7 Monday
July 2025
2025 July 7
1447 Mouharrem 11

ഏതാണീ തറവാടിത്തം?

സുഫ്‌യാന്‍


സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഒരു ഓറിയന്റേഷന്‍ ക്ലാസാണ് രംഗം. ക്ലാസിലെ ഒരു തട്ടമിട്ട പെണ്‍കുട്ടിയോട് ‘നിങ്ങള്‍ക്ക് തറവാടുണ്ടോ’ എന്ന് ഐ പി എസുകാരന്‍ ശ്രീജിത്ത് ചോദിക്കുന്നു. എന്നിട്ട് തറവാട് എന്ന് പറഞ്ഞാല്‍ നായന്മാരുടെ സംഭാവനയാണെന്നും കേരളത്തിലെ മറ്റ് ജാതി സമുദായങ്ങള്‍ അതേറ്റെടുക്കുകയായിരുന്നുവെന്നും സമര്‍ഥിക്കുന്നു. അതിലൂടെ നായര്‍ സമുദായം കേരളത്തിലെ ഡോമിനന്റ് കാസ്റ്റായിരുന്നുവെന്നാണ് ശ്രീജിത്ത് ഐ പി എസ് പറയുന്നത്.
ഡൊമിനന്റ് കാസ്റ്റ് അഥവാ ആധിപത്യ സമുദായം എന്ന ഒരു പരികല്‍പന സാമൂഹികശാസ്ത്രത്തിലുണ്ട്. അത് ശരിയാണ്. പക്ഷെ, അത് നായര്‍ സമുദായമായിരുന്നു എന്ന സമീപനം സവര്‍ണബോധ്യമാണ്. അതുപോലെ, മുസ്‌ലിം സമുദായത്തിന് തറവാട് എന്ന സങ്കല്‍പമില്ല എന്നതും വസ്തുതാവിരുദ്ധമാണ്. തറവാട് എന്നതൊരു മലയാള പദമാണ്. അറബ്- ഇസ്‌ലാമിക സംസ്‌കാരങ്ങള്‍ പരിശോധിച്ചാല്‍ കുടുംബ സംവിധാനത്തിന് വലിയ പ്രാമുഖ്യം നല്‍കിയതായി കാണാന്‍ സാധിക്കും. അറബിയില്‍ നസബ് എന്നാണതിന് പറയുക. കുടുംബത്തിന്റെ ചരിത്രവും വംശാവലിയും പഠിക്കുന്ന സാമൂഹികശാസ്ത്ര ശാഖയ്ക്ക് അറബിയില്‍ ഇല്‍മുല്‍ അന്‍സാബ് എന്നാണ് പറയുക.
ഡൊമിനന്റ് കാസ്റ്റ്
ആധിപത്യ സമുദായം അല്ലെങ്കില്‍ പ്രബല ജാതി എന്നിതിന് അര്‍ഥം പറയാം. ഇന്ത്യന്‍ സോഷ്യോളജിസ്റ്റായ എം എന്‍ ശ്രീനിവാസാണ് ഡൊമിനന്റ് കാസ്റ്റ് എന്ന പ്രയോഗം ആദ്യമായി നടത്തിയത്. അദ്ദേഹത്തിന്റെ The dominant caste and other essay എന്ന പുസ്തകത്തിലൂടെ ഒരു ജാതി എങ്ങനെയാണ് ആധിപത്യം നേടുന്നത് എന്ന് വിശദീകരിക്കുന്നു. ഇന്ത്യന്‍ ജാതിവ്യവസ്ഥക്കുള്ളില്‍ ഒരു ആധിപത്യ സമുദായം മറ്റ് ജാതികളുടെ മേല്‍ ആനുപാതികമല്ലാത്ത ശക്തിയും സ്വാധീനവും നേടുന്നതിനെയാണ് എം എന്‍ ശ്രീനിവാസ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വിവിധ മാര്‍ഗങ്ങളിലൂടെ പ്രബല ജാതികള്‍ക്ക് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന് ശ്രീനിവാസ് വാദിക്കുന്നു. അതുപോലെ ഈ ആധിപത്യം ഉറപ്പിക്കുന്നതില്‍ മതത്തിന്റെയും ആചാരത്തിന്റെയും പങ്ക് അദ്ദേഹം പരിശോധിക്കുന്നുണ്ട്. ആധിപത്യ ജാതികളുടെ സ്വഭാവ സവിശേഷതകളായി അദ്ദേഹം പറയുന്നത് ചില കാര്യങ്ങളാണ്. അത് ഏറിയും കുറഞ്ഞും പല സമുദായങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും. നായര്‍, ഈഴവ, മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ജാതി സമുദായങ്ങളിലെല്ലാം ഈ സവിശേഷതകള്‍ പല തട്ടുകളിലായി സന്നിഹിതമാണ്. വിഭവങ്ങളുടെ നിയന്ത്രണം, സാമൂഹിക പദവി, രാഷ്ട്രീയ ശക്തി, സാംസ്‌കാരിക സ്വാധീനം, സ്വജാതീയ വിവാഹം തുടങ്ങിയവയാണ് ആ സവിശേഷതകള്‍.
പ്രബല ജാതികള്‍ പലപ്പോഴും ഒരു സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളായ ഭൂമി, ജലം, മറ്റ് പ്രകൃതി വിഭവങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നു. അവര്‍ നേതൃത്വത്തിന്റെയും അധികാരത്തിന്റെയും സ്ഥാനങ്ങള്‍ വഹിക്കുകയും, സമൂഹത്തിലെ ഏറ്റവും ശക്തരും ആദരണീയരുമായ അംഗങ്ങളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. മതസ്ഥാപനങ്ങളെ നിയന്ത്രിക്കുകയും പ്രധാനപ്പെട്ട സാംസ്‌കാരിക ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിര്‍ത്തുന്ന റോളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് പ്രബല ജാതികളാണ്.
സ്വജാതീയ വിവാഹത്തിലൂടെ അവരുടെ അധികാരസ്ഥാനം ശക്തിപ്പെടുത്തുകയും വ്യതിരിക്തമായ സാമൂഹിക പദവി നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ ഓരോ സവിശേഷതകളും വിശദമായി പരിശോധിച്ചാല്‍ വ്യത്യസ്ത സമുദായങ്ങള്‍ പല ഘട്ടങ്ങളില്‍ ഇതിലൂടെ കടന്നുപോയതായി കാണാന്‍ സാധിക്കും. അതുകൊണ്ടുതന്നെ, സാമൂഹിക ശാസ്ത്രമനുസരിച്ച് ഒരു സമുദായം എക്കാലവും ആധിപത്യം നിലനിര്‍ത്തുന്ന പ്രബലജാതിയായി തുടര്‍ന്നു എന്ന് അനുമാനിക്കാന്‍ സാധിക്കില്ല. നായന്മാര്‍ മാത്രമാണ് കേരളത്തിലെ ആധിപത്യ ജാതിയെന്നും മറ്റുള്ളവര്‍ അവരുടെ സാംസ്‌കാരിക പദങ്ങളെ കടമെടുത്തവരാണ് എന്നുമുള്ള ചരിത്രവായന ശ്രീനിവാസിന്റെ ഡൊമിനന്റ് കാസ്റ്റ് എന്ന പ്രയോഗത്തോട് കാണിക്കുന്ന അനീതിയാണ്.

Back to Top