9 Friday
May 2025
2025 May 9
1446 Dhoul-Qida 11

മനുഷ്യകുലത്തിന് എന്തിനാണ് പ്രവാചകന്മാര്‍?

അബ്ദുസ്സമദ് സി പി


മനുഷ്യര്‍ മറ്റു ജീവികളില്‍ നിന്നു വ്യത്യസ്തരാണ്. ആയിരം വര്‍ഷം പിന്നിലേക്കെടുത്താല്‍ മറ്റേതു ജീവിയും അന്നു ജീവിച്ച അതേ രീതിയില്‍ തന്നെ ഇന്നും ജീവിക്കുന്നു. പക്ഷേ, മനുഷ്യന്‍ മാത്രം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ആയിരം വര്‍ഷം മുമ്പ് ജീവിച്ച മനുഷ്യന്റെ സ്വപ്‌നങ്ങളില്‍ പോലും വരാന്‍ സാധ്യതയില്ലാത്ത സാങ്കേതികവിദ്യകളിലേക്ക് അവന്‍ ഇന്ന് എത്തിയിരിക്കുന്നു. അത് മനുഷ്യന്റെ തലച്ചോറിന്റെ മാത്രം പ്രത്യേകതയല്ല. അങ്ങനെയായിരുന്നെങ്കില്‍ തീരെ വികസിക്കാത്ത തലച്ചോറുള്ള ജീവികളില്‍ നിന്നു വ്യത്യസ്തമായി അല്‍പം വികസിച്ച തലച്ചോറുള്ള ജീവികളുടെ ജീവിതം മനുഷ്യന്റെ അത്രയില്ലെങ്കിലും ചെറിയ അളവില്‍ പുരോഗമിച്ചുകൊണ്ടിരിക്കേണ്ടതാണ്. പക്ഷേ, അത് നമുക്ക് കാണാന്‍ കഴിയുന്നില്ല.
മനുഷ്യന്റെ നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്, വസ്തുക്കളെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനുതകുന്ന തരത്തിലുള്ള കൈകള്‍, ഭാഷകളിലൂടെ മികച്ച രീതിയില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് എന്നിങ്ങനെ അനേകം സവിശേഷതകള്‍ മനുഷ്യനില്‍ സമ്മേളിക്കുന്നതായി കാണാം. രണ്ടു കാര്യങ്ങള്‍ ഇതില്‍ നിന്ന് മനസ്സിലാക്കാം. ഒന്ന്: മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്നു വലിയ അളവില്‍ വ്യത്യസ്തനാണ്. രണ്ട്: ആ വ്യത്യാസങ്ങള്‍ യാദൃച്ഛികമായി അവനില്‍ വന്ന ഏതെങ്കിലും മാറ്റത്തിന്റെ ഫലമല്ല. മറിച്ച് അതിന് ആവശ്യമുള്ള എല്ലാ പ്രത്യേകതകളെയും അവനില്‍ സമ്മേളിപ്പിച്ച് ബോധപൂര്‍വം അവനെ വ്യത്യസ്തനാക്കിയതാണ്.
ഈ പ്രത്യേകതകളുടെ ഫലമായി മനുഷ്യര്‍ക്കിടയില്‍ തന്നെ പല ജീവിതശൈലികള്‍ സ്വീകരിക്കുന്നവരെയും പ്രത്യയശാസ്ത്രങ്ങള്‍ നിര്‍മിക്കുന്നവരെയും നമുക്ക് കാണാന്‍ കഴിയും. നിയമങ്ങളും അവ ലംഘിക്കുന്നതിനുള്ള ശിക്ഷകളും ജീവിവര്‍ഗത്തിനിടയില്‍ മനുഷ്യരുടെ മാത്രം പ്രത്യേകതയാണ്. രാജ്യാതിര്‍ത്തികളുടെ നിര്‍മാണവും ഭരണസംവിധാനങ്ങളും കൂട്ടങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും സര്‍ഗശേഷിയും അടക്കം മനുഷ്യനെ വ്യത്യസ്തനാക്കുന്ന അനേകം കാര്യങ്ങള്‍ വേറെയുമുണ്ട്.
