡോളര്‍ വാങ്ങാന്‍ ഞാന്‍ തയ്യാറാണ് – ആരെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരെങ്കിലും?’ മറ്റൊരു വ്യാപാരി വിളിച്ചു പറയുന്നു. ‘ആളുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അവര്‍ക്ക് കഴിയുന്നില്ല, അതുകൊണ്ടാണ് ഇത്ര ടെന്‍ഷന്‍.’ തൊട്ടടുത്ത സ്വര്‍ണക്കച്ചവട സ്ഥാപനത്തിലേക്ക് മടങ്ങുന്നതിന് മുമ്പ്, ജനക്കൂട്ടത്തെ നോക്കി അടുത്തുള്ള ഒരു സ്വര്‍ണ വ്യാപാരി പിറുപിറുക്കുന്നു.
തുര്‍ക്കി പ്രസിഡന്റായി റജബ് തയ്യിബ് എര്‍ദൊഗാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള മൂന്നാഴ്ചയ്ക്കുള്ളില്‍, ലിറയുടെ മൂല്യം വീണ്ടും താഴ്ന്നു. ഫിച്ച് റേറ്റിംഗ് ഏജന്‍സി പ്രകാരം മെയ് മധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിന് ശേഷം ഡോളറിനെതിരെ ലിറയുടെ മൂല്യം 16% ഇടിഞ്ഞിരുന്നു.
ലോകം ശ്രദ്ധിച്ച പ്രസിഡന്‍ഷ്യല്‍ റണ്‍ഓഫ് തെരഞ്ഞെടുപ്പിന് ശേഷം, തന്റെ എതിരാളിയായ കമാല്‍ കിലിച്ദറോഗ്ലുവിനെതിരെ വിജയം ഉറപ്പിച്ചുകൊണ്ട് എര്‍ദൊഗന്‍ തന്റെ അധികാരത്തില്‍ രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്.
രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തെ സ്വന്തം പ്രതിച്ഛായയില്‍ രൂപപ്പെടുത്തുകയും അധികാരം തന്റെ ഓഫീസില്‍ കേന്ദ്രീകരിക്കുകയും എതിരാളികളെ തടങ്കലില്‍ വയ്ക്കുകയും പാരമ്പര്യേതര സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള അനാരോഗ്യകരമായ വികാസം അദ്ദേഹത്തിന്റെ ഭരണ നയങ്ങള്‍ക്കുണ്ടായി. ഇതൊക്കെയാണെങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച തുര്‍ക്കിയിലെ പല പ്രദേശങ്ങളിലും തെക്ക്-കിഴക്കന്‍ തുര്‍ക്കിയില്‍ 50,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട ശക്തമായ ഭൂകമ്പങ്ങള്‍ നടന്ന പ്രദേശങ്ങളിലും എര്‍ദൊഗാന്റെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എ കെ പി) വ്യക്തമായ പിന്തുണ നേടി.
”ഞങ്ങളല്ല വിജയിച്ചത്, തുര്‍ക്കിയാണ് വിജയിച്ചത്… നമ്മുടെ ജനാധിപത്യം വിജയിച്ചു,” തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം എര്‍ദൊഗാന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് തന്റെ അനുയായികളോട് പറഞ്ഞു.
അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ കോംപ്ലക്സിന് പുറത്ത് തടിച്ചുകൂടിയ തന്റെ അനുയായികളെ അഭിമുഖീകരിച്ച് എര്‍ദോഗാന്‍ പറഞ്ഞു, ‘തെരഞ്ഞെടുപ്പ് കാലത്തെ എല്ലാ വിവാദങ്ങളും വിയോജിപ്പുകളും മാറ്റിവെച്ച് നമ്മുടെ ദേശീയ ലക്ഷ്യങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടി ഐക്യപ്പെടാനുള്ള സമയമാണിത്.’
തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും 50,000-ത്തിലധികം പേരുടെ ജീവനെടുത്ത ഫെബ്രുവരി 6 ന് ഉണ്ടായ വിനാശകരമായ ഭൂകമ്പത്തില്‍ നിന്നുള്ള മുറിവുകള്‍ ഉണക്കുക, പണപ്പെരുപ്പത്തിനെതിരെ പോരാടുക എന്നിവയാണ് സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനകളിലുള്ളതെന്നും എര്‍ദൊഗാന്‍ പറഞ്ഞു.
പ്രാഥമിക ഫലങ്ങളില്‍ എര്‍ദൊഗാന്‍ ലീഡ് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ശേഷം ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടിയുടെ ഇസ്താംബൂള്‍ ആസ്ഥാനത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പുരുഷാരം കൊടി വീശിയും കാറിന്റെ ഹോണ്‍ മുഴക്കിയും പടക്കങ്ങള്‍ പൊട്ടിച്ചും ആഘോഷിക്കുകയും ചെയ്തു.
തലസ്ഥാനമായ അങ്കാറയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിച്ച പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന കിലിച്ദറോഗ്ലു, തുര്‍ക്കിയില്‍ ‘യഥാര്‍ഥ ജനാധിപത്യം’ ഉണ്ടാകുന്നതുവരെ താന്‍ പോരാട്ടം തുടരുമെന്ന് പറഞ്ഞു. ‘നമ്മുടെ ചരിത്രത്തിലെ ഏറ്റവും അന്യായമായ തിരഞ്ഞെടുപ്പായിരുന്നു ഇത്… ഭയത്തിന്റെ അന്തരീക്ഷത്തില്‍ നാം തലകുനിച്ചില്ല,’ അദ്ദേഹം പറഞ്ഞു. ”എല്ലാ സമ്മര്‍ദങ്ങള്‍ക്കിടയിലും സ്വേച്ഛാധിപത്യ സര്‍ക്കാരിനെ മാറ്റാനുള്ള ജനങ്ങളുടെ ഇച്ഛാശക്തി ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായി.”
”മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു തകര്‍പ്പന്‍ തോല്‍വിയല്ല,” ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലെ വിസിറ്റിംഗ് ഫെലോ ആയ അസ്ലി ഐഡിന്റസ്ബാസ് സി എന്‍ എന്നിന്റെ ബെക്കി ആന്‍ഡേഴ്‌സണോട് പറഞ്ഞു.

മെയ് 14ന് നടന്ന ആദ്യ റൗണ്ട് വോട്ടിംഗില്‍, എര്‍ദോഗന്‍ കിലിച്ദറോഗ്ലുവിനേക്കാള്‍ അഞ്ച് പോയിന്റിന്റെ ലീഡ് നേടിയെങ്കിലും വിജയിക്കാന്‍ ആവശ്യമായ 50% പരിധിയില്‍ താഴെയായി. അതേ ദിവസം നടന്ന പാര്‍ലമെന്റ് മത്സരത്തില്‍ പ്രസിഡന്റിന്റെ പാര്‍ലമെന്ററി ബ്ലോക്ക് ഭൂരിപക്ഷം സീറ്റുകളും നേടിയിരുന്നു. ആദ്യ റൗണ്ട് വോട്ടിന്റെ 5% നേടിയ മൂന്നാം സ്ഥാനാര്‍ഥി സിനാന്‍ ഓഗന്‍, എര്‍ദൊഗാനെ പരസ്യമായി പിന്തുണക്കുകയും ചെയ്തിരുന്നു.
