എപ്പോഴും കൂടെയുണ്ടാവുക ആരാണ്?
ഡോ. മന്‍സൂര്‍ ഒതായി
പ്രിയപ്പെട്ടവര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ നമുക്കുണ്ടാവാറുണ്ട്. നേട്ടങ്ങളും വിജയങ്ങളും കരസ്ഥമാക്കുമ്പോള്‍, സന്തോഷത്തിന്റെ നിമിഷങ്ങള്‍ വന്നുചേരുമ്പോള്‍, കുറേ കാലങ്ങള്‍ക്കുശേഷം കുട്ടുകാര്‍ സംഗമിക്കുമ്പോള്‍, വിവാഹം, സല്‍ക്കാരം, ഗൃഹപ്രവേശം തുടങ്ങിയ സ്‌നേഹക്കൂട്ടായ്മകള്‍ ഉണ്ടാകുമ്പോള്‍, എല്ലാവരും ഒത്തുചേര്‍ന്ന് ഒരു ഉല്ലാസയാത്ര പോകുമ്പോള്‍… എന്നുവേണ്ട അപൂര്‍വവും അതിശയകരവുമായ ഒരു കാഴ്ച കാണുമ്പോള്‍ പോലും നാം പറഞ്ഞുപോകാറുണ്ട്; അവര്‍/അവള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍…. ഉപ്പ/ഉമ്മ കൂടി ഒപ്പമുണ്ടായിരുന്നെങ്കില്‍….
സന്തോഷത്തിന്റെ നിമിഷങ്ങളില്‍ മാത്രമല്ല സങ്കടങ്ങള്‍ ഉണ്ടാകുമ്പോഴും പ്രിയമുള്ളവര്‍ അരികെ ഉണ്ടായിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കാറുണ്ട്. സന്തോഷം ഒറ്റയ്ക്ക് അനുഭവിക്കുമ്പോള്‍ അതിന് വളര്‍ച്ചയില്ല. പങ്കുവെക്കപ്പെടുമ്പോള്‍ സന്തോഷം ഇരട്ടിക്കുകയും അത് അനുഭൂതിദായകമായി മാറുകയും ചെയ്യും. അതേസമയം ദുഃഖം ഒറ്റയ്ക്ക് അനുഭവിക്കുമ്പോള്‍ കൂടുതല്‍ തീവ്രമാവുകയാണ് ചെയ്യുക. താങ്ങാനാവാത്ത ഭാരമായി അത് മനസ്സില്‍ നീറ്റലുണ്ടാക്കും. സങ്കടം പങ്കുവെക്കപ്പെടുമ്പോള്‍ അതിന്റെ സാന്ദ്രത കുറയും. ദുഃഖം മറ്റുള്ളവരിലേക്ക് ഒഴുകുമ്പോള്‍ മനസ്സ് ശാന്തമാവുകയും വല്ലാത്ത ആശ്വാസം ലഭിക്കുകയും ചെയ്യും.
സുഖ ദുഃഖങ്ങളുടെ ഈ പങ്കുവെപ്പാണ് ജീവിതം സാര്‍ഥകമാക്കുന്നത്. പറയാനും കേള്‍ക്കാനും വികാരങ്ങള്‍ പങ്കുവെക്കാനും ആളുണ്ടാവുക എന്നത് ജീവിതത്തിന് കരുത്തു പകരുന്ന കാര്യമത്രെ. പങ്കുവെക്കാനും മനസ്സിലാക്കാനും പറ്റിയ ആളുകളുടെ അഭാവമാണ് ജീവിതത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നത്. അങ്ങനെയാവുമ്പോള്‍ മുന്നോട്ടുപോകാനുള്ള ആത്മധൈര്യം നഷ്ടമാവും. ഫലമോ നിരാശയും ഭീരുത്വവും ദുര്‍ബലതയും. പ്രതിസന്ധി ഘട്ടത്തില്‍ ആരുമില്ല എന്ന് തോന്നുമ്പോഴാണ് ജീവിതം ദുസ്സഹമാവുന്നത്. ആപല്‍ഘട്ടങ്ങളില്‍ നമ്മള്‍ സ്‌നേഹിക്കുന്നവര്‍, നമ്മളെ സ്‌നേഹിക്കുന്നവര്‍ ഒപ്പമുണ്ടായാല്‍ വല്ലാത്തൊരു ആത്മധൈര്യമാണ്.
സഹായത്തിന്നായി കാത്തിരിക്കുമ്പോള്‍ കരുത്തുള്ള ഒരാള്‍ കൈനീട്ടുമ്പോള്‍ അത് എന്തുമാത്രം ആശ്വാസമാണ്. അതെ, ഏത് പ്രതിസന്ധിഘട്ടത്തിലും തകര്‍ച്ചയിലും സ്‌നേഹനിധിയായ ദൈവം കൂടെയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ നമുക്ക് ലഭിക്കുന്ന ശക്തി എത്ര അപാരമായിരിക്കും. ഫറോവയുടെ കൂറ്റന്‍ സൈന്യത്തെ കണ്ട് പകച്ചുനിന്ന ഇസ്രായേല്‍ ജനതയോട് മൂസാ പ്രവാചകന്റെ ധീരതയാര്‍ന്ന വാക്കുകള്‍ ഇപ്രകാരമായിരുന്നു: ”എന്നോടൊപ്പം രക്ഷിതാവുണ്ട്. അവന്‍ എനിക്ക് വഴികാണിച്ചു തരും” (വി.ഖു 26:62)
ജീവിതത്തിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും വിജയത്തിലും പരാജയത്തിലും സര്‍വലോക നിയന്താവായ സ്രഷ്ടാവ് കൂടെയുണ്ടെന്ന വിശ്വാസമാകട്ടെ നമ്മുടെ കരുത്ത്.