ഈ മനുഷ്യന് മറ്റു ജീവികളെ പോലെ പൂര്‍ണ സ്വതന്ത്രരായി ജീവിക്കുക സാധ്യമാണോ? ഒരു സാങ്കല്‍പിക സാഹചര്യം പരിഗണിക്കുക. ഭൂമിയുടെ വളരെ ചെറിയ ഒരു ഭാഗമായ നമ്മുടെ കേരളത്തില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു നിയമവും സാധുവാകില്ല എന്ന ഉത്തരവ് വന്നാല്‍ എന്തായിരിക്കും സ്ഥിതി? നിയമപാലകരുടെ എല്ലാ നിലയ്ക്കുള്ള ഇടപെടലുകളും റദ്ദ് ചെയ്ത ആ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ കേരളം ഇതേ നിലയില്‍ തന്നെ ബാക്കിയുണ്ടാവും എന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമോ? എത്ര സ്ത്രീകളുടെ മാനം നഷ്ടപ്പെട്ടിട്ടുണ്ടാവും? എത്രയാളുകളുടെ സമ്പത്ത് കൊള്ളയടിക്കപ്പെട്ടിട്ടുണ്ടാവും? കൊലപാതകങ്ങളും അക്രമങ്ങളുമടക്കം എത്ര പകപോക്കലുകള്‍ നടന്നിട്ടുണ്ടാവും?
മനുഷ്യന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന, എങ്ങനെ കാര്യങ്ങള്‍ ചെയ്യണം എന്ന് അവനെ പഠിപ്പിക്കുന്ന ഒരു ആശയം മനുഷ്യകുലത്തിന്റെ സൈ്വരജീവിതത്തിനും അതിജീവനത്തിനും അനിവാര്യമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ബൗദ്ധികമായ മനുഷ്യന്റെ ഉന്നതിയും അവനെ ചില ആശയങ്ങളെ അനുസരിച്ച് മാത്രം ജീവിക്കാന്‍ കഴിയുന്നവനാക്കി മാറ്റുന്നുണ്ട്. ബൗദ്ധികമായി വികസിക്കാത്ത ജീവികളെ സംബന്ധിച്ച് അവരുടെ ശരീരത്തിന്റെ ഇച്ഛകളും ഭയം പോലുള്ള അടിസ്ഥാന ആവശ്യങ്ങളും മാത്രം ജീവിതത്തില്‍ പരിഗണിച്ചാല്‍ മതി. എന്നാല്‍ മനുഷ്യന് അങ്ങനെ ജീവിക്കാന്‍ കഴിയില്ല. അതിനപ്പുറമുള്ള പല കാര്യങ്ങളും അവന് പരിഗണിക്കേണ്ടതായി വരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കാകട്ടെ, ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു വിശദീകരണം നല്‍കലും അവന് അനിവാര്യമായി വരുന്നു. വികസിച്ച തലച്ചോറുള്ള മനുഷ്യന് മാത്രമേ അത്തരം യുക്തിപരമായ ബാധ്യതകളുള്ളൂ.
വളരെ ലളിതമായ ‘ചിരി’ എന്ന പ്രവര്‍ത്തനത്തെ പരിഗണിക്കാം. ഒരാള്‍ മറ്റൊരാളുടെ മുഖത്തു നോക്കി ചിരിക്കുന്നുണ്ടെങ്കില്‍, അത് അയാള്‍ വെറുതെ ചെയ്യുന്നതല്ല. മറിച്ച്, പല തരത്തിലുള്ള ആശയങ്ങളുടെ ഫലമായാണ് ആ പ്രവര്‍ത്തനം ഉണ്ടാവുന്നത്. ‘ഈ ചിരി ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ നന്നാക്കും, ചിരി നല്ല സ്വഭാവത്തിന്റെ ലക്ഷണമാണ്, ചിരി ദാനധര്‍മമാണ്’ എന്നിങ്ങനെ പലതുമാകാം ആ ആശയം. ഇവ അയാള്‍ക്ക് ലഭിച്ചത് മതം പോലുള്ള പ്രത്യയശാസ്ത്രങ്ങളില്‍ നിന്നോ സഹജീവികളുമായുള്ള വ്യത്യസ്ത ഇടപെടലുകളില്‍ നിന്നോ മറ്റോ ആവാം. എങ്ങനെയായാലും ഇത്ര ലളിതമായ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ വരെ എല്ലാത്തിലും വികസിത ബുദ്ധിയുടെ ഭാരം മനുഷ്യന്‍ പേറുന്നുണ്ട്. ചില പ്രവര്‍ത്തനങ്ങള്‍ക്ക് അത് വികാരത്തിന്റെ രൂപത്തിലും ശാരീരിക ഇച്ഛകളുടെ രൂപത്തിലുമാവാം.