എര്‍ദൊഗാനില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ആറ് പ്രതിപക്ഷ ഗ്രൂപ്പുകള്‍ കിളിച് ദറോഗ്ലുവിന്റെ നേതൃത്വത്തില്‍ ഒരു മുന്നണിയായി പ്രവര്‍ത്തിച്ചു. എര്‍ദോഗന്‍ തന്റെ 20 വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും ജുഡീഷ്യറിയുടെ അധികാരം ഇല്ലാതാക്കുകയും വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും ചെയ്തു തുടങ്ങിയ ആരോപണങ്ങളില്‍ ഊന്നിയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തെരഞ്ഞെടുപ്പും
സങ്കീര്‍ണമായ
മുന്നണി ബന്ധങ്ങളും

വലതുപക്ഷ നവദേശീയതാവാദത്തിന് വേരോട്ടമുള്ള, ദേശീയതയുമായി ബന്ധപ്പെട്ട സമവാക്യങ്ങള്‍ മാത്രം മേല്‍ക്കൈ നേടുന്ന തുര്‍ക്കിയില്‍, അത്തരം സമവാക്യങ്ങള്‍ക്ക് കീഴില്‍ രൂപപ്പെട്ട രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരമാണ് മുഖ്യമായും തെരഞ്ഞെടുപ്പില്‍ നടന്നത്. റജബ് തയ്യിബ് എര്‍ദൊഗാന്‍ നയിക്കുന്ന പീപ്പിള്‍സ് അലയന്‍സ് ആണ് ഒരു മുന്നണി. ഇതിലെ പ്രധാന കക്ഷി എര്‍ദൊഗാന്‍ നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയാണ് (എ കെ പാര്‍ട്ടി). സാമ്രാജ്യ വിപുലീകരണവാദ ദേശീയത എന്ന് വിളിക്കാവുന്ന (ഉസ്മാനിയ ഖിലാഫത്തിന്റെ കീഴിലുണ്ടായിരുന്ന വിശാല തുര്‍ക്കിയെ വിഭാവനം ചെയ്യുന്ന) നിയോ-ഒട്ടോമനിസ്റ്റ് വീക്ഷണം പുലര്‍ത്തുന്ന, നയനിലപാടുകളില്‍ കണ്‍സര്‍വേറ്റീവ് ലിബറലിസം അംഗീകരിക്കുന്ന എ കെ പാര്‍ട്ടി, പോസ്റ്റ്-ഇസ്‌ലാമിസ്റ്റ് എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്.
പീപ്പിള്‍സ് അലയന്‍സിലെ രണ്ടാമത്തെ മുഖ്യകക്ഷിയായ ദെവ് ലെത് ബാഹ്ചലി നേതൃത്വം നല്‍കുന്ന നാഷനലിസ്റ്റ് മുവ്‌മെന്റ് പാര്‍ട്ടി (എം എച് പി) എ കെ പിയെക്കാള്‍ തീവ്രമായ വലതുപക്ഷ ദേശീയത കൊണ്ടുനടക്കുന്ന ടര്‍ക്കിഷ് അള്‍ട്രാനാഷനലിസ്റ്റുകളാണ്. തീവ്ര തുര്‍ക്കി ദേശീയതാവാദം പുലര്‍ത്തുന്ന മുസ്തഫാ ദേസ്തിചിയുടെ ഗ്രേറ്റ് യൂനിറ്റി പാര്‍ട്ടി എര്‍ദൊഗാന്‍ മുന്നണിയിലെ മറ്റൊരു ചെറുകക്ഷിയാണ്.
ദേശീയതാവാദത്തെ തള്ളിപ്പറയുന്നില്ലെങ്കിലും പൊളിറ്റിക്കല്‍ ഇസ്‌ലാമിസത്തെ പ്രതിനിധാനം ചെയ്യുന്ന ധാര തുര്‍ക്കിയില്‍, നജ്മുദ്ദീന്‍ എര്‍ബകാന്റെ ആശയങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന, മില്ലി ഗോറൂസ് എന്നറിയപ്പെടുന്ന പ്രസ്ഥാനമാണ്. നിരന്തരം നിരോധനങ്ങള്‍ നേരിടേണ്ടി വരുന്നത് നിമിത്തം പലപ്പോഴും പല പേരുകളില്‍ പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുള്ള എര്‍ബകാന്റെ രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് രണ്ടായിപ്പിളര്‍ന്ന് ന്യൂ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരില്‍ ഫാതിഹ് എര്‍ബകാന്റെ നേതൃത്വത്തിലും തെമെല്‍ കരമൊല്ലൊഗ്ലുവിന്റെ നേതൃത്വത്തില്‍ ഫെലിസിറ്റി പാര്‍ട്ടി എന്ന പേരിലും പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഫാതിഹ് എര്‍ബകാന്റെ ന്യൂ വെല്‍ഫെയര്‍ പാര്‍ട്ടി, എര്‍ദൊഗാന്റെ ജനകീയ മുന്നണിയിലും കൂടുതല്‍ വൈപുല്യമുള്ള കരമൊല്ലൊഗ്ലുവിന്റെ വിഭാഗം കെമാല്‍ കിലിച്ദറോഗ്ലുവിന്റെ മുന്നണിയിലുമാണ്.
