എന്നെപ്പോലെ തോന്നിക്കാത്ത ഒരു സ്ത്രീ
ഹല ശുരൊഫ്; വിവ: ഡോ. സൗമ്യ പി എന്‍
എന്നെപ്പോലെ തോന്നിക്കാത്ത ഒരു സ്ത്രീ
അവളുടെ സ്വപ്‌നത്തില്‍നിന്നുയര്‍ന്നുവരുന്നു,
അപ്പോഴും ഉഷ്ണം തോന്നി
അവള്‍ ഹൃദ്യമായ പുലരിയിലേക്ക് ജനല്‍പാളികള്‍ തുറന്ന്
കിളികളെ തന്റെ ചിത്രത്തുന്നലുള്ള
ദുപ്പട്ടയില്‍ വന്നിരിക്കാന്‍ വിളിക്കുന്നു.
എന്നിട്ടവള്‍ സമയമെടുത്തു
കണ്ണാടിക്കുമുന്‍പില്‍ സ്വയം മിനുക്കുന്നു
മുഖത്ത് തെളിഞ്ഞ കാലത്തിന്റെ ചുളിവുകള്‍
അവളുടെ കവിളില്‍ വര വീഴ്ത്തുന്നതും
മാറിമാറിയുന്ന സ്വര്‍ണവിലയും അവളുടെ സൈ്വര്യം കെടുത്തുന്നു
ഒരു പിടി പ്രശ്‌നങ്ങളുമായി ഞാനിവിടെയുണ്ട്
അവന്റെ ശവദാഹവും തുടര്‍ന്നുള്ള തളര്‍ച്ചയും കാത്ത്.
എന്നെപ്പോലെ തോന്നിക്കാത്ത ഒരു സ്ത്രീ
കഴിഞ്ഞകാലത്തിന്റെ കുപ്പായമൂരി
കട്ടിലിന്റെകാല്‍ക്കല്‍ തൂക്കിയിട്ട്
അടുത്ത വിമാനത്തില്‍ കയറി
പുതുവര്‍ഷമാഘോഷിക്കാന്‍ പോകുന്നു.
മുടിഞ്ഞ കാറ്റത്തെ തൂവാലപോലെ
നേര്‍ത്തതാണവളുടെ ഓര്‍മകള്‍
ഒരു ചിന്തയുമവളെ കുഴക്കുന്നില്ല
ഓരോ ദിവസവും നാള്‍ഫലം കേള്‍ക്കുന്നതും
ഉറ്റകൂട്ടുകാര്‍ക്ക് എന്ത് സമ്മാനം കൊണ്ടുകൊടുക്കണമെന്ന്
ഓര്‍ക്കുന്നതുമല്ലാതെ ഒന്നും അവളെ അലട്ടുന്നില്ല.
പൂക്കളിഷ്ടമാണവള്‍ക്ക്
എന്നും രണ്ടുതവണ വാങ്ങുകയും ചെയ്യും
അവള്‍ക്ക് മനസ്സിലാവാത്തത്
വേലിക്കമ്പികളുടെ നിറപ്പൊലിമയാണ്
ഏറ്റവുമധികം അവളുടെ ഉറക്കം കെടുത്തുന്നത്
കാത്തുകാത്തിരുന്നൊരു ആഘോഷം
ഓര്‍ക്കാപ്പുറത്തു മാറ്റിവെക്കുന്നതാണ്.
ഞാനിവിടെ ആകുലതകളുടെ നാട്ടില്‍ ഒരു മൂലക്ക്
എന്റെ ഓര്‍മച്ചിറകുകള്‍ വിരുത്തിയിരിക്കയാണ്
രാവ് അത് കണ്ട് മടുത്തിട്ട്,
മായുന്ന മേഘങ്ങള്‍ക്ക് പിന്നാലെ
നീങ്ങിപ്പോയേക്കും എന്ന പ്രതീക്ഷയില്‍.