മനുഷ്യന് ജീവിക്കാന്‍ ഒരു ആശയം അനിവാര്യമാണ് എന്നതാണ് പല കോണുകളിലൂടെ ഇവിടെ പറഞ്ഞുവെച്ചത്. അങ്ങനെയാണെങ്കില്‍ ആ ആശയം പറഞ്ഞുതരേണ്ടത് ആരാണ്? മനുഷ്യന് അത്തരത്തില്‍ ഒരാശയം നിര്‍മിക്കാന്‍ കഴിയുമോ? മനുഷ്യ നിര്‍മിതമായ ഒത്തിരി പ്രത്യയശാസ്ത്രങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. പക്ഷേ അവയെല്ലാം അമ്പേ പരാജയപ്പെടുന്നതായാണ് ചരിത്രവും വര്‍ത്തമാനവും നമുക്ക് പറഞ്ഞുതരുന്നത്.
ജീവിത പ്രത്യയശാസ്ത്രം നിര്‍മിക്കുന്നതിലും, അതിജീവനത്തിന് അനിവാര്യമായ ധാര്‍മിക അടിത്തറ വിശദീകരിക്കുന്നതിലും മനുഷ്യന്‍ പരാജയപ്പെടുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. അതിനു പിന്നില്‍ നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒത്തിരി കാരണങ്ങള്‍ ഉണ്ടാവാം. അറിവിന്റെയും യുക്തിയുടെയും പരിമിതി, അതിവൈകാരിക പ്രകൃതം, മനുഷ്യനില്‍ അന്തര്‍ലീനമായ സ്വാര്‍ഥത എന്നിങ്ങനെ ചിലത് നമുക്ക് അറിയാവുന്ന കാരണങ്ങളാണ്.
അങ്ങനെയെങ്കില്‍ ആരാണ് മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കേണ്ടത്? മനുഷ്യനെപ്പറ്റിയും ലോകത്തെപ്പറ്റിയും ഏറ്റവും നന്നായി അറിയുന്ന, മനുഷ്യരില്‍ ഒരാളോടും വിവേചനം കാണിക്കാത്ത, ഏറ്റവും വലിയ യുക്തിമാനായ ദൈവം എന്നതാണ് ഉത്തരം. അങ്ങനെ ഒരു ദൈവം ഉണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം. ‘ഇല്ല’ എന്ന ഉത്തരത്തിന് തത്വശാസ്ത്രത്തില്‍ തെളിവുകളൊന്നും നല്‍കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. ദൈവമുണ്ട് എന്ന ഉത്തരത്തിനാകട്ടെ അനേകം തെളിവുകള്‍ സമര്‍ഥിക്കപ്പെടുന്നുണ്ടുതാനും.
ഈ ലോകത്തിന്റെ പരസ്പരപൂരകത്വത്തെപ്പറ്റി പറയുന്ന ഫൈന്‍ ട്യൂണിങ് ആര്‍ഗ്യുമെന്റ്, എല്ലാ വസ്തുക്കളുടെയും പിന്നിലുള്ള കാരണത്തെപ്പറ്റി പറയുന്ന കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്, പരസ്പരം ആശ്രയിച്ചു നില്‍ക്കുന്ന വസ്തുക്കളുടെ പ്രത്യേകത പറയുന്ന കണ്ടിജന്‍സി ആര്‍ഗ്യുമെന്റ് അടക്കം ടീലിയോളജിക്കല്‍ ആര്‍ഗ്യുമെന്റ്, ആര്‍ഗ്യുമെന്റ് ഫ്രം ഡിഗ്രി പോലെ ഈ ലോകത്ത് നാം അറിഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളിലൂടെയും ദൈവത്തെ മനസ്സിലാക്കാന്‍ കഴിയുന്ന തത്വശാസ്ത്ര വാദങ്ങള്‍ കാണാന്‍ കഴിയും. ജസ്റ്റിന്‍ എല്‍ ബാരറ്റ് അടക്കമുള്ള ഒത്തിരി ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ ദൈവവിശ്വാസം മനുഷ്യനില്‍ അന്തര്‍ലീനമാണ് എന്നും കാണിക്കുന്നു. ദൈവമില്ല എന്നതാകട്ടെ കേവലം വൈകാരികമായ ചില പ്രസ്താവനകളില്‍ ഒതുങ്ങിനില്‍ക്കുന്നു.
ഇങ്ങനെ ഒരു ദൈവം ഉണ്ടായിരിക്കെ അവന്‍ തന്നെയാണല്ലോ നമുക്ക് ജീവിതം എങ്ങനെയാവണം എന്ന് പറഞ്ഞുതരേണ്ടത്. എങ്ങനെ അത് പറയണമെന്നത് ദൈവത്തിന്റെ സ്വാതന്ത്ര്യമാണ്. അത് ഇങ്ങനെയാകണമായിരുന്നു എന്നു പറയാന്‍ മുകളില്‍ സൂചിപ്പിച്ച പരിധികളും പരിമിതികളുമെല്ലാമുള്ള മനുഷ്യന് അവകാശമില്ല. നമ്മേക്കാള്‍ അറിവും യുക്തിയുമുള്ളവന്റെ തീരുമാനത്തില്‍ അതിന് പ്രസക്തിയില്ലല്ലോ.
പ്രവാചകന്മാര്‍
ദൈവം നമുക്ക് മാര്‍ഗദര്‍ശനം നല്‍കാന്‍ സ്വീകരിച്ച മാര്‍ഗം മനുഷ്യരില്‍ നിന്ന് തന്നെ ദൂതന്മാരെ/ പ്രവാചകന്മാരെ തിരഞ്ഞെടുക്കുക എന്നതാണ്. ആ സംവിധാനത്തിനു പിന്നില്‍ നമുക്ക് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒത്തിരി യുക്തികളുണ്ട്. മനസ്സിലാക്കാന്‍ കഴിയാത്ത, സ്രഷ്ടാവിന് മാത്രം അറിയാവുന്നവയും ഉണ്ടാവാം. ദൈവത്തിന് നേരിട്ട് വന്ന് മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കിക്കൂടേ, അല്ലെങ്കില്‍ മലക്കുകളെയെങ്കിലും അയച്ചുകൂടേ എന്നത് എക്കാലത്തെയും ജനങ്ങള്‍ പ്രവാചകന്മാരോട് ചോദിക്കുന്നതായി നമുക്ക് വേദവചനങ്ങളില്‍ കാണാം.