74 കാരനായ ബ്യൂറോക്രാറ്റും ഇടതുപക്ഷ ചായ്‌വുമുള്ള റിപ്പബ്ലിക്കന്‍ പിപ്പിള്‍സ് പാര്‍ട്ടി (സി എച് പി) നേതാവുമായ കിലിച് ദറോഗ്ലുവിന്റെ മുന്നണിയുടെ പേര് നാഷന്‍ അലയന്‍സ് എന്നാണ്. ആധുനിക തുര്‍ക്കിയുടെ രാഷ്ട്രപിതാവായ മുസ്തഫ കെമാല്‍ അത്താത്തുര്‍ക്ക് സ്ഥാപിച്ച ഇപ്പോള്‍ കിലിച്ദറോഗ്ലു നേതൃത്വം നല്‍കുന്ന റിപ്പബ്ലിക്കന്‍ പിപ്പിള്‍സ് പാര്‍ട്ടി (സി എച് പി) ആണ് ഇതിലെ പ്രധാനക്ഷി. കെമാലിസ്റ്റ് ദേശീയതാവാദമാണ് ഈ കക്ഷിയുടെ പ്രത്യയശാസ്ത്രാടിത്തറ. ഇതിലെ രണ്ടാമത്തെ കക്ഷിയായ മെരാല്‍ അക്‌സനര്‍ നേതൃത്വം നല്‍കുന്ന ഗൂഡ് പാര്‍ട്ടി ആശയപരമായി കുറേക്കൂടി തീവ്രമായ കെമാലിസ്റ്റ് ദേശീയതാവാദത്തെ പ്രതിനിധീകരിക്കുന്നു. അതിന് പുറമെ. പ്രബലമായ പൌരാണിക ഓഗുസ് തുര്‍കി ഗോത്രമായ കായി ഗോത്ര പൈതൃകവും ഗൂഡ് പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്.
നേരത്തെ എ.കെ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന പ്രമുഖ തുര്‍കി ചിന്തകന്‍ അഹ്മെത് ദാവൂതൊഗ്ലു, എര്‍ദൊഗാനുമായി തെറ്റിയ ശേഷം രൂപീകരിച്ച ഫ്യൂച്ചര്‍ പാര്‍ട്ടി, ഡമോക്രസി ആന്റ് പ്രോഗ്രസ് പാര്‍ട്ടി, ഡമോക്രാറ്റ് പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ മുന്നണിയിലെ മറ്റു ചെറുപാര്‍ട്ടികള്‍ പൊതുവെ ലിബറല്‍ കണ്‍സര്‍വേറ്റിവിസത്തെ പിന്തുണക്കുന്നു.
അതേസമയം കിലിച്ദറോഗ്ലുവിന്റെ മുന്നണിയില്‍ ഫെലിസിറ്റി പാര്‍ട്ടി ഒഴിച്ച് എല്ലാ കക്ഷികളും യൂറോപ്യന്‍ ഏകീകരണത്തിന് വേണ്ടി വാദിക്കുന്ന രാഷ്ട്രീയ നിലപാടുള്ള പ്രോ-യൂറോപ്യനിസ്റ്റുകളാണ്. നേരെമറിച്ച് എര്‍ദൊഗാന്‍ മുന്നണിയിലെ പാര്‍ട്ടികളാകട്ടെ, മിക്കവാറും എല്ലാം തന്നെ യൂറോപ്യന്‍ യൂനിയനോട് വിമര്‍ശനാത്മക നിലപാട് പുലര്‍ത്തുകയും ഇ യു നയങ്ങളെ എതിര്‍ക്കുകയും ഇ യു സ്ഥാപനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരുമാണ്.
അത്താത്തുര്‍ക്കിസത്തിന്റെ ആചാര്യനായ മുസ്തഫ കെമാല്‍ അത്താത്തുര്‍ക്ക് തുര്‍ക്കി ദേശീയതയെ ലോകത്ത് ഏറ്റവും മഹത്തരമായ സംസ്‌കാരമായി കണ്ടു. ഏറ്റവും വിശുദ്ധരും ഉന്നതരുമായ വംശീയവിഭാഗമാണ് തുര്‍കിക് ജനത എന്നും അദ്ദേഹം വിശ്വസിച്ചു. ഇത്തരം വാദങ്ങളാണ് പാന്‍-തുര്‍ക്കിസത്തിന്റെ അടിത്തറ. കെമാല്‍ അത്താത്തുര്‍ക്ക് തന്റെ രാജ്യത്ത് കുര്‍ദ് ഭാഷ നിരോധിച്ചു. കുര്‍ദുകളുടെ സംസ്‌കാരത്തോടും ചരിത്രത്തോടും സ്വത്വത്തോടും കടുത്ത അസഹിഷ്ണുതയാണ് അദ്ദേഹം പുലര്‍ത്തിയത് എന്നതാണ് ചരിത്രം. അതേസമയം എര്‍ദൊഗാനും ഒരു പരിധി വരെ അഹ്മെത് ദാവൂതൊഗ്ലുവിനെപ്പോലുള്ളവരും നിയോ-ഓട്ടോമനിസം എന്ന ദേശീയ കാഴ്ചപ്പാടിനെയാണ് പിന്തുണച്ചത്. യുവതുര്‍ക്കികളുടെ തത്വശാസ്ത്രമായിരുന്നു പാന്‍-തുര്‍ക്കിസമെങ്കില്‍, ശീതസമരത്തിന്റെ അവസാനത്തില്‍ ശക്തിപ്രാപിച്ച സിദ്ധാന്തമായിരുന്നു നിയോ-ഓട്ടോമനിസം.
69 കാരനായ എര്‍ദോഗന്‍, 2003 മുതല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായി അധികാരത്തില്‍ വരികയും 2014 ല്‍ പ്രസിഡന്റായും 2017ല്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്‍സിക്ക് വേണ്ടിയുള്ള ഭരണഘടനാ റഫറണ്ടം വഴി രാജ്യ തലവനാവുകയും തന്റെ അധികാരങ്ങള്‍ വിപുലീകരിക്കുകയും ചെയതു. ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ രാഷ്ട്രീയക്കാരനായ എര്‍ദോഗന്‍ രാജ്യത്തിന്റെ സ്പന്ദനങ്ങള്‍ വായിക്കുന്നതില്‍ മിടുക്കനാണെന്ന് തുര്‍ക്കി സ്‌കോളറായ ഹോവാര്‍ഡ് ഐസെന്‍സ്റ്റാറ്റ് അഭിപ്രായപ്പെടുന്നു. കിളിച്ദരോഗ്ലുവിനെതിരായ അദ്ദേഹത്തിന്റെ വിജയം അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് പദവിയും തുര്‍ക്കിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവിച്ച നേതാവെന്ന പദവിയും ഉറപ്പിക്കുന്നുണ്ട്. എന്നാല്‍, പണപ്പെരുപ്പവും രൂക്ഷമായ ജീവിതച്ചെലവും പ്രതിസന്ധി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ എര്‍ദൊഗാന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. തകരുന്ന സമ്പദ്വ്യവസ്ഥയുടെ നടുവില്‍ ഭരണം നിലനിര്‍ത്താനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കാനും അദ്ദേഹത്തിന്കഴിയുമോ?

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x