മനുഷ്യന് ഉറക്കിലും ഊണിലും ശൗചാലയത്തിലും വസ്ത്രധാരണത്തിലും വിവാഹത്തിലും ഇണയുമായുള്ള ശാരീരിക ബന്ധത്തിലും അടക്കം പ്രധാനവും അപ്രധാനവും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലുമുള്ള നിര്‍ദേശങ്ങളാണ് ദൈവം നല്‍കുന്നത്. കേവലം ഒരു റഫറന്‍സ് പുസ്തകം നല്‍കി അത് നോക്കി ജീവിക്കാന്‍ പറയുന്ന രീതിയിലല്ല ആ നിര്‍ദേശം. മറിച്ച് സംബോധിതരായ മനുഷ്യര്‍ക്കിടയിലെ തന്നെ ഒരു മനുഷ്യനെ മാതൃകയായി കാണിച്ചുകൊടുത്തുകൊണ്ടാണ് കല്‍പനകള്‍ നല്‍കുന്നത്. ‘മനുഷ്യരേ, ഈ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത് പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കുക’ എന്നതാണ് നിര്‍ദേശം. ചെയ്യാന്‍ പറയുന്നവന്‍, എങ്ങനെ ചെയ്യണം എന്ന് കാണിച്ചുകൊടുത്തുകൊണ്ടാണ് അത് പറയുന്നത്. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്’ (33:21). ഇത്തരത്തിലുള്ള പ്രബോധനത്തിന് മലക്കുകളോ ദൈവമോ അല്ല, മനുഷ്യന്‍ തന്നെയാണ് അനുയോജ്യം. ആ ജോലി മനുഷ്യനു മാത്രം ചേരുന്നതാണ്.
മലക്കുകളായിരുന്നു പ്രവാചകന്മാര്‍ എങ്കില്‍ മനുഷ്യ ജീവിതത്തിന് അത് തികച്ചും അപ്രായോഗികമാവുമായിരുന്നു. ഇനി ദൈവം തന്നെ മാര്‍ഗദര്‍ശനം കാണിക്കാന്‍ വന്നിരുന്നു എങ്കില്‍ മനുഷ്യന് ഭൂമിയിലെ ജീവിതം നല്‍കിയതിന്റെ ലക്ഷ്യമായി പടച്ചവന്‍ പറഞ്ഞ ‘പരീക്ഷണം’ അവിടെ പ്രസക്തമല്ലാതാവുന്നു. ദൈവത്തെ നേരില്‍ കണ്ടവന് പിന്നെ എന്ത് പരീക്ഷണമാണുള്ളത്?
അദൃശ്യമായി, അവന്റെ സ്രഷ്ടാവില്‍ നിന്നാണ് എന്ന് ബോധ്യപ്പെടാവുന്ന സന്ദേശം മനുഷ്യന്റെ മുന്നിലെത്തുമ്പോള്‍ അവന്‍ അത് സ്വീകരിക്കുന്നുണ്ടോ അതോ തിരസ്‌കരിക്കുന്നുവോ എന്നതാണ് അവനിലുള്ള പരീക്ഷണം. അന്വേഷിച്ച്, ചിന്തിച്ച് മനുഷ്യന്‍ എത്തിച്ചേരേണ്ട സത്യമാര്‍ഗമാണ് അത്. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട ജീവിതവഴി, ജീവിതലക്ഷ്യം എന്നീ കാര്യങ്ങളില്‍ ഇത്തരത്തില്‍ ഒരു അന്വേഷണ സാധ്യതയുള്ളതുകൊണ്ടാണ് ഗവേഷണങ്ങളും പഠനങ്ങളും ചര്‍ച്ചകളുമെല്ലാം അവനില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ക്രിയാത്മകവും സാങ്കേതികവുമായ വളര്‍ച്ചയ്ക്ക് അത് അവനെ സഹായിക്കുകയും ചെയ്യുന്നു.
ഓരോ കാലത്തേക്കും സ്ഥലത്തേക്കുമായി ഓരോ പ്രവാചകന്മാരെ ദൈവം നിയോഗിച്ചതായി നമുക്ക് മനസ്സിലാക്കാം. ആ നിയോഗത്തിനു പിന്നിലുള്ള യുക്തിയും മറ്റെല്ലാ കാര്യങ്ങളെയും പോലെ നമുക്ക് പൂര്‍ണമായും പ്രാപ്യമല്ലെങ്കിലും ചില കാര്യങ്ങള്‍ നമുക്ക് ചിന്തയിലൂടെ മനസ്സിലാക്കാന്‍ കഴിയും. പഴയ കാലങ്ങളില്‍ സഞ്ചാരങ്ങളും സംസ്‌കാരങ്ങളുടെ കൈമാറ്റവും ദൂരങ്ങളിലേക്ക് കൃത്യതയോടെയുള്ള ആശയവിനിമയ സാധ്യതയും കുറവായിരുന്നു. അതുകൊണ്ട് ഓരോ സമൂഹവും തമ്മിലുള്ള വ്യത്യാസം കൂടുതലും, ഒരു വിവരം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൃത്യമായി എത്താനുള്ള സംവിധാനം കുറവുമായിരിക്കും എന്ന് മനസ്സിലാക്കാം. മാത്രവുമല്ല, വ്യക്തമായ റെക്കോര്‍ഡിങ് സംവിധാനങ്ങള്‍ ഇല്ലാത്ത അവസ്ഥകളായതുകൊണ്ട് ഒരു പരിധിയിലധികം കാലത്തേക്ക് ദൈവിക സന്ദേശങ്ങള്‍ ശുദ്ധമായ അവസ്ഥയില്‍ നിലനില്‍ക്കുന്നില്ല എന്നും, അവ മനുഷ്യരാല്‍ തിരുത്തപ്പെടുന്നു എന്നും കാണാം.
ഓരോ ജനവിഭാഗങ്ങള്‍ക്കും നിശ്ചിത കാലത്തേക്ക് വ്യത്യസ്ത പ്രവാചകരെ നിയോഗിക്കാനുള്ള കാരണങ്ങളില്‍ ചിലത് ഇവയായിരിക്കാം. സഞ്ചാരങ്ങളും സംസ്‌കാരങ്ങളുടെ കൈമാറ്റവും ദൂരങ്ങളിലേക്ക് കൃത്യതയോടെയുള്ള ആശയവിനിമയ സാധ്യതയും കൂടുതല്‍ മെച്ചപ്പെട്ട കാലത്താകട്ടെ ലോകത്തിന് മുഴുവന്‍ ഒരൊറ്റ പ്രവാചകനെ ദൈവം നിയോഗിക്കുകയും ചെയ്യുന്നു. ആദം എന്ന മനുഷ്യ പിതാവില്‍ തുടങ്ങിയ പ്രവാചക ശൃംഖല അദ്ദേഹത്തിന്റെ സന്തതികള്‍ക്കെല്ലാം പൊതുവായി അയക്കപ്പെട്ട ഒറ്റ പ്രവാചകനിലൂടെ അവസാനിക്കുന്നതിലെ ഭംഗിയും, പതിനായിരക്കണക്കിന് കിലോമീറ്ററുകളുടെയും ആയിരക്കണക്കിന് വര്‍ഷങ്ങളുടെയും വ്യത്യാസത്തില്‍ പ്രബോധനം ചെയ്ത പല പ്രവാചകരിലൂടെയും അവസാനം വരാനിരിക്കുന്ന ഒരേ പ്രവാചകനെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍ നല്‍കി, ആ സമൂഹങ്ങള്‍ മുഴുവനും ഇതേ പ്രവാചകനില്‍ എത്തിച്ചേരുന്ന, ലോകരുടെ ഒരു നേതാവിനു കീഴിലുള്ള പുനഃസംഗമവും നമുക്കിതില്‍ കാണാം.
മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഒരു ആശയം അനിവാര്യമാണ് എന്നതില്‍ നിന്ന് പ്രവാചകരിലേക്ക് എത്തുന്ന ശൈലിയാണ് ഇവിടെ സ്വീകരിച്ചത്. ഇതു മാത്രമല്ല, ഇത്രയും സങ്കീര്‍ണമായ അസ്തിത്വമായ ഞാന്‍ എങ്ങനെയാണ് ഉണ്ടായത്, എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്, ഈ ലോകത്തിന്റെ സ്രഷ്ടാവിനെപ്പറ്റിയുള്ള വ്യത്യസ്ത സങ്കല്‍പങ്ങളില്‍ ഏതാണ് ശരി എന്നിങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങള്‍ സ്വന്തത്തോട് ചോദിക്കുന്ന മനുഷ്യന് വ്യക്തമായ ഉത്തരങ്ങള്‍ ലഭിക്കേണ്ടതിന്റെ ആവശ്യകതയും നമ്മെ പ്രവാചകത്വത്തിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തും.

Back